അടിയന്തര വെടിനിർത്തൽ ആവശ്യവുമായി ഖത്തർ
text_fieldsദോഹ: അന്താരാഷ്ട്ര എതിർപ്പുകൾ തള്ളി ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുന്നതിനിടെയും വെടിനിർത്തൽ ശ്രമങ്ങൾ സജീവമാക്കി ഖത്തർ. കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ ജോർഡൻ രാജാവുമായി നടത്തിയ കൂടികാഴ്ചയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇക്കാര്യം ആവർത്തിച്ചു. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കാൻ ജോർഡനുമായി ചേർന്ന് സംയുക്ത നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുമെന്ന് അബ്ദുല്ല രാജാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അമീർ സാമൂഹിക മാധ്യമമായ ‘എക്സ്’ പ്ലാറ്റ്ഫോമിലെ പേജിൽ വ്യക്തമാക്കി. ഗസ്സയിലെ ജനങ്ങളുടെ സുരക്ഷ, മരുന്നും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ സഹായമെത്തിക്കാൻ സുരക്ഷിത മാനുഷിക ഇടനാഴി ലക്ഷ്യങ്ങൾക്കുമായി ശ്രമം ശക്തമായി തുടരുമെന്നും അമീർ ആവർത്തിച്ചു.
മൂന്നാഴ്ച പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുമ്പോഴും ഖത്തറിന്റെ നേതൃത്വത്തിൽ വിവിധ അറബ് രാജ്യങ്ങളുടെയും ലോകരാജ്യങ്ങളുടെയും സഹകരണത്തോടെ വെടിനിർത്തൽ ശ്രമങ്ങൾ സജീവമാവുകയാണ്. അതിന്റെ തുടർച്ചയായാണ് സമാധാന ദൗത്യവുമായി രംഗത്തുള്ള ജോർഡൻ രാജാവുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തിയത്. ദോഹ വിമാനത്താവളത്തിലെത്തിയ അബ്ദുല്ല രാജാവിനെ അമീർ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. തുടർന്ന് ലുസൈൽ പാലസിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഫലസ്തീന് ജനതക്ക് വേണ്ടിയുള്ള ഖത്തറിന്റെ ഉറച്ച നിലപാടിനെ അദ്ദേഹം പ്രശംസിച്ചു.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അബ്ദുല്ല രാജാവ് ഖത്തറിലെത്തിയത്. 1967ലെ അതിര്‍ത്തികള്‍ പ്രകാരമുള്ള ദ്വിരാഷ്ട്ര സമവായമാണ് ഏക പോംവഴിയെന്ന് അമീറും അബ്ദുല്ല രാജാവും വ്യക്തമാക്കി. ഫലസ്തീന് ജനതയെയും അവരുടെ ഭൂമിയെയും വിശ്വാസ കേന്ദ്രങ്ങളെയും നശിപ്പിച്ചുകൊണ്ടുള്ള ആക്രമണങ്ങളെ അമീര്‍ അപലപിച്ചു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി, അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാന ആൽഥാനി എന്നിവർ ഉൾപ്പെടെ ഉന്നതതല സംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു. ജോർഡൻ കിരീടാവകാശി ഹുസൈന ബിൻ അബ്ദുല്ല, പ്രധാനമന്ത്രി ഡോ. ബിഷർ ഹനി അൽ ഖസ്വാനി എന്നിവരും സന്ദർശകസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.