ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ, നിങ്ങൾക്ക് സംതൃപ്തിയോടെ യാത്ര പോവാം...
text_fieldsപോയവർഷം മനുഷ്യൻ ഏറ്റവും മിസ് ചെയ്തതെന്തെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, യാത്ര. മനുഷ്യെൻറ ആദിമ ചോദനയാണത്. അലഞ്ഞുതിരിഞ്ഞും വേട്ടയാടിയും ജീവിച്ച ആദിമവാസികൾ മുതൽ അജ്ഞാത വിദൂരദേശങ്ങൾ തേടിപ്പോയ നാവികർ വരെ അതല്ലേ അടയാളപ്പെടുത്തുന്നത്. യാത്ര നമ്മുടെ ജീനിലുണ്ട്. പറുദീസയിൽനിന്ന് പുറത്താക്കപ്പെട്ടപ്പോൾ ആദമിനും ഹവ്വക്കുമായി വിശാലമായൊരു ഭൂമിതന്നെ ദൈവം ഒരുക്കിവെച്ചിരുന്നു. 'നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുവിൻ' എന്നാണ് വേദഗ്രന്ഥം മനുഷ്യനോട് ആഹ്വാനം ചെയ്തതും. ഒഴുകുന്ന വെള്ളംപോലെ, പലദേശം കടന്നെത്തുന്ന കാറ്റുപോലെ മനുഷ്യൻ എക്കാലത്തും സഞ്ചരിച്ചുകൊണ്ടിരുന്നു.
പുതുകാലത്ത് യാത്ര ഒരു ലൈഫ് സ്റ്റൈലായി മാറിക്കഴിഞ്ഞു. വെക്കേഷൻ കാലത്ത് നടത്തുന്ന ഒരു വെറും ആചാരം മാത്രമല്ല യാത്രയിന്ന്. ഭക്ഷണംപോലെ, വെള്ളം പോലെ യാത്രയില്ലാതൊരു ജീവിതമില്ല. യാത്ര ഒരു ദിവ്യൗഷധമാണ്. അത് മനസ്സിനെ നവീകരിക്കും. ജീവിതത്തിന് ഉണർവും ഉന്മേഷവുമേകും. സ്വയം വിലയിരുത്താനും അഴിച്ചുപണിയാനും തിരിച്ചറിവുകൾ നൽകും. സർഗാത്മകത മെച്ചപ്പെടുത്തും. പുതിയ തുടക്കങ്ങൾക്ക് തുടക്കമേകും...
ലോകമൊരു ഗ്രന്ഥമാണ്, യാത്ര ചെയ്യാത്തവർ അതിലൊരു പേജ് മാത്രമേ വായിച്ചിട്ടുള്ളൂ എന്ന് പറയാറുണ്ട്. ജീവിതം ഹ്രസ്വമാണ്, ലോകം വിശാലവും. കോവിഡ് യാത്ര തുടങ്ങിയപ്പോൾ മനുഷ്യൻ നിർത്തിവെച്ച യാത്രകൾ ജാഗ്രതയോടെ റീഓപൺ ചെയ്യാൻ നേരമായി. ''ലോകത്തിലെ ഏറ്റവും നല്ലതും മനോഹരവുമായ സംഗതിയെ കാണാനോ സ്പർശിക്കാനോ കഴിയില്ല, അവയെ ഹൃദയംകൊണ്ട് അനുഭവിക്കുകയാണ് വേണ്ട''തെന്ന് ഹെലൻ കെല്ലർ.
പുതിയ കാഴ്ചകളിലേക്ക്, അനുഭവങ്ങളിലേക്ക് മനോനിറവോടെ പുറപ്പെടാം. കുടുംബത്തിലെല്ലാവർക്കും- പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും യുവാക്കൾക്കുമെല്ലാമുള്ള യാത്രകളുണ്ട് ഈ സ്പെഷൽ ലക്കത്തിൽ. കൂടാതെ യാത്രാനുഭവങ്ങളും യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്... ഇനിയെന്തിന് വൈകണം? let's go for a trip, തീർച്ചയായും കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതത്തിലേക്ക് ഈ യാത്ര നിങ്ങളെ ഉണർത്തും...
പ്ലാനിങ് ആൻഡ് ബജറ്റ്
കൃത്യമായി പ്ലാന്‍ തയാറാക്കി വേണം യാത്രക്ക് ഇറങ്ങാൻ. എവിടെ പോവണം, എപ്പോള്‍ പോവണം, എവിടെ തങ്ങണം എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണം. അല്ലാതെയുള്ള യാത്ര ചിലപ്പോൾ സന്തോഷം കൊല്ലുന്നതായി മാറിയേക്കാം. ദൂരയാത്രകളില്‍ താമസിക്കാനുള്ള ഹോട്ടലുകള്‍ അടക്കം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാകും നല്ലത്. പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം, അവിടത്തെ ഭാഷ, വസ്ത്രധാരണം, ദൂരം തുടങ്ങിയ കാര്യങ്ങളിൽ ധാരണ ഉണ്ടാക്കിവെക്കണം. അവരുടെ സംസ്കാരത്തെക്കുറിച്ച് കഴിയുന്നത്ര അറിയാനും അതനുസരിച്ച് പെരുമാറാനും ശ്രദ്ധിക്കുക. മുമ്പ് യാത്ര ചെയ്തവരുടെ റിവ്യൂകള്‍ ഓണ്‍ലൈനില്‍ ഉണ്ടെങ്കിൽ അവ വായിച്ച് പ്ലാന്‍ ചെയ്യാം.
