പന്തുതട്ടി തുടങ്ങിയ സാന്റോസ് മൈതാനത്ത് പെലെ; വിട നൽകാനെത്തി പതിനായിരങ്ങൾ
text_fieldsപിറന്ന നാടിനെ കാൽപന്തിന്റെ ആകാശങ്ങളിലേക്ക് വഴിനടത്തിയ ഇതിഹാസം അവസാന യാത്രക്കൊരുങ്ങുമ്പോൾ വിട നൽകാനെത്തി പതിനായിരങ്ങൾ. കരിയറിലേറെയും പന്തുതട്ടി ലോകത്തെ വിസ്മയിപ്പിച്ച വില ബെൽമിറോ മൈതാനത്ത് ശ്വാസമറ്റു കിടന്ന ഇതിഹാസത്തെ ഒരു നോക്കുകാണാൻ സ്കൂൾ വിദ്യാർഥികൾ മുതൽ സുപ്രീം കോടതി ജഡ്ജിമാർ വരെ ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ എത്തി. ബ്രസീൽ ദേശീയ പതാകയും ഇഷ്ട ക്ലബായ സാന്റോസ് എഫ്.സി പതാകയും ചേർത്തുപുതച്ചായിരുന്നു മൈതാനത്ത് താരം കിടന്നത്.
ചൊവ്വാഴ്ച രാവിലെ മതപരമായ ചടങ്ങുകളോടെ സംസ്കാര നടപടികൾ തുടക്കമാകും. മൈതാനത്തുനിന്ന് പുറത്തെത്തിക്കുന്ന മൃതദേഹത്തെ അനുഗമിച്ച് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലയുമുണ്ടാകും. സാന്റോസിലെ സെമിത്തേരിയിലാകും താരത്തിന് അന്ത്യനിദ്ര.
16,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള മൈതാനത്ത് പെലെയുടെ ചിത്രങ്ങളും പതാകകളും വഹിച്ച് ആയിരങ്ങൾ രാത്രി വൈകിയും തമ്പടിച്ചു. മണിക്കൂറുകൾ കാത്തുനിന്നാണ് പലരും അവസാന കാഴ്ച കണ്ടുമടങ്ങിയത്.
അർബുദം ബാധിച്ച് വ്യാഴാഴ്ചയാണ് പെലെ മരണത്തിന് കീഴടങ്ങിയത്. രോഗപീഡകൾ വേട്ടയാടിയപ്പോഴും ലോകകപ്പ് ആവേശത്തിലലിഞ്ഞും സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടും നിറഞ്ഞുനിന്ന താരത്തിന് പ്രാർഥനകളുമായി ലോകം നിറഞ്ഞുനിൽക്കെയാണ് മരണ വാർത്തയെത്തിയത്.
1960കളിലും 70കളിലും ലോകത്തുടനീളം കാൽപന്ത് മൈതാനങ്ങളെ ത്രസിപ്പിച്ച താരം കളി നിർത്തിയിട്ട് നാലര പതിറ്റാണ്ടോളമായെങ്കിലും സജീവ സാന്നിധ്യമായി മൈതാനങ്ങൾക്കു പുറത്തുണ്ടായിരുന്നു. പെലെയുടെ ചിറകിൽ മൂന്നുതവണയാണ് ബ്രസീൽ ലോകചാമ്പ്യന്മാരായത്. ചരിത്രത്തിൽ അത്രയും മികച്ച റെക്കോഡ് സ്വന്തമായുള്ള ഏക സോക്കർ താരവും പെലെ മാത്രം. ഇന്ന് സംസ്കാരത്തിന് മുമ്പ് സാന്റോസ് തെരുവുകളിലൂടെ മൃതദേഹം വഹിച്ചുള്ള അന്ത്യയാത്രയുണ്ടാകും.
2021ൽ ആദ്യമായി അർബുദം സ്ഥിരീകരിച്ച താരത്തിന്റെ വൻകുടൽ നീക്കം ചെയ്തിരുന്നു. പതിവു പരിശോധനകൾക്കിടെ വീണ്ടും രോഗം ഗുരുതരമായി അടുത്തിടെ ആശുപത്രിയിലെത്തിയ താരത്തിന്റെ മറ്റു പ്രധാന അവയവങ്ങളിലേക്കും അർബുദം പടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.