അർജന്റീനയിൽ മെസ്സി പ്രതിഭാസം; കുഞ്ഞുങ്ങൾക്ക് ‘ലയണൽ’ പേരിടുന്നവർ കൂടി
text_fieldsഅർജന്റീനയെ ആഹ്ലാദത്തേരിലേറ്റി വിശ്വകിരീടവുമായി മടങ്ങിയെത്തിയ ലയണൽ മെസ്സിക്കൊപ്പമാണിപ്പോഴും രാജ്യം. നാളുകൾ നീണ്ട ആഘോഷമവസാനിപ്പിച്ച് താരം പി.എസ്.ജിയിൽ കളിക്കാനെത്തിയെങ്കിലും അർജന്റീനയിൽ ലിയോയെ വിടാൻ ജനങ്ങൾക്ക് മനസ്സുവരുന്നില്ലെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്തെ സാന്റ ഫെ പ്രവിശ്യയിൽ 2022 ഡിസംബറിൽ പിറന്ന ഓരോ 70 കുഞ്ഞുങ്ങളിൽ ഒന്നിനും ലയണൽ എന്നോ ലയണല എന്നോ പേരിട്ടതായി സിവിൽ രജിസ്ട്രി കണക്കുകൾ പറയുന്നു. മെസ്സിയുടെ ആദ്യ നാമമായ ലയണൽ എന്നത് ഭാഗ്യ ചിഹ്നമായി കണ്ടാണ് പലരും ഇതേ പേരു തന്നെ മക്കൾക്കിടുന്നത്.
സെപ്റ്റംബർ വരെ പരമാവധി പ്രതിമാസം ആറു പേർക്ക് ഈ പേരുവെച്ചിരുന്നതാണ് ഏഴിരട്ടി വർധിച്ചത്. പ്രവിശ്യയിൽ 30 ദിവസത്തെ കണക്കുകൾ പ്രകാരം 49 കുട്ടികൾക്ക് ഡിസംബറില ഇതേ പേരുവീണിട്ടുണ്ട്. ദേശീയ ടീമിലെ മറ്റു അംഗങ്ങളായ ജൂലിയൻ അൽവാരസ്, എമിലിയാനോ മാർടിനെസ് എന്നിവരുടെ പേരുകളും ഹിറ്റാണ്. എന്നാലും, ഒന്നാം സ്ഥാനത്ത് സാക്ഷാൽ ലിയോ തന്നെ.
മെസ്സിയുടെ പേരുള്ള 10ാം നമ്പർ ജഴ്സിയും വൻതോതിൽ വിറ്റഴിഞ്ഞിരുന്നു. പി.എസ്.ജിയിലെ താരത്തിന്റെ ജഴ്സി പോലും ഏറെ വിലപിടിപ്പുള്ളതായി മാറിയത് വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് നാട്ടിൽ പേരുതന്നെ മെസ്സിയുടെതാക്കി മാറ്റുന്ന പ്രവണത സജീവമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.