ഒറ്റക്കൊരു വിമാനത്തിൽ, ലോകംചുറ്റി ഒരു 19കാരി
text_fields
ഒറ്റക്കൊരു വിമാനത്തിൽ, ലോകംചുറ്റി ഒരു 19കാരി. അവിശ്വസീനയമെന്ന് തോന്നുന്ന അതിസാഹസികമായ യാത്രയിലാണ് ബെൽജിയംകാരി സാറ റതർഫോഡ്. മേഘങ്ങൾ വകഞ്ഞുമാറ്റി കാറ്റിലും കോളിലും പതറാതെ, കടലും കരയും പിന്നിട്ട് സാറ ഇതിനകം ഇന്ത്യയടക്കം 23 രാജ്യങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇക്കഴിഞ്ഞ ആഴ്ച യു.എ.ഇയിൽ എത്തിയ സാറക്ക് വലിയ സ്വീകരണമാണ് എക്സ്പോ വേദിയിലും മറ്റിടങ്ങളിലും അധികൃതർ ഒരുക്കിയത്. 52രാജ്യങ്ങളാണ് ഇവരുടെ ലക്ഷ്യസ്ഥാനങ്ങളായുള്ളത്. ലോകത്താകമാനം ഒറ്റക്ക് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന അംഗീകാരം സാറക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു. മാതാപിതാക്കൾ ഇരുവരും പൈലറ്റുമാരായ ഇവർ, യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ഡ്രേഷനിൽ നിന്ന് 2020ലാണ് വിമാന ലൈസൻസ് സ്വന്തമാക്കിയത്.
അഞ്ചു ഭൂഗണ്ഡങ്ങളിലൂടെ കടന്നുപോകുന്ന സാറയുടെ യാത്ര കടന്നുപോകുന്നത് 32,000മൈൽ ദൂരമാണ്. കഴിഞ്ഞ വർഷം ആഗസ്തിലാണ് സാഹസിക യാത്ര ആരംഭിക്കുന്നത്. ബെൽജിയത്തിലെ കോർട്രിഡ്ജ്-വെവെൽജം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യാത്രയുടെ തുടക്കം. ലോകത്തിലെ ഏറ്റവും വേഗമേറിയതും ഭാരം കുറഞ്ഞതുമായ വിമാനങ്ങളിലൊന്നായ ഷാർക് അൾട്രലൈറ്റിലാണ് ഇവരുടെ ഉലകം ചുറ്റൽ. ഒറ്റ എൻജിനും രണ്ട് സീറ്റുകളും ലൈറ്റ് വിങുമുള്ള എയർക്രാഫ്റ്റ് വേഗതയിൽ പല വമ്പൻ വിമാനങ്ങളെയും കവച്ചുവെക്കുന്നതാണ്. മണിക്കൂറിൽ 300കിലോമീറ്റർ വേഗതയിലാണിത് സഞ്ചരിക്കുക. ബ്രിട്ടൻ, ഐസ്ലാൻഡ്, ഗ്രീൻലാൻഡ്, കാനഡ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഇതിനകം സാറ പിന്നിട്ടിട്ടുണ്ട്. സ്ത്രീകളെ വ്യോമയാന മേഖലയിൽ കടന്നുവരാൻ പ്രേരിപ്പിക്കുകയും ശാസ്ത്രം, മാതമാറ്റിക്സ്, സാങ്കേതികവിദ്യ എന്നീ മേഖലകളിലേക്ക് പ്രചോദനമേകുകയുമാണ് യാത്രയുടെ സന്ദേശമെന്ന് സാറപറയുന്നു. അഞ്ചുമാസമായി വീട്ടിൽ നിന്നിറങ്ങിയ ശേഷം യാത്ര ഇതിനകം തന്നെ മറക്കാനാവാത്ത നിരവധി നിമിഷങ്ങൾ സമ്മതിച്ചതായി ദുബൈ എക്സ്പോ നഗരിയിൽ മാധ്യമങ്ങളോട് സംവദിക്കവെ സാറ പങ്കുവെച്ചു. കൊടുങ്കാറ്റിനെ പോലും വഴിയിൽ നേരിടേണ്ടി വന്നിട്ടുണ്ട്. മാറുന്ന കാലാവസ്ഥയുടെ വെല്ലുവിളികൾ നേരിടൽ ശ്രമകരമാണെങ്കിലും എല്ലാ പ്രതീക്ഷകളെയും കവച്ചുവെക്കുന്ന കാഴ്ചകൾ യാത്ര സമ്മാനിച്ചു.
ഭൂമിയുടെ വിവിധ ഭാഗങ്ങളിലൂടെ പറക്കുമ്പോൾ കാഴ്ചയിലെത്തുന്ന വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ ഒറ്റയാണെന്ന കാര്യം മറപ്പിക്കുന്നതാണ് -അവർ പങ്കുവെച്ചു. മാതാപിതാക്കളാണ് ഇത്തരമൊരു യാത്രക്ക് പ്രചോദനമായത്. സിംഗപ്പൂരിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് പറക്കും വഴിയാണ് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്. കനത്ത കാറ്റും ഇടിമിന്നലും അക്ഷരാർഥത്തിൽ ഭീതിപ്പെടുത്തുന്നതായിരുന്നു. എങ്കിലും പ്രയാസമേറിയ സന്ദർഭങ്ങളെ അതിജീവിച്ചു. കഴിഞ്ഞ ക്രിസ്മസ് സിംഗപ്പൂരിലും പുതുവൽസര രാവിൽ മുംബൈയിലുമായിരുന്നു -സാറ അനുഭവം പങ്കുവെച്ചു. യു.എ.ഇയിൽ നിന്ന് സാറയുടെ യാത്ര സൗദി അറേബ്യയിലേക്കാണ്. നിലവിലെ റെക്കോർഡ് മറികടക്കാൻ പൂർണമായും ഒറ്റക്ക് തന്നെ യാത്ര പൂർത്തിയാക്കേണ്ടതുണ്ട്. ലോകത്തിന്റെ രണ്ട് അറ്റങ്ങളിലുള്ള രാജ്യങ്ങളിൽ എത്തുകയും വേണം. ഇതിനായി കിഴക്ക് ഇന്തോനേഷ്യയും പടിഞ്ഞാറ് കൊളംബിയയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഷേസ്താ വാസ് എന്ന 30കാരിയാണ് നിലവിലെ റെക്കോർഡ് ഉടമ. പുരുഷൻമാരിൽ ലോകം ചുറ്റിയ റെക്കോർഡ് നെതർലൻഡുകാരനായ ട്രാവിസ് ലുഡ്ലോയുടെ പേരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.