യാത്രക്ക് ബജറ്റ് തയാറാക്കുന്നത് നല്ലതാണ്. അപ്പോൾ നമ്മളുദ്ദേശിക്കുന്ന ബജറ്റില്‍ യാത്ര പൂര്‍ത്തീകരിക്കാനാകും. യാത്രക്ക് വേണ്ട തുക ചെറിയ ചിട്ടിയായോ ദൈനംദിന ചെറു നിക്ഷേപമായോ നേരത്തേ മാറ്റിവെച്ചുതുടങ്ങാം. ഉദാഹരണത്തിന് വർഷത്തിൽ വളരെ ചെറിയ ഒരു ഫോറിൻ പാക്കേജ് ടൂർ ഒറ്റക്ക് പോകുന്നുണ്ടെങ്കിൽ 30,000 രൂപ മുതൽ 40,000 രൂപ വരെ ബജറ്റ് കണ്ടുവെക്കണം. മാസവും 3000 മുതൽ 4000 രൂപ വെര സേവ് ചെയ്ത് ഇതിലേക്കുള്ള പണം സ്വരൂപിക്കാം. വർഷാവസാനം നല്ല ഓഫറുള്ള പാക്കേജ് ടൂർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
യാത്രക്കായി ബാങ്കുകൾ ട്രാവൽ അഥവാ ഹോളിഡേ ലോണുകളും നൽകുന്നുണ്ട്. േപഴ്സനൽ ലോണുകൾ തന്നെയാണ് ട്രാവൽ ലോണുകൾ. പലിശ നിരക്ക് കുറഞ്ഞ ബാങ്കുകളെ സമീപിക്കുക. അഞ്ചുമുതൽ ആറുവർഷം വരെ തിരിച്ചടവിനു സമയം ലഭിക്കും.
ട്രാവൽ ആപ്പുകൾ
യാത്രയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഇന്ന് ബഹുഭൂരിഭാഗം സഞ്ചാരികളും ആപ്പുകൾ ഉപയോഗിച്ചാണ് ട്രെയിൻ, വിമാനം, ബസ്, ടാക്സി, എൻട്രി ടിക്കറ്റുകൾ, റൂം എന്നിവ ബുക്ക് ചെയ്യുന്നത്. ആപ്പുകളിലൂടെ നേരേത്ത ബുക്ക് ചെയ്താൽ ആകർഷകമായ ഓഫറുകളിൽ സേവനങ്ങൾ ലഭിക്കുന്നതിനോടൊപ്പം ഒരുപാട് സമയലാഭവുമുണ്ട് എന്നതാണ് പ്രത്യേകത.
● ട്രിപ് അഡ്വൈസർ (www.tripadvisor.in), ഹോളിഡേ ഐക്യു (www.holidayiq.com) പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം
●ഗോഐബിബോ (www.goibibo.com), ഓയോ റൂംസ് (www.oyorooms.com), മേക്ക് മൈ ട്രിപ് (www.makemytrip.com) എന്നീ ട്രാവൽ പോര്‍ട്ടലുകളും സന്ദർശിക്കാം
●ഓയോ റൂംസ് (oyo), സ്റ്റേസില (www.stayzilla.com) എന്നീ പോര്‍ട്ടലുകൾ വഴി ബജറ്റ് ഹോട്ടലുകള്‍ കണ്ടെത്താം
●ഹോം സ്റ്റേകളുടെ വലിയൊരു നിരയാണ് എയര്‍ബിഎന്‍ബി (airbnb.co.in) പോലെയുള്ള സൈറ്റുകള്‍ നല്‍കുന്നത്
●ഉപഭോക്താവിന് വിലപേശാനുള്ള സൗകര്യവുമായാണ് ട്രാവല്‍ സ്പൈസ് ഡോട്ട് കോം (www.travelspice.com)
●ട്രിവാഗോ (trivago.in)- വിവിധ നഗരങ്ങളിലെ വ്യത്യസ്ത തരത്തിലും നിരക്കുകളിലുമുള്ള റൂമുകൾ തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും അനുയോജ്യമായ ആപ്പാണിത്.
●ലോൺലി പ്ലാനറ്റ് https://www.lonelyplanet.com, https://www.gov.uk/foreign-travel-advice, ഇൻക്രെഡിബ്ൾ ഇന്ത്യ, കേരള ടൂറിസം എന്നീ വെബ്സൈറ്റുകളും യാത്രകൾക്ക് സഹായകരമാണ്.
ഡെസ്റ്റിനേഷൻ
അവധിക്കാല യാത്രക്ക് സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. പോകുന്ന സമയം, കാലാവസ്ഥ, ഗതാഗത സംവിധാനം, യാത്ര അനുയോജ്യമാണോ എന്നീ കാര്യങ്ങളിൽ ധാരണയുണ്ടാവുക
●ഏതെല്ലാം യാത്രാമാർഗങ്ങളിലൂടെ അവിടെ എത്തിച്ചേരാം എന്നത് അറിയുക
●താമസ സൗകര്യങ്ങൾ ഉണ്ടോ, കുടുംബമായി താമസിക്കാൻ സേഫ് ആണോ എന്നത് കൃത്യമായി മനസ്സിലാക്കുക
●ഭക്ഷണം, പെട്രോൾ, എ.ടി.എം എന്നിവയുടെ ലഭ്യതയെക്കുറിച്ച് അറിയുക
●പ്രധാന കാഴ്ചകൾ, അടുത്തുള്ള പ്രധാന സ്ഥലം ഏതൊക്കെ എന്നറിയുക
●പ്രകൃതിദുരന്തം ഉണ്ടാവാറുള്ള സ്ഥലമാണോ എന്നതും അറിഞ്ഞുവെക്കുക
ട്രാവൽ മോഡ്
യാത്രപോകേണ്ട സ്ഥലത്തെയും അവിടേക്ക് എത്താനുള്ള മാർഗങ്ങളെയും ആസ്പദമാക്കിയാണ് ട്രാവൽ മോഡ് സെലക്ട് ചെയ്യുന്നത്. പലപ്പോഴും ഒരു സ്ഥലത്ത് എത്തിയാൽ കുറഞ്ഞ ദൂരത്തിൽ തൊട്ടടുത്ത് മറ്റു പ്രധാനപ്പെട്ട സന്ദർശന സ്ഥലങ്ങളും കാണാനാവണം. കൃത്യമായ പ്ലാനിങ്ങിനുശേഷം ട്രാവൽ മോഡ് തിരഞ്ഞെടുക്കാം.
