നന്ദി ഹിൽസും പാവങ്ങളുടെ ഗ്രാൻഡ് കാന്യണും
text_fieldsകോടമഞ്ഞ് മാറാൻ മടിച്ചുനിൽക്കുന്ന ഫെബ്രുവരിയിലെ ഒരു പുലർക്കാലം. ഏറെനാൾ സ്വപ്നം കണ്ട യാത്ര ആരംഭിക്കാൻ സമയമായി. ലക്ഷ്യം ചെറിയ ദൂരമൊന്നുമല്ല. ഇന്ത്യയുടെ അയൽരാജ്യവും സന്തോഷങ്ങളുടെ നാടുമായ ഭൂട്ടാനിലേക്ക് കാറിലൊരു യാത്ര. പറ്റുമെങ്കിൽ നേപ്പാളിലും ഒന്നു കറങ്ങണം. കൂടാതെ ബംഗ്ലാദേശിെൻറയും ചൈനയുടെയും അതിർത്തി വരെയും ചെന്നത്തെണം. ഏകദേശം 20 ദിവസം നീളുന്ന റോഡ് ട്രിപ്പ്. സ്വപ്നയാത്രക്ക് കൂടെയുള്ളത് സുഹൃത്തുക്കളായ ഷഹീർ അലിയും ഫൈസലും. പിന്നെ ടൊയോട്ട ഫോർച്യൂണറെന്ന കരുത്തനും.
ആറ് മാസത്തോളമായി യാത്രയുടെ ഒരുക്കം തുടങ്ങിയിട്ട്. ഗൂഗിളിൽ പരതി റൂട്ട് മാപ്പെല്ലാം കുറിച്ചിട്ടു. ആവശ്യമായ സാധനങ്ങളും വാങ്ങിവെച്ചു. വണ്ടിയുടെ ഇരുവശവും റൂട്ടടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ സ്റ്റിക്കറുകള് പതിപ്പിച്ച് സംഗതി കളറാക്കി. ടൊയോട്ടയുടെ സർവിസ് സെൻററിൽ പോയി ഓയിൽ ചെയ്ജിങ് ഉൾപ്പെടെ ആവശ്യമായ കാര്യങ്ങളും ചെയ്തു.
മലപ്പുറത്തുനിന്നാണ് യാത്രയുടെ തുടക്കം. ഫോർച്യൂണറിെൻറ എൻജിന് ജീവൻ വെക്കുേമ്പാൾ നേരം പുലരുന്നതേയുള്ളൂ. മഞ്ചേരിയിലെത്തിയപ്പോൾ ഡീസലടിക്കാൻ നിർത്തി. 80 ലിറ്റർ ഉൾക്കൊള്ളുന്ന ടാങ്ക് നിറച്ചു. നിലമ്പൂരിലെത്താറയപ്പോഴേക്കും വെളിച്ചം വന്ന് തുടങ്ങിയിരുന്നു. നാടുകാണി ചുരത്തിൽ പ്രളയത്തിെൻറ ശേഷിപ്പുകൾ പേടിപ്പിച്ച് നിൽപ്പുണ്ട്. പശ്ചിമഘട്ടത്തിലെ മലനിരകളിലുണ്ടായ ഉരുൾപൊട്ടലിൽ നിലംപതിച്ച മരങ്ങളും കല്ലുമെല്ലാം റോഡിന് അരികിൽ കാണാം.
ചുരത്തിന് നടുവിൽവെച്ച് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. 12 സംസ്ഥാനങ്ങളും രണ്ട് രാജ്യങ്ങളും താണ്ടാനുള്ള യാത്രയിലെ ആദ്യ നാഴികക്കല്ലായിരുന്നു അത്. കാനന പാത പിന്നിട്ട് ഗൂഡല്ലൂർ എത്താറായപ്പോൾ കുളിരേകുന്ന മഞ്ഞ് വാഹനത്തിന് അകത്തേക്ക് കയറാൻ തുടങ്ങി. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ മനോഹരമായ റോഡ് മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ ഉൗർജം നൽകുന്നു.
ഗൂഡല്ലൂർ കഴിഞ്ഞതോടെ പ്രഭാത ഭക്ഷണത്തിനിറങ്ങി. ദോശയാണ് ഓർഡർ ചെയ്തത്. ആവി പറക്കുന്ന ദോശയും ചായയും വയറും മനസ്സും നിറച്ചു. ഹോട്ടലിൽനിന്ന് ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും മുതുമല വനത്തിലെത്തി. കാനനപാതയായതിനാൽ വേഗത കുറച്ചാണ് യാത്ര. പതിവ് പോലെ പുള്ളിമാൻ കൂട്ടങ്ങൾ തീറ്റതേടി നടക്കുന്നത് കാണാം. തൊപ്പക്കാട് എത്താറായപ്പോൾ പുഴയയോരത്ത് വെള്ളം കുടിക്കാൻ ആനകൾ നിൽപ്പുണ്ട്. കാട്ടിലൂടെയുള്ള യാത്രക്കിടെ മയിലടക്കമുള്ള മറ്റു ജീവികളും ആതിഥേയത്വമേകി പാതയോരത്തിരിപ്പുണ്ടായിരുന്നു.
