ലിബിയയിൽ വൻ വെള്ളപ്പൊക്കം: 2,000ത്തിലധികം പേർ മരിച്ചു; കാണാതായവർ 6000ത്തിനു മുകളിൽ
text_fieldsട്രിപളി: കനത്ത കൊടുങ്കാറ്റിനെയും മഴയെയും തുടർന്ന് കിഴക്കൻ ലിബിയയിലെ ഡെർന നഗരത്തിലുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ 2,000 പേർ മരിച്ചു. ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ലിബിയൻ നഗരമായ ഡെർണയുടെ മധ്യത്തിലൂടെ വെള്ളം ഒഴുകുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡെർന നഗരത്തിന് സമീപമുള്ള അണക്കെട്ട് തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. കാണാതായവരുടെ എണ്ണം 5,000ത്തിനും 6,000ത്തിനും ഇടയിൽ ആണെന്നാണ് കണക്കുകൂട്ടൽ.
അതിനിടെ, പ്രസിഡൻഷ്യൽ കൗൺസിൽ അന്താരാഷ്ട്ര സമൂഹത്തോട് സഹായം ആവശ്യപ്പെട്ടു. 2,000ത്തിലധികം പേർ മരിച്ചതായും ആയിരക്കണക്കിനാളുകളെ കാണാതായതായും കിഴക്കൻ ഭരണകൂടത്തിന്റെ തലവൻ ഒസാമ ഹമദ് പ്രാദേശിക ടെലിവിഷനോട് പറഞ്ഞു. ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദുരന്തം. കഴിഞ്ഞ ആഴ്‌ച ഗ്രീസിൽ ആഞ്ഞടിച്ച ശേഷം ‘ഡാനിയൽ’ കൊടുങ്കാറ്റ് മെഡിറ്ററേനിയൻ കടലിലും പിന്നീട് ഡെർണയിലും നാശം വിതക്കുകയായിരുന്നു. ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെൻഗാസിയിലും കൊടുങ്കാറ്റ് ദുരിതം വിതച്ചിട്ടുണ്ട്. തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. നഗരത്തിനടുത്തുള്ള താഴ്‌വരയിലെ വീടുകൾ തകർന്നെങ്കിലും കുടുംബത്തോടൊപ്പം പലായനം ചെയ്യാൻ കഴിഞ്ഞതായി ഡെർന നിവാസിയായ സലേഹ് അൽ ഒബൈദി പറഞ്ഞു.
ഡെർനയുടെ പടിഞ്ഞാറ് യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള പുരാവസ്തു സൈറ്റായ സിറീൻ സ്ഥിതിചെയ്യുന്ന തുറമുഖ പട്ടണമായ സോസിക്കും ഷാഹത്തിനും ഇടയിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ലിബിയയുടെ കിഴക്കൻ പാർലമെന്റ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലിബിയയിലെ നാല് പ്രധാന എണ്ണ തുറമുഖങ്ങളായ റാസ് ലനൂഫ്, സുയിറ്റിന, ബ്രെഗ, എസ് സിദ്ര എന്നിവ ശനിയാഴ്ച വൈകുന്നേരം മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്‌കൂളുകളും സ്‌റ്റോറുകളും അടച്ചിടുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്‌ത അധികാരികൾ അതീവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അതിനിടെ, കിഴക്കൻ ലിബിയയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സർക്കാരിന് നിർദേശം നൽകിയതായി ഖത്തർ സ്റ്റേറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.