കോഴിക്കോടൻ ചരിത്രത്തിലൂടെ ഒരു നടത്തം
text_fieldsനാടിന്റെ പച്ചപ്പും നാട്ടോർമകളും ഉത്സവങ്ങളും കാഴ്ചകളുമെല്ലാം പ്രവാസത്തിനിടയിലെ വിങ്ങുന്ന ഓർമകളാണ്. ജോലിതേടിയെത്തിയ മാതാപിതാക്കൾക്കൊപ്പം പ്രവാസലോകത്ത് വിദ്യാർഥികളായി മാറിയ തലമുറക്ക് നാട്ടിൽ നഷ്ടപ്പെടുന്നത് പലതാണ്. അവയെല്ലാം വീണ്ടെടുക്കാനുള്ള മടക്കമാണ് ഓരോ അവധിക്കാലവും. ഇത്തവണ വേനലവധിയെത്തിയപ്പോൾ ഖത്തറിൽനിന്നുള്ള ഒരു കൂട്ടം വിദ്യാർഥികളുമായി സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ ഒരു ഇന്ത്യൻ പര്യടനത്തിനായിരുന്നു പുറപ്പെട്ടത്.
നൂറ്റാണ്ടുകളുടെ ചരിത്രവും പഴമയും പാരമ്പര്യവുമെല്ലാമുള്ള ഇന്ത്യയുടെ തെരുവുകൾ കണ്ടും കേട്ടും അനുഭവിച്ചുമറിയാനുള്ള യാത്ര. കോഴിക്കോടുനിന്ന് തുടങ്ങി ഹൈദരാബാദും ന്യൂഡൽഹിയും കശ്മീരും വരെ നീണ്ടുനിന്ന യാത്രയിൽ കണ്ടതും കേട്ടതുമെല്ലാമാണ് ‘യാത്രാ’ കുറിപ്പിൽ പങ്കുവെക്കുന്നത്.
സ്റ്റുഡൻറ്സ് ഇന്ത്യ ഖത്തർ ‘രഷ്കേ ജിനാൻ ഹമാരാ’ എന്ന തലക്കെട്ടിലായിരുന്നു ജൂലൈ 19 മുതൽ 31 വരെ ഇന്ത്യയിലെ വ്യത്യസ്ത സംസ്കാരങ്ങളും, പൈതൃകവും പരിചയപ്പെടുത്തുക എന്ന ഉദേശ്യത്തോടുകൂടി 21 വിദ്യാർഥികളും അവരെ നയിക്കാൻ മറ്റു രണ്ടുപേരും ഉൾപ്പെടുന്ന യാത്രാസംഘം. കോഴിക്കോട് സംഗമിച്ച യാത്രാ സംഘം ആദ്യം സാമൂതിരിയുടെ മണ്ണിനെ അറിഞ്ഞുകൊണ്ട് ഇന്ത്യ പര്യടനത്തിന് തുടക്കമിട്ടു.
വരൂ... കോഴിക്കോടിന്റെ ചരിത്രത്തിനൊപ്പം നടക്കാം
യാത്രരീതികളിലെ സർഗാത്മകതയാണ് ഹെറിറ്റേജ് വാക്ക്. ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമൊക്കെയായി ജീവനുള്ള ഒരു യാത്ര. അത്തരത്തിലുള്ള നേരനുഭവങ്ങളിലൂടെ കോഴിക്കോട് നഗരത്തിന്റെ പൈതൃക നടത്തത്തോടുകൂടിയാണ് ഞങ്ങളീ യാത്ര ആരംഭിക്കുന്നത്.
പുറത്ത് ചാറ്റൽ മഴയുണ്ടായിരുന്നു. ശങ്കുണ്ണി റോഡിലെ വിദ്യാർഥിഭവനത്തിൽ നിന്നും മാനാഞ്ചിറ വരെ ഒരു മഴയോട്ടം. വ്യത്യസ്ത നിറങ്ങളിലുള്ള റെയിൻ കോട്ടുകൾ ധരിച്ച വിദ്യാർഥികൾ തെരുവുകളിലൂടെ അലഞ്ഞുതിരിയുന്ന ഒരുകൂട്ടം പെൻഗ്വിനുകളെ അനുസ്മരിപ്പിച്ചു.
