ലോക ബ്ലിറ്റ്സ് ചെസിൽ വെള്ളിത്തിളക്കവുമായി ഹംപി
text_fieldsഫിഡെ ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ഇന്ത്യൻ താരം കൊനേരു ഹംപി. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത അതിവേഗ ചെസിൽ രാജ്യത്തെ ഉയരത്തിൽ നിർത്തുന്നത്. സ്വർണമെഡൽ ജേതാവ് കസഖ്സ്ഥാന്റെ ബിബിസാര ബാലബയേവക്കു തൊട്ടുപിറകിൽ 12.5 പോയിന്റ് നേടിയായിരുന്നു ഹംപിയുടെ ചരിത്രനേട്ടം. അവസാന മത്സരത്തിൽ എതിരാളിയായിവന്ന ചൈനയുടെ ഷോംഗുയി ടാനിന്റെ സുവർണ പ്രതീക്ഷകൾ തകർത്താണ് താരം ജയം പിടിച്ചത്. എട്ടു മത്സരങ്ങൾ നടന്ന അവസാന ദിവസം 7.5 പോയിന്റും നേടാനായത് മികച്ച നേട്ടമായതായി താരം പിന്നീട് പറഞ്ഞു. ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഹംപി മെഡൽ തൊടുന്നത്. 2019ൽ ലോക റാപിഡ് ചെസിൽ സ്വർണം പിടിച്ചിരുന്നു. ബ്ലിറ്റ്സ് ഇനത്തിൽ മുമ്പ് വിശ്വനാഥൻ ആനന്ദ് പുരുഷ വിഭാഗത്തിലാണ് ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്.
വ്യാഴാഴ്ച ഒമ്പതു മത്സരങ്ങളിൽ നാലെണ്ണം മാത്രം ജയിച്ച് ഏറെ പിറകിലായിപ്പോയ താരം പിറ്റേന്ന് സമാനതകളില്ലാത്ത തിരിച്ചുവരവുമായി രണ്ടാം സ്ഥാനത്തേക്ക് കയറുകയായിരുന്നു. വെള്ളിയാഴ്ച എട്ടു മത്സരങ്ങളിൽ ഏഴും ജയിക്കുകയും മറ്റൊരു ഇന്ത്യൻ താരം ഹരികയുമായി സമനില പാലിക്കുകയും ചെയ്തു. ഒന്നാമതെത്തിയ ബിബിസാര ബാലബയേവക്ക് 13 പോയിന്റാണ് സമ്പാദ്യം.
16 പോയിന്റുമായി മാഗ്നസ് കാൾസൺ ഒന്നാമതെത്തിയ മത്സരത്തിൽ ഒരു ഇന്ത്യക്കാരനും ആദ്യ 10ൽ എത്തിയില്ല. ഓപൺ വിഭാഗത്തിൽ ഇന്ത്യയുടെ പി ഹരികൃഷ്ണ, അർജുൻ എരിഗയ്സി, വിദിത് ഗുജറാത്തി എന്നിവർ യഥാക്രമം 17, 42, 90 സ്ഥാനങ്ങളിലാണ് എത്തിയത്. അതിവേഗ നേട്ടങ്ങളുമായി ലോക ചെസിൽ പ്രതീക്ഷ നൽകുന്ന എരിഗെയ്സി പിറകിലായതാണ് ഞെട്ടലായത്. കാൾസണാകട്ടെ, രണ്ടുകളികൾ തോറ്റിട്ടും 20, 21 മത്സരങ്ങൾ തുടർച്ചയായി വിജയിച്ച് അനായാസം കിരീടമുറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ലോക റാപിഡ് കിരീടം നേടിയതിനു പിറകെയാണ് കാൾസൺ ബ്ലിറ്റ്സ് വിഭാഗത്തിലും എതിരാളികളില്ലാതെ ഒന്നാമനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.