ഷിംബുലാക്കിലെ സാഹസിക യാത്ര
text_fieldsസോവിയറ്റ് യൂനിയന്റെ പിരിച്ചുവിടലിനെ തുടർന്ന്, 1991ലെ ഡിസംബർ 16ന് രാജ്യ വിസൃതിയിൽ ലോകത്ത് ഒമ്പതാം സ്ഥാനത്തുള്ള കസാക്കിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയതിനുശേഷമാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശ്രദ്ധേയമായി വളർന്നുതുടങ്ങിയത്. പ്രധാനമായും രാജ്യത്തിന്റെ ഗണ്യമായ എണ്ണ-വാതക ശേഖരം ചൂഷണം ചെയ്യുന്നതിലൂടെയും ടൂറിസത്തിലൂടെയും.
പരമ്പരാഗതമായി കസാഖുകൾ പ്രധാനമായും ഹനഫി പാത പിന്തുടരുന്ന സുന്നി മുസ്ലീങ്ങളാണ്. മുസ്ലീം പശ്ചാത്തലത്തിലുള്ള വിഭാഗങ്ങൾ ഉൾപ്പെടെയുള്ള കസാഖിസ്ഥാനിലെ ജനസംഖ്യയായ 20 ദശലക്ഷം വരുന്നതിൽ 90 ശതമാനത്തിലധികം ജനങ്ങളും മുസ്ലിം വിഭാഗങ്ങളിൽ വരും.
പൊതുവെ പ്രവാസികൾക്ക് സുരക്ഷിതമായി ജീവിക്കാനുതകുന്ന സ്ഥലമാണ്. എന്നിരുന്നാലും, സമ്പന്നരും ദരിദ്രരും തമ്മിൽ ചില പിരിമുറുക്കങ്ങളുണ്ടാകാറുണ്ടെന്നും സംഘടിത കൊള്ളയും, മോഷണവും, പ്രത്യേകിച്ച് നഗരങ്ങളിൽ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഒറ്റയ്ക്ക് നടക്കുന്നത് ഒഴിവാക്കാനും, മുൻകൂട്ടി നിശ്ചയിച്ച ടാക്സികളിൽ യാത്ര ചെയ്യാനും നല്ല വെളിച്ചമുള്ളതും ജനസാന്ദ്രതയുള്ളതുമായ സ്ഥലങ്ങളിൽ പറ്റിനിൽക്കാനും അവിടെ വെച്ച് പരിചയപ്പെട്ട മലയാളി വിദ്യാർഥികൾ ഞങ്ങളോട് നിർദ്ദേശിച്ചു.
അത്താഴത്തിനായി എല്ലാവരും റെസ്റ്റാറന്റിലെത്തി. എല്ലാവർക്കും ഇരിക്കാൻ പാകത്തിൽ വട്ടത്തിലുള്ള രണ്ടു തീൻ മേശകൾ അലങ്കരിച്ചു വെച്ചിരുന്നു. പ്രത്യാകതരം ചില ഇലകളും, ക്യാപ്സ്സിക്കവും, ഉരുളൻ കിഴങ്ങും, ഉളളിയും, കോഴിമുട്ടയുടെ വെള്ളയും ചേർത്ത ക്ലിയർ സൂപ്പും, നമ്മുടെ ബിരിയാണിയെ അനുസ്മരിക്കുന്ന ചിക്കൻ കഷ്ണങ്ങളാക്കിയും അതിൽ കാട മുട്ടയും വെജിറ്റബിൾ ചേരുവകളും കൊണ്ട് അലങ്കരിച്ച ചോറും, ആടിന്റെ ചുട്ട മാംസവും, നമ്മുടെ ബട്ടൂറയുടെ രുചിയുള്ള അവരുടെ ദേശീയ റൊട്ടിയും, റഷ്യൻ സലാഡും , വിവിധ തരം ജ്യൂസുകളും വിളമ്പിയപ്പോൾ അത്താഴം എല്ലാവരും ആസ്വദിച്ചു കഴിച്ചു.
ഭക്ഷണ പദാർഥങ്ങളിൽ എണ്ണയും ഉപ്പും പാകത്തിനായിരുന്നു. എരിവ് ഒട്ടും തന്നെ ഇല്ലായിരുന്നു. അതിരാവിലെ ടീം ലീഡർ നസീമയും മജീദ് ഭായിയും എല്ലാർക്കും വേക്ക് അപ് കാൾ തന്നു. പത്ത് മണിക്ക് റിസോർട്ട് വിട്ടുകൊടുത്ത് നമ്മൾ മറ്റൊരു ഹോട്ടലായ ഹിൽട്ടൺ ഡബിൾ ട്രീ യിലേക്ക് മാറണമെന്നും ബഗേജുകൾ പാക്ക് ചെയ്ത് റെഡിയായിരിക്കാനും നിർദ്ദേശിച്ചു.
