ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: പ്രസാധക സമ്മേളനം നാളെ മുതൽ
text_fieldsഷാർജ: അറബ് ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവമെന്ന ഖ്യാതി നേടിയ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന പ്രസാധക സമ്മേളനം ഞായറാഴ്ച ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കും. പ്രസാധക മേഖലയിലെ നവീന ആശയ കൈമാറ്റങ്ങൾക്കും പരസ്പര സഹകരണ കരാറുകൾക്കും വേദിയാകുന്ന സമ്മേളനത്തിന്റെ 13ാമത് എഡിഷനാണ് ഇത്തവണത്തേത്. 101 രാജ്യങ്ങളിൽ നിന്നായി പ്രസാധകർ, വിതരണക്കാർ, പുസ്തക വിദഗ്ധർ എന്നിവരെത്തുന്ന സമ്മേളനം മൂന്ന് ദിവസം നീണ്ടുനിൽക്കും. ബെനിൻ, ഐവറി കോസ്റ്റ്, ചെക്ക് റിപ്പബ്ലിക്, മൗറീഷ്യസ്, പരാഗ്വേ, ബുർക്കിന ഫാസോ, കോംഗോ എന്നീ ഏഴ് രാജ്യങ്ങൾ ഇത്തവണ സമ്മേളനത്തിൽ പുതുതായി അരങ്ങേറ്റം കുറിക്കുന്നവരാണ്.
പ്രസിദ്ധീകരണ വ്യവസായത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന വിദഗ്ധരുടെ സംസാരങ്ങളും സമ്മേളനത്തിലുണ്ടാകും. സമീപ വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ച ഡിജിറ്റൽ പ്രസിദ്ധീകരണ രംഗത്തെ പുതിയ രീതികളും അവസരങ്ങളും, ഓഡിയോ ബുക്കുകളുടെ നിർമാണം പോലുള്ള വിഷയങ്ങളും അജണ്ടയിൽ ഉൾപ്പെടും. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നെത്തുന്ന പ്രതിനിധികൾക്ക് ആശയവിനിമയം നടത്താൻ കൂടുതൽ സമയം അവസരം സൃഷ്ടിക്കുന്ന രീതിയിലാണ് അജണ്ടകൾ രൂപപ്പെടുത്തിയിട്ടുള്ളത്.
പരസ്പരം പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടാനും പകർപ്പവകാശ, വിവർത്തന ഇടപാടുകൾ ഉറപ്പിക്കാനും അവസരമൊരുക്കുന്നതിനാണ് ഈ രീതി സ്വീകരിച്ചിട്ടുള്ളത്. ഷാർജ കോപിറൈറ്റ് പുരസ്കാരങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യും. ഭിന്നശേഷിക്കാർക്കായി പുസ്തകങ്ങൾ പുറത്തിറക്കുന്ന പ്രസാധകരെ പ്രത്യേകം ആദരിക്കും. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബർ ഒന്ന് ബുധനാഴ്ചയാണ് തുടക്കമാകുന്നത്. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 12 വരെയാണ് മേള അരങ്ങേറുക. ‘നാം പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്നതാണ് ഇത്തവണ മേളയുടെ സന്ദേശം. വിവിധ ഭാഷകളിലായി 15 ലക്ഷം പുസ്തകങ്ങൾ ഇത്തവണ മേളയിലെത്തും. അറബ് മേഖലയിൽനിന്ന് 1200 അറബ് പ്രസാധകരുണ്ടാകും. ഇന്ത്യയിൽനിന്ന് ഇക്കുറി 120 പ്രസാധകർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.