ഋഷഭ് പന്തിന് മുംബൈ ആശുപത്രിയിൽ കാൽമുട്ട് ശസ്ത്രക്രിയ നടത്തി
text_fieldsവൻ അപകടത്തിൽ ഭാഗ്യത്തിന് ജീവൻ തിരിച്ചുകിട്ടിയ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മുംബൈയിലെ ആശുപത്രിയിൽ കാൽമുട്ട് ശസ്ത്രക്രിയ നടത്തി. ലിഗമെന്റ് ശസ്ത്രക്രിയ വിജയമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ താരം നിരീക്ഷണത്തിലായിരിക്കും. തുടർ നടപടികൾ ഡോ. ദിൻഷാ പർദിവാലയുടെ നേതൃത്വത്തിൽ തീരുമാനിക്കുമെന്നും ശേഷം ബി.സി.സി.ഐ മെഡിക്കൽ സയൻസ് വിഭാഗം ഏറ്റെടുക്കുമെന്നും അധികൃതർ അറിയിച്ചു. അന്ധേരി വെസ്റ്റിലെ കോകില ബെൻ ധീരുബായ് അംബാനി ആശുപത്രിയിലായിരുന്നു താരത്തിന് ശസ്ത്രക്രിയ.
ഡൽഹിയിൽനിന്ന് റൂർകിയിലേക്കുള്ള യാത്രക്കിടെ പന്ത് സഞ്ചരിച്ച കാർ ഉത്തരാഖണ്ഡിൽ അപകടത്തിൽ പെട്ടത്. ഡിസംബർ 30ന് പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. ഡിവൈഡറിലിടിച്ച് മറിഞ്ഞ കാർ നിമിഷങ്ങൾക്കകം കത്തിയമർന്നെങ്കിലും താരം രക്ഷപ്പെട്ടു. ഡെറാഡൂൺ ആശുപത്രിയിൽ ചികിത്സ നൽകിയ താരത്തെ എയർ ആംബുലൻസിൽ മുംബൈയിലേക്ക് മാറ്റുകയായിരുന്നു.
മുമ്പ് സചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രമുഖർക്ക് ചികിത്സ നൽകിയ പ്രമുഖനാണ് ഇതേ ആശുപത്രിയിൽ സ്‍പോർട്സ് മെഡിസിൻ വിഭാഗം മേധാവി ഡോ. പർദീവാല.
ആദ്യം റൂർക്കി സാക്ഷം ആശുപത്രിയിലും തുടർന്ന് ഡെറാഡൂൺ മാക്സ് ആശുപത്രിയിലും ചികിത്സക്കു ശേഷമാണ് മുംബൈയിലേക്ക് മാറ്റാൻ ബി.സി.സി.ഐ തീരുമാനമെടുത്തത്. ഡെറാഡൂൺ ആശുപത്രിയിൽ താരത്തിന് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ ചികിത്സകൾ നൽകിയിരുന്നു.
തലച്ചോറിനും നട്ടെല്ലിനും നടത്തിയ സ്കാനിങ്ങിൽ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി.
നിലവിലെ സാഹചര്യത്തിൽ താരത്തിന് എന്ന് തിരിച്ചെത്താനാകുമെന്ന് പറയാറായിട്ടില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞു. നടന്നു തുടങ്ങിയിട്ടില്ലാത്ത താരം തിരിച്ചുവരാൻ സമയം നിശ്ചയിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.