അഴകേറും ഗ്രാമങ്ങൾ
കാട്ടിലൂടെ ഏകദേശം ഒരു മണിക്കൂർ സഞ്ചരിച്ചപ്പോഴേക്കും തമിഴ്നാടിനോട് വിടപറഞ്ഞു. കാടിന് നടുവിൽ പുഴക്ക് കുറുകെയുള്ള പാലം കടന്നാണ് കർണാടകയിലേക്ക് പ്രവേശിച്ചത്. ബന്ദിപ്പുർ വനം കഴിഞ്ഞതോടെ കാർഷിക ഗ്രാമങ്ങൾ ദൃശ്യമാകാൻ തുടങ്ങി. നേർരേഖപോലെ കിടക്കുന്ന റോഡിലൂടെ വാഹനം കുതിച്ചുപായുകയാണ്. റോഡിെൻറ ഇരുവശത്തെയും മനോഹരമായ കാഴ്ചകൾ മാടിവിളിക്കുന്നുണ്ട്. ഗൂണ്ടൽപേട്ട് നഗരം കഴിഞ്ഞതോടെ ഒാട്ടത്തിനൊരു ഷോർട്ട് ബ്രേക്കെടുത്തു. അടുത്തുള്ള കൃഷിയിടത്തിലൂടെ ഒന്ന് നടക്കാനിറങ്ങി. തെങ്ങും വാഴയുമെല്ലാമാണ് കൃഷി. കാലികൾ തീറ്റതേടി അലയുന്നു. ഓടിട്ട ഒറ്റനിലയുള്ള കൊച്ചുവീടുകൾ കർഷകരുടെ ജീവതനിലവാരം വിളിച്ചോതുന്നു.
12 മണിയോടെ മൈസൂരുവിലെത്തി. നഗരത്തിരക്ക് ഒഴിവാക്കി വിശലാമായ ഔട്ടർ റിങ് റോഡ് വഴി ബംഗളൂരു പാതയിലേക്ക് പ്രവേശിച്ചു. റോഡിൽ തരക്കേടില്ലാത്ത തിരക്കുണ്ട്. മാണ്ഡ്യ കഴിഞ്ഞ് മദ്ദൂരിൽനിന്ന് വണ്ടി ഇടത്തോട്ട് തിരിച്ചു. നേരെ പോയാൽ ബംഗളൂരു നഗരത്തിലെ മടുപ്പിക്കുന്ന ട്രാഫിക് േബ്ലാക്കിൽ അകപ്പെടാനായിരിക്കും വിധി.
ഗ്രാമീണ കാഴ്ചകൾ നിറഞ്ഞ കുനിഗൽ, നെലമംഗല വഴിയാണ് യാത്ര. രാവിലത്തെ ദോശയൊക്കെ ദഹിച്ച് കഴിഞ്ഞിട്ടുണ്ട്. ദൊഡ്ഡബല്ലാപുരക്ക് സമീപം പാതയോരത്തെ ഹോട്ടലിന് മുന്നിൽ വാഹനം നിർത്തി. ചെടികളെല്ലാം നട്ടുപിടിപ്പിച്ച മനോഹരമായ ഹോട്ടൽ. ഫ്രൈഡ് റെയ്സായിരുന്നു വിഭവം. ഹോട്ടൽ പോലെത്തന്നെ ഭക്ഷണവും ഗംഭീരം.
ചുരം കയറി നന്ദി ഹിൽസിലേക്ക്
ഭക്ഷണവും കഴിച്ചിറങ്ങി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു. 30 കിലോമീറ്റർ അകലെയുള്ള നന്ദി ഹിൽസാണ് ഇന്ന് സന്ദർശിക്കാനുള്ള പ്രധാന സ്ഥലം. ഗ്രാമീണ വഴികൾ മാറി ചുരം താണ്ടാൻ തുടങ്ങി. വലിയ പാറക്കെട്ടുകൾ വെട്ടിയുണ്ടാക്കിയ പാത. റോഡിന് വീതി കുറവാണെങ്കിലും വാഹനത്തിരക്കില്ലാത്തതിനാൽ സുഗമമായി യാത്ര ചെയ്യാം. ഇലപൊഴിഞ്ഞ മരങ്ങൾ അതിര് കാക്കുന്നു. മുകളിലേക്ക് പോകുംതോറും താഴെയുള്ള കാർഷിക ഗ്രാമങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ തുടങ്ങി. കൂറ്റൻ കവാടത്തിലൂടെ വേണം നന്ദി ഹിൽസിലേക്ക് പ്രവേശിക്കാൻ. പാർക്കിങ് ഏരിയയിൽ വണ്ടി നിർത്തി നടക്കാൻ തുടങ്ങി.
