നക്സൽബാരിയിലെ കാവിക്കൊടികൾ
text_fieldsചാരു മജുംദാറിെൻറയും കനു സന്യാലിെൻറയും നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ സമീന്ദാർമാർക്കെതിരെ നയിച്ച സായുധ സമരത്തെ ചോരയിൽ മുക്കിക്കൊന്നതിെൻറ സ്മാരകശിലയിൽ രക്തസാക്ഷിത്വം വരിച്ച 11 സഖാക്കളുടെ പേരുകൾ കൊത്തിവെച്ചത് ഇപ്പോഴും തെളിഞ്ഞുകാണുന്നുണ്ട്. കമ്യൂണിസ്റ്റുകളുടെ സമരത്തെ നേരിടാനെന്ന പേരിൽ ഒമ്പത് സ്ത്രീകളെയും രണ്ട് കുട്ടികളെയും ബംഗാളിലെ കോൺഗ്രസ് സർക്കാർ വെടിവെച്ചുകൊന്നതിൻെറ നിത്യസ്മാരകമായി സ്ഥാപിച്ചതാണ് ഈ ശിലാഫലകം. അതിന് വലതുഭാഗത്തായി മഹാദേവ് മുഖർജി, െസാരോജ് ദത്ത, ചാരു മജുംദാർ, പിൻ പിയാവോ, മാവോ സെ തുങ്, സ്റ്റാലിൻ, ലെനിൻ എന്നിവരുടെ ചെഞ്ചായം പൂശിയ അർധകായ പ്രതിമകളും നിരന്ന് നിൽപ്പുണ്ട്.
അതിനോരത്താണ് നക്സൽബാരിയിലെ പോളിങ്ബൂത്ത്. ഇന്ത്യൻ കമ്യൂണിസ്റ്റ് ചരിത്രത്തിൽ മായ്ക്കാനാകാത്ത ഏട് തുന്നിച്ചേർത്ത നക്സൽബാരിയോടൊപ്പം മാതിഗാഡ പ്രദേശവും ചേർത്തുണ്ടാക്കിയ ഡാർജിലിങ് ജില്ലയിലെ മാതിഗാഡ - നക്സൽബാരി നിയമസഭ മണ്ഡലത്തിൽ അഞ്ചാം ഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. ശനിയാഴ്ച രാവിലെ മണ്ഡലത്തിലെ വിവിധ പോളിങ് ബൂത്തുകൾ കടന്ന് നക്സൽ ബാരിയിലെത്തുേമ്പാൾ നിറഞ്ഞു നിൽക്കുന്നതത്രയും കാവിക്കൊടികൾ. അവയോട് മത്സരിക്കാൻ നോക്കുന്നുവെന്ന് തോന്നുന്ന തരത്തിൽ തൃണമൂൽ കോൺഗ്രസിന്റെ കൊടികൾ. അങ്ങുമിങ്ങും ഒറ്റപ്പെട്ട ചെങ്കൊടികളുമുണ്ട്.
നക്സൽ ബാരിയിൽ നിന്ന് തൊട്ടപ്പുറത്തെ പഴയ നക്സൽ ഗ്രാമമായ ഹാതിഘിഷയിലെ കനുസന്യാലിെൻറ തട്ടകത്തിലെത്തിയപ്പോൾ സമീപസ്ഥ വീടുകളിലെല്ലാം ചെങ്കൊടിക്ക് പകരം കാവിക്കൊടി. നാട്ടുകാർ വിവിധ പാർട്ടികളിലാണെങ്കിലും സൗഹൃദപൂർണമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പെന്ന് തൃണമൂലിന്റെ ഹാഫിസുൽ പറഞ്ഞു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ബി.ജെ.പിയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത സി.പി.എമ്മുകാരായിരുന്നു തങ്ങളെന്ന് ഗോത്രവിഭാഗക്കാരായ ബി.ജെ.പി പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. കോൺഗ്രസ് സ്ഥാനാർഥിക്കായി ചുവന്ന പന്തലിട്ട് സി.പി.എം പ്രവർത്തകർ ഒരുക്കിയ ബൂത്ത് ഒഴിഞ്ഞുകിടക്കുകയാണ്.ഹാതിഘിഷിൽ പന്തൽ കെട്ടാൻ പോലുമായിട്ടില്ല. സി.പി.എം പ്രവർത്തകരായ ജിബുസോറനും ശഹാബുദ്ദീൻ അൻസാരിയും ചേർന്ന് റോഡിനോരത്ത് നിലത്ത് ഒരു ടാർ പായ വിരിച്ച് വോട്ടർപട്ടിക വെച്ച് കാത്തിരിക്കുകയാണെങ്കിലും വോട്ടർമാർ ആ വഴിക്ക് വരുന്നില്ല.
രണ്ട് തവണ ജയിച്ച കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ ശങ്കർ മലാക്കറെ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയാക്കിയതോടെ അവശേഷിക്കുന്ന പാർട്ടി പ്രവർത്തകരും നിർജീവമായതാണോയെന്ന് തോന്നും. ഇതു മൂലം ഇതിനകം ബി.ജെ.പിയിലേക്ക് പോയ പ്രവർത്തകർക്ക് പുറമെ നിലവിലുള്ള സി.പി.എം വോട്ടുകൾ പോലും താമരയിൽ വീഴുമോ എന്ന ആശങ്ക പാർട്ടിക്കുണ്ട്. മലാക്കർക്ക് എതിരെ 2016 ൽ തോറ്റ ആനന്ദമയി ബർമനെ തന്നെ ഇറക്കിയിരിക്കുകയാണ് ബി.ജെ.പി. ഡാർജിലിങ് ജില്ലയിലെ ഒരു സീറ്റിൽ പോലും 2016ൽ വിജയിക്കാൻ കഴിയാത്ത തൃണമൂലാകട്ടെ ഇക്കുറി ഗൂർഖ മുക്തി മോർച്ച നോമിനിയായ രാെജൻ സണ്ഡാസ് എന്ന ഗോത്ര വർഗക്കാരനെ ഇറക്കി ഏത് വിധേനയും ഒരു സീറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.