ഇന്ന് ഡിസംബർ രണ്ട് യു.എ.ഇ ദേശീയ ദിനം ആഘോഷിക്കാനായി മുൻകൂട്ടി കയ്യിൽ കരുതിയ ഉടുപ്പുകളും, തൊപ്പികളും, യു.എ.ഇ ഫ്ലാഗും, ഷാളും ധരിച്ച് ബ്രേക്ക് ഫാസ്റ്റിന് ഒത്തുചേർന്നു. പ്രഭാത ഭക്ഷണത്തിന് വ്യത്യസ്തമായ പ്രാദേശിക വിഭവങ്ങളും ബ്രഡ്, മുട്ട, ജാം, പഴങ്ങൾ എന്നിവയുണ്ടായിരുന്നു.
മഞ്ഞുറഞ്ഞു കിടക്കുന്ന മരപ്പാതയിൽ ഞങ്ങൾ എല്ലാവരും യു.എ.ഇ ദേശീയഗാനം ആലപിച്ചും റെക്കോർഡ് ചെയ്തത് കേട്ടും പതാകകൾ വീശിയും വളർത്തമ്മയോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിച്ചു. ഫോട്ടോകൾ സെൽഫികൾ വീഡിയോകൾ തുടങ്ങി എല്ലാവരും റീലിന്റെയും, സ്റ്റോറി പോസ്റ്റിങ്ങിന്റെയും തിരക്കിലായി.
തിരക്കിട്ട് തിരിച്ചെത്തി ബാഗേജുകൾ അവരവരുടെ മുറികളുടെ പുറത്ത് വെച്ച ശേഷം, ഏവരും റിസോർട്ടിൽ നിന്നും ഇന്നത്തെ പ്രധാന പര്യടന സ്ഥലത്തേക്ക് പോകുന്ന ബസ്സിൽ കയറി. അവസാന നിമിഷത്തെ ഫോട്ടോ ഷൂട്ടും സെൽഫി എടുക്കലും കെങ്കേമമാക്കി ഒയ് - കറഗായ് റിസോർട്ടിനോടു യാത്ര പറഞ്ഞു.
ഷിംബുലാക്ക് ലക്ഷ്യമാക്കി വാഹനമോടിത്തുടങ്ങിയപ്പോൾ മുതൽ ഞങ്ങളുടെ ഗൈഡ് മെഡിയോ സ്കേറ്റിങ് റിങ്കും പ്രശസ്തമായ ഷിംബുലാക്ക് സ്കീ റിസോർട്ടിനെക്കുറിച്ചും വാചാലമായി.
അൽമാട്ടിക്ക് സമീപമുള്ള മധ്യേഷ്യയിലെ ഏറ്റവും വലിയ സ്കീ റിസോർട്ടാണിത്. സമുദ്രനിരപ്പിൽ നിന്ന് 2,200 മീറ്റർ (7,200 അടി) ഉയരത്തിൽ, സെയ്ലിസ്കി അലതാവു പർവതനിരയിലെ മെഡ്യൂ താഴ്വരയുടെ മുകൾ ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അൽമാട്ടി നഗരത്തിന് തെക്ക് മെഡിയോ റോഡിലൂടെ ഏകദേശം 25 കിലോമീറ്റർ അകലെയാണ് റിസോർട്ട് പ്രദേശം. ഒരു വിധം സൗമ്യമായ കാലാവസ്ഥയും തെളിഞ്ഞ നീലാകാശവും വലിയ അളവിലുള്ള ദിവസമായിരുന്നു ഞങ്ങളുടേത്.
