ആനയിറങ്കല്‍ ബോട്ടിങ് നിര്‍ത്തലാക്കൽ: ടൂറിസം മേഖലക്ക് വൻ തിരിച്ചടി
text_fieldsഅടിമാലി: ആനയിറങ്കല്‍ ജലാശയത്തിലെ ബോട്ടിങ് നിര്‍ത്തിയത് ടൂറിസം രംഗത്തിന് കനത്ത തിരിച്ചടി. അരിക്കൊമ്പന് ആനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരമാണ് ബോട്ടിങ് നിർത്തിയത്.ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്മെന്റ് 2015 ആഗസ്റ്റ് 21നാണ് ആനയിറങ്കല്‍ ജലാശയത്തില്‍ ബോട്ടിങ് ആരംഭിച്ചത്.
രണ്ട് സ്പീഡ് ബോട്ടുകള്‍, 20പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ജങ്കാര്‍ ബോട്ട്, 4 പെഡല്‍ ബോട്ടുകള്‍, 7 കുട്ടവഞ്ചികള്‍, 10 കയാക്കിങ് വഞ്ചികള്‍ എന്നിവയാണ് സഞ്ചാരികള്‍ക്കായി സര്‍വിസ് നടത്തിയിരുന്നത്.വശ്യമനോഹരമായ തേയില മലകള്ക്കുനടുവിലെ ആനയിറങ്കല്‍ ജലാശയത്തിലൂടെയുള്ള ബോട്ട്യാത്ര ഏറെ ആകര്‍ഷകമായിരുന്നു. സീസണില്‍ ഒരുലക്ഷം രൂപയും ഓഫ് സീസണില്‍ ശരാശരി 25,000 രൂപയുമായിരുന്നു പ്രതിദിന വരുമാനം. 10 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഇതുകൂടാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും വഴിയോര കച്ചവട സ്ഥാപനങ്ങളും ആനയിറങ്കലിലെത്തുന്ന സഞ്ചാരികളെ ആശ്രയിച്ചാണ് മൂന്നോട്ടുപോകുന്നത്. ബോട്ട് സർവിസ് നിർത്തിയത് ജില്ലയുടെ വിനോദസഞ്ചാര സാധ്യതകളെ വരെ പ്രതികൂലമായി ബാധിക്കുമെന്നും അടിയന്തരമായി ബോട്ട് സർവിസ് അനുവദിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.