നെയ്മർ, സീക്കോ, റൊമാരിയോ, റൊണാൾഡോ, കക്ക... ആരും വന്നില്ല, പെലെക്ക് അന്ത്യയാത്ര നൽകാൻ
text_fieldsഓരോ ബ്രസീലുകാരനും ഇതിഹാസപുരുഷനായി ഉയരെ നിർത്തുന്ന പെലെ സാന്റോസിലെ വില ബെൽമിറോ മൈതാനത്ത് ആരാധകർക്കുമുന്നിൽ കിടന്ന അവസാന 24 മണിക്കൂറിനിടെ യാത്രാമൊഴി ചൊല്ലാനെത്തിയത് രണ്ടര ലക്ഷത്തോളം പേർ. താരത്തിനൊപ്പം അവസാണ മണിക്കൂറുകൾ ചെലവിട്ട് പ്രസിഡന്റ് ലുലയും ഫിഫ മേധാവി ഇൻഫാന്റിനോയുമടക്കം പ്രമുഖർ തുടക്കത്തിലേ എത്തി. ജനം മണിക്കൂറുകൾ വരികളിൽ നിന്നാണ് ഒരു നോക്കു കണ്ട് മടങ്ങിയത്.
എന്നിട്ടും പക്ഷേ, കാണാത്ത ചില മുഖങ്ങളെ കുറിച്ച പരിഭവത്തിലാണ് ബ്രസീൽ ജനത. പെലെ കളിച്ചുവളർന്ന സാന്റോസിനായി പന്തു തട്ടി ലോകത്തോളം വളർന്ന നെയ്മർ, റോഡ്രിഗോ, ജിയോവാനി തുടങ്ങിയവർ മാത്രമല്ല, ഇതിഹാസ താരങ്ങളായി ഓരോ ബ്രസീലുകാരനും ആദരിക്കുന്ന സീക്കോ, റൊമാരിയോ, റൊണാൾഡോ നസാരിയോ, കക്ക, റൊണാൾഡീഞ്ഞോ എന്നിവരെയും ജനം കാത്തുനിന്നു. എന്നാൽ, അവരാരും വന്നതേയില്ല. സവോ പോളോയിൽനിന്ന് 80 കിലോമീറ്റർ മാത്രം അകലെയുള്ള തുറമുഖ നഗരത്തിൽ എത്തി തങ്ങളുടെ ഏറ്റവും വലിയ നേതാവിനെ അവസാന യാത്രയാക്കാൻ ഈ താരങ്ങൾക്കൊന്നും സമയം കിട്ടിയില്ലെന്ന ആധി പങ്കുവെക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
2002ൽ അവസാനമായി ലോകകപ്പ് മാറോടുചേർത്ത ടീമിലെ ഒരാൾ പോലും എത്തിയില്ല. താരങ്ങളോട് ബ്രസീൽ ജനത കാണിക്കുന്ന ആദരക്കുറവിൽ പരിഭവം പങ്കുവെച്ച് അടുത്തിടെ സമൂഹ മാധ്യമത്തിലെത്തിയ കക്കയും ആ ടീമിലെ അംഗമായിരുന്നുവെന്നത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ‘‘നിങ്ങളിപ്പോൾ ആസ്വദിക്കുന്ന ഉയർന്ന ജീവിതനിലവാരം നിങ്ങൾക്കു സമ്മാനിച്ച ആ മനുഷ്യന്റെ സംസ്കാര ചടങ്ങുകൾക്ക് ഒന്നുവരാൻ പോലും ആയില്ലേ’’ എന്ന പ്രതികരണം ആയിരങ്ങളാണ് ഏറ്റുപിടിച്ചത്.
പെലെയുടെ വിയോഗത്തിൽ അനുശോചിച്ച് പോസ്റ്റിട്ട നെയ്മർ പിതാവിനെ അയച്ചെന്നല്ലാതെ നേരിട്ടുവന്നില്ല. ഇതിനെതിരെ രോഷമൊഴുകിയതോടെ സമൂഹ മാധ്യമ അക്കൗണ്ടിൽ പ്രതികരണത്തിന് അവസരം ഒഴിവാക്കിയാണ് കൂടുതൽ ‘അപകട’മൊഴിവാക്കിയത്. പെലെ ലോകകപ്പ് നേടിയ ടീമുകളിൽ അംഗങ്ങളായിരുന്നവരിലേറെയും പക്ഷേ, ശാരീരിക അവശതകളെ തുടർന്ന്‍ വിട്ടുനിന്നു. വിദേശത്തുനിന്നുള്ള താരങ്ങളും എത്തിയില്ല.
അതേ സമയം, പ്രിയജനങ്ങൾക്ക് അന്ത്യയാത്ര നൽകാൻ എത്തുന്നത് പെലെയും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുടുംബത്തിലെയും സൗഹൃദവലയത്തിലെയും പലരുടെയും മരണമറിഞ്ഞാലും വിട്ടുനിൽക്കുന്നതായിരുന്നു പതിവ്. പിതാവ് ഡോണ്ടിഞ്ഞോ, സഹോദരൻ യായർ അരാന്റസ് ഡോ നാഷിമെന്റോ എന്നിവരുടെ മരണമറിഞ്ഞുപോലും താരം സംസ്കാര നടപടികൾക്കെത്തിയിരുന്നില്ല. ഇരുവർക്കുമടത്താണ് പെലെക്ക് അന്ത്യവിശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.