ഫലസ്തീന്റെ ശബ്ദമായി ചലച്ചിത്ര പ്രദർശനം
text_fieldsദോഹ: ഗസ്സയിൽ ബോംബുകൾ വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കി, ഫലസ്തീൻ എന്ന രാജ്യത്തെ തേച്ചുമായ്ക്കാൻ ഇസ്രായേൽ ഒരുങ്ങിയിറങ്ങുമ്പോൾ ചലച്ചിത്രങ്ങളിലൂടെ ചരിത്രം പറഞ്ഞും പ്രതിരോധിച്ചും ലോകത്തെ ഓർമപ്പെടുത്തുകയാണ് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്.
ഫലസ്തീൻ ജനതയുടെ അചഞ്ചലമായ പോരാട്ടങ്ങളെയും പ്രതിരോധത്തെയും പ്രതിനിധാനംചെയ്യുന്ന ‘വോയ്സ് ഫ്രം ഫലസ്തീൻ’ എന്ന പേരിൽ പ്രതിഭാധനരായ ഫലസ്തീനിയൻ ചലച്ചിത്രപ്രവർത്തകരുടെ സിനിമകളുടെ പ്രദർശനത്തിന് വ്യാഴാഴ്ച തുടക്കമായി. കതാറ സാംസ്കാരിക ഗ്രാമത്തിലെ കെട്ടിടനമ്പർ 16 ഡ്രാമ തിയറ്ററിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്കും പ്രതിരോധങ്ങൾക്കും അവരുടെ സ്വന്തം ചലച്ചിത്ര പ്രവർത്തകരുടെ കണ്ണുകളിലൂടെ സാക്ഷ്യംവഹിക്കാൻ ഐക്യദാർഢ്യത്തോടെ ഒത്തുചേരുകയാണെന്ന് ഡി.എഫ്.ഐ അറിയിച്ചു.
ഫലസ്തീൻ ജനതയുടെ ദുരിതങ്ങളിൽ ലോക മനഃസാക്ഷി ഞെട്ടിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങൾ ഫലസ്തീനിലെ സഹോദരീ, സഹോദരന്മാരോട് ഐക്യപ്പെടുകയാണെന്ന് ഡി.എഫ്.ഐ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഫത്മ ഹസൻ അൽ റുമൈഹി പറഞ്ഞു.
അവരുടെ ശബ്ദം വളച്ചൊടിക്കപ്പെടുകയും സെൻസർ ചെയ്യുകയും ചെയ്യുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് അവരുടെ വിവരണങ്ങളുടെ ന്യായമായ പ്രാതിനിധ്യം നിർണായകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അചഞ്ചലമായ പോരാട്ടവും പ്രതിരോധവും അവരുടെ സ്വന്തം ചലച്ചിത്ര പ്രവർത്തകർ തന്നെ നമുക്കു മുന്നിലേക്ക് എത്തിക്കുകയാണ് -അൽ റുമൈഹി കൂട്ടിച്ചേർത്തു.
ഫലസ്തീൻ ജനതയുടെ കഥകൾ കേൾക്കാനും അംഗീകരിക്കാനും ബഹുമാനിക്കാനുമുള്ള പ്രവർത്തനങ്ങൾ തുടരും. നീതിക്കും സമാധാനത്തിനും മാനവികതക്കുംവേണ്ടി ഐക്യത്തോടെ സ്വതന്ത്ര ഫലസ്തീനുവേണ്ടിയുള്ള നിരുപാധികമായ പിന്തുണയോടെ നിൽക്കേണ്ട സമയമാണിത് -അവർ വിശദീകരിച്ചു.
എലിയ സുലൈമാന്റെ മനോഹരമായ ‘ടൈം ദാറ്റ് ടു റിമൈൻസ്’ മുതൽ അബ്ദുല്ല അൽ ഖതീബിന്റെ ‘ലിറ്റിൽ ഫലസ്തീൻ: ഡയറി ഓഫ് എ സീജ്’ ഉൾപ്പെടെ ഒമ്പതു ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
എലിയ സുലൈമാന്റെ ടൈം ദാറ്റ് ടു റിമൈൻസാണ് ആദ്യദിനത്തിൽ പ്രദർശിപ്പിച്ചത്. വെള്ളിയാഴ്ച മൈസ് ദർവാസയുടെ ‘മൈ ലവ് അവൈറ്റ്സ് മി ബൈ ദി സീ’യും എലിയ സുലൈമാന്റെ ‘ഡിവൈൻ ഇന്റർവെൻഷനും’ പ്രദർശനത്തിനെത്തും. വൈകീട്ട് നാലിനും രാത്രി എട്ടിനുമായാണ് രണ്ടാം ദിനത്തിലെ പ്രദർശനങ്ങൾ.ശനിയാഴ്ച ദിവസം മായ് മസ്രിയുടെ ‘3000 നൈറ്റ്സും’ കമാൽ അൽ ജഫാരിയുടെ ‘ദി റൂഫും’ പ്രദർശിപ്പിക്കും.
നവംബർ അഞ്ചിന് അറബ് നാസറിന്റെയും തർസാൻ നാസറിന്റെയും ‘ഡീഗ്രേഡും’ പ്രദർശിപ്പിക്കും. ‘ലിറ്റിൽ ഫലസ്തീൻ: ഡയറി ഓഫ് എ സീജ്’ എന്ന അബ്ദുല്ല അൽ ഖതീബിന്റെ ചിത്രം നവംബർ ആറിനും അമീൻ നയ്ഫെയുടെ ‘200 മീറ്റർ’ നവംബർ ഏഴിനും ആൻമേരി ജാസിറിന്റെ ‘വാജിബ്’ നവംബർ എട്ടിനും പ്രദർശിപ്പിക്കും. അവസാന ദിവസമായ നവംബർ ഒമ്പതിന് ഡി.എഫ്.ഐയുടെ ഇൻക്ലൂസിവ് സ്ക്രീനിങ്ങിന്റെ ഭാഗമായി 200 മീറ്റർ പ്രത്യേക പ്രദർശനം സംഘടിപ്പിക്കും. ഓരോ പ്രദർശനത്തിനുശേഷവും പ്രേക്ഷകർക്ക് ചലച്ചിത്രപ്രവർത്തകരുമായി സംവദിക്കാനുള്ള അവസരവും ഡി.എഫ്.ഐ ഒരുക്കിയിട്ടുണ്ട്.
വോയ്സ് ഫ്രം ഫലസ്തീൻ ചലച്ചിത്രപരമ്പര കാണുന്നതിനുള്ള ടിക്കറ്റുകൾ സൗജന്യമാണെങ്കിലും റിസർവേഷനുകൾ ആവശ്യമാണ്. ഡി.എഫ്.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ dohafilminstitute.com വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഈ വർഷത്തെ അജ്യാൽ ഫിലിം ഫെസ്റ്റിവൽ ഡി.എഫ്.ഐ റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.