ശൈത്യകാലത്ത് വലിയ അളവിൽ മഞ്ഞ് വീഴുന്ന ഈ സ്ഥലം സഞ്ചാരികൾക്കും, സാഹസികർക്കും ഏറെ ജനപ്രിയമാണ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച് ഞങ്ങൾ കാബിൾ കാറ് തുടങ്ങുന്ന താഴ്വാരത്ത് എത്തി. സവാരി തുടങ്ങുന്നതിന് മുൻപായി പ്രവേശന കവാടത്തിൽ ടിക്കറ്റ് സ്ക്കാൻ ചെയ്ത് നിലയുപ്പിച്ചു. ആറു പേരടങ്ങുന്ന സംഘങ്ങളായാണ് ഓരോ കാമ്പിനിലും കയറ്റുന്നത്. കാമ്പിൻ വരാനായി അൽപ നേരം കാത്തു നിൽക്കണം. പിന്നെ നയനസുന്ദരമായ യാത്ര ആരംഭിക്കുകയായി.
കാബിളിന്ന് മുകളിൽ ഒരു കപ്പിയിൽ കോർത്തു വെച്ച ചില്ലു ഭരണികൾ വിവിധ ദേശങ്ങളിൽ നിന്നുള്ള മനുഷ്യരേയും വഹിച്ചു പോകുന്നുണ്ടായിരുന്നു....
ചുറ്റും മഞ്ഞുമൂടിയ പർവ്വതങ്ങൾ, സമൃദ്ധമായ വനങ്ങൾ, ചെറു നദികൾ, മലയിടുക്കുകൾ കണ്ണെത്തുന്ന എല്ലായിടവും പ്രകൃതിദത്തമായ അത്ഭുതങ്ങൾ നിറഞ്ഞതാണ്. കാമ്പിൾ കാർ യാത്രയുടെ ഏഴു കിലോമീറ്റർ യാത്രക്കിടയിൽ മൂന്ന് സ്റ്റോപ്പുകൾ ഉണ്ട് ഓരോ സ്റ്റോപ്പിലും വ്യത്യസ്ത സ്പോർട്ട്സ് ഇനങ്ങൾക്കാണ് മുൻതൂക്കം. ഓന്നാമത്തെ സ്റ്റോപ്പെത്തിയപ്പോൾ എല്ലാവരെയും ഇറക്കിവിട്ടു. മനോഹരമായ പ്രദേശങ്ങളുടെ ചിത്രങ്ങൾ പകർത്താൻ തുടങ്ങി.
സാമാന്യം തരക്കേടില്ലാത്ത മഞ്ഞുവീഴ്ച്ചയുണ്ടായെങ്കിലും തണുപ്പിനെ അതിജീവിക്കാനായി കയ്യിൽ കരുതിയ വസ്ത്രങ്ങളും കാലുറകളും കയ്യുറകളും നല്ല പ്രതിരോധം തീർത്തു. ഏതാനും കോഫി ഷോപ്പുകളും സോവിനീർ വിൽപന ശാലകളും അവിടെ ഉണ്ടായിരുന്നുള്ളു.
ഇവിടന്ന് രണ്ടാംഘട്ട പ്രദേശത്തേക്ക് യാത്ര തുടർന്നത് ചെയർ ലിഫ്റ്റിലായിരുന്നു. നാലു പേര് ഇരിക്കുന്ന സ്റ്റീൽ നിർമ്മിതമായ തുറന്ന കസേരയിലേക്ക് കയറിപ്പറ്റുമ്പോഴേക്കും തലക്കു മുകളിലൂടെ ഒരു ഫ്രെയിം വന്ന് നാലു യാത്രക്കാരെയും ലോക്കാക്കി മുന്നോട്ട് പോകുന്നു.
ഒരു വലിയ കെട്ടിടത്തിന്റെ മുകളിൽ കയറി കൈവരികളില്ലാത്ത ഓപ്പൺ ടെറസിന്റെ മുകളിലിരുന്നു താഴെ നോക്കിയിരിക്കുമ്പോൾ ഉണ്ടാകുന്ന ഉള്ളെരിച്ചിൽ കാൽ വെള്ളയിലൂടെ നിലക്കാതെ പ്രവഹിക്കുന്നുണ്ടായിരുന്നു രണ്ടാം ഘട്ടത്തിലെത്തും വരെ. ഈ രണ്ടാം ഘട്ട യാത്രയുടെ സാഹസിക പിരിമുറുക്കം മൂന്നാം ഘട്ടത്തിലേക്കു യാത്ര പോകണ്ട എന്ന് മനസ്സിൽ മന്ത്രിച്ചു.
