കാലത്തിനപ്പുറത്തുനിന്നൊരു തീർഥാടന പാത
text_fieldsമക്ക: കാലങ്ങൾക്കപ്പുറത്തുനിന്ന് പുണ്യദേശങ്ങളിലേക്കൊരു പാത നീണ്ടുകിടക്കുന്നു, പ്രതാപങ്ങളുറങ്ങും പൈതൃകശേഷിപ്പുകളുമായി. പുരാതന അറബ് ഗോത്രങ്ങളും ഹജ്ജ് തീർഥാടകരും നടന്നും ഒട്ടകങ്ങളുടെയും കുതിരകളുടെയും പുറത്തേറിയും ലക്ഷ്യങ്ങൾ താണ്ടിയിരുന്ന ‘സുബൈദ പാത.’
പുതിയകാല ഹജ്ജ് തീർഥാടകർക്ക് വിസ്മയകരമായ അറിവാണ് ഈ ശേഷിപ്പുകൾ പകർന്നുനൽകുന്നത്. ഇറാഖിൽനിന്നും മക്കയിലേക്കുള്ള പുരാതന ഹജ്ജ് പാത ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയ ഏടാണ്. വെറുമൊരു പാതയല്ല, ഒട്ടും യാത്രാസുഖമില്ലാതിരുന്ന കാലത്തെ ദുർഘടങ്ങളിൽ ആശ്വാസമായ ഒരു ജീവകാരുണ്യ സംരംഭം കൂടിയായിരുന്നു. അബ്ബാസിയ ഖലീഫമാരിൽ അഞ്ചാമനായ ഹാറൂൻ റഷീദിന്റെ പത്നിയായ സുബൈദ രാജ്ഞിയുടെ പേരിലാണ് ഇതറിയപ്പെടുന്നത്. ‘ദർബ് സുബൈദ’ എന്ന് അറബിയിൽ പേര് പതിഞ്ഞ ചരിത്ര പാത. ഇതിന്റെ ശേഷിപ്പുകൾ സൗദിയുടെ പല ഭാഗങ്ങളിലും ഇന്നും തെളിഞ്ഞുകിടപ്പുണ്ട്. ഒരുകാലത്ത് തീർഥാടകർക്ക് സുഗമമായ സഞ്ചാരം സാധ്യമാക്കിയ സുബൈദ പാതയുടെ ചരിത്രം സമ്പന്നമായ നാഗരികതയുടെ ശേഷിപ്പുകൾ കൂടിയാണെന്ന് ഇറാഖിലെ കുഫ സർവകലാശാലയിലെ പുരാവസ്തു വിദഗ്ധനും പ്രഫസറുമായ ഡോ. മുന അബ്ദുൽകരീം അൽ ഖൈസി അഭിപ്രായപ്പെടുന്നു.
1,200 കിലോമീറ്റർ നീളമുണ്ടായിരുന്ന ‘ദർബ് സുബൈദ’ അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പുരാതനമായ ഹജ്ജ്, വാണിജ്യ റൂട്ടായിരുന്നു. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ സൗദിയിൽ നിന്ന് ഉൾപ്പെടുത്തിയ 10 പുരാവസ്തു ശേഷിപ്പുകളിൽ ഒന്നു കൂടിയാണിത്. എ.ഡി 750നും 1258നും ഇടയിൽ നിലനിന്ന അബ്ബാസിയ ഭരണകാലത്തായിരുന്നു ഈ പാതയുടെ പ്രതാപം. ഇറാഖിൽനിന്ന് മക്കയിലെത്താൻ നേരത്തേ ഉണ്ടായിരുന്ന പല വഴികളും ഏറെ ദുർഘടം പിടിച്ചതായിരുന്നു. മക്കയിലെത്തിയിരുന്ന അന്നത്തെ പല തീർഥാടകർക്കും ജീവനാശവും വിപത്തും സംഭവിക്കുന്നത് സാധാരണ പതിവായിരുന്നു.
