വെടിയൊച്ചകൾ നിലച്ചു; പാങ്കോങ് തടാകത്തിൽ ടൂറിസ്റ്റുകൾക്ക് വീണ്ടും പ്രവേശനം
text_fieldsകേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ പാങ്കോങ് തടാകം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ഇന്ത്യയും ചൈനയും തമ്മിലെ അതിർത്തി തർക്കത്തെ തുടർന്ന് ഒരു വർഷമായിട്ട് ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. നിലവിൽ സംഘർഷത്തിൽ അയവ് വന്നതോടെയാണ് സഞ്ചാരികളെ വീണ്ടും പ്രവേശിപ്പിക്കാൻ അനുവദിക്കുന്നത്. ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഇന്നർ ലൈൻ പെർമിറ്റിന് ഡി.സി ഓഫിസിൽ അപേക്ഷിക്കണമെന്ന് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ഓൺലൈനായും ഐ.എൽ.പി എടുക്കാം.
ഹിമാലയ മലനിരകളിൽ ഏകദേശം 4,350 മീറ്റർ ഉയരത്തിലാണ് ഇൗ ഉപ്പുതടാകം സ്ഥിതി ചെയ്യുന്നത്. 160 കിലോമീറ്റർ വരെ നീളുന്ന പാങ്കോങ് തടാകത്തിന്‍റെ മൂന്നിലൊന്ന് ഭാഗം ഇന്ത്യയിലും ബാക്കി ചൈനയിലുമാണ്. അതിർത്തി പ്രദേശത്തെ തർക്കത്തെ തുടർന്നാണ് ഈ മേഖലയിലെ സഞ്ചാരങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നത്. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പോലും ഇങ്ങോട്ടുപോകാൻ അനുവദിച്ചില്ല.
ഹിമാലയ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ലഡാക്ക് സഞ്ചാരികളുടെ പറുദീസയാണ്. അവിടത്തെ ഏറ്റവും പ്രധാന ആകർഷണം തന്നെയാണ് പാങ്കോങ് തടാകം. അമീർഖാൻ നായകനായ ബോളിവുഡ് സിനിമ '3 ഇഡിയറ്റ്സി'ന്‍റെ ൈക്ലമാക്സ് രംഗം ഇവിടെ ചിത്രീകരിച്ചതോടെയാണ് തടാകം കൂടുതൽ പ്രശസ്തിയാർജിച്ചത്.
പല കാലങ്ങളിൽ പല ഭാവത്തിലും നിറത്തിലുമാണ് ഈ തടാകം സഞ്ചാരികൾക്കായി ഒരുങ്ങിയിരിക്കാറ്. തടാകത്തിന്‍റെ താപനില മൈനസ് അഞ്ച് മുതൽ 10 ഡിഗ്രി വരെയാണ്. അതിന്‍റെ ഫലമായി ഉപ്പുവെള്ളമുണ്ടായിട്ടും ശൈത്യകാലത്ത് ഇത് പൂർണമായും ഐസായി മാറും. പച്ച, നീല തുടങ്ങിയ നിറങ്ങളിലും ഈ തടാകത്തെ കാണാനാവും.
ലഡാക്കിന്‍റെ ആസ്ഥാനമായ ലേഹിൽനിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഈ യാത്രക്ക് ഏകദേശം അഞ്ച് മണിക്കൂർ സമയംപിടിക്കും. അതിസാഹസികവും മനോഹരവുമായ പാതയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.