എല്‍ബ്രസ് പര്‍വതം കീഴടക്കി അര്ജുന് പാണ്ഡ്യൻ
text_fieldsതൊടുപുഴ: യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എല്‍ബ്രസ് പര്‍വതം കീഴടക്കി മലയാളി ഐ.എ.എസ് ഓഫിസര്‍. ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍, സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിക്കുന്ന അര്ജുന് പാണ്ഡ്യനാണ് കൊടുമുടി കീഴടക്കിയത്. ഒരു വര്‍ഷത്തിനിടെ രണ്ട് ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികൾ കീഴടക്കാനും അർജുൻ പാണ്ഡ്യന് സാധിച്ചു.
തെക്കന്‍ റഷ്യയിലെ കോക്കസസ് പര്‍വതനിരകളിലാണ് സമുദ്ര നിരപ്പില്‍നിന്ന് 5642 മീറ്റര്‍ ഉയരമുള്ള അഗ്നിപര്‍വത കൊടുമുടിയെന്ന് അറിയപ്പെടുന്ന എല്‍ബ്രസ് പര്‍വതം സ്ഥിതി ചെയ്യുന്നത്. ജൂലൈ 23ന് ആരംഭിച്ച് അഞ്ചുദിവസത്തെ പര്യവേക്ഷണത്തിന് ഒടുവില്‍ അര്ജുന് ഉള്‍പ്പെട്ട അഞ്ചംഗസംഘം കൊടുമുടിക്ക് മുകളിലെത്തി. അര്ജുനുപുറമെ മൂന്ന് റഷ്യക്കാരും ഒരു ബംഗ്ലാദേശിയുമാണ് സംഘത്തിലുണ്ടായിരുന്നത്. പര്‍വതാരോഹണത്തിനിടെ 3000 മീറ്ററിലും 3800 മീറ്ററിലും ക്യാമ്പ് ചെയ്തു. തുടര്‍ച്ചയായി മഞ്ഞ് വീഴ്ചയുണ്ടാകുന്നതിനാല്‍ ഐസ് പൊട്ടിക്കുന്നതിനുള്ള ഉപകരണങ്ങളും കരുതിയിരുന്നു. 27ന് പുലര്‍ച്ച മൂന്നിന് ആരംഭിച്ച അവസാന ദിവസത്തെ മലകയറ്റം രാവിലെ 9.30ന് കൊടുമുടിയിലെത്തി ദേശീയപതാക നാട്ടിയാണ് അര്ജുന് പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ വര്‍ഷം മേയില്‍ സമുദ്രനിരപ്പില്‍നിന്ന് 5760 മീറ്റര്‍ ഉയരമുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ-2 ഉം ഈ വര്‍ഷം ഫെബ്രുവരിയില്‍ 5895 മീറ്റര്‍ ഉയരമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ കിളിമഞ്ചാരോയും അര്ജുന് കീഴടക്കിയിരുന്നു. ഹിമാലയന്‍ പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള അടിസ്ഥാന പര്‍വതാരോഹണ കോഴ്സ്, ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങില്നിന്നുള്ള അഡ്വാന്‍സ്ഡ് മൗണ്ടനീയറിങ് കോഴ്സ് എന്നിവ അര്ജുന് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇടുക്കിയിലെ മലയോര മേഖലയായ ഏലപ്പാറ ബോണാമി സ്വദേശിയാണ് 2017 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അര്ജുന് പാണ്ഡ്യന്. ഒറ്റപ്പാലം സബ് കലക്ടർ, ശബരിമല സ്പെഷല്‍ ഓഫിസര്‍, ഇടുക്കി െഡവലപ്മെന്റ് കമീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിയുടെ മുകളിലെത്തി ഇന്ത്യന്‍ പതാക നാട്ടുകയെന്ന സ്വപ്നവുമായാണ് ഈ ഐ.എ.എസ് ഓഫിസറുടെ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.