Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightബോക്സിങ് ഡേയിൽ...

ബോക്സിങ് ഡേയിൽ അടിച്ചുകയറി ലിവർപൂളും ഗണ്ണേഴ്സും; സിറ്റിയെ പിറകിലാക്കി ന്യൂകാസിൽ

text_fields
bookmark_border
ബോക്സിങ് ഡേയിൽ അടിച്ചുകയറി ലിവർപൂളും ഗണ്ണേഴ്സും; സിറ്റിയെ പിറകിലാക്കി ന്യൂകാസിൽ
cancel

സമ്മാനപ്പൊതികളുടെ ദിനമായ ബോക്സിങ് ഡേയിൽ ഗോളുത്സവം തീർത്ത് പ്രിമിയർ ലീഗ് വമ്പന്മാർ. ലോകകപ്പ് അവധി കഴിഞ്ഞ് കളിമുറ്റങ്ങൾ തിരുതകൃതിയായ ദിനത്തിൽ ഏഴു കളികളിലായി പിറന്നത് 25 ഗോളുക​ൾ. മുൻനിര ടീമുകളേറെയും ആവേശജയങ്ങളുമായി ആരവം തീർത്തപ്പോൾ ഒമ്പതുപേരായി ചുരുങ്ങിയ എതിരാളികളെ കാൽഡസൻ ഗോളുകൾക്ക് മുക്കി ഫുൾഹാമും മികവുകാട്ടി. ഒന്നാം സ്ഥാനത്ത് മസിൽ പെരുപ്പിച്ച് നിൽക്കുന്ന ​ഗണ്ണേഴ്സ് എളുപ്പം പിൻവാങ്ങില്ലെന്ന മുന്നറിയിപ്പുമായാണ് കരുത്തർക്കെതിരെ ജയം തുടർന്നത്. സമാനമായി, നിലവിലെ ചാമ്പ്യന്മാരായ സിറ്റി​യിൽനിന്ന് വിലപ്പെട്ട രണ്ടാം സ്ഥാനം തട്ടിയെടുത്ത് ന്യൂകാസിൽ ലെസ്റ്ററിനെ വീഴ്ത്തിയപ്പോൾ ബ്രെന്റ്ഫോഡുമായുള്ള കളിയിൽ ടോട്ടൻഹാം സമനില വഴങ്ങി.

അനായാസം ചെമ്പട

ആദ്യ നാലിൽ ഇടമുറപ്പിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യതയെന്ന വലിയ കടമ്പ കടക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ ലിവർപൂൾ അനായാസമായാണ് പോയിന്റ് നിലയിൽ 12ാമതുള്ള ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തിയത്. മുഹമ്മദ് സലാഹ്, വാൻ ഡൈക്, സ്പാനിഷ് താരം സ്റ്റീഫൻ ബായ്ചെറ്റിച് എന്നിവർ ലിവർപൂളിനായി വല കുലുക്കിയപ്പോൾ വാറ്റ്കിൻസ് വില്ലയുടെ ആശ്വാസ ഗോൾ കുറിച്ചു. ആസ്റ്റൺ വില്ലയുടെ സ്വന്തം കളിമുറ്റത്ത് അവർക്ക് അവസരം നൽകാതെയായിരുന്നു തുടക്കം മുതൽ ചെമ്പടയുടെ കടന്നുകയറ്റം. മനോഹരമായ നീക്കത്തിനൊടുവിൽ റോബർട്സൺ തളികയിലെന്നപോലെ നൽകിയ അനായാസ പാസ് ലക്ഷ്യത്തിലെത്തിച്ച് അഞ്ചാം മിനിറ്റിൽ ലിവർപൂൾ ഗോൾവേട്ട തുടങ്ങി. 37ാം മിനിറ്റിൽ സലാഹ് നൽകിയ പാസിൽ വാൻ ഡൈക് ലക്ഷ്യം കണ്ടതോടെ കാര്യങ്ങൾ തീരുമാനമായെങ്കിലും കളിയുടെ ഗതിക്കു വിപരീതമായി രണ്ടാം പകുതിയിൽ വില്ല ഒരു ഗോൾ മടക്കി. അവസാന മിനിറ്റുകളിൽ ബായ്ചെറ്റിച് ഒരു ഗോൾ കൂടി നേടി പട്ടിക പൂർത്തിയാക്കി. പോയിന്റ് പട്ടികയിൽ ആറാമതുള്ള ലിവർപൂളിന് (25 പോയിന്റ്) നാലാംസ്ഥാനക്കാരായ ടോട്ടൻഹാമുമായി അഞ്ചു പോയിന്റ് അകലമുണ്ട്. ഒരു കളി കുറച്ചു കളിച്ച യുനൈറ്റഡ് 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

അതേ സമയം, ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ വൻ വിജയവുമായി വീണ്ടും പോയിന്റ് അകലം ഉയർത്തി. വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ടീം ചുരുട്ടിക്കെട്ടിയത്. ആദ്യ പകുതിയിൽ പെനാൽറ്റി ഗോളിൽ മുന്നിൽനിന്ന വെസ്റ്റ്ഹാമിനെ നിരായുധരാക്കി രണ്ടാം പകുതിയിൽ ബുകായോ സാക, മാർടിനെല്ലി, എൻകെറ്റിയ എന്നിവർ ആഴ്സണലിന് ജയം സമ്മാനിച്ചു. ഗണ്ണേഴ്സ് ജയിച്ചതോടെ സിറ്റിയുമായി പോയിന്റ് അകലം എട്ടാക്കി ഉയർത്തി. വെസ്റ്റ് ഹാമാകട്ടെ, തോൽവിയോടെ തരംതാഴ്ത്തൽ ഭീഷണിക്കരികെയായി.

ലെസ്റ്ററിനെതിരെ ന്യൂകാസിൽ കാൽഡസൻ ഗോളുകൾക്ക് ആധികാരിക ജയം കുറിച്ച കളിയിൽ മൂന്നാം മിനിറ്റിൽ വുഡാണ് ടീമിനെ പെനാൽറ്റി ഗോളാക്കി മുന്നിലെത്തിച്ചത്. ആൽമിറോൺ, ജോയലിന്റൺ എന്നിവർ കൂടി സ്കോർ ചെയ്തതോടെ 32 മിനിറ്റിനിടെ ലീഡ് കാൽ ഡസനായി. തിരിച്ചടിക്കാനാവാതെ തളർന്നുപോയ ലെസ്റ്റർ വലയിൽ പിന്നീട് ഗോളുകൾ വീണില്ല.

ബ്രെന്റ്ഫോഡുമായുള്ള കളിയിൽ ടോട്ടൻഹാമിനായി ഹാരി കെയിനും ഹോജ്ബെർഗും വല കുലുക്കിയപ്പോൾ ജാനെൽറ്റും ടോണിയുമാണ് ബ്രെന്റ്ഫോഡിന് സമനില സമ്മാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolPremier LeagueArsenal
News Summary - Premier League returns: Arsenal extend lead, Liverpool, Newcastle win
Next Story