മലയുടെ മുകളിൽ കോട്ടപോലെ ചുറ്റും വലിയ മതിൽക്കെട്ടുണ്ട്. അതിന് ഇടയിലെ ഭീമാകാരമായ വഴിയിലൂടെയാണ് അകത്ത് കയറുക. ഏതാനും മീറ്റർ നടന്നാൽ ഇടത് വശത്തേക്ക് ടിപ്പു ലോഡ്ജ് എന്ന ബോർഡ് കാണാം. അതുവഴി പടിയിറങ്ങി ചെന്നാൽ എത്തുക ടിപ്പു സുൽത്താൻ വേനൽക്കാലത്ത് താമസിക്കാൻ ഉപയോഗിച്ച ചെറിയ വസതിക്ക് മുന്നിൽ. ഒട്ടും ആഡംബരങ്ങളില്ലാത്ത കൊച്ചുകൊട്ടാരം. കാലപ്പഴക്കം കാരണം കെട്ടിടത്തിന് ബലക്ഷയം സംഭവിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നിലൂടെയുള്ള നടവഴി ചെന്നെത്തുന്നത് ക്ഷേത്രത്തിലേക്കാണ്. കല്ല് പാകിയ, മരങ്ങൾ തണൽ വിരിക്കുന്ന വഴിയിലൂടെ വീണ്ടും മുന്നോട്ടുനടന്നു.
അവധി ദിവസമല്ലാത്തതിനാൽ സഞ്ചാരികൾ കുറവാണ്. ബംഗളൂരുവിൽനിന്ന് 60 കിലോമീറ്റർ മാത്രമേയുള്ളൂ ഇങ്ങോട്ട്. അതുകൊണ്ട് തന്നെ സിലിക്കൺ വാലിക്കാരുടെ വീക്കെൻഡ് ഡെസ്റ്റിനേഷനാണ് 1478 മീറ്റർ ഉയരത്തിലുള്ള നന്ദി ഹിൽസ്. സൂര്യോദയത്തിനും അസ്തമയത്തിനുമാണ് ഏറ്റവും കൂടുതൽ പേർ ഇവിടെയെത്താറ്.
ചോള രാജാക്കൻമാരുടെ കാലത്ത് സ്ഥാപിച്ച യോഗ നന്ദീശ്വര ക്ഷേത്രം, അമൃത സരോവര, അർകാവതി, പാലാർ എന്നീ നദികളുടെ ഉദ്ഭവ കേന്ദ്രം, ടിപ്പു ഡ്രോപ്പ് തുടങ്ങിയവയെല്ലാം സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. രാത്രി താമസിക്കാനും ഇവിടെ സൗകര്യമുണ്ട്. അമൃത സരോവര എന്ന വലിയ കുളത്തിന് സമീപം എത്തിയപ്പോൾ വീഡിയോ ഷൂട്ടിങ്ങ് നടക്കുന്നത് കണ്ടു. നവദമ്പതികളുടെ പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങാണ്. അവിടെനിന്ന് നേരെ പോയത് ടിപ്പു ഡ്രോപ്പിലേക്ക്.
സൂര്യാസ്തമയം കാണാൻ വരുന്നവർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സമയം അഞ്ച് മണിയായിട്ടേയുള്ളൂ. അസ്തമയത്തിന് ഇനിയും ഏറെ നേരം കാത്തിരിക്കണം. നന്ദി ഹിൽസിെൻറ ചെറിയ ഭാഗം മാത്രമാണ് നടന്നുകണ്ടത്. ഒരു പകൽ മുഴുവൻ ചുറ്റിക്കണ്ടാലും മതിയാവാത്ത കാഴ്ചകളുണ്ട് ഇവിടെ. പക്ഷെ, സമയത്തിെൻറ ദൗർലഭ്യം കാരണം വണ്ടിയെടുത്ത് തിരിച്ചിറങ്ങി.