മഴമാറി നിന്നപ്പോഴേക്കും ഞങ്ങൾ മാനാഞ്ചിറക്കരികിൽ കോംട്രസ്റ്റ് തുണിമില്ലിന്റെ കെട്ടിടത്തോടടുത്തെയിരുന്നു. ആ പടിയിൽ നിന്നാണ് എം.എ.എം.ഒ കോളജിലെ ചരിത്രവിഭാഗം മേധാവി ഡോ. അജ്മൽ മുഈൻ ചരിത്രത്തിലേക്ക് ഞങ്ങളെ നയിച്ചത്. 1884 ൽ സ്വിറ്റ്സർലൻഡിലെ ബാസൽ മിഷനിൽ നിന്നുള്ള മിഷനറിമാരാണ് കോമൺവെൽത്ത് കൈത്തറി നെയ്ത്ത് ഫാക്ടറി ഇവിടെ ആരംഭിച്ചത്.
അത് മലബാറിന്റെ വ്യവസായിക കുതിപ്പിന് കരുത്തേകി. കാലത്തിന്റെ പരിവർത്തനത്താൽ പോസ്റ്ററുകളും ബാനറുകളും പതിക്കാനുള്ള കേവലമൊരു ചുമരായ് രൂപാന്തരപ്പെട്ടിരിക്കുന്നു വ്യവസായപ്പെരുമയുടെ പഴയ തിരക്കിന്റെ കേന്ദ്രം. ഇപ്പോൾ മൂകമായ ഏതാനും കെട്ടിടങ്ങൾ മാത്രം...
ഏറനാട്ടുടയവർ സമുദ്രതീരത്തുള്ള പ്രദേശങ്ങൾ പിടിച്ചടക്കി കൊട്ടാരം പണിത് കോട്ടകെട്ടിയപ്പോൾ ‘കോഴിക്കോട്’ആയി. ഏറനാട്ടുടയവർ സാമൂതിരിയായി. സാമൂതിരിമാരുടെ ചരിത്രം ഏറക്കുറെ ഈ നാടിന്റെ ചരിത്രമായി. വ്യാപാരത്തിനെത്തിയവരിൽ അറബികളോടായിരുന്നു സാമൂതിരിക്ക് പ്രിയം.
പണ്ടുപണ്ടത്തെ ഒരു കഥയാണ്, കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിയുടെ സത്യസന്ധതയും നീതിബോധവും വിളക്കിച്ചേര്‍ത്ത ഒരു പുരാണ കഥ. ഒരിക്കല്‍ ഒരു അറബി മലബാറിന്റെ തീരത്തുള്ള ഓരോ നാട്ടുരാജാക്കന്മാരെയും സന്ദര്‍ശിച്ചു. തിരികെ പോകുമ്പോള്‍ രാജാക്കന്മാര്ക്ക് ഓരോ ഭരണി വീതം സൂക്ഷിക്കാനും നല്കി. ഭരണിയില്‍ അച്ചാര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. നാട്ടിലേക്ക് പോയ അറബി കുറച്ചു കാലത്തിനുശേഷം മടങ്ങിയെത്തി.
അയാള്‍ രാജാക്കന്മാരില് നിന്നും ഭരണികള്‍ തിരിച്ചുവാങ്ങി. അറബി ഭരണി തുറന്ന് നോക്കിയപ്പോള്‍ എല്ലാറ്റിലും അച്ചാര്‍ ഉണ്ടായിരുന്നു. എന്നാല്‍, കോഴിക്കോട്ടെ നാടുവാഴിയായിരുന്ന സാമൂതിരി നല്കിയ ഭരണിയില്‍ മാത്രം സ്വര്‍ണ നാണയങ്ങളും. അതിശയപ്പെട്ട അറബി തെല്ലും വൈകാതെ സാമൂതിരിയുടെ അടുത്തെത്തി.
‘ഞാന്‍ എല്ലാ രാജാക്കന്മാര്ക്കും സ്വര്‍ണം നിറച്ച ഭരണി കൊടുത്തപ്പോള്‍ അവരെല്ലാം അച്ചാര്‍ ഭരണി തന്ന് എന്നെ പറ്റിച്ചു. എന്നാല്‍, താങ്കള്‍ മാത്രം എന്റെ സ്വര്‍ണഭരണി തിരിച്ചേല്‍പ്പിച്ചു. ഞാന്‍ കണ്ട ഏറ്റവും സത്യസന്ധനായ രാജാവ് നിങ്ങളാണ്. സത്യത്തിന്റെ ഈ തുറമുഖത്ത് കച്ചവടം ചെയ്യാന്‍ എന്നെ അനുവദിക്കാമോ? എന്നായി അറബിയുടെ ചോദ്യം. നിറഞ്ഞ മനസ്സോടെ സാമൂതിരി അതിനുള്ള അനുവാദവും നല്കി. കോഴിക്കോടിന്റെ വ്യാപാര ചരിത്രത്തിലേക്ക് വെട്ടം വീഴ്ത്തുന്ന കഥകള്‍ ഇതുപോലെ ധാരാളമുണ്ട്.
