ഹൊഗനക്കലിൽ നിന്ന് അടവിയിലേക്ക് 27 പുതിയ കൊട്ട വഞ്ചികളെത്തി
text_fieldsഅടവിയിലെ പുതിയ കൊട്ട വഞ്ചികൾ
കോന്നി: അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിൽ പുതിയ കുട്ടവഞ്ചികൾ എത്തി. 27 വള്ളങ്ങൾ ആണ് എത്തിച്ചത്. കർണ്ണാടകയിലെ ഹൊഗനക്കലിൽ കല്ലൻമുളകൾ ഉപയോഗിച്ച് നിർമ്മിച്ച കൊട്ടവഞ്ചികൾ ടാർ തേച്ച് ബലപെടുത്തിയ ശേഷമാണ് സവാരിക്കായി ഇറക്കുക. തൊഴിലാളികൾ തന്നെയാണ് ഇത് ചെയ്യുന്നത്.
വള്ളങ്ങൾ ടാർ തേക്കുന്ന ജോലി പുരോഗമിക്കുകയാണ്. വെള്ളിയാഴ്ചയോടെ കൊട്ട വഞ്ചികൾ നീരണിയിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻപ് ഉണ്ടായിരുന്ന കൊട്ട വഞ്ചികൾ കാലപ്പഴക്കം മൂലം നാശാവസ്ഥയിൽ എത്തിയിരുന്നു.പല വള്ളങ്ങളും ചൂരൽ വെച്ച് പടി കെട്ടി ആണ് ഉപയോഗിച്ച് വന്നിരുന്നത്. കാലപ്പഴക്കം ചെല്ലുന്തോറും സഞ്ചരികളെ കയറ്റുമ്പോൾ അരിക് പുറത്തേക്ക് വളഞ്ഞ് വള്ളം ഓടിയുന്നതിനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വഞ്ചികൾ എത്തിച്ചത്.
വനത്തിൽ കൂടി ഒഴുകുന്ന കല്ലാറിന്റെ ഭംഗി നുകർന്ന് കൊട്ടവഞ്ചി സവാരി ആസ്വദിക്കാൻ അടവിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഈ അവധിക്കാലത്ത് നിരവധി പേരാണ് കുടുംബമായി എത്തി കുട്ടവഞ്ചി സവാരി നടത്തി മടങ്ങിയത്. ദീർഘ ദൂര - ഹ്രസ്വ ദൂര യാത്രകളാണ് അടവിയിൽ ഉള്ളത്. കല്ലാറ്റിൽ വെള്ളം കുറഞ്ഞത് മൂലം ദീർഘ ദൂര സവാരി നിർത്തി വെച്ചിരിക്കുകയാണ്. വെള്ളം നിറയുമ്പോൾ മാത്രമേ ഇത് പുനരാരംഭിക്കൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.