രണ്ടാംഘട്ട സ്റ്റോപ്പ് ആയ ഗോറില്ല ഷിംബാ പാർക്കിൽ എല്ലാവരും ഇറങ്ങി ഏവർക്കും പരസ്പരം പറയാനുണ്ടായിരുന്നത് തിരിച്ചു പോകുമ്പോൾ കാമ്പിൾ കാറിൽ താഴെക്ക് പോയാൽ മതിയെന്നും മൂന്നാം ഘട്ടകയറ്റം ഒഴിവാക്കണമെന്നുമായിരുന്നു. ഷിംബുലക് പർവ്വതം മനോഹരമായ ഒരു കഥയാണ്. ചുറ്റും വെള്ളയോ മഞ്ഞോ മാത്രമാണ് കാണുക. ഫോട്ടോ പ്രേമികൾക്ക് പറ്റിയ സ്ഥലം. മലമുകളിലെത്താൻ ഓപ്പൺ കേബിൾ കാർ ശരിക്കും അത്ഭുതകരമായ അനുഭവമാണ്.
മികച്ച കാഴ്ചകൾ, നിരവധി മുകളിലേക്കും താഴേക്കും, അവിസ്മരണീയമായ സന്ദർശനം, മഞ്ഞ് തൊടാനും കളിക്കാനും ഒപ്പം മികച്ച ചിത്രങ്ങളെടുക്കാനുമുള്ള സമയം. മുകളിലെ ‘ലാ സ്കാല’ കഫേയിൽ ഒരു ചൂടുള്ള കപ്പുച്ചിനോയും കയ്യിൽ കരുതിയ ഹോം മെയിഡ് കേക്കും കഴിച്ചു. ഒരിക്കലും മറക്കാനാവാത്ത ഒരുപാട് നല്ല അനുവങ്ങൾ വാരിക്കൂട്ടി. എല്ലാവരും താഴേക്കുള്ള യാത്രക്കായി വരിയിൽ നിന്നു ഒന്നാം ഘട്ടത്തിൽ വന്നിറങ്ങി. ചില്ലറ സുവനീർ ഷോപ്പിങ്ങൊക്കെ നടത്തി താഴ്വാരം ലക്ഷ്യമാക്കി കാബിനിൻ കയറി.
ഞങ്ങൾ താഴ്വാരത്തെത്തുമ്പോഴും ആയിരക്കണക്കിനാളുകൾ മുകളിലേക്ക് കയറുവാൻ ഊഴവും കാത്ത് വരിയിൽ കാത്തുനിൽപുണ്ടായിരുന്നു. വഴിയോരക്കാഴ്ച്ചകളും, പാട്ടും , ചിരിയും, പിന്നെ ഇന്നത്തെ നല്ല ദിവസം സമ്മാനിച്ച ഓർമ്മകളും കണ്ട കാഴ്ചകളും ഒക്കെ ചർച്ച ചെയ്ത് വാഹനം പുതിയ താമസ സ്ഥലത്തെത്തിയത് അറിഞ്ഞില്ല.റിസപ്ഷനിലെത്തി ഏക്സ്സസ്സ് കാർഡുകൾ കരസ്ഥമാക്കി അത്താഴത്തിന് കാണാമെന്ന് ചട്ടം കെട്ടി എല്ലാവരും ബഗേജുകൾ എടുത്ത് സ്വന്തം മുറികളിലേക്ക് പോയി.
കസാക്കിസ്ഥാന്റെ സമ്പന്നമായ ഗോത്ര സംസ്കാരം
നാലു നക്ഷത്ര ഹോട്ടലാണ് ഹിൽട്ടൺ ഡബിൾ ട്രീ. മൂന്ന് രാത്രികളാണ് ഇവിടെ തങ്ങുന്നത്. ദുബൈയുമായോ ഇന്ത്യൻ നഗരങ്ങളുമായോ താരതമ്യം ചെയ്യുമ്പോൾ ഹോട്ടൽ നിരക്ക് പൊതുവെ കുറവാണ്.
പ്രഭാത ഭക്ഷണവും ഈ റൂം പാക്കേജിൽ ഉൾപ്പെടുന്നു. ഇന്നത്തെ യാത്ര കസാക്കിസ്ഥാന്റെ സംസ്കാരത്തെക്കുറിച്ച് അറിയാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒരിടത്തേക്കായിരുന്നു.