മിഠായി തെരുവിൽ...
നമ്മെ പൊതിഞ്ഞ ചരിത്രത്തിൽ ഞങ്ങൾ നനഞ്ഞിരിക്കുമ്പോൾ, നൂറ്റാണ്ടുകൾക്കുമുമ്പ് ഈ തീരങ്ങളിൽ നടന്ന മനുഷ്യരുടെ ആവേശം വിദ്യാർഥികൾക്ക് ഊർജം നൽകി. സൂര്യന്റെ സ്വർണപ്രകാശം മിഠായിത്തെരുവിനറ്റത്തെ എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമയിൽ തട്ടി ഞങ്ങളിൽ പ്രതിഫലിച്ചപ്പോൾ എസ്.കെ യുടെ കഥാസന്ദർഭങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. വാഹനത്തിരക്കില്ലാത്ത മിഠായിത്തെരുവ് വിദ്യാർഥികളെ അലസമായി നടക്കാൻ പ്രേരിപ്പിച്ചു.
ഹലുവയായിരുന്നു മധുരത്തെരുവിലെ പ്രധാന കച്ചവടം. മുറിച്ചുവെക്കുമ്പോൾ ഇറച്ചിക്കഷ്ണംപോലെ തോന്നിക്കുന്ന ഹൽവ സായിപ്പിന് സ്വീറ്റ് മീറ്റായിരുന്നു. അങ്ങനെ ഈ തെരുവ് സ്വീറ്റ് മീറ്റ് സ്ട്രീറ്റായി- എസ്.എം. സ്ട്രീറ്റ്.
സ്വീറ്റ് മീറ്റ് സ്ട്രീറ്റ് സ്വാദിഷ്ഠമായ ട്രീറ്റുകൾ ആസ്വദിക്കാൻ മാത്രമല്ല; കാലം, സംസ്കാരം, സമൂഹം എന്നിവയിലൂടെയുള്ള യാത്രയായിരുന്നു ഞങ്ങൾക്കത്. ഓരോ രസത്തിനും ഒരു കഥയുണ്ടെന്ന് അനുഭവം പഠിപ്പിച്ചു, ഓരോ കഥയും നഗരത്തിന് സമൃദ്ധിയുടെ കീർത്തി ചേർത്തു.
മിഠായിത്തെരുവിന്റെ ഏതാണ്ട് മധ്യത്തിലെത്തിയപ്പോൾ കാലാന്തരങ്ങളുടെ പഴക്കംചെന്ന ബോർഡ് ഞങ്ങളുടെ കണ്ണുടക്കി ‘പാഴ്സി ആരാധനാലയം’. പാഴ്സികളുടെ ഫയർ ടെമ്പിൾ, പാഴ്സി അജുമാൻബാഗ്. അതിനെ കുറിച്ചറിയാനുള്ള വിദ്യാർഥികളുടെ ആഗ്രഹത്തെ ഡോ. അജ്മൽ സാക്ഷാത്കരിച്ചു.
പാഴ്സികൾ ആരാധന നടത്തുന്ന കേരളത്തിലെ ഒരേയൊരു അഗ്നിക്ഷേത്രം. അടച്ചിട്ടൊരു ഗേറ്റും ഉള്ളിൽ ക്ഷേത്രവും അതിനരികിലായി പാഴ്സികളുടെ ശവകുടീരവുമുണ്ട്. പേർഷ്യയിൽനിന്ന് പലായനം ചെയ്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ വ്യാപാരികളാണ് പാഴ്സികൾ. ഗുജറാത്തിലെ പാഴ്സികളാണ് പിന്നീട് കോഴിക്കോട്ടെത്തി വ്യാപാരം തുടങ്ങിയത്. ഇന്നിപ്പോൾ കഷ്ടിച്ച് രണ്ടു കുടുംബങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
വലിയങ്ങാടിയെ കുറിച്ച് പഴമക്കാര്‍ പറയുന്നൊരു ചൊല്ലുണ്ടായിരുന്നു ‘ഇവിടെ കിട്ടാത്തത് തേടി ഈ ദുനിയാവില് അലഞ്ഞിട്ട് കാര്യമില്ലെന്ന്’. ആ പഴയകാല പെരുമകള്‍ ഒന്നും തന്നെ ഇന്ന് കാണാനില്ലെങ്കിലും കോഴിക്കോടിന്റെ പ്രധാന വ്യാപാര കേന്ദ്രം ഇപ്പോഴും വലിയങ്ങാടി തന്നെയാണ്. ഭാഷയും വേഷവും വ്യത്യസ്തരായവര്‍ പലരും ഈ മണ്ണില്‍തന്നെ തുടരുകയാണ്. ചന്ദനക്കുറിയണിഞ്ഞവനും നമസ്കാര തഴമ്പുള്ളവനും ഗുജറാത്തിയും പാഴ്സിയും ജൈനതും ഇവിടെ ഒന്നാണ്.
