യുദ്ധം അവസാനിപ്പിക്കാൻ ഇടപെടൽ ശക്തമാക്കി ഖത്തർ
text_fieldsദോഹ: അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങളെല്ലാം തള്ളി ഗസ്സയിലെ ഇസ്രായേൽ ആക്രമണം 35 ദിവസം പിന്നിടുന്നതിനിടെ മധ്യസ്ഥ ശ്രമങ്ങൾ ഊർജിതമാക്കി ഖത്തർ. വ്യാഴാഴ്ച വൈകീട്ട് യു.എ.ഇയിലെത്തി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വെള്ളിയാഴ്ച രാവിലെ ഈജിപ്തും സന്ദർശിച്ചു.
യുദ്ധം അവസാനിപ്പിക്കാനും, ഗസ്സയിലേക്ക് അടിയന്തര മാനുഷിക സഹായമെത്തിക്കാനും തടവുകാരുടെ മോചനത്തിനുമായി കൈകോർത്തു പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽസീസിയുമായി അമീർ കൈറോയിലെത്തി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് സൗദിയിൽ ശനിയാഴ്ച നടക്കുന്ന അടിയന്തര അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനായി അമീർ റിയാദിലേക്ക് യാത്രയായി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10,800ൽ ഏറെ പേരെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാൻ സാധ്യമായ നയതന്ത്ര ശ്രമങ്ങൾ എല്ലാം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിലെ തുടർച്ചയായ ഇടപെടലുകൾ. ഗസ്സക്കെതിരായ ആക്രമണം അവസാനിപ്പിക്കാനും മേഖലയിലെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തടയാനും അടിയന്തര മാനുഷിക സഹായം വർധിപ്പിക്കുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ‘അമീരി ദിവാൻ’ എക്സ് പ്ലാറ്റ് ഫോം വഴി അറിയിച്ചു.
മധ്യസ്ഥ ശ്രമങ്ങൾ കുറക്കുന്നതിനായി ഈജിപ്തുമായി ചേർന്ന് സംയുക്ത നയതന്ത്ര ശ്രമങ്ങൾ തുടരാൻ അമീറും പ്രസിഡന്റ് അൽസീസിയും ധാരണയായി.
അറബ് ഉച്ചകോടിക്കായി റിയാദിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നു
എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുള്ള ഇസ്രായേലിന്റെ ആക്രമണം മേഖലയുടെ സമാധാന ശ്രമങ്ങളെ ഹനിക്കുമെന്നും, യുദ്ധം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ സഹോദരങ്ങളുടെ ദുരിതം അവസാനിപ്പിക്കാനും എല്ലാ കക്ഷികളുടെയും ഇടപെടൽ ആവശ്യപ്പെടുന്നതായും അമീർ ‘എക്സ്’ പേജിലൂടെ വ്യക്തമാക്കി.
ഗസ്സ ആക്രമണവുമായി ബന്ധപ്പെട്ട മധ്യസ്ഥ ശ്രമങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും അമീറിനൊപ്പം ഈജിപ്ത് സന്ദർശനത്തിലുണ്ടായിരുന്നു. അതിനിടെ, ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങളുടെ തുടർച്ചയായി 15ഓളം തടവുകാരെ വരും ദിവസങ്ങളിൽ മോചിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞതായി വാർത്ത ഏജൻസി ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പൗരന്മാർ ഉൾപ്പെടെയുള്ള തടവുകാരെ വിട്ടയക്കുമെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ ഏഴിലെ ആക്രമണത്തിനു പിന്നാലെ ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനം സംബന്ധിച്ച് ഖത്തറിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി സി.ഐ.എ തലവൻ വില്യം ബേൺസ് കഴിഞ്ഞ ദിവസം ദോഹയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.