●എപ്പോഴും സുരക്ഷിത യാത്രക്ക് മുൻതൂക്കം കൊടുക്കുക
●പോകേണ്ട സ്ഥലത്തിെൻറ ദൂരം വളരെ കൂടുതലാണെങ്കിൽ വിമാനയാത്ര തിരഞ്ഞെടുക്കാം
●ബജറ്റ് കുറവാണെങ്കിൽ ട്രെയിൻ യാത്ര അല്ലെങ്കിൽ ബസ് തിരഞ്ഞെടുക്കാം. അടുത്തുള്ള സ്ഥലങ്ങളാണെങ്കിൽ സ്വന്തം വാഹനത്തിൽ പോയി വരാം. കൂടുതൽ ആളുകളുണ്ടെങ്കിൽ ട്രാവലർ പോലുള്ള വാഹനങ്ങളെ ആശ്രയിക്കാം
●ഇതര നാട്ടിലെത്തുമ്പോള്‍ ടാക്സികളെ ആശ്രയിക്കുന്നത് വലിയ ചെലവുണ്ടാക്കും. പകരം ബസ്, മെട്രോ, ട്രെയിന്‍ തുടങ്ങിയ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വിസുകളെ ഉപയോഗപ്പെടുത്താം. ഇത് സുരക്ഷിതത്വവും നൽകും
●ഡെസ്റ്റിനേഷനു തൊട്ടടുത്ത് വേറെയും കാഴ്ചകൾ കാണാനുണ്ടെങ്കിൽ യാത്രക്ക് സൈക്കിൾ വാടകെക്കടുക്കാം. പല ടൂറിസ്റ്റ് സ്ഥലങ്ങളിലും ഇത് നിലവിലുണ്ട്
ഫസ്റ്റ് എയ്ഡ് ബോക്സിൽ വേണ്ടത്
●ആൽക്കഹോൾ സ്വാബ്സ് ●ബാൻഡേജുകൾ
●ആൻറിബയോട്ടിക് ഓയിൻറ്മെൻറുകൾ
●ഓറൽ റീഹൈഡ്രേഷൻ മിശ്രിതം
●ഡിജിറ്റൽ തെർമോമീറ്റർ
●ഐ ഡ്രോപ്സ്
●ഇൻസെക്ട് റിപ്പല്ലൻറ്
●സാനിറ്റൈസർ, സോപ്പ്
●ആൻറാസിഡുകൾ, അലർജി, വയറിളക്കം, ചുമ,പനി, ജലദോഷം എന്നിവക്കുള്ള മരുന്നുകൾ, വേദന സംഹാരികൾ
ടിക്കറ്റ് ബുക്കിങ്
യാത്രപോകാൻ തീരുമാനിച്ചാൽ വാഹന, താമസ, എൻട്രി ടിക്കറ്റുകൾ നേരത്തേ ബുക്ക് ചെയ്യുക. നേരത്തേ ബുക്ക് ചെയ്യുന്നതിലൂടെ പരമാവധി കുറഞ്ഞ വിലക്ക് ടിക്കറ്റ് ലഭിക്കും. ട്രെയിൻ ടിക്കറ്റുകൾ നാലുമാസം മുമ്പുവരെ ബുക്ക് ചെയ്യാം. അവസാന നിമിഷം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്താൽ യാത്രാനിരക്ക് കൂടും. ടിക്കറ്റ് കിട്ടാനുള്ള സാധ്യതയും കുറയും.
●ടിക്കറ്റുകൾ ഒഫീഷ്യൽ സൈറ്റിൽനിന്ന് ബുക്ക് ചെയ്യുകയോ ട്രാവൽ ഏജൻറ് വഴിയോ ബുക്കിങ് നടത്താം
●അതത് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളുടെ സൈറ്റും പരിശോധിക്കാം
●ബുക്കിങ്ങിനുമുമ്പ് നമ്മൾ സഞ്ചരിക്കുന്ന വാഹനം, ഭക്ഷണം പോലുള്ള മറ്റു സംവിധാനങ്ങൾ മനസ്സിലാക്കുക
വിമാന യാത്രയിൽ ശ്രദ്ധിക്കേണ്ടത്:
●യാത്രചെയ്യുന്നതിന് 54 മുതല്‍ 66 ദിവസം വരെ മുമ്പുള്ള ടിക്കറ്റ് ബുക്ക് ചെയ്യുക. ആ ദിനങ്ങളില്‍ ചാര്‍ജ് കുറവായിരിക്കും
●എക്സ്പീഡിയ, ട്രാവലോസിറ്റി, സ്കൈ സ്കാനര്‍ തുടങ്ങിയ വെബ്സൈറ്റുകള്‍ കുറഞ്ഞ വിമാനടിക്കറ്റ് നിരക്ക് കാണിച്ചുതരും
●വിവിധ വൈബ്സൈറ്റുകളില്‍ കയറി ടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്ത ശേഷം ബുക്ക് ചെയ്യാം
●റിട്ടേൺ ടിക്കറ്റ് കൂടി ഒരുമിച്ച് ബുക്ക് ചെയ്യുന്നത് മെച്ചമാണെന്നാണ് ധാരണ. എന്നാൽ, പലപ്പോഴും റിട്ടേൺ ഫ്ലൈറ്റിൽ മറ്റു കമ്പനികളുടേതാകും കുറഞ്ഞ നിരക്ക്. അത് താരതമ്യം ചെയ്തു ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ലാഭകരം
●തിരക്കുള്ള സമയം ആയതിനാൽ ആഴ്ചാവസാനങ്ങള്‍ കഴിവതും യാത്രയില്‍ ഒഴിവാക്കുക. ചൊവ്വ, ബുധൻ,വ്യാഴം ദിവസങ്ങളിൽ ബുക്ക് ചെയ്യുന്നതാണ് കൂടുതൽ ലാഭകരം
