സാഹസികരാണോ? കണ്ണൂരിന്റെ ആകാശം നിങ്ങൾക്കുള്ളതാണ്
text_fieldsകണ്ണൂർ: ജില്ലയിൽ വിനോദസഞ്ചാരികൾക്ക് ഹരംപകരാൻ സാഹസിക ടൂറിസം പദ്ധതിയുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ആകാശപ്പാലം (ബർമ ബ്രിഡ്ജ്), സിപ് ലൈനർ, ടവർ വാച്ച് എന്നിവയാണ് ഒരുങ്ങുന്നത്. പയ്യാമ്പലം, പഴയങ്ങാടി ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിലാണ് സാഹസിക ടൂറിസം പദ്ധതി ഒരുങ്ങുന്നത്. പയ്യാമ്പലം ബീച്ചിൽ ബർമ ബ്രിഡ്ജും ചൂട്ടാട് ബീച്ചിൽ ഇതിനുപുറമേ സിബ് ലൈനർ, ടവർ വാച്ച് എന്നിവയാണ് നിർമിക്കുന്നത്. ബീച്ചിലെ രണ്ടു ടവറുകളെ ബന്ധിപ്പിച്ചിരിക്കുന്ന റോപ്പിൽ ഉയരത്തിൽ കൂടി നടന്നുപോകാവുന്ന സാഹസിക ഇനമാണ് ബർമ ബ്രിഡ്ജ്. പയ്യാമ്പലത്ത് 84 മീറ്റർ നീളത്തിലും ചൂട്ടാട് 342 മീറ്റർ നീളത്തിലുമാണ് ബ്രിഡ്ജ് ഒരുങ്ങുന്നത്. ഒരു ടവറിൽ നിന്ന് മറ്റൊരു ടവറിലേക്ക് ഇരുമ്പുവടത്തിൽകൂടി ഊർന്ന് സഞ്ചരിക്കാവുന്ന സാഹസിക ഇനമാണ് സിബ് ലൈനർ. ചൂട്ടാട് ബീച്ചിൽ ഒരുങ്ങുന്ന സിബ് ലൈനർ 257 മീറ്റർ നീളത്തിലാണ് നിർമിക്കുന്നത്. ഇതേസ്ഥലത്ത് നിർമിക്കുന്ന ടവർ വാച്ചിൽ കയറിയാൽ ബീച്ചിന്റെ സൗന്ദര്യം ഉയരത്തിൽനിന്ന് ആസ്വദിക്കാനാകും. പദ്ധതി പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാറിന് കീഴിലെ വാപ്കോസിന്റെ കീഴിലാണ് പ്രവൃത്തി. പദ്ധതി യാഥാർഥ്യമാകുന്നതോടെ ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പുത്തനുണർവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.