ഒരു ദിവസം, നാല് സംസ്ഥാനങ്ങൾ
നന്ദി ഹിൽസിെൻറ താഴ്വാരത്ത് താമസത്തിനും ഭക്ഷണത്തിനും ധാരാളം സൗകര്യങ്ങളുണ്ട്. ഇവിടെയുള്ള ഹോട്ടലിൽ കടയിൽ കയറി ചായ കുടിച്ചു. വീണ്ടും യാത്ര തന്നെ. 10 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ബംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിൽ കയറി. നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട്. 120 കിലോമീറ്റർ അകലെയുള്ള പുട്ടപർത്തിയിലാണ് ഹോട്ടൽ ബുക്ക് ചെയ്തിട്ടുള്ളത്. 80 കിലോമീറ്റർ പിന്നിട്ട് ബാഗേപള്ളി കഴിഞ്ഞതോടെ ആഡ്ര പ്രദേശിലേക്ക് പ്രവേശിച്ചു. ആദ്യ ദിവസത്തെ യാത്രയിലെ നാലാമത്തെ സംസ്ഥാനം.
ദേശീയപാതയിലൂടെ 20 കിലോമീറ്റർ കൂടി കഴിഞ്ഞതോടെ വലത്തോട്ട് തിരിയാൻ ഗൂഗിൾ മാപ്പിെൻറ നിർദേശം. പിന്നീടുള്ള യാത്ര ആന്ധ്രയിലെ ഗ്രാമീണ വീഥികളിലൂടെയാണ്. രാത്രിയായതിനാൽ പുറത്തെ കാഴ്ചകൾക്ക് ഇരുട്ട് മാത്രം.
ഒമ്പത് മണിയോടെ പുട്ടപർത്തിയിലെത്തി. ഹോട്ടലുകൾ പലതും അടക്കാൻ തുടങ്ങിയിരിക്കുന്നു. നല്ല വിശപ്പുണ്ട്. ഒപ്പം 500ലേറെ കിലോമീറ്റർ സഞ്ചരിച്ചതിെൻറ ക്ഷീണവും. നഗരത്തിൽ കണ്ട തട്ടുകടയിൽ കയറി ഭക്ഷണവും കഴിച്ച് നേരെ താമസസ്ഥലത്തേക്ക് വിട്ടു.
സായിബാബയുടെ നാട്ടിൽ
രണ്ടാം ദിനത്തിെൻറ തുടക്കം ആധ്യാത്മിക ഗുരു സത്യ സായിബാബയുടെ ജന്മസ്ഥലമായ പുട്ടപർത്തിയിൽനിന്നാണ്. ഏഴ് മണിയോടെ ലോഡ്ജിൽനിന്ന് ബാഗെല്ലാമെടുത്ത് പുറത്തിറങ്ങി. ഇതിന് സമീപം തന്നെ ചെറിയ ചായക്കടയുണ്ട്. തൊട്ടാൽ പൊള്ളുന്ന ചായ കുടിച്ച് ശരീരമൊന്ന് ചൂടാക്കി. ഇന്ത്യയുടെ ഗ്രാൻഡ് കാന്യൺ എന്നറിയപ്പെടുന്ന ഗണ്ടികോട്ടയാണ് ഇന്ന് സന്ദർശിക്കാനുള്ളയിടം. അതിന് മുമ്പ് പുട്ടപർത്തി നഗരമൊന്ന് വണ്ടിയിൽ ചുറ്റിക്കാണാൻ തീരുമാനിച്ചു. ചിത്രാവതിയുടെ തീരത്ത് സായിബാബയുടെ സാമീപ്യം കൊണ്ട് വളർന്ന നഗരമാണ്.
എവിടെ നോക്കിയാലും ബാബയുടെ ചിത്രമടങ്ങിയ ഫ്ലക്സുകൾ മാത്രം. പ്രശാന്തി നിലയം എന്ന പേരിലാണ് അദ്ദേഹത്തിെൻറ ആശ്രമം അറിയപ്പെടുന്നത്. ഇങ്ങോട്ടുള്ള വഴിയിൽ ആശ്രമവുമായി ബന്ധപ്പെട്ട ഒരുപാട് സ്ഥാപനങ്ങൾ ഉയർന്നുനിൽക്കുന്നു. മ്യൂസിയങ്ങൾ, സ്പേസ് തിയറ്റർ, സ്പോർട്സ് േകാംപ്ലക്സ്, ക്ഷേത്രങ്ങൾ എന്നിവയെല്ലാം റോഡിെൻറ ഇരുഭാഗത്തുമുണ്ട്. രണ്ട് കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും പ്രശാന്തി നിലയത്തിന് മുന്നിലെത്തി. പ്രധാന ഗേറ്റിന് മുന്നിൽ രാവിലെത്തന്നെ നല്ല തിരക്കാണ്. വിദേശികളടക്കം ആയിരക്കണക്കിന് തീർഥാടകരാണ് ഇവിടെ എത്തുന്നത്. ഇവരെയും പ്രതീക്ഷിച്ച് പാതയോരത്ത് പൂകച്ചവടക്കാരെല്ലാം ഇടംപിടിച്ചിട്ടുണ്ട്.