വലിയങ്ങാടിയില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു വിഭാഗവും ഉണ്ടിവിടെ. വര്‍ഷങ്ങളായി ഈ തെരുവിനെ മാത്രം ആശ്രയിച്ചുകഴിയുന്നവര്‍. ഉപജീവനത്തിനായി കടകളിലും റോഡരികിലും മറ്റും വീഴുന്ന ധാന്യങ്ങള്‍ പെറുക്കി അത് വൃത്തിയാക്കി മറ്റുള്ളവര്‍ക്ക് വിറ്റ് കാശുണ്ടാക്കിയിരുന്നവർ. എന്നാല്‍, ധാന്യങ്ങള്‍ പ്ലാസ്റ്റിക്കിലേക്ക് മാറിയതോടെ നിലത്തും കടയിലുമൊന്നും വീഴാതെയായി.
ചരിത്രത്തിന്റെ നഷ്ടങ്ങളിൽ വലിയങ്ങാടി പകച്ചുനിൽക്കുന്നില്ല. തിരക്കുകളാണ് ഇവിടെ ജീവിതം കരുപ്പിടിപ്പിക്കുന്നത്. വലിയങ്ങാടിയിലെ ലോറികൾക്കും വണ്ടികൾക്കും ചുമടെടുക്കുന്ന നല്ല മനുഷ്യർക്കുമിടയിലൂടെ നടന്നപ്പോൾ ചരിത്രത്തിനപ്പുറം ചിലത് ഞങ്ങൾക്ക് മനസ്സിലായി.
കോഴിക്കോടിന്റെ വ്യാപാര ചരിത്രത്തിൽ കാലംമായ്ക്കാത്ത കാഴ്ചയായി അവശേഷിക്കുന്ന ഗുജറാത്തി തെരുവിലൂടെ മുന്നോട്ടുനടന്നപ്പോൾ മൂവായിരത്തിലധികംപേർ ഈ തെരുവിൽ താമസിച്ചിരുന്ന കാലമുണ്ടായിരുന്നെന്നോർത്തു. ഹൃദയംകൊണ്ട് ഞങ്ങളെ സ്വീകരിച്ച ഗുദാം ആർട്ട് കഫേയുടെ അധിപൻ ബഷീർക്കായെ കുറിച്ച് പറയാതെ ഈ ഹെറിറ്റേജ് വാക്ക് പൂർണമാകില്ല.
പ്രവാസിയായിരുന്ന അദ്ദേഹം തന്റെ ഭാര്യപിതാവിലൂടെ കൈമാറ്റം ചെയ്ത് കിട്ടിയ ഈ പഴയ അരി ശേഖരണത്തിനുപയോഗിച്ച കെട്ടിടം 2015 ൽ നവീകരിച്ചു. അദ്ദേഹത്തിന്റെ ആറാം വയസ്സു മുതൽ ഉപയോഗിച്ചതും ജീവിതയാത്രയിൽ ശേഖരിച്ചതുമായ അമൂല്യശേഖരങ്ങളുടെ നിലവറയാണ് ആർട്ട് കഫേ, ആർട്ട് ഗാലറി,ആന്റീക്സ് എന്നീ വിഭാഗങ്ങളിലായി അടുക്കിവെച്ച ഗുദാം ആർട്ട് കഫേ.
മിശ്കാൽ പള്ളി
മഗ്രീബ് നമസ്കരിക്കാൻ കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിൽ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന കുറ്റിച്ചിറ മിശ്കാൽ പള്ളിയിലെത്തി. പുഞ്ചിരിയോടെ പള്ളിയിലുള്ളവർ ഞങ്ങളെ സ്വാഗതം ചെയ്തു. അറേബ്യൻ വ്യാപാരിയായ നഖുദാ മിശ്കാൽ എ.ഡി 1300 നോടടുപ്പിച്ച് നിർമിച്ചതെന്ന് കണക്കാക്കുന്നു.
