ലഡാക്കിലേക്ക് യാത്ര പോകാൻ പുതിയ കാരണം കൂടി; സഞ്ചാരികൾക്കായി തുറന്ന് സിയാചിൻ
text_fieldsലഡാക്കിലേക്ക് യാത്ര പോകാൻ ഇതാ പുതിയൊരു കാരണം കൂടി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ ബേസ് ക്യാമ്പിലേക്ക് ആഭ്യന്തര സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു. ലോക ടൂറിസം ദിനത്തിന്‍റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം.
സിയാചിൻ ബേസ് ക്യാമ്പ് ആഭ്യന്തര വിനോദ സഞ്ചാരികൾക്കായി തുറന്നിട്ടുണ്ടെന്ന് ലഡാക്ക് ടൂറിസത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അധികൃതർ അറിയിച്ചു. കൂടാതെ ആദ്യ സംഘം ഇവിടേക്ക് യാത്ര പുറപ്പെടുകയും ചെയ്തു. ഇതിന്‍റെ ഫ്ലാഗ് ഓഫ് ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്‍റ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലർ താഷി ഗ്യാൽസൺ നിർവഹിച്ചു. ലഡാക്ക് എം.പിയായ ജംയാങ് സെറിംഗ് നാംഗ്യാലിന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ലേ പട്ടണത്തിൽനിന്ന് ഏകദേശം 200 കിലോമീറ്റർ ദൂരെയാണ് സിയാചിൻ ബേസ് ക്യാമ്പ്. ഖർദുങ്ല, നുബ്ര വാലി വഴിയാണ് ഇവിടേക്ക് പോകുക. ഈ പാത തന്നെ ഏറെ മനോഹരമാണ്. തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ് ദുർഘടം നിറഞ്ഞ വഴിയിൽ സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്.
പാക്കിസ്താനുമായുള്ള നിയന്ത്രണരേഖക്ക് സമീപം കാരക്കോറം മലനിരകളിലാണ് സിയാചിൻ ഗ്ലേസിയറുള്ളത്. 70 കിലോമീറ്റർ നീളമുള്ള സിയാചിൻ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തേതുമാണ്. സമുദ്രനിരപ്പിൽനിന്ന് 18,875 അടി ഉയരത്തിലാണ് ഇതിന്‍റെ കിടപ്പ്.
ഇന്ത്യൻ സൈന്യത്തിന്‍റെ തന്ത്രപ്രധാനമായ മേഖലയാണിത്. 1984 ഏപ്രിലിൽ നടത്തിയ ഓപ്പറേഷൻ മേഘദൂതിലൂടെയാണ് ഇന്ത്യൻ സൈന്യം സിയാചിൻ ഗ്ലേഷ്യറിനെ പൂർണ നിയന്ത്രണത്തിലാക്കിയത്.
ലഡാക്കിലെ നിയന്ത്രണ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള ഇന്നർലൈൻ പെർമിറ്റ് ആഭ്യന്തര സഞ്ചാരികൾക്ക് കഴിഞ്ഞമാസം ഒഴിവാക്കിയിരുന്നു. ഇതോടെ അനുമതി കൂടാതെ തന്നെ നുബ്ര വാലി, പാങ്കോങ് തടാകം പോലുള്ള സ്ഥലങ്ങളിലേക്ക് പോകാൻ സാധിക്കും. ഇതിന് പുറമെയാണ് ഇപ്പോൾ സിയാചിൻ കൂടി തുറന്നുകൊടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.