പുലർച്ച നാല് മുതൽ രാത്രി 9.30 വരെ ആശ്രമം സജീവമാണ്. 1950ലാണ് പ്രശാന്തി നിലയത്തിന് തറക്കല്ലിടുന്നത്. ഇവിടെവെച്ചായിരുന്നു ബാബ ഭക്തർക്ക് ദർശനം നൽകാറ്. 2011ൽ 84ാം വയസ്സിൽ അദ്ദേഹം മരിക്കുേമ്പാൾ ഭൗതികശരീരം സംസ്കരിച്ചതും ഇതിനകത്ത് തന്നെ. ഒരുകാലത്ത് ഓണംകേറാമൂലയായിരുന്ന പുട്ടപർത്തിയിൽ ഇന്ന് വിമാനത്താവളം വരെയുണ്ട്. ഇതിന് പുറമെ യൂനിവേഴ്സിറ്റി, സൂപ്പർ സ്പെഷാലിറ്റി ആശുപത്രി തുടങ്ങി ഒരുപാട് സ്ഥാപനങ്ങൾ സത്യസായ് ഓർഗനൈസേഷന് കീഴിൽ ഈ നാടിെൻറ വളർച്ചക്കൊപ്പം ഉയർന്നുവന്നവയാണ്. സത്യത്തിൽ പുട്ടപർത്തി ഞങ്ങളുടെ യാത്രാലിസ്റ്റിൽ ഇല്ലാത്തതാണ്. കൂടുതൽ താമസസൗകര്യം ലഭിക്കുമെന്നതിനാലാണ് ഇവിടെയെത്തിയത്. വണ്ടിയിലെ ഓട്ടപ്രദക്ഷിണം കഴിഞ്ഞതോടെ നഗരത്തിനോട് വിടപറഞ്ഞു.
വിജനമാം വീഥികൾ താണ്ടി
140 കിലോമീറ്റർ ദൂരമുണ്ട് ഗണ്ടികോട്ടയിലേക്ക്. ചിത്രാവതി നദിക്ക് കുറുകെയുള്ള പാലം കഴിഞ്ഞതോടെ കോൺക്രീറ്റ് കാടുകളെല്ലാം വഴിമാറി. വീതികുറഞ്ഞ റോഡിലൂടെയാണ് യാത്ര. വീടുകൾ കുറവാണ്. കൃഷിയിടങ്ങൾ വല്ലപ്പോഴും കണ്ടാലായി. പ്രത്യേകതരം പാറകൾ നിറഞ്ഞ മലനിരകളാണ് എവിടെയും. മുഡിഗുബ്ബ എന്ന സ്ഥലം കഴിഞ്ഞതോടെ കൂറ്റൻ പാറക്കെട്ടുകൾക്ക് ഇടയിലൂടെ ചുരം കയറാൻ തുടങ്ങി. വരണ്ട പ്രദേശമാണെങ്കിലും എന്തോ ഒരു ആകർഷണീയത ഈ പ്രദേശങ്ങൾക്കുണ്ട്. കാഴ്ചകൾ കണ്ട് യാത്ര തുടരുന്നതിനിടെ സമയം പോയതറിഞ്ഞില്ല. പത്ത് മണിയായി. രാവിലെ കുടിച്ച ചായയുടെ ഊർജമൊക്കെ എപ്പോഴോ തീർന്നു. കിലോമീറ്ററുകൾ ദൂരം വിജനമാണ്. ഒരു ഹോട്ടൽ തപ്പിയിട്ട് എവിടെയും കാണുന്നില്ല.
ഒടുവിൽ അംബകപള്ളി എന്ന ഗ്രാമത്തിലെത്തിയപ്പോഴാണ് സമാധാനമായത്. കൃഷിയിടങ്ങൾക്കിടയിൽ ഏതാനും വീടുകളും പിന്നെ രണ്ട് കടകളും. സിനിമയിലെല്ലാം കാണുന്നപോലെയൊരിടം. ചെറിയ കടക്ക് മുന്നിൽ വണ്ടിനിർത്തി. ആദ്യനോട്ടത്തിൽ സ്റ്റേഷനറി കടയാണെന്നാണ് വിചാരിച്ചത്. മേൽക്കൂരക്ക് ഇടയിലൂടെ പുക ഉയരുന്നത് കണ്ടപ്പോൾ ഭക്ഷണം കിട്ടുമെന്ന് മനസ്സിലായി.
