മെസ്സിയും നെയ്മറുമില്ലാതെയിറങ്ങിയ പി.എസ്.ജിക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് ലെൻസ്
text_fieldsഫ്രഞ്ച് ലീഗിൽ എതിരാളികളില്ലാതെ കുതിച്ച പി.എസ്.ജിക്ക് കടിഞ്ഞാണിട്ട് ലെൻസ്. ലീഗ് വണ്ണിലെ ഒന്നും രണ്ടും സ്ഥാനക്കാർ മുഖാമുഖം നിന്ന ആവേശപ്പോരിൽ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു പാരിസ് സെന്റ് ജെർമൻ വീഴ്ച.
മെസ്സിക്കു പുറമെ കഴിഞ്ഞ മത്സരത്തിലെ കാർഡിൽ കുടുങ്ങി നെയ്മറും പുറത്തിരുന്ന മത്സരത്തിൽ മുന്നേറ്റം പാളിയതാണ് കരുത്തരുടെ നേരങ്കത്തിൽ പി.എസ്.ജിക്ക് പാരയായത്. സീസണിൽ 17 ലീഗ് വൺ മത്സരങ്ങളിൽ ഒന്നു മാത്രം തോറ്റ ലെൻസിന് ജയത്തോടെ ഒന്നാമതുള്ള പി.എസ്.ജിയുമായി പോയിന്റ് അകലം നാലായി. ലെൻസിന് 40 പോയിന്റാണുള്ളത്.
സ്വന്തം കളിമുറ്റത്ത് ലെൻസ് തന്നെയാണ് സ്കോറിങ് തുടങ്ങിയത്. പിന്നിലും മുന്നിലും പതർച്ച കണ്ട പി.എസ്.ജി ബോക്സിൽ കടന്നുകയറി ഫ്രാങ്കോവ്സ്കിയായിരുന്നു ആദ്യ വെടിപൊട്ടിച്ചത്. ഇറ്റാലിയൻ ഗോൾകീപർ ജിയാൻലൂജി ഡോണറുമ്മ തടുത്തിട്ട പന്തിലായിരുന്നു ഫ്രാങ്കോവ്സ്കി ഗോൾ. മുന്നിൽ നെയ്മറുടെ പകരക്കാരനായിരുന്ന ഹ്യൂഗോ എകിറ്റികെ എട്ടാം മിനിറ്റിൽ പി.എസ്.ജിക്ക് സമനില നൽകിയതോടെ കളി പി.എസ്.ജിക്കനുകൂലമായെന്ന് തോന്നിച്ചെങ്കിലും എല്ലാ പ്രതീക്ഷകളും തീർത്ത് ഒപെൻഡ വീണ്ടും ലെൻസിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീഡ് ഉയർത്തി അലക്സിസ് ക്ലോഡ് മോറിസ് വീണ്ടും പി.എസ്.ജി വലയിൽ പന്തെത്തിച്ചു.
ലീഗിൽ അവസാനമായി കളിച്ച എട്ടിൽ ആറിലും ജയിച്ച ലെൻസ് ലോകകപ്പ് കഴിഞ്ഞുള്ള ആദ്യ മത്സരത്തിൽ കഴിഞ്ഞാഴ്ച നൈസിനോട് സമനിലയിൽ പിരിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പി.എസ്.ജിക്കെതിരെ വമ്പൻ ജയം.
കഴിഞ്ഞ വർഷം മാർച്ച് അവസാനത്തിൽ മൊണാക്കോക്കു മുന്നിൽ ഏകപക്ഷീയമായ മൂന്നു ഗോളിന് വീണതാണ് പി.എസ്.ജി അവസാനമായി തോൽവി വഴങ്ങിയത്. തൊട്ടുമുമ്പ് ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിനു മുന്നിലും ടീം പരാജയപ്പെട്ടിരുന്നു.
ഇത്തവണ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ കരുത്തരിൽ കരുത്തരായ ബയേൺ മ്യൂണികിനെതിരെ മത്സരം വരാനിരിക്കെയുള്ള തോൽവി പി.എസ്.ജിക്ക് ആഘാതമാകും.
അനാവശ്യ ഫൗൾ അഭിനയിച്ചതിന് കഴിഞ്ഞ മത്സരത്തിൽ കാർഡ് കണ്ടാണ് നെയ്മർ മടങ്ങിയിരുന്നത്. ലോകകിരീട ജേതാക്കളായ അർജന്റീനക്കൊപ്പം നാട്ടിൽ ആഘോഷത്തിലായിരുന്ന മെസ്സി തിരിച്ചെത്തുന്നതേയുള്ളൂ. ഇരുവരുടെയും അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് കളി തുടങ്ങുംമുമ്പ് പരിശീലകൻ ഗാർട്ടിയെ പറഞ്ഞിരുന്നു. ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുമായി മുന്നിലുള്ളവരാണ് നെയ്മറും മെസ്സിയും- 10 വീതം. നെയ്മർ നേടിയത് 12 ഗോളുകളും. 13 ഗോളടിച്ച എംബാപ്പെ മാത്രമാണ് താരത്തിന് മുന്നിലുള്ളത്. കഴിഞ്ഞ ബുധനാഴ്ച സ്ട്രാസ്ബർഗിനെതിരായ കളിയിലാണ് തുടർച്ചയായ മഞ്ഞക്കാർഡ് കണ്ട് പുറത്തായത്. പെനാൽറ്റി ബോക്സിൽ ഫൗൾ അഭിനയിച്ചതിനായിരുന്നു രണ്ടാം മഞ്ഞയും പുറത്താകലും.
അതേ സമയം, ഇരുവരും കൂട്ടിനില്ലാത്തത് എംബാപ്പെ മുന്നേറ്റങ്ങളെ കാര്യമായി ബാധിക്കുമെന്ന സൂചന കൂടിയായി ലെൻസിനെതിരായ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.