●ഗ്രൂപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുന്പ് ഒറ്റയാള്ക്കുള്ള ചെലവ് പരിശോധിക്കേണ്ടതാണ്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നതിന് ചിലപ്പോള്‍ ഓഫര്‍ കാണും
●യാത്ര കാൻസൽ ചെയ്യാൻ സാധ്യതയില്ലെങ്കിൽ റീഫണ്ട് ചെയ്യാൻ സാധിക്കാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുക. കാരണം റീഫണ്ട് ചെയ്യുന്ന ടിക്കറ്റിനെ അപേക്ഷിച്ച് ഇതിന് നിരക്ക് കുറവായിരിക്കും
ടിക്കറ്റ് ബുക്കിങ് ആപ്പുകൾ
1. ഐ.ആർ.സി.ടി.സി -റെയില്‍ ടിക്കറ്റ്, ൈഫ്ലറ്റ് ടിക്കറ്റ്, ബസ് ടിക്കറ്റ് എന്നിവ ലഭ്യമാണ്
2. ഗോഐബിബോ- യാത്ര ബുക്കിങ് ആപ്
3. സ്കൈ സ്കാനർ -താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്ക് കണ്ടെത്താൻ സഹായിക്കുന്ന മികച്ച ആപ്പുകളിലൊന്ന്
4. kiwi
5. clear trip
6. make my trip
7. RedBus, Ixigo, Delhi Metro
താമസം
യാത്രയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് താമസം. മികച്ച റൂമുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം. അതിനായി ആപ്പുകൾ, വിവിധ സൈറ്റുകൾ സന്ദർശിച്ച് അഭിരുചിക്കനുസരിച്ചുള്ളവ തിരഞ്ഞെടുക്കാം.
●യാത്ര പ്ലാൻ ചെയ്യുന്ന സമയംതന്നെ റൂം ബുക്ക് ചെയ്യുന്നതാവും ചെലവ് കുറക്കാനുത്തമം
●ട്രാവൽ ഏജൻറ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം
●ടൂർ പാക്കേജ് ആണെങ്കിൽ അതുവഴി നമുക്ക് യോജിച്ച താമസസ്ഥലം തിരഞ്ഞെടുക്കാം
●ഹോട്ടൽ / റിസോർട്ട് ഒഫീഷ്യൽ സൈറ്റുകൾ വഴി ബുക്ക് ചെയ്യുന്നതും നല്ലതാണ്
●ഓൺലൈൻ ബുക്കിങ് സൈറ്റുകൾ ഇന്ന് മികച്ച ഓഫറിൽ താമസ സൗകര്യം നൽകാൻ മത്സരിക്കുന്ന കാലമാണ്. അതിനായി അവയെ ആശ്രയിക്കുന്നതും കുറഞ്ഞ നിരക്കിൽ താമസസൗകര്യം ലഭിക്കാൻ സഹായിക്കും
●തേർഡ് പാർട്ടി സൈറ്റുകൾ വഴി ബുക്ക് ചെയ്യുമ്പോൾ മികച്ചവ തിരഞ്ഞെടുക്കുക
●ബുക്കിങ്ങിനുശേഷം ഫോണോ മെയിലോ വഴി കൺഫർമേഷൻ ഉറപ്പുവരുത്തുക. അതിെൻറ പ്രിൻറ് അല്ലെങ്കിൽ ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുക.
●ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേമെൻറ് നടത്തുക
●ബുക്ക് ചെയ്യുന്നതിനു മുമ്പ് റിവ്യൂ പരിശോധിച്ച് സേഫ് സ്ഥലമാണെന്ന് ഉറപ്പാക്കുക
●ഭക്ഷണം പാചകം ചെയ്യാൻ താൽപര്യമുള്ളവരാണെങ്കിൽ അതിന് സൗകര്യമുള്ള സ്ഥലം തിരഞ്ഞെടുക്കുക
•ഹോട്ടല്‍ റൂമിന് ചാര്‍ജ് കൂടുതലാണെങ്കില്‍ ഹോം സ്റ്റേ, ഹോസ്റ്റല്‍ അല്ലെങ്കില്‍ ഡോര്‍മിറ്ററി എന്നിവ ഉപയോഗപ്പെടുത്താം. ഹോസ്റ്റലുകളിൽ ഒരു റൂമിൽ നാലോ അഞ്ചോ ബെഡ് അറേഞ്ച് ചെയ്തിരിക്കും. എല്ലാ ബെഡുകൾക്കും പ്രത്യേകം ലോക്കര്‍ ഷെൽഫും ഇലക്ട്രിക് സോക്കറ്റും ഉണ്ടായിരിക്കും. പൊതു ബാത്ത്റൂം, അടുക്കള, എൻറര്‍ടെയിന്‍മെൻറ് റൂം എന്നിവയും ഉണ്ടാകും.
•സര്‍ക്കാര്‍ വകുപ്പുകളുടെ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ നിരവധി െറസ്റ്റ് ഹൗസുകള്‍ ഉണ്ട്. യാത്രക്കിടെ കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാൻ പറ്റുന്ന ഇടംകൂടിയാണിത്. അതിനായി സർക്കാറിെൻറ വെബ്സൈറ്റുകൾ സന്ദർശിക്കാം.