രണ്ട് സ്ത്രീകളാണ് സ്ഥാപനം നടത്തുന്നത്. അവർ തന്നെയാണ് ഭക്ഷണവും ഒരുക്കുന്നത്. ചട്ടിണിയും ചമ്മന്തിയുമെല്ലാമായി ദോശയും ചപ്പാത്തിയും തീൻമേശയിലെത്തി. ഓരോ വിഭവവും ഒന്നിനൊന്ന് മെച്ചം. വിശപ്പിെൻറ കാഠിന്യവും ഭക്ഷണത്തിെൻറ രുചിയും ഒരുമിച്ചതോടെ എത്രയെണ്ണം അകത്താക്കി എന്നതിന് ഒരു കണക്കുമില്ല. പക്ഷെ, പൈസയെക്കുറിച്ച് കടയുടമക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. എന്നാൽ പോലും വളരെ കുറഞ്ഞ തുക മാത്രമാണ് അവർ ഇൗടാക്കിയത്. അവിടെനിന്ന് കുറെ തെലുങ്ക് ശൈലിയിലെ നാരങ്ങമിഠായികളും വാങ്ങി പുറത്തിറങ്ങി.
മലയിടുക്കിലെ സ്വർഗം
മുന്നോട്ടുള്ള യാത്രയിൽ കാഴ്ചകൾക്ക് കാര്യമായ മാറ്റമൊന്നുമില്ല. ആൾപെരുമാറ്റം കുറഞ്ഞ വഴികൾ പാറക്കെട്ടുകൾക്കിടയിലൂടെ ചാടിച്ചാടി പോകുന്നത് പോലെ. പൂർവഘട്ടത്തിെൻറ ഭാഗമായ മലനിരകൾ ഇടക്കിടക്ക് വന്നുപോകുന്നുണ്ട്. ചെറിയ കുറ്റിച്ചെടികൾ മാത്രമാണ് കൂടുതലായും കാണാനാവുക. ഗണ്ടികോട്ടയിൽ എത്തുേമ്പാൾ നട്ടുച്ചയായി.
ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണെന്നതിെൻറ അഹങ്കാരം ഒട്ടുമില്ലാത്ത സ്ഥലം. ഭൂമിശാസ്ത്രവും ചരിത്രപരവുമായ ഏറെ പ്രാധാന്യമുള്ള സ്ഥലമാണെങ്കിൽ പോലും വഴിയിലെവിടെയും നല്ലൊരു ദിശാസൂചിക പോലും കണ്ടില്ല. സൂര്യൻ രൗദ്രഭാവം പൂണ്ട് തലക്ക് മീതെ കത്തിയാളുകയാണ്. തണലേകാൻ ഒരു മേഘം പോലുമില്ല.
വലിയ കോട്ടക്ക് നടുവിലെ കവാടം വഴി വേണം അകത്തേക്ക് പ്രവേശിക്കാൻ. ടിക്കറ്റൊന്നും എടുക്കേണ്ട ആവശ്യമില്ല. കൂറ്റൻകല്ലുകൾ കൊണ്ടാണ് കോട്ട നിർമിച്ചിട്ടുള്ളത്. മലയിടുക്കിലെ കോട്ട എന്നാണ് ഗണ്ടികോട്ടയുടെ അർഥം. 1123ൽ കല്യാണയിലെ പടിഞ്ഞാറൻ ചാലൂക്യ വംശത്തിലെ കാപ്പാ രാജാവാണ് കോട്ട പണികഴിപ്പിച്ചത്. കാകതീയ, വിജയനഗര, കുതബ് ഷാഹി തുടങ്ങിയ വംശങ്ങളുടെ കാലഘട്ടത്തിൽ ഇവിടം തന്ത്രപ്രധാന പ്രദേശമായിരുന്നു. ഇന്നീ പ്രദേശം ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയുടെ ഭാഗമാണ്.
കോട്ടക്കുള്ളിലൂടെ നടന്നെത്തുന്നത് ചാർമിനാറിന് മുന്നിലാണ്. ഹൈദരാബാദിലേത് പോലെ വലിയ വലിപ്പമൊന്നുമില്ല ഈ ചാർമിനാറിന്. അതിെൻറ ഇടത് ഭാഗത്തായി ജയിൽ എന്ന് ബോർഡ് വെച്ച കെട്ടിടം കാണാം. യുദ്ധത്തടവുകാരെ താമസിപ്പിച്ചിരുന്ന ഇടമാണിത്. സമീപം പ്രൈമറി സ്കൂളും ഏതാനും വീടുകളും കടകളുമെല്ലാമുള്ള കവലയുണ്ട്.
