വിരമിക്കൽ പ്രഖ്യാപിച്ച് സാനിയ മിർസ; ദുബൈയിൽ അവസാന മത്സരം
text_fieldsമുൻ ലോക ഒന്നാം നമ്പർ ഡബ്ൾസ് ചാമ്പ്യൻ സാനിയ മിർസ പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുന്നു. ദുബൈയിൽ അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന ഡബ്ല്യു.ടി.എ 1000 മത്സരമാകും കരിയറിലെ അവസാനത്തേത്. വിമെൻസ് ടെന്നിസ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
ജനുവരിയിൽ ആസ്ട്രേലിയൻ ഓപണിൽ കസഖ് താരം അന്ന ഡാനിലിനക്കൊപ്പം ഇറങ്ങുന്ന താരം അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റിലാകും റാക്കറ്റേന്തുന്നത്. കഴിഞ്ഞ വർഷം യു.എസ് ഓപണിൽ കൈമുട്ടിന് പരിക്കുമായി പുറത്തായിരുന്നു. 2022 അവസാനത്തോടെ വിരമിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപനമെങ്കിലും യു.എസ് ഓപൺ മുടങ്ങിയതോടെ നീളുകയായിരുന്നു. വിരമിക്കുന്നതോടെ ഭർത്താവ് ശുഐബ് മാലികിനൊപ്പം അക്കാദമിക പ്രവർത്തനങ്ങളുമായി ദുബൈയിൽ സജീവമാകാനാണ് തീരുമാനം. ഒരു പതിറ്റാണ്ടായി താരം നഗരത്തിലാണ് താമസം.
രാജ്യം സംഭാവന ചെയ്ത ഏറ്റവും മികച്ച വനിത ടെന്നിസ് താരമായ സാനിയ മിർസ ഡബ്ൾസിൽ ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. 2016ൽ കിരീടം ചൂടിയ ആസ്ട്രേലിയൻ ഓപണാകും അവസാന ഗ്രാൻഡ് സ്ലാം എന്നതും ശ്രദ്ധേയമാണ്.
2005ൽ സിംഗിൾസിൽ ഡബ്ല്യു.ടി.എ കിരീടം ചൂടുന്നതോടെയാണ് സാനിയ ശ്രദ്ധ നേടുന്നത്. 2007ഓടെ സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ 30ലെത്തി. 27 ആയിരുന്നു കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്. ഡബ്ൾസിൽ ആദ്യ കിരീടം 2009ൽ മഹേഷ് ഭൂപതിക്കൊപ്പം ആസ്ട്രേലിയൻ ഓപൺ മിക്സഡ് വിഭാഗത്തിലായിരുന്നു. 2012ൽ ഫ്രഞ്ച് ഓപണിലും ഭൂപതിക്കൊപ്പം ജേതാവായി. 2014ൽ ബ്രസീൽ താരം ബ്രൂണോ സോറസിനെ കൂട്ടുപിടിച്ച് യു.എസ് ഓപൺ ജേതാവായി. 2015ൽ മാർടിന ഹിംഗിസിനൊപ്പം ചേർന്ന സാനിയ മൂന്നു ഗ്രാൻഡ് സ്ലാമുകൾ നേടിയാണ് ചരിത്രം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.