കാഴ്ചയുടെ പാൽക്കടൽ; ദൂധ്സാഗർ വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് പുനരാരംഭിക്കുന്നു
text_fieldsഗോവ എന്ന് കേൾക്കുേമ്പാൾ ആദ്യം തന്നെ മനസ്സിലെത്തുക ബീച്ചുകളും നൈറ്റ് ലൈഫുമെല്ലാമായിരിക്കും. എന്നാൽ, ഇതിൽനിന്നുമെല്ലാം വ്യത്യസ്തമായി പ്രകൃതി സ്നേഹികളെ കാത്തിരിക്കുന്ന മനോഹരമായ കാഴ്ചയുണ്ട് ഈ കൊച്ചു സംസ്ഥാനത്ത്. ഏതൊരു ട്രെക്കിങ് പ്രേമിയുടെയും ഇഷ്ടകേന്ദ്രമായ ദൂധ്സാഗർ. കോവിഡ് കാരണം നിർത്തിവെച്ചിരുന്ന ഇങ്ങോട്ടേക്കുള്ള ട്രെക്കിങ് പുനരാരംഭിക്കുകയാണ്.
ഗോവയിലെ യാത്രാ നിയന്ത്രണങ്ങൾ വലിയതോതിൽ നീക്കിയതോടെയാണ് ദൂധ്സാഗറിലേക്കും പ്രവേശനം അനുവദിക്കുന്നത്. കർണാടകയിൽനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നുമുള്ള സഞ്ചാരികൾ ഈ വാരാന്ത്യത്തിൽ വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിംഗ് ബുക്ക് ചെയ്ത് കഴിഞ്ഞു. കൂടാതെ, വെള്ളച്ചാട്ടത്തിലേക്കുള്ള ജീപ്പ് സഫാരികളും അടുത്ത ആഴ്ച തുടങ്ങും.
1017 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം പശ്ചിമഘട്ട മലനിരകളിലെ മാണ്ഡവി നദിയിലാണുള്ളത്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽനിന്ന് 60 കി.മീ ദൂരമുണ്ട് ഇങ്ങോട്ട്. പാൽക്കടൽ എന്നാണ് ദൂധ്സാഗർ എന്ന വാക്കിനർത്ഥം.
മഴക്കാലത്ത് വെള്ളച്ചാട്ടം ശക്തിപ്രാപിക്കുന്നതോടെ പ്രവേശനം താൽക്കാലികമായി നിഷേധിക്കാറുണ്ട്. പിന്നീട് ഒക്ടോബറിലാണ് പ്രവേശനം തുടങ്ങുക. റോഡിലൂടെയും റെയിൽ വഴിയും ഈ വെള്ളച്ചാട്ടത്തിനരികിൽ എത്തിച്ചേരാൻ സാധിക്കും. കൊളേം റെയിൽവേ സ്റ്റേഷനാണ് ദൂധ്സാഗറിനോട് ഏറ്റവും അടുത്തുകിടക്കുന്നത്. വെള്ളച്ചാട്ടത്തിന് അരികിലൂടെ ട്രെയിൻ കടന്നുപോകുന്നത് ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന കാഴ്ചയാണ്.
കാടിന് നടുവിലൂടെ പോകുന്ന റെയിൽവേ ട്രാക്കുകൾ വഴിയുള്ള ട്രെക്കിങ് ഏറെ മനോഹരവും സാഹസികവുമാണ്. 2019ലെ കണക്കുപ്രകാരം 10000ഓളം സഞ്ചാരികൾ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ദുധ്‌സാഗർ വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. ഇതിൽ വലിയൊരു പങ്കും ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽനിന്നാണ്.
ഷാറൂഖ് ഖാനും ദീപികയും തകർത്തഭിനയിച്ച ബോളിവുഡ് സിനിമ ചെന്നൈ എക്സ്പ്രസിലെ രംഗങ്ങൾ ഇവിടെ ചിത്രീകരിച്ചിരുന്നു. ഇതോടെ ഈ പ്രദേശം കൂടുതൽ പ്രശസ്തിയാർജിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.