ഇത് മനസ്സിലാക്കിയ സുബൈദ രാജ്ഞി അസ്ഥിര മണലിൽനിന്നും മോശമായ കാലാവസ്ഥയിൽനിന്നും യാത്രക്കാരെ രക്ഷിക്കുന്ന മതിലുകളാലും അഭയകേന്ദ്രങ്ങളാലും അതിരുകൾ നിർണയിക്കപ്പെട്ട ഒരു പാത നിർമിക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു. ഇറാഖിലെ കൂഫയിൽനിന്ന് മക്കയിലേക്ക് നേരിട്ടായിരുന്നു പാത നിർമിച്ചത്. 50 ലധികം ഭാഗങ്ങളായി വിഭജിച്ച് പാതയിൽ 27 സ്റ്റേഷനുകൾ നിർമിച്ചു. 40ല്‍പരം സ്ഥലങ്ങളിലെ ഇടത്താവളങ്ങളിലായി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വിശ്രമ മന്ദിരങ്ങള്‍, തീർഥാടകർക്ക് വെള്ളത്തിനായി ധാരാളം കിണറുകൾ, കുളങ്ങൾ, പള്ളികൾ, പൊലീസ് പോസ്റ്റുകൾ എന്നിവയും നിർമിച്ചു. യാത്രാസംഘങ്ങള്‍ക്ക് ദിക്കുകള്‍ അറിയാനായി ഉയരത്തില്‍ മിനാരങ്ങളും വിളക്ക് കാലുകളും സ്ഥാപിച്ചിരുന്നു. സാർഥവാഹക സംഘങ്ങൾക്ക് വഴികാണിക്കാനായി പാതയോരങ്ങളിൽ ടവറുകളിൽ രാത്രി തീ കത്തിച്ചു. അന്നത്തെ നിർമാണത്തിലെ വേറിട്ട വൈഭവം കാരണം നൂറ്റാണ്ടുകളോളം ഈ പാത കേടുകൂടാതെ നിലനിന്നു.
ഇറാഖ്, ഖുറാസാൻ, ഖുർദിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിനാളുകൾക്ക് ആയിരത്തിലധികം വർഷം സേവനം ചെയ്യാൻ ഈ ചരിത്രപാത വഴി കഴിഞ്ഞുവെന്നതാണ് ഫലം. ആധുനിക കാലമായതോടെ നൂതന യാത്രാസൗകര്യങ്ങൾ വികാസം പ്രാപിക്കുകയും ക്രമേണ ഈ പാത കലഹരണപ്പെടുകയുമുണ്ടായി. പാതയുടെ പല ഭാഗങ്ങളിലും ഇപ്പോൾ ആധുനികതയുടെ സൗധങ്ങളും റോഡുകളുമാണ് കാണാൻ കഴിയുക. ഏകദേശം 1300 വർഷം കഴിഞ്ഞിട്ടും സുബൈദ പാതയുടെ ശേഷിപ്പുകളായി കിണറുകളും കുളങ്ങളും മറ്റും അങ്ങിങ്ങായി നില നിൽക്കുന്നുണ്ട്. സുബൈദ രാജ്ഞി ഈ പദ്ധതിക്കായി അന്നത്തെ 17 ലക്ഷം ‘മിദ്കാൽ’ (5,950 കിലോ ശുദ്ധസ്വർണത്തിന് തുല്യമായ പണം) ചെലവഴിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഷത്തില്‍ ആറു മാസം തീര്‍ഥാടകരെക്കൊണ്ട് നിറഞ്ഞിരുന്ന പാത ബാക്കി ആറു മാസം കച്ചവടക്കാരും പ്രദേശവാസികളും ഉപയോഗിച്ചു. കരുത്തുറ്റ നിര്‍മിതികളുടെ ശേഷിപ്പുകള്‍ ആയിരത്തിലേറെ വര്‍ഷങ്ങൾക്കിപ്പുറം ആളുകൾക്ക് കാണാൻ ഇന്നും മക്കയുടെ പരിസര പ്രദേശങ്ങളിൽ തെളിഞ്ഞുകിടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.