വീണ്ടും മുന്നോട്ടു നടക്കുേമ്പാൾ നൂറ്റാണ്ടുകൾക്ക് അപ്പുറത്തേക്ക് വെളിച്ചംവീശുന്ന കൂടുതൽ നിർമിതികൾ കണ്ണിലുടുക്കും. അതിന് പുറമെ വലിയ കുളവുമുണ്ട് ഇവിടം. കുളത്തിന് മുന്നിൽ ജുമാമസ്ജിദും കാണാം. ഇതെല്ലാം കൂടാതെ രണ്ട് ക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു.
മസ്ജിദിന് മുന്നിലൂടെ നീളുന്ന വഴിയിലൂടെ ഇടതുവശം ചേർന്ന് പോയാലാണ് ക്ഷേത്രത്തിലെത്തുക. പക്ഷെ, ഞങ്ങൾക്ക് പോകാനുള്ളത് നേരെയുള്ള വഴിയിലൂടെയായിരുന്നു. സത്യത്തിൽ വഴിയൊന്നും ഇല്ല. പാറക്കെട്ടിന് മുകളിൽ കാൽപ്പാദങ്ങൾ പതിഞ്ഞുണ്ടായ പാതയാണ്. അതിനപ്പുറമാണ് ഏറെനാൾ സ്വപ്നം കണ്ട കാഴ്ച മറഞ്ഞിരിക്കുന്നത്.
മലയിടുക്കിന് ഇടയിലൂടെ പെണ്ണാ നദി പച്ചനിറത്തിൽ ഒഴുകുന്നു. പ്രകൃതിയെന്ന കൽപ്പണിക്കാരൻ നാനാഭാഗത്തും തട്ടുതട്ടായി കല്ലുകൾ അടുക്കിവെച്ചിരിക്കുന്നു. വല്ലാത്തൊരു മായിക ലോകം. സ്വർഗം ആകാശുത്തുനിന്ന് താഴേക്കിറങ്ങി വന്ന അനുഭവം. കാഴ്ചയുടെ മായാസൗന്ദര്യത്തിന് മുന്നിൽ കത്തുന്ന വെയിൽ പോലും മാറിനിൽക്കുന്നു. ഇതുപോലെയൊരു കാഴ്ച ഇന്ത്യയിൽ വേറെയുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്.
ഇന്ത്യയുടെ ഗ്രാൻഡ് കാന്യൺ എന്നാണ് ഇവിടം അറിയപ്പെടുന്നത്. അമേരിക്കയിൽ അരിസോണ സ്റ്റേറ്റിൽ 446 കിലോമീറ്റർ നീളം വരുന്ന മലയിടുക്കാണ് ഗ്രാൻഡ് കാന്യൺ. കൊളറാഡോ നദിയാണ് ഇതിനിടയിലൂടെ ഒഴുകുന്നത്. ഇതിെൻറ ചെറുപതിപ്പാണ് ഗണ്ടികോട്ടയിലേത്. അമേരിക്ക വരെ പോയിവരാൻ ത്രാണിയില്ലാത്തവർക്ക് തൽക്കാലം ആന്ധ്രയിലെത്തി സായൂജ്യമടിയാം. അതുകൊണ്ട് തന്നെ പാവങ്ങളുടെ ഗ്രാൻഡ് കാന്യൺ എന്നും ഗണ്ടികോട്ടയെ വിശേഷിപ്പിക്കാം.
പക്ഷെ, ഈ സ്ഥലത്തിെൻറ പ്രാധാന്യമനുസരിച്ചുള്ള മേൽനോട്ടമൊന്നും അധികൃതരുടെ ഭാഗത്തുനിന്നില്ല. യുനൊസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി പുരോഗമിക്കുന്നുണ്ട്. ഇതോടെ പ്രദേശത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുമെന്നാണ് പ്രതീക്ഷ. മലമുകളിൽ ടെൻറടിച്ചുള്ള താമസം, ഡാമിലൂടെയുള്ള ബോട്ടിങ് തുടങ്ങിയ വിനോദങ്ങളും ഇവിടെയുണ്ട്.