ഹോട്ടലിലും കരുതൽ വേണം
•മുറിയിലെത്തിയാലുടന് സാധനങ്ങളെല്ലാം മുറിയിലെ ലോക്കറില്‍ ഭദ്രമായി വെക്കുക. ഇനി ലോക്കറിന് സ്പേസ് കുറവാണെങ്കിൽ രേഖകളടക്കമുള്ള വിലപ്പെട്ട വസ്തുക്കൾ മാത്രം ലോക്കറിലാക്കാം. വാതിലിെൻറ ലോക്കുകളെല്ലാം ഇടുക, അവ സുരക്ഷിതമാണെന്നും ബലമായി ഉറപ്പിച്ചിട്ടുണ്ടെന്നും പരിശോധിക്കുക.
●കുളിക്കാനും ഉറങ്ങാനും പോകുമ്പോള്‍ വാതില്‍ അകത്തുനിന്നു പൂട്ടുക. താക്കോല്‍ ഉപയോഗിച്ച് പൂട്ടുന്നതാണെങ്കില് മുറി പൂട്ടി താക്കോല്‍ കീ ഹോളില്‍ തന്നെ ഇടണം.
●സെക്യൂരിറ്റി ചെയിനുണ്ടെങ്കില് എപ്പോഴും അതുപയോഗിക്കണം. പുറത്തുനിന്ന് ആരു വന്നാലും ചെയിന്‍ ഇട്ട് വാതില്‍ കുറച്ച് തുറന്നുനോക്കിയിട്ടേ തുറക്കാവൂ.
●മൊബൈൽ, ലാൻഡ് ഫോൺ, വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാണെന്ന് ഉറപ്പാക്കുക
●ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ താമസിക്കുന്ന ഹോട്ടലിെൻറ വിവരങ്ങൾ, ചിത്രം, കയറുന്ന ടാക്സി വാഹനത്തിെൻറ വിവരം എന്നിവ അയച്ചുകൊടുക്കുക
ട്രാവൽ ഏജൻറിനെ തിരഞ്ഞെടുക്കുമ്പോൾ
●അയാട്ട അംഗീകാരമുള്ള ട്രാവൽ ഏജൻറിനെ തിരഞ്ഞെടുക്കുക
●അറിയപ്പെടുന്ന പ്രവർത്തനപരിചയമുള്ള മികച്ച ട്രാവൽ ഏജൻസികളുടെ സേവനം ഉപയോഗിക്കുക
●തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന ഏജൻറ്/കമ്പനി എന്നിവയുടെ റിവ്യൂ പരിശോധിക്കാം
●എക്സ്പീഡിയ (https://www.expedia.co.in/TAAP-Info), ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ഏജൻസിയാണ്
●ഓർബിറ്റ്സ് (https://www.orbitz.com/)-എക്സ്പീഡിയയുമായി സാമ്യമുള്ള, ഈ സൈറ്റും ഉപയോക്താക്കൾക്ക് സ്റ്റാർ ഹോട്ടൽ കണ്ടെത്തി നൽകുന്നു
●ട്രാവലോസിറ്റി (https://www.travelocity.com/)
●വിശദാംശങ്ങൾ കൃത്യമായി ചോദിച്ചറിയുക. സംശയം തീർക്കുക
ഭക്ഷണം
യാത്രയിൽ മിതമായ രീതിയിലുള്ള ആഹാരക്രമമാണ് എപ്പോഴും നല്ലത്. ഭക്ഷണ കാര്യത്തിൽ എപ്പോഴും കരുതൽ വേണം. അതത് പ്രദേശത്തെ ഭക്ഷണവൈവിധ്യം അനുഭവിച്ചറിയൽകൂടി യാത്രയുടെ പൂർണതയുടെ ഭാഗമാണ്. പതിവായി കഴിക്കുന്ന ഭക്ഷണംതന്നെ യാത്രക്കിടെ ലഭിക്കണമെന്ന വാശിയിൽ ഒരിക്കലും അതും തേടി പോകരുത്.
●യാത്രക്കിടയില്‍ അത്യാവശ്യ ഭക്ഷണം കൈയിൽ കരുതുക
●നല്ല തിരക്കുള്ള ഹോട്ടലുകളില്‍ വേണം ഭക്ഷണം കഴിക്കാന്‍
●നന്നായി വേവിച്ച ഭക്ഷണം കഴിക്കുക
●പാലുൽപന്നങ്ങളും പരമാവധി ഒഴിവാക്കാം
●ബിരിയാണി, പൊറോട്ട, ചിക്കന്‍, ബീഫ് തുടങ്ങിയ വിഭവങ്ങള്‍, വയറിന് കട്ടിയുണ്ടാക്കുന്ന വിഭവങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്
●വെജിറ്റേറിയൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകുക
●സാധിക്കുമെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ഹോട്ടലില്‍ ചൂടുവെള്ളം ചോദിക്കുക. ആവശ്യമെങ്കിൽ ഫ്ലാസ്ക്കിലോ മറ്റോ വാങ്ങിവെക്കുക
●പരമാവധി വെള്ളം കൈയിൽ കരുതുക. ഇല്ലെങ്കിൽ മിനറൽ വാട്ടർ മാത്രം ഉപയോഗിക്കുക. ആരോഗ്യത്തിന് അതാണ് ഉത്തമം. മിനറല്‍ വാട്ടറിെൻറ സീല്‍ പരിശോധിച്ച് ഉറപ്പുവരുത്തുക
●എണ്ണയിൽ പാകം ചെയ്യുന്ന, വറുത്ത വിഭവങ്ങൾ പരമാവധി ഒഴിവാക്കുക
●യാത്ര പുറപ്പെടും മുമ്പ് ഹെവി ഭക്ഷണം കഴിക്കരുത്
●ബിസ്കറ്റ്, ചിപ്സ്, പഴം അടക്കമുള്ള ലക്ഷുഭക്ഷണങ്ങള്‍ കരുതുന്നത് നല്ലതായിരിക്കും
●പരിചയമില്ലാത്ത സ്ഥലങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം
●ശരീരത്തിന് ഉചിതമാണോയെന്ന് മൂന്നുവട്ടം ആലോചിച്ചുമാത്രം പരിചിതമല്ലാത്ത ഭക്ഷണം ഒാർഡർ ചെയ്യുക
ഭക്ഷണം പാചകം ചെയ്യാം
യാത്രക്കിടെ നമ്മൾ തന്നെ ഭക്ഷണം പാചകം ചെയ്യുന്നത് ചെലവ് കുറക്കുക മാത്രമല്ല ആസ്വദിച്ച് കഴിക്കാനും സാധിക്കും. യൂത്ത് ഹോസ്റ്റലുകളില്‍ ഒക്കെ പലപ്പോഴും എല്ലാവർക്കും ഉപയോഗിക്കാവുന്ന അടുക്കള/ കാൻറീൻ സൗകര്യം ഉണ്ടാവും. കുടുംബവും ആയി പോവുകയാണെങ്കില്‍ സര്‍വിസ്ഡ് അപ്പാർട്മെൻറുകള്‍ എടുക്കുന്നതാണ് ഏറെ ലാഭകരം. ഇനി കാറിലാണ് യാത്ര എങ്കിൽ ചെറിയ ഗ്യാസ് സ്റ്റൗ, പാത്രം എന്നിവ വാഹനത്തിലെ സ്പേസ് അനുസരിച്ച് കരുതാം. പാചകത്തിന് ആവശ്യമായ സാധനങ്ങൾ പോകുന്ന വഴിയിൽനിന്ന് മുൻകൂട്ടി വാങ്ങുന്നതാവും നല്ലത്.
