സ്വപ്നങ്ങൾക്കപ്പുറം സഞ്ചരിച്ച് മലയാളി പെൺകൂട്ടം അസർബൈജാനിൽ
text_fieldsദമ്മാം: മാറുന്ന സൗദിയിലെ പ്രവാസത്തിന് പുതുചരിത്രം സമ്മാനിച്ച് മലയാളി വനിതകളുടെ സംഘം അസർബൈജാനിൽ. യാന്ത്രികമായ ജീവിതവിരസതകൾക്ക് വിരാമമിട്ട്, തങ്ങളുടെ സ്വപ്നങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിച്ചാണ് ദമ്മാമിൽ വിവിധ മേഖലകളിലുള്ള ഒരുകൂട്ടം പെൺസുഹൃത്തുക്കൾ ഒത്തുചേർന്ന് രാജ്യാന്തര യാത്രക്കിറങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ൈഫ്ല ദുബൈ വിമാനത്തിൽ 27 പേരടങ്ങുന്ന സംഘം അസർബൈജാനിലെത്തി.
അഞ്ച് പകലും നാല് രാത്രിയും നീളുന്ന യാത്രക്ക് ശേഷം സംഘം അടുത്തയാഴ്ച തിരിച്ചെത്തും. അടുക്കളയുടേയും ഓഫിസിന്റെയും വിരസതകളിൽനിന്ന് തങ്ങളുടെ ലോകം തേടിയുള്ള യാത്രക്ക് ഒരു മനസ്സോടെ പെൺസംഘം മുന്നോട്ട് വരുകയായിരുന്നു. ഇവരുടെ ആഗ്രഹങ്ങൾക്ക് പിന്തുണയുമായി പങ്കാളികളും എത്തിയതോടെ ദമ്മാമിലെ മലയാള പ്രവാസത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം പിറക്കുകയായിരുന്നു. കേവലം രണ്ടാഴ്ച കൊണ്ടാണ് ഇവരുടെ യാത്ര യാഥാർഥ്യമായത്.
ദമ്മാമിൽ നടന്ന ഒരു സ്റ്റേജ് ഷോക്കിടയിൽ കണ്ടുമുട്ടിയ സുഹൃത്തുക്കൾ പങ്കുവെച്ച ആശയം അതിവേഗം പ്രചാരം നേടുകയായിരുന്നു. അസാസ് ടൂർസ് ആൻഡ് ട്രാവൽസ് ഏജൻസി ഉദ്യോഗസ്ഥൻ മനാഫ് പിന്തുണയുമായി എത്തിയതോടെ ഏറെക്കാലത്തെ സ്വപ്നം യാഥാർഥ്യമാകുന്നതിന് വഴിയൊരുക്കി. ആദ്യം 10 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. എന്നാൽ യാത്രയെക്കുറിച്ചറിഞ്ഞ് കൂടുതൽ പേർ മുന്നോട്ടുവരുകയായിരുന്നു. ദിനംപ്രതി യാത്രാസംഘത്തിൽ ചേരുന്നവരുടെ എണ്ണം കുടിക്കൂടിവന്നു.
തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത എണ്ണത്തിലേക്ക് ആളുകളുടെ എണ്ണം പെരുകിയപ്പോൾ 25 എന്ന എണ്ണത്തിൽ നിജപ്പെടുത്താൻ നിർബന്ധിതരാവുകയായിരുന്നു. എങ്കിലും ഒടുവിൽ യാത്രക്കുള്ള ഒരുക്കം പൂർത്തിയായപ്പോൾ സംഘത്തിലെ ആളുകളുടെ എണ്ണം 27 ആയി. പ്രതീക്ഷിക്കാത്ത അത്ഭുതങ്ങൾ ഈ യാത്രാസംഘത്തിന് വേണ്ടി തയാറാക്കിയിട്ടുണ്ടെന്ന് മനാഫ് പറഞ്ഞു. അസർബൈജാനിലെ മലയാളി കുടുംബങ്ങളും തദ്ദേശീയരും അടങ്ങുന്ന സംഘം സ്വാഗതഗാനം പാടി പൂക്കളുമായി സൗദിയിൽനിന്നുള്ള പെൺസംഘത്തെ വരവേൽക്കും.
അസർബൈജാന്റെ പൈതൃക ഭംഗിയുള്ള നഗരങ്ങളും ഗ്രാമങ്ങളും സംഘം സന്ദർശിക്കും. ബാക്കു സിറ്റിയും ഗബാല ഗ്രാമവും അവിടുത്തെ പാരമ്പര്യ കലകളും ആസ്വദിക്കാനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദമ്മാമിൽ സംരംഭകകൂടിയായ ജസീലയും അഫീജയുമാണ് സുഹൃത്തുക്കളെ ചേർത്ത് യാത്രക്ക് പദ്ധതി ഒരുക്കിയത്. പ്രവാസത്തിലെ വിരസതകളും യാന്ത്രികതയും മറികടക്കാനുള്ള തങ്ങളുടെ നിരന്തര ശ്രമവും സ്വപ്നവുമാണ് ഈ യാത്രയിലൂടെ യാഥാർഥ്യമാകുന്നതെന്ന് സംഘത്തിലെ ഹുസ്ന ആസിഫ് പറഞ്ഞു. ഭർത്താക്കന്മാരും കുട്ടികളും അടങ്ങുന്ന സംഘം വിമാനത്താവളത്തിലെത്തി ഊഷ്മള യാത്രയയപ്പാണ് സംഘത്തിന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.