ഇത് രാവിലെ 11 മണിക്ക് ആരംഭിക്കുന്നതു കൊണ്ട് ബ്രേക്ക് ഫാസ്റ്റ് പെട്ടന്ന് തീർത്ത് എല്ലാവരും ഹോട്ടലിന്റെ അതിവിശാലമായ റിസപ്ഷൻ ഹാളിലെത്തി. പതിവുപോലെ യാത്രക്കുള്ള വണ്ടിയും ഗൈഡും കാത്തു നിൽപ്പുണ്ടായിരുന്നു. രണ്ടു മണിക്കുറിലധികം യാത്ര ചെയ്താണ് പരമ്പരാഗത ആചാരങ്ങളും ജീവിതവും ചിത്രപ്പണികളാൽ ആലേഖനം ചെയ്ത ഒരു ഗേറ്റിന് മുൻപിൽ വാഹനമിറങ്ങിയത്.
ഇന്നലത്തെ ഗൈഡ് അയയെ ഇന്ന് കണ്ടില്ല, തിരക്കിയപ്പോൾ ഇന്ന് അവളുടെ വീക്കിലി ഡെ ഓഫ് ആണത്രെ. പകരക്കാരനായ തിമൂർ നല്ല സംസാര പ്രിയനും രസികനുമായിരുന്നു. അത്യാവശ്യം മുറി-ഇംഗ്ലീഷും മുറി-അറബിയും റഷ്യനും കലർത്തിയാണ് നമുക്ക് കാര്യങ്ങൾ വിശദീകരിച്ച് തന്നിരുന്നത്. രണ്ടു മണിക്കൂർ നേരത്തെ യാത്രക്കൊടുവിൽ അവിടെയെത്തി. ചെറിയ മഞ്ഞ് തൂളൽ ഉണ്ടായിരുന്നു.
ഗേറ്റിന് പുറത്ത് രണ്ടു പുരുഷന്മാർ പോരാളികളുടെ വേഷത്തിൽ വസ്ത്രവും തലപ്പാവും ധരിച്ച് കുതിരപ്പുറത്ത് കുന്തവും പിരിചയും ഏന്തി നിലയുറപ്പിച്ചിരുന്നു. കസാക്ക് / റഷ്യൻ ഭാഷയിലെ നാടോടി ഗാനങ്ങൾ പാടി ഞങ്ങളെ സ്വാഗതം ചെയ്തു, ഞങ്ങൾ ഓരോരുത്തരും ഒറ്റക്കും, ഫാമിലികളായും പിന്നെ ഗ്രൂപ്പായും ഫോട്ടോകൾ എടുത്തു. അൽപ നേരം കൊണ്ട് വലിയ ഗേറ്റുകൾ തുറക്കപ്പെട്ടു.
ഒരു താലം നിറയെ മിഠായികൾ ആയി ദമ്പതികളെന്ന് തോന്നിപ്പിക്കുന്ന ഒരു പരമ്പരാഗത വേഷം ധരിച്ച ഒരു സ്ത്രീയും പുരുഷനും രണ്ടു കുഞ്ഞുങ്ങളും ഞങ്ങളെ അഭിവാദ്യം ചെയ്തു. ദമ്പതികൾ അവരുടെ പരമ്പരാഗത ബ്രെഡ്, കുതിരപ്പാൽ, ചായ എന്നിവ തന്ന് സൽക്കരിച്ച് അവരുടെ ലാവണത്തിലേക്ക് സ്വാഗതം ചെയ്തു. എല്ലവരോടും പാദരക്ഷകൾ അഴിച്ചു വച്ച ശേഷം അവിടെ പ്രത്യകം സജ്ജികരിച്ച ഒരു കൂടാരത്തിനകത്ത് കയറിയിരിക്കാൻ നിർദ്ദേശം തന്നു.
പുറത്ത് നല്ല തണുപ്പുണ്ടെങ്കിലും തുണിയും തുകലും കയറും വല്ലുകൾ പോലെ വളച്ചെടുത്ത ചില മരത്തരങ്ങളും കൊണ്ട് നിർമ്മിച്ച വൃത്താകൃതിയിയിലുള്ള ഈ കൂടാരത്തിനകത്ത് വലിയ തണുപ്പ് അനുഭപ്പെടുന്നുണ്ടായിരുന്നില്ല. പൂർവ്വികമായി അവർ പിൻതുടരുന്ന ഈ ഒറ്റമുറി കൂടാര നിർമ്മിതി യിലൂടെയായിരുന്നുവത്രെ ഇവർ ഗോത്രങ്ങളായി കഴിഞ്ഞിരുന്നത്.
