50 മണിക്കൂറിനുള്ളിൽ ലഡാക്കിൽനിന്ന് കന്യാകുമാരിയിൽ; റെക്കോർഡിട്ട് മലയാളി യുവാക്കൾ
text_fieldsഇന്ത്യയുടെ വടക്കേ അറ്റത്തുനിന്ന് തെക്കേയറ്റം വരെ കുറഞ്ഞസമയം കൊണ്ട് കാറിൽ സഞ്ചരിച്ച ലിംക ബുക്ക് ഓഫ് റെക്കോർഡ് തിരുത്തികുറിച്ച് മലയാളി യുവാക്കൾ. 'ഫാസ്റ്റസ്റ്റ് നോർത്ത് - സൗത്ത് ഇന്ത്യ ഫോർവീൽ എക്സ്പെഡിഷൻ ഗ്രൂപ്പ്' വിഭാഗത്തിലാണ് ഇവർ റെക്കോർഡിന് അർഹരായത്.
സെപ്റ്റംബർ ഒന്നിന് രാവിലെ 07.05ന് ലഡാക്കിൽനിന്നും യാത്ര ആരംഭിച്ച് മൂന്നിന് രാവിലെ 08.39ഓടെ കന്യാകുമാരിയിൽ എത്തിയതോടെ ഏഴ് വർഷം മുമ്പുള്ള റെക്കോർഡാണ് മൂവർ സംഘം തിരുത്തികുറിച്ചത്. 49 മണിക്കൂറും 34 മിനുറ്റും കൊണ്ടാണ് ഈ നോൺസ്റ്റോപ് ഡ്രൈവ് ലിംക ബുക്കിൽ ഇടംപിടിച്ചത്. 2014ൽ തിരുവല്ലയിലുള്ള യുവാക്കൾ റെക്കോർഡിടുേമ്പാൾ 52 മണിക്കൂറും 58 മിനിറ്റുമായിരുന്നു സമയം.
മലപ്പുറം ആക്കോട് സ്വദേശി നൗഫൽ, കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശി ബിബിൻ, ആലപ്പുഴ സ്വദേശി സമീർ എന്നിവരാണ് ടീം എഫ്1 ഇന്ത്യ എന്ന ട്രാവൽ പ്ലാറ്റ്ഫോമിന്‍റെ കീഴിൽ യാത്ര വിജയകരമായി പൂർത്തിയാക്കിയത്. ടാറ്റ ഹെക്സയിലായിരുന്നു ഇവരുടെ യാത്ര.
17 മണിക്കൂറോളം ദുർഘടമായ ഹിമാലയൻ പാതകളിലൂടെ യാത്ര ചെയ്ത് പഞ്ചാബിൽ എത്തിയ സംഘം പ്രതികൂലമായ സാഹചര്യങ്ങൾ തരണം ചെയ്ത് ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക വഴി തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ എത്തിയപ്പോൾ 3900 കി.മീ പിന്നിട്ടിരുന്നു. ഇതിനിടയിൽ വാഹനം ഒരിക്കൽ പോലും ഓഫ് ചെയ്തിട്ടില്ല.
ലഡാക്കിൽ എസ്.എൻ.എം ഹോസ്പിറ്റലിലെ സി.എം.ഒ ഡോ. റീചാൻ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര കന്യാകുമാരിയിൽ അവസാനിച്ചപ്പോൾ, മലയാളി കൂടിയായ ഐ.സ്.ആർ.ഒ അസിസ്റ്റന്‍റ് കമാൻഡന്‍റ് ശശികുമാറാണ് ഇവരെ സ്വീകരിച്ചത്.
കേരളത്തിൽനിന്നും ലഡാക്കിലേക്ക് പോകുേമ്പാൾ സർജിക്കൽ മാസ്‌ക് വിതരണം ചെയ്തും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുമാണ് യാത്ര ചെയ്തത്. ഗിന്നസ് വേൾഡ് റെക്കോർഡ് യാത്രയാണ് ഇനി ഇവർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.