പാക്കിങ്
യാത്രക്ക് ഇറങ്ങുന്നതിനുമുമ്പ് അലട്ടുന്ന കാര്യമാണ് എന്തൊക്കെ കൊണ്ടുപോകണമെന്നത്. ഒരുപാട് നടക്കേണ്ട സാഹചര്യം യാത്രയില്‍ ഉണ്ടെങ്കില്‍ ഇരുതോളുകളിലുമായി ഇടാവുന്ന വലിയ ബാക്ക് പാക്ക് തിരഞ്ഞെടുക്കാം. എന്നാൽ, യാത്രയില്‍ നടക്കേണ്ട സാഹചര്യം വരുന്നില്ലെങ്കില്‍ വലിയ സ്യൂട്ട് കേസ്, ട്രോളി ബാഗ് തുടങ്ങിയവ ഉപയോഗിക്കാം. കൊണ്ടുപോകുന്ന സാധനങ്ങളുടെ ഒരു ചെക്ക്ലിസ്റ്റ് തയാറാക്കുന്നത് നല്ലതാണ്. പാക്ക് ചെയ്യുന്നതിനനുസരിച്ച് ചെക്ക്ലിസ്റ്റ് ടിക്ക് ചെയ്യുക.
●ആവശ്യത്തിലും കൂടുതൽ വസ്ത്രങ്ങൾ വാരിവലിച്ച് കെട്ടിയെടുത്ത് കൊണ്ടുപോകേണ്ട ആവശ്യമില്ല. ഒരു ദിവസം ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും അടിവസ്ത്രമടക്കം ഒരുമിച്ച് ഒരു റോൾ ആയി പാക്ക് ചെയ്താൽ ബാഗിൽനിന്ന് ഓരോ ദിവസവും എടുക്കൽ എളുപ്പമാകും.
●യാത്രയുടെ ദൈർഘ്യം, പോകുന്ന സ്ഥലം എന്നിവ അനുസരിച്ച് വേണം സാധനങ്ങളും വസ്ത്രവും പാക്ക് ചെയ്യാൻ. വസ്ത്രങ്ങള്‍ ഓരോന്നും നന്നായി മടക്കിവെക്കണം. യാത്രയില്‍ കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവര്‍ക്കായി ഒരു ചെറിയ ഹാന്‍ഡ് ബാഗ് കരുതുന്നത് നല്ലതാണ്. ബാഗ് എപ്പോഴും ലോക്ക്ചെയ്തുവെക്കുന്നതാണ് നല്ലത്. ഗുണമേന്മയുള്ള നമ്പർപൂട്ടായാൽ കീ കളഞ്ഞുപോവുന്നത് പേടിക്കേണ്ട.
എമർജൻസി ഗ്രാബ് ബാഗ്
അത്യാവശ്യം ഉപയോഗത്തിനുള്ള വസ്തുക്കളും രേഖകളും സൂക്ഷിക്കാനായി എപ്പോഴും ഒരു എമർജൻസി ഗ്രാബ് ബാഗ് കരുതുന്നത് നല്ലതാണ്. മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക്, പാസ്പോര്‍ട്ട്, അത്യാവശ്യം പണം, നാട്ടിലെ അഡ്രസ്, പോകുന്ന സ്ഥലത്തെ അഡ്രസ്, എംബസിയുടെ അഡ്രസ്, കോണ്ടാക്ട് നമ്പര്‍, സ്ഥിരം ഉപയോഗിക്കുന്ന മരുന്നുകള്‍, ഗുളികകള്‍, സാനിറ്റൈസർ, ടോർച്ച് തുടങ്ങിയവ സൂക്ഷിക്കാം.
യാത്ര സ്മാർട്ടാക്കാൻ
സ്മാർട്ഫോണ്‍ നിര്‍ബന്ധമായും കൈയില്‍ കരുതണം. ബാഗിൽ ഒരു യൂനിവേഴ്സൽ പ്ലഗ് അഡാപ്റ്റർ കരുതുക. യാത്രക്ക് നിർബന്ധമായും കൈയിൽ കരുതേണ്ടതാണ് ചാർജർ. സ്മാർട്വാച്ച്, മൊബൈൽ, ബ്ലൂടൂത്ത് ഹെഡ്സെറ്റ് എന്നിവയുടെ ചാർജർ പാക്ക് ചെയ്യുമ്പോൾ എടുത്തെന്ന് ഉറപ്പുവരുത്തണം.
