തൂവൽ തീരം, കണ്ണീർപുഴ...
text_fieldsതാനൂർ: അവധി ദിനം കുടുംബത്തോടൊപ്പം ഉല്ലസിക്കാനും ആഘോഷിക്കാനുമായി അഴിമുഖത്തെത്തിയതായിരുന്നു അവർ. അവധി ദിനങ്ങളിലും മറ്റുളള ദിവസങ്ങളിലും കടൽതീരം ആസ്വദിക്കാനായി നിരവധി പേർ എത്തുന്ന ഇടം കൂടിയാണിത്. പരപ്പനങ്ങാടിയെയും താനൂരിനെയും ബന്ധിപ്പിക്കുന്ന പ്രദേശം.
തൂവൽതീരം ബീച്ചും കെട്ടുങ്ങൽ ബീച്ചിനോട് ചേർന്ന പൂരപ്പുഴയും ആസ്വദിക്കാനായി എത്തുന്നവർ. തീരദേശ പാതയോട് ചേർന്ന പ്രദേശം കൂടിയായതിനാൽ ഇവിടെ അവധിദിനങ്ങളിലും മറ്റുമായി എത്തുന്നവർ നിരവധിയാണ്. ഈയിടെയാണ് ഇവിടെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ബോട്ട് സർവിസ് അടക്കം ആരംഭിച്ചത്.
ഞായറാഴ്ച താനൂരിനെ സംബന്ധിച്ച് ദുരന്തരാത്രിയായി മാറുന്ന കാഴ്ചകളായിരുന്നു. നാടിനെ കണ്ണീർപുഴയാക്കിയ ദുരന്തമാണ് നടന്നത്. എല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവർ നിരവധി പേരെ പുഴയിൽനിന്ന് മുങ്ങിയെടുത്തു.
പൊലിഞ്ഞത് കുടുംബത്തിലെ 11 പേർ
പരപ്പനങ്ങാടി: താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ 11 പേർക്ക്. പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ സൈതലവിയുടെ കുടുംബത്തിലെ 11 പേരുടെ ജീവനാണ് പുഴയെടുത്തത്. പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്ല (13), ഫിദ ദിൽന (എട്ട്), സൈതലവിയുടെ സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ ഷഹ്റ (എട്ട്), ഫാത്തിമ റിഷിദ (ഏഴ്), നൈറ ഫാത്തിമ (പത്ത് മാസം), സൈതലവിയുടെ സഹോദരി നുസ്റത്തിന്റെ മകൾ ആയിഷ മെഹറിൻ (ഒന്നര ) എന്നിവർക്കാണ് ദാരുണാപകടത്തിൽ ഒരേ കുടുംബത്തിൽനിന്ന് ജീവൻ നഷ്ടമായത്. ഇവരുടെ ബന്ധു ആവിൽ ബീച്ചിൽ കുന്നുമ്മൽ വീട്ടിൽ ജാബിറിന്റെ ഭാര്യ കുന്നുമ്മൽ ജൽസിയ എന്ന കുഞ്ഞിമ്മു (42), മകൻ ജരീർ (12) എന്നിവരും അപകടത്തിൽ മരിച്ചു. ഇവരുടെ മക്കളായ ജന്നയും (എട്ട്) ജിഫ്റയും (പത്ത്) അപകടത്തിൽപ്പെട്ടിട്ടുണ്ട്. സൈതലവിയും ജാബിറും ഒഴികെ കുടുംബസമേതം മാതാക്കളോടൊപ്പം കെട്ടുങ്ങൽ അഴിമുഖത്തെ ബോട്ടിൽ ഉല്ലാസയാത്രക്ക് പുറപ്പെട്ടതായിരുന്നു.
എല്ലാം മറന്ന് രക്ഷാപ്രവർത്തനം...
പരപ്പനങ്ങാടി: തീരത്തിന്റെ തിരനാളങ്ങൾ ആസ്വദിക്കാനെത്തിയ പിഞ്ചോമനകളുൾപ്പടെയുള്ളവർ ഉല്ലാസ ബോട്ട് മറിഞ്ഞ് നിലയറ്റ് മുങ്ങിയ വിവരം തീരത്തെ ഞെട്ടിച്ചു. അപകട വിവരം അറിഞ്ഞ് നിമിഷം പോലും പാഴാക്കാതെ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിറങ്ങുകയായിരുന്നു. അഴിമുഖത്തും പുഴയിലും കൂരിരുട്ടിൽ രക്ഷാപ്രവർത്തനത്തിൽ വ്യാപൃതരാകാൻ കഴിഞ്ഞതിനാൽ നിരവധി ജീവനുകളെയാണ് മരണക്കയത്തിൽനിന്ന് വാരിയെടുത്തത്.
ജില്ല ട്രോമാകെയർ സേവന വളന്റിയർമാരും ആംബുലൻസ്, അഗ്നിരക്ഷാസേന, പൊലീസ് വിഭാഗങ്ങളും രംഗത്തെത്തിയിരുന്നു. രാത്രി ഏറെ വൈകിയും രക്ഷാപ്രവർത്തകർ അഴിമുഖം അരിച്ചുപെറുക്കുകയായിരുന്നു.വർഷങ്ങൾക്ക് മുമ്പ് നടന്ന കടലുണ്ടി ട്രെയിൻ ദുരന്ത മേഖലയിൽ നടന്ന രക്ഷാപ്രവർത്തനത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു നാട്ടുകാരുടെ പ്രയത്നങ്ങൾ.
അറിയിച്ചത് മറ്റൊരു ബോട്ടിലെ യാത്രക്കാർ
പരപ്പനങ്ങാടി: താനൂർ ബോട്ടപകടം അറിയിച്ചത് മറ്റൊരു ബോട്ടിലെ യാത്രക്കാർ.അഴിമുഖത്ത് ഉല്ലാസ ബോട്ട് മുങ്ങുന്നത് കണ്ട മറ്റൊരു ബോട്ടിലെ യാത്രക്കാർ കരക്കെത്തി നിലവിളിച്ചതോടെയാണ് അപകടം നാടിന്റെ ശ്രദ്ധയിൽപ്പെട്ടത്.ബോട്ട് ആടിയുലഞ്ഞ് മറിയുന്നത് കണ്ട രണ്ടാമത്തെ ബോട്ടിലെ യാത്രക്കാർ നിലവിളികളോടെ തീരത്തെത്തിയാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പരപ്പനങ്ങാടി തീരത്തെ ഒരു കുടുംബത്തിലെ എട്ടുപേരും മഞ്ചേരി ആനക്കയം പുള്ളിയിലങ്ങാടിയിൽ നിന്നുള്ള കുടുംബവുമടക്കമുള്ളവർ കയറിയ ഉല്ലാസബോട്ട് ഭാരം താങ്ങാനാവാനാതെ ചെരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.