കൊടുമുടികൾ കീഴടക്കി മുഹ്സിൻ
text_fieldsആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന മലനിരകൾ ഇത്തിരിപ്പോന്ന മനുഷ്യർക്ക് മുമ്പിൽ പരാജയപ്പെടുന്ന ചില കാഴ്ചകളുണ്ട്. തണുപ്പിനെയും ചൂടിനേയും മറ്റനേകം പ്രതിബന്ധങ്ങളെയും കീഴടക്കിയുള്ള സഞ്ചാരം ഒരുതരം ലഹരിയാണ് ചിലർക്ക്. അത്തരം പർവതാരോഹകരുടെ യു.എ.ഇയിലെ സംഘത്തിലെ ഒരംഗമായ മുഹ്സിൻ പള്ളിക്കൽ ഇക്കഴിഞ്ഞ ആഴ്ചയിൽ(ഫെബ്രുവരി 16, 17, 18 തിയ്യതികളിൽ) ഐതിഹാസികമായൊരു യാത്ര നടത്തി. 100 കിലോമീറ്ററിൽ കൂടുതൽ ദൂരമാണ് അദ്ദേഹം ട്രക്കിങ് നടത്തിയത്. ജബൽ ജെയിസിലേക്കുള്ള പുതിയ റോഡ് എത്തിച്ചേരുന്ന റൗണ്ടബൗട്ടിന് സമീപത്തുള്ള ഹക്കീൽ വില്ലേജിന് പരിസരത്ത് നിന്ന് തുടങ്ങിയ ട്രക്കിങ് മൂന്നുദിവസം കൊണ്ട് 100 കിലോമീറ്റർ അധികം ദൂരവും 7,800 മീറ്ററിൽ അധികം ഉയരവും കയറി മൂന്നു പ്രധാന കൊടുമുടികൾ(ജബൽ റഹബ കൊടുമുടി, ജബൽ ജെയ്സ്-ജബൽ ബിൽഅയ്സ് കൊടുമുടി, വാദി ഷാ കൊടുമുടി) കീഴടക്കി തിരിച്ചെത്തിച്ചേർന്നു.
ഇതിനകം രേഖപ്പെടുത്തിയ യു.എ.ഇയിലെ ഏറ്റവും നീളംകൂടിയ ട്രക്കിങാണിത്. റാസൽഖൈമയിലെ ജബൽ ജൈസ് മലനിരകളുടെ ചുറ്റുഭാഗത്തുള്ള വിവിധതരത്തിലുള്ള ട്രെയിലുകൾ കൂട്ടിയോജിപ്പിച്ചാണ് ഈ 100 കിലോമീറ്റർ ട്രക്കിങ് നടത്തിയിട്ടുള്ളത്. ഓരോ ഭാഗവും ഇതിനു മുമ്പ് ഹൈക്കിങ് ചെയ്തതിനാൽ വ്യക്തമായ പ്ലാനിങ് നടത്താൻ സാധിച്ചിരുന്നു. യാത്രക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും മറ്റു സാധനങ്ങളും എല്ലാവരും കയ്യിൽ കരുതിയിരുന്നു. രാത്രി സമയത്തെ ഹൈക്കിങ്ങിൽ ഹെഡ് ലാമ്പും ടോർച്ചുകളുമുണ്ടായിരുന്നു. അതുപോലെ രാത്രി കിടക്കാൻ ആവശ്യമായ ടെന്റ്, സ്ലീപ്പിങ് ബാഗ്, ഭക്ഷണ സാധനങ്ങൾ എല്ലാം കയ്യിൽ കരുതിയായിരുന്നു യാത്ര. ഓരോ ഭാഗങ്ങൾക്ക് ശേഷവും ഭക്ഷണവും വെള്ളവും എത്തിക്കാൻ സുഹൃത്തുക്കളായ ശിവകുമാർ, അനസ് എന്നിവരും കൂടെയുണ്ടായിരുന്നു.
ആദ്യത്തെ ദിവസം ഏകദേശം 40കി.മീറ്ററോളം ഹയ്ക്ക് ചെയ്തു. രണ്ടും മൂന്നും ദിവസങ്ങളിൽ 30 കിലോമീറ്റർ വീതവും ഹയ്ക്ക് ചെയ്തു. 100 കി.മീറ്ററിൽ 86 കിലോമീറ്റർ ഓളം ഒറ്റക്കാണ് കയറിയത്. ശാരീരികമായ കഠിനാധ്വാനത്തിന് പുറമേ മാനസികമായി കടുത്ത വെല്ലുവിളി കൂടിയായിരുന്നു യാത്ര. യു.എ.ഇയിൽ ഏകദേശം ആറുവർഷമായി ഹൈക്കിങ് ചെയ്യുന്നയാളാണ് മുഹ്സിൻ. എല്ലാ എമിറേറ്റുകളിലുമായി ഏകദേശം 200ഓളം ഹൈക്ക് നടത്തിയിട്ടുണ്ട്. 2021ൽ യു.എ.ഇയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് 2ദിവസം കൊണ്ട് 50 കിലോമീറ്റർ ഹിക്കിങ് ചെയ്തിരുന്നു. പൊതുവെ എൻഡ്യൂറൻസ് ആക്ടിവിറ്റീസിൽ താൽപര്യം പ്രകടിപ്പിക്കുന്ന മുഹ്സിൻ ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി ഒരു ദിവസം 400കി.മീറ്റർ സൈക്ലിങ് ചെയ്തിട്ടുണ്ട്. ദുബൈ, അബുദാബി മാരത്തോണുകളിലും പങ്കെടുത്തിട്ടുണ്ട്. വൈവിധ്യമാർന്ന ഹൈക്കിങ് ട്രെയിലുകൾ ഒരുക്കുന്ന റാസൽഖൈമ ഭരണകൂടത്തോടും ടൂറിസം വകുപ്പിനോടും ഹൈലാണ്ടർ യു.എ.ഇ ടീമിനോടും, ഇത്തരത്തിൽ ഒരു ദൗത്യത്തിന് പ്രചോദനമായ പ്രോത്സാഹനമായ യു.എ.ഇ ഹൈക്കിങ് കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കളോടും നന്ദി രേഖപ്പെടുത്തുകയാണ് മുഹ്സിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.