എല്ലാവരെയും വിശാലമായ കാർപ്പെറ്റിൽ വട്ടത്തിലിരുത്തി അവരുടെ ഗോത്ര സംസ്ക്കാരത്തെക്കുറിച്ചും, ഭക്ഷണ രീതിയേയും വിശദീകരിച്ചു. പ്രാദേശിക പാട്ടുകൾ പാടിത്തന്നും, അവർ ഉപയോഗിച്ച പാത്രങ്ങൾ, ഉപയോഗിച്ച ഉപകരണങ്ങൾ, തണുപ്പിൽ കുട്ടികളെ സംരക്ഷിച്ചിരുന്ന രീതിയും, കുട്ടിത്തൊട്ടിലും തുടങ്ങി ചുമരുകളിൽ തൂക്കിയിട്ടിരുന്ന വിവിധ തരം ചിത്രപ്പണികൾ ചെയ്ത ഏഴ് വ്യത്യസ്തമായ പർദ്ദകളിലെ ചിത്രപ്പണികളെക്കുറിച്ചും വിശദീകരിച്ചു.
അവരുടെ വീടകത്ത സ്ത്രീകളിലൂടെയും അവരുടെ വീരന്മാരായ ആണുങ്ങളിലൂടെയും ഞങ്ങളെ ഏറെ നേരം കൊണ്ടുപോയി. കൂടാരത്തിൽ നിന്നും പിരിയുന്നതിന് മുൻപ് എല്ലാവരും ചിത്രങ്ങൾ എടുത്ത്
അതിനകം ഓർമ്മച്ചെപ്പിലാക്കി. പുറത്ത് ഞങ്ങൾക്കായി ഒരുക്കിയ കുതിര ഓട്ടവും മറ്റു അഭ്യാസ പ്രവർത്തനങ്ങളും കാണാനായി ഗ്യാലറിയിൽ ഇരിപ്പുറപ്പിച്ചു. സംഗീതത്തിന്റെ അകമ്പടിയോടെ കുതിരകളുടെ ഓട്ടവും കുതിരപ്പടയാളികളുടെ അഭ്യാസപ്രകടനങ്ങളും ഏറെ മനോഹരമായി.
പിന്നീടവർ കാണിച്ചുതരുന്ന നൃത്തച്ചുവടുകൾ അനുകരിച്ച് നൃത്തം ചെയ്യാൻ ഏവരെയും ക്ഷണിച്ചു. ഇവടത്തെ പാരമ്പര്യങ്ങൾ, സംസ്കാരം, ആചാരങ്ങൾ, കരകൗശലവസ്തുക്കൾ, നാടോടികളുടെ ദേശീയ ഐഡന്റിറ്റി എന്നിവയുടെ പ്രദർശനം ഉൾപ്പെടുന്ന ഒരു വംശീയ സമുച്ചയമാണിത്. യഥാർത്ഥ കസാക്കിസ്ഥാൻ സംസ്കാര പാരമ്പര്യവും പാചകരീതിയും അനുഭവിക്കാൻ.
അവിടത്തെ കലാകാരന്മാർക്കൊപ്പം ഫോട്ടോസും കുതിരപ്പുറത്തുള്ള ചെറിയ സവാരിയും കഴിഞ്ഞ് അവസാനം ഉച്ചഭക്ഷണത്തോടെ അവസാനിക്കുന്നു. തുടർന്ന് അമ്പെയ്ത്ത് ചെയ്യാൻ താൽപര്യമുള്ളവർക്ക് അത് ചെയ്യാൻ ഒരു ഗ്രൗണ്ടും പരിശീലകരെയും സജ്ജമാക്കിയ ഇടത്തേക്ക് പോയി സ്വന്തം ഉന്നം പരീക്ഷിക്കാം.. പരമ്പരാഗത ഗ്രാമപര്യടനത്തിൽ സൗഹൃദമുള്ള ആളുകളെ മാത്രമെ കാണാൻ കഴിഞ്ഞുള്ളു.
ഞങ്ങൾക്ക് വിളമ്പിയ കുതിരപ്പാലും പരമ്പരാഗത ഉച്ചഭക്ഷണവും , ഹൺസ് ട്രൈബ് കുതിര പ്രദർശനവും മനസ്സും വയറും നിറച്ചു. അൽമാട്ടിപട്ടണം ലക്ഷ്യമാക്കി വാഹനം പുറപ്പെട്ടു, മടക്കയാത്രയിലും മനസ്സുനിറയെ അവരുടെ ആചാരങ്ങളിലും നൃത്തത്തിലും മുഴുകി യാത്ര തുടർന്നു.....
യാത്ര തുടരും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.