കേരളീയ വാസ്തു വിദ്യയിലാണ് പള്ളിയുടെ നിർമാണം. കല്ലിനേക്കാൾ കൂടുതൽ തടി ഉപയോഗിച്ചിട്ടുണ്ട്. എല്ലാവരെയും സ്വാഗതം ചെയ്യാനായി തുറന്നിട്ട 47 വാതിലുകൾ. ചരിത്രത്തിൽ തലയെടുപ്പോടെ നിവർന്ന് നിൽക്കാൻ 24 തൂണുകൾ. മരംകൊണ്ടുണ്ടാക്കിയ മുഖപ്പുകളിലും മറ്റും സമൃദ്ധമായി കൊത്തുപ്പണികൾ.
300 പേർക്ക് ഇരിക്കാനാവുന്നത്ര വിശാലമായ അകത്തളം. ഇത്രയും വലിയ പള്ളി അന്ന് സ്വപ്നങ്ങളിൽ മാത്രമായിരുന്നു.1510 ൽ പോർച്ചുഗീസുകാർ പള്ളിയിൽ അക്രമണം നടത്തി തീയിട്ട മുകൾനില ഞങ്ങൾക്കായി പള്ളിഭാരവാഹികൾ തുറന്ന് തന്നു. സാമൂതിരിയുടെ സൈന്യം ഒരു വിധം അക്രമണത്തെ ചെറുത്തത്കൊണ്ട് പള്ളി പൂർണമായി നശിച്ചതായി തോന്നിയില്ല. മിശ്കാൽ പള്ളിയിൽനിന്ന് നോക്കിപ്പോൾ അകലെ ആയിരം വർഷങ്ങൾ പഴക്കമുള്ള ജമാഅത്ത് പള്ളി കണ്ടു.
വീതം വെച്ച് വേർപെട്ട്പോകാനാവാത്തവിധം ഏതൊക്കെയോ കെട്ടുപാടുകളിൽ ചേർന്നുനിൽക്കുന്ന നിരവധി തറവാടുകളുണ്ട്, കുറ്റിച്ചിറയിൽ. ഒരു തറവാടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചു. അധികാരത്തിന്റെയും കെട്ടുപിണഞ്ഞ അവസ്ഥകൾ ഈ തറവാടിന്റെ ഇടനാഴികളിലെല്ലാമുണ്ട്.
പൊളിച്ചു മാറ്റാനോ നിലനിർത്താനോ പറ്റാത്ത ചില അവസ്ഥകളും അക്കൂട്ടത്തിലുണ്ട്. ഏതൊക്കെയോ ഭാഗങ്ങൾ മാത്രം ഇടിഞ്ഞുവീഴാറായി നിൽക്കുന്ന തറവാടുകളുമുണ്ട്. അത്ര സങ്കീർണമാണ് അതിലെ അവകാശത്തിന്റെ അതിർത്തികൾ. ഇങ്ങെനെയൊക്കെ ആയിട്ടും ചിരിക്കുന്ന മനസ്സോടെ അല്ലാതെ അവർ സ്വീകരിച്ചില്ല. കോഴിക്കോടിന്റെ തെളിമയുള്ള ആതിഥ്യം.
പിന്നെ തിരിച്ചുപോകാനായി ബീച്ച് റോഡിലേക്ക്. നിലയ്ക്കാതെ ആർത്തിരക്കുന്ന തിരയുടെ കിതപ്പും കുതിപ്പും....നേരം ഇരുട്ടിയിട്ടും ചരിത്രത്തിന്റെ കൂടെ നടന്ന വിദ്യാർഥികൾക്ക് ക്ഷീണമില്ല. പുതിയ ചരിത്രാനുഭവത്തിന്റെ ആവേശവും ജീവിതത്തെ അറിവും മധുരവുമാക്കി മുന്നേറിയ ഈ നാടിന്റെ നേർക്കാഴ്ച ശരിയാംവിധം പകർന്നുനൽകാനായെന്ന ബോധ്യത്തിൽ, ഹെറിറ്റേജ് വാക്ക് ശരിയായ ഒരു വഴിനടത്തമായി.
(അടുത്തയാഴ്ച നൈസാമിന്റെ നാട്ടിലെ വിശേഷങ്ങൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.