●പവർബാങ്ക്, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, സ്മാർട്വാച്ച് എന്നിവ എടുക്കാൻ മറക്കേണ്ട
●ലാപ്ടോപ് അത്യാവശ്യമാണെങ്കിൽ മാത്രം കരുതാം
●യു.എസ്.ബി ഫ്ലാഷ് ഡ്രൈവ് -ഹോട്ടലുകളിലും മറ്റും ചെക്ക് ഇൻ ചെയ്യുമ്പോൾ രേഖകളും ഫോട്ടോകളും പ്രിൻറ് എടുത്ത് കൊടുക്കേണ്ടതുണ്ടെങ്കിൽ മെയിൽ അയക്കുന്നത് ഒഴിവാക്കി യു.എസ്.ബി ഡ്രൈവ് കൊടുക്കാം
●കാർ ചാർജർ- യാത്ര ചെയ്യുമ്പോൾ തന്നെ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കാർ ചാർജർ ഉപകരിക്കും
വ്ലോഗിങ് & ഫോട്ടോഗ്രഫി
ഫോട്ടോഗ്രഫി, വ്ലോഗിങ് എന്നിവ ചെയ്യാൻ ആഗ്രഹിക്കുന്നവർ കാമറ, ഫോൺ എന്നിവക്കൊപ്പം അനുബന്ധ ഉപകരണങ്ങളായ സെൽഫി സ്റ്റിക്, മൈക്ക് തുടങ്ങിയവയും കരുതണം. വിഡിയോ ക്വാളിറ്റിയുള്ള മൊബൈൽഫോൺ ഉപയോഗിച്ചും വിഡിയോ ബ്ലോഗിങ് ചെയ്യാവുന്നതാണ്. അതുകൂടാതെ പ്രമുഖ കമ്പനികൾ വ്ലോഗിങ് സ്പെഷൽ കാമറകളും വിപണിയിൽ ഇറക്കുന്നുണ്ട്. ഡി.എസ്.എൽ.ആർ കാമറകൾ േവ്ലാഗിങ്ങിന് അത്ര അനുയോജ്യമല്ല.
●വലിച്ചുനീട്ടാതെ കാര്യങ്ങൾ ലളിതമായി പറയുക.
●യാത്ര ചെയ്യുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ വിഡിയോയിൽ എഴുതി കാണിക്കുന്നത് നന്നാവും
●വ്ലോഗ് ഷൂട്ട് ചെയ്യുമ്പോൾ കാമറയിൽ നോക്കി വേണം സംസാരിക്കാൻ.
●ഷൂട്ട് ചെയ്ത വിഡിയോ എഡിറ്റ് ചെയ്ത ശേഷം മാത്രം അപ്ലോഡ് ചെയ്യുക
●വിഡിയോയിൽ കോപ്പിറൈറ്റ് ഉള്ള മ്യൂസിക് കൊടുക്കാതിരിക്കുക
●വിഷ്വലുകൾ പരമാവധി വ്യത്യസ്തമാക്കാൻ ശ്രമിക്കുക
●എടുത്ത ഫോട്ടോ, വിഡിയോ എന്നിവ അന്നത്തെ യാത്രക്കുശേഷം ലാപ്പിലേക്കോ മറ്റോ മാറ്റിസൂക്ഷിക്കുക
ഫോട്ടോ എടുക്കുമ്പോൾ:
●ഫോട്ടോ എടുക്കുന്നതിനുമുമ്പ് സെറ്റിങ്സ് പരിശോധിച്ച് റെസലൂഷന്‍ മനസ്സിലാക്കുക
●ഫോണിൽ മൈക്രോ എസ്.ഡി കാർഡ് കരുതുക. കാമറയാണെങ്കിലും ഒന്നോ രണ്ടോ മെമ്മറി കാർഡ് കരുതാം
●മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് കാമറ ലെന്‍സ് തുടച്ച് വൃത്തിയാക്കുക.
●അപെര്‍ച്ചര്‍, എക്സ്പോഷര്‍ ടൈം, ഐ.എസ്.ഒ എന്നിവ കാമറയിൽ കൃത്യമയി സെറ്റ് ചെയ്യുക
●മാന്വലായി ഫോക്കസ് ചെയ്തശേഷം പടം എടുക്കുന്നതാണ് നല്ലത്
വാഹനം ഒരുക്കാം
•ദൂരയാത്രക്ക് തയാറെടുക്കുന്നവർ വാഹനം ജനറൽ സർവിസിന് വിധേയമാക്കുക. ഫിൽട്ടർ, ബ്രേക്ക്, ഓയിൽ, ടയർ, അലൈൻമെൻറ്, ചെയിൻ, കാർബറേറ്റർ, കാറിെൻറ വൈപ്പര്‍ ഫ്ലൂയിഡ് അങ്ങനെ എല്ലാ കാര്യങ്ങളും പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ദൂരയാത്രക്കിടെ വാഹനത്തിന് സംഭവിക്കാവുന്ന പൊതു പ്രശ്നങ്ങളെക്കുറിച്ച് അവരോട് ചോദിച്ച് മനസ്സിലാക്കുക
•വാഹനത്തിെൻറ പേപ്പറുകൾ അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക
•യാത്രയിൽ ഡ്രൈവിങ് വശമുള്ള ഒന്നിലധികം ആളുകളുണ്ടാവുന്നത് നല്ലതാണ്
•യാത്രക്കിടയിൽ ഭക്ഷണം, ഡ്രൈവിങ്, താമസം കണ്ടെത്തൽ തുടങ്ങിയ ജോലികൾ പരസ്പരം വീതിച്ചെടുക്കാം
•പരമാവധി രാത്രിയാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. പകല്‍ ഡ്രൈവ് ചെയ്ത് രാത്രി നല്ല സ്ഥലങ്ങളില്‍ തങ്ങി പിറ്റേദിവസം യാത്ര തുടരുന്നതാണ് നല്ലത്
കോവിഡിനെ കരുതണം
