ഇരവികുളത്ത് ഇതുവരെ പിറന്നത് 47 വരയാടിൻ കുഞ്ഞുങ്ങൾ
text_fieldsതൊടുപുഴ: ഇരവികുളം ദേശീയ ഉദ്യാനത്തിൽ ഈ സീസണിൽ ഇതുവരെ പിറന്നത് 47 വരയാടിൻ കുഞ്ഞുങ്ങൾ. ജനുവരി അവസാനവാരമാണ് ഇരവികുളത്ത് വരയാടുകളുടെ പ്രജനനകാലം തുടങ്ങിയത്. പ്രജനനകാലത്തെ തുടർന്ന് ഫെബ്രുവരി ഒന്നു മുതൽ രണ്ടു മാസത്തേക്ക് ഉദ്യാനം അടച്ചിരിക്കുകയാണ്.
ഇതോടെ വിനോദസഞ്ചാര കേന്ദ്രമായ രാജമലയിൽ സഞ്ചാരികൾക്കുള്ള പ്രവേശനവും നിരോധിച്ചു. കുമരിക്കല്ലിലാണ് ഇത്തവണ ഏറ്റവുമധികം കുഞ്ഞുങ്ങൾ പിറന്നത്. 13 കുഞ്ഞുങ്ങളെയാണ് ഇവിടെ കണ്ടെത്തിയത്. ആനമുടിയിൽ ഏഴും പെട്ടിമുടിയിൽ നാലും രാജമലയിൽ അഞ്ചും കുഞ്ഞുങ്ങളെ കണ്ടെത്തി.
വരയാട്ടുമൊട്ട, മേസ്തിരികെട്ട് എന്നിവടങ്ങളിലും കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇരവികുളം ദേശീയ ഉദ്യാനം ഉൾപ്പെടെയുള്ള മേഖലകളിൽ കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ 785 വരയാടുകളെ കണ്ടെത്തിയിരുന്നു. 125 കുഞ്ഞുങ്ങളുണ്ടായിരുന്നു.
സഞ്ചാരികൾക്ക് ട്രക്കിങ്ങും ബഗ്ഗി കാർ സഫാരിയും
രാജമല അടച്ചതിനാൽ സഞ്ചാരികൾക്കായി ട്രക്കിങ്ങും ബഗ്ഗി കാർ സഫാരിയും ഒരുക്കിയിട്ടുണ്ട്. രാജമലയുടെ പ്രവേശന കവാടമായ അഞ്ചാംമൈൽ മുതൽ ഉദ്യാന അതിർത്തി വരെയാണ് ട്രക്കിങ്.തേയിലക്കാടുകൾ, ഷോലവനങ്ങൾ എന്നിവടങ്ങൾ വഴിയാണ് മൂന്നു മണിക്കൂർ നീളുന്ന ട്രക്കിങ്. വനം വകുപ്പ് വാച്ചർമാരുടെ സേവനം ലഭ്യമാണ്. 500 രൂപയാണ് ഒരാളുടെ നിരക്ക്.
അഞ്ചാംമൈൽ മുതൽ ഉദ്യാനാതിർത്തിയിലുള്ള അസി. വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയം വരെയുള്ള രണ്ടു കിലോമീറ്റർ ദൂരമാണ് ബഗ്ഗി കാർ സഫാരി. ആറുപേർക്ക് സഞ്ചരിക്കാവുന്ന ബഗ്ഗി കാറിന് 3000 രൂപയാണ് നിരക്ക്. ദിവസവും 50 മുതൽ 70വരെ സഞ്ചാരികൾ ട്രക്കിങ്ങും സഫാരിയും നടത്തുന്നുണ്ടെന്ന് വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ. നേര്യംപറമ്പിൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.