'ജീവിത രക്ഷക്ക് സുരക്ഷിത ഡ്രൈവിങ്' സന്ദേശവുമായി സൈക്കിൾ ചവിട്ടി ബംഗാൾ സ്വദേശി കേരളത്തിൽ
text_fieldsവൈത്തിരി: ട്രാഫിക് അപകടങ്ങളിൽ പൊലിയുന്ന ജീവിതങ്ങളെക്കുറിച്ച് ആശങ്കപ്പെട്ടുള്ള സൈക്കിൾ യാത്രയിലാണ് പശ്ചിമ ബംഗാൾ സ്വദേശിയായ മതായ് പോൾ. 'സേഫ് ഡ്രൈവ് സേവ് ലൈഫ്' സന്ദേശവുമായി 28കാരനായ പോൾ ഇന്ത്യ മുഴുവനും സൈക്കിളിൽ കറങ്ങുകയാണ്.
പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ പോൾ ഡ്രൈവിങ് പരിശീലകനാണ്. അശ്രദ്ധമായ ഡ്രൈവിങ് മൂലം നിരവധി ജീവനുകൾ പൊലിയുന്നത് നേരിൽ കണ്ട വ്യക്തിയാണ് പോൾ. ദിവസവും നമ്മുടെ രാജ്യത്ത് ശരാശരി 450 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്. ഇതിൽ നല്ല പങ്കും അശ്രദ്ധമായി വാഹനമോടിക്കുന്നത് മൂലമാണ്.
അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കി ജനങ്ങൾക്ക് ക്രിയാത്മകമ സന്ദേശം നൽകുക എന്ന ദൗത്യവുമായി 2020 ഡിസംബർ ഒന്നിനാണ് പോൾ സിലിഗുരിയിൽനിന്നും യാത്ര പുറപ്പെട്ടത്. ബംഗാൾ, ഒഡിഷ, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട് മാർച്ച് ഒന്നിനാണ് കന്യാകുമാരയിൽനിന്നും കേരളത്തിലെത്തിയത്. ഞായറാഴ്ച വയനാട് ചുരം കയറി.
ദിവസവും 100 മുതൽ 120 വരെ കിലോ മീറ്ററാണ് സഞ്ചരിക്കുന്നത്. വയനാട്ടിൽനിന്നും ഊട്ടി വഴി കർണാടകയിൽ പ്രവേശിച്ച് ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് വഴി സഞ്ചരിക്കുന്ന രീതിയിലാണ് ഇദ്ദേഹം യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
സഞ്ചരിച്ച സ്ഥലങ്ങളിലൊക്കെ തന്‍റെ ഭാരത് ദർശൻ യാത്രക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. സഞ്ചരിച്ച വഴികളിൽ ഏറ്റവും ഹൃദ്യമായി അനുഭവപ്പെട്ടത് കേരളത്തിലൂടെയുള്ള യാത്രയാണെന്നും പോൾ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.