സൈക്കിൾ സഫാരി; ഇതു താൻ സാബിത്ത് സ്റ്റൈൽ!
text_fieldsമേപ്പയ്യൂർ: മനസ് കുതിക്കുമ്പോൾ ശരീരം കൂടെ വരുമെന്നാണ് സാബിത്തിന്‍റെ തിയറി. ശാരീരിക പരിമിതികളെ സധൈര്യം നേരിടുന്ന ഈ 25കാരൻ കേരളം മുഴുവൻ സൈക്കിളിൽ ചുറ്റുകയാണ്. ഈ സാഹസിക യാത്രകൾക്ക് കോഴിക്കോട് ജില്ലയിലെ കീഴ്പ്പയ്യൂർ നീലിവീട്ടിൽ സാബിത്തിന് പരിമിതികൾ തടസമല്ല.
ഉയരം കുറവായ സാബിത്തിന് സുഷുമ്ന നാഡിക്ക് തകരാറുണ്ട്. അതു കൊണ്ടു തന്നെ അധികം നടക്കാനൊന്നും സാധ്യമല്ല. എന്നാൽ സാഹസിക യാത്രകളാണ് ഈ യുവാവ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. വയനാട്ടിലേക്ക് സൈക്കിൾ ഓടിച്ച് പോകാനുള്ള ആഗ്രഹം സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോൾ ഫഹദ്, ജാബിർ, അംനാസ് എന്നിവർ തയ്യാറായി. അങ്ങനെ ഒന്നര മാസം മുമ്പ് ആദ്യ യാത്ര പോയി സാബിത്തും സംഘവും തിരിച്ചെത്തി.
കുറ്റ്യാടി ചുരം വഴി യാത്രതിരിച്ച സംഘം താമരശ്ശേരി ചുരം വഴിയാണ് തിരിച്ചെത്തിയത്. ചെറിയ സൈക്കിളിലായിരുന്നു സാബിത്തിന്‍റെ യാത്ര. കഴിഞ്ഞ മാസം 19ന് സാബിത്തും ഫഹദും ജാബിറും മുഹമ്മദും തങ്ങളുടെ സൈക്കിളിൽ തിരുവനന്തപുരത്തേക്കാണ് യാത്ര തിരിച്ചത്. കീഴ്പ്പയൂരിൽ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ എ.കെ. രാജൻ ആണ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഓരോ ജില്ലയിലേയും പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചായിരുന്നു യാത്ര. വയ്യാത്ത കാലുമായി സാബിത്ത് ദിവസവും 80 കിലോമീറ്ററാണ് താണ്ടിയത്. എറണാകുളത്ത് ഹൈബി ഈഡൻ എം.പിയെ കണ്ടു. തിരുവനന്തപുരത്ത് മജീഷ്യൻ മുതുകാടിനേയും സന്ദർശിച്ചു. ഇരുവരും സാബിത്തിന്‍റെ ഈ സാഹസികതയെ വാനോളം പുകഴ്ത്തി.
തന്‍റെ മുചക്ര സ്കൂട്ടറിൽ ഇന്ത്യ മുഴുവൻ കറങ്ങണമെന്നതാണ് സാബിത്തിന്‍റെ ആഗ്രഹം. പേരാമ്പ്ര സി.കെ.ജി ഗവ. കോളജിൽ നിന്ന് ഡിഗ്രി കഴിഞ്ഞ ശേഷം ചെറിയ തോതിൽ ഓൺലൈൻ ബിസിനസ് നടത്തുകയാണ് സാബിത്ത്. പരിമിതികളിൽ തളരാതെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ ഈ യുവാവിന്‍റെ ജീവിതം തന്നെ ഒരു സന്ദേശമാണ്, മനക്കരുത്തുണ്ടെങ്കിൽ ഒരു പരിമിതിയും തടസമാകില്ലെന്ന സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.