കോവിഡ് രണ്ടാംതരംഗം ആശങ്കയുണർത്തിയിട്ടുള്ളതിനാൽ യാത്രയിൽ കോവിഡ് ജാഗ്രത കൈവെടിയരുത്. മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കാൻ കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. വിദേശരാജ്യങ്ങളിൽ വാക്സിനേഷനും നിർബന്ധമാണ്
●കോവിഡിന് വാക്സിനേഷനാണ് മികച്ച പ്രതിരോധം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈയിൽ സൂക്ഷിക്കുക
●വാക്സിൻ എടുത്ത തൊട്ടടുത്ത ദിവസങ്ങളിലെ യാത്ര ഒഴിവാക്കുക
●അതത് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും കോവിഡ് മുൻകരുതലുകളോട് സഹകരിക്കുക
●വ്യക്തിശുചിത്വം പാലിക്കുക
● കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതുക
●മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ കരുതണം
●ആളുകൾ കൂടിച്ചേരുന്ന സ്ഥലങ്ങളിൽനിന്ന് അകലം പാലിക്കുക, കുട്ടികൾ പ്രായമായവർ എന്നിവരെ കരുതുക
●കോവിഡ് വ്യാപനം തടയുന്നതിനാണ് ഇ-പാസ് സംവിധാനം കൊണ്ടുവന്നത്. ഇ -പാസിന് അപേക്ഷിക്കേണ്ട വെബ് പോർട്ടൽ https://serviceonline.gov.in/epass/
മെഡിക്കൽ/ട്രാവൽ ഇൻഷുറൻസ്
ട്രാവല്‍ ഇന്‍ഷുറന്‍സ് ഒരു അധികച്ചെലവല്ല. വിദേശരാജ്യത്ത് ചികിത്സ തേടേണ്ടിവരുമ്പോഴും മറ്റും ഇത് ആവശ്യമായി വരും. 3000 രൂപ കൊടുത്താൽ 1.5 ലക്ഷം രൂപ വരെ കവറേജുള്ള ഇൻഷുറൻസ് സ്കീമുകൾ ലഭിക്കും. പല വിദേശ രാജ്യങ്ങളിലും ചികിത്സക്ക് വലിയ തുക വരും. മെഡിക്കല്‍ ചെലവുകൂടി വഹിക്കുന്ന ട്രാവല്‍ ഇന്‍ഷുറന്‍സുകൾ ഇത്തരം സന്ദര്‍ഭങ്ങളില്‍ തുണയാകും. കുടുംബത്തോടൊപ്പമാണ് യാത്ര എങ്കിൽ അവരെയും കവറേജിൽ ഉൾപ്പെടുത്തണം. അതിനായി ഗ്രൂപ് പോളിസിയാകും നല്ലത്
*മെഡിക്കല്‍ ചെലവുകൾ പലപ്പോഴും കാഷ്ലസ് ആയിരിക്കണമെന്നില്ല. ബില്ലുകള്‍ ഹാജരാക്കുമ്പോഴായിരിക്കും തുക ലഭിക്കുക. അതിന് സമയമെടുത്തേക്കാം. സാഹസിക കായിക വിനോദങ്ങള്‍, വിന്റര്‍ സ്പോര്‍ട്സ് തുടങ്ങിയ അപകടകരമായ പ്രവൃത്തികള്‍ സാധാരണഗതിയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടില്ല. എന്നാല്‍, കുറച്ച് കൂടുതല്‍ പണം കൊടുത്താല്‍ അവയും ഉള്‍പ്പെടുത്താനാകും.
മൂന്നാർ യാത്രക്ക് കെ.എസ്.ആർ.ടി.സി
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ കാന്തല്ലൂർ, മറയൂർ മേഖല സന്ദർശിക്കാൻ കെ.എസ്. ആർ. ടി. സി ഒരുക്കുന്ന ടൂറിസ്റ്റ് പാക്കേജിന് 300 രൂപയാണ് ഒരാൾക്ക് ചാർജ്. രാവിലെ 9.30 ന് ആരംഭിച്ച് വൈകീട്ട് ആറിന് യാത്ര അവസാനിക്കും. സഞ്ചാരികള്‍ക്ക് താമസിക്കാനായി 100 രൂപക്ക് സ്ലീപ്പര്‍ എ.സി ബസുകളും കെ.എസ്. ആർ. ടി. സി തയാറാക്കിയിട്ടുണ്ട്. വൈകീട്ട് ആറു മുതല്‍ പിറ്റേന്ന് ഉച്ചക്ക് 12 വരെയാണ് സ്ലീപ്പര്‍ വാടക നിശ്ചയിച്ചിരിക്കുന്നത്. ബസ് സർവിസ് പാക്കേജിലുള്ളവർക്കായി സ്റ്റേ കൂടിയുണ്ടെങ്കിൽ 50 രൂപ ഡിസ്ക്കൗണ്ടും ലഭിക്കും. mnr@kerala.gov.in മെയില്‍ ഐഡി വഴിയും 04865 230201 ഫോണ്‍ നമ്പര്‍ വഴിയും സ്ലീപ്പര്‍ ബസ് താമസത്തിനായി ബുക്ക് ചെയ്യാം. ടെൻറ് സൗകര്യവും ഒരുക്കുന്നുണ്ട്. നാലുപേർക്ക് കിടക്കാവുന്ന ടെൻറിൽ ഒരാൾക്ക് 200 രൂപയാണ് നിരക്ക്. നാലു പേരുണ്ടെങ്കിൽ 700 രൂപക്ക് ലഭിക്കും.
വിവരങ്ങൾക്ക് കടപ്പാട്: ● എബിൻ കെ. െഎ, അസി. പ്രഫസർ, സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ്, എം.ജി യൂനിവേഴ്സിറ്റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.