പരുത്തിവിളയും നാട്
ഗണ്ടികോട്ടയോട് വിടപറഞ്ഞ് വണ്ടിയിയിൽ കയറി. ഏകദേശം 10 കിലോമീറ്റർ വന്നവഴിയിലൂടെ തന്നെയാണ് യാത്ര. പെണ്ണാ നദിക്ക് കുറുകയെുള്ള പാലം കടന്ന് ജമ്മാലമദുഗുവിലെത്തി. വെള്ളിയാഴ്ചയാണ്. ജുമുഅ നമസ്കാരം കഴിഞ്ഞാൽ പിന്നെ പോത്തിറച്ചി കൂട്ടിയുള്ള ഭക്ഷണം നിർബന്ധമാണ്. പക്ഷെ, ആന്ധ്രയായതിനാൽ ബീഫ് കിട്ടുമോ എന്ന കാര്യത്തിൽ സംശയം. എന്തായാലും ഭക്ഷണം തപ്പി നടക്കാൻ തുടങ്ങി. ഒടുവിൽ തരക്കേടില്ലാത്തൊരു ഹോട്ടലിൽ കയറി. മെനുവിൽ ബീഫ് വിഭവങ്ങളൊന്നും കാണാനില്ല. പിന്നെയുള്ളത് ഹൈദരാബാദി ചിക്കൻ ബിരിയാണിയാണ്. വലിയ മോശമില്ലാത്ത സാധനമാണ് മുന്നിലെത്തിയത്. നമ്മുടെ ബിരിയാണിയേക്കാൾ മസാലയെല്ലാം കൂടുതലാണ്. അത്യാവശ്യത്തിന് എരിവുമുണ്ട്. വയർ നിറച്ചുണ്ട് വീണ്ടും യാത്ര തുടർന്നു.
രാത്രിയാകുേമ്പാഴേക്കും 360 കിേലാമീറ്റർ അകലെയുള്ള ഹൈദരാബാദിലെത്തണം. രാവിലെ കണ്ട കാഴ്ചകൾക്കെല്ലാം മാറ്റം വരാൻ തുടങ്ങി. കൂടുതൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമെല്ലാം യാത്രക്ക് അകമ്പടിയേകുന്നു. പലപ്പോഴും വീടുകളുടെ അതിർത്തി റോഡാണ്. ഇതിനിടക്ക് മറ്റൊരു കാഴ്ച കണ്ണിലുടക്കി.
കറുത്ത ചെടികളിൽ വെളുത്ത നിറത്തിൽ എന്തോ വിളഞ്ഞുനിൽപ്പുണ്ട്. എന്താണെന്ന് മനസ്സിലാക്കാൻ മണ്ണിലേക്കിറങ്ങി. സംഗതി പരുത്തിയാണ്. ഇതുപോലെയുള്ള സ്ഥലങ്ങളിലാണ് നാമൊക്കെ ധരിക്കുന്ന വസ്ത്രങ്ങൾക്കുള്ള പരുത്തി വിളയുന്നത്. പിന്നീടങ്ങോട്ടുള്ള യാത്രയിലും ധാരാളം പരുത്തിപ്പാടങ്ങൾ കാണാനിടയായി. ഇവക്ക് സമീപം പരുത്തി സംസ്കരിക്കുന്ന വലിയ ഫാക്ടറികളും ഉയർന്നുനിൽപ്പുണ്ട്.
തുംഗഭദ്ര പിന്നിട്ട് തെലങ്കാനായിൽ
40 കിലോമീറ്റർ പിന്നിട്ട് അല്ലാഗദ്ദ എന്ന സ്ഥലമെത്തിയതോടെ നാലുവരി പാതയിലേക്ക് പ്രവേശിച്ചു. പിന്നീടങ്ങോട്ട് വണ്ടി പറക്കാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിലാണ് കിലോമീറ്ററുകൾ പിന്നിലേക്ക് മറയുന്നത്.
പ്രധാന നഗരങ്ങളുടെ പുറത്തുകൂടി പാതകൾ നിർമിച്ചിട്ടുള്ളതിനാൽ വലിയ തിരക്കൊന്നുമില്ല. ആകെയുള്ള പ്രശ്നം, ഇടക്കിടക്ക് ടോൾ കൊടുക്കണമെന്നുള്ളത് മാത്രം. വണ്ടിയിൽ ഫാസ്റ്റാഗ് ഉള്ളതിനാൽ ടോൾപ്ലാസകളിൽ വരിനിൽക്കാതെ വേഗം കടന്നുപോകാം.
കുർണൂലെത്തിയപ്പോൾ റോഡിന് ഇരുവശത്തും കൂറ്റൻ പാറക്കെട്ടുകൾ കാണാനിടയായി. വലിയ മല വെട്ടിയാണ് റോഡ് നിർമിച്ചിട്ടുള്ളത്. ഇൗ സ്ഥലത്തുനിന്ന് ഫോേട്ടായെടുത്ത് വാട്ട്സാപ്പിൽ സ്റ്റാറ്റസ് ആക്കിയപ്പോൾ പലർക്കും ഒരു സംശയം, ഇൗ സീനാണല്ലോ ദുൽഖർ സൽമാൻ അഭിനയിച്ച 'നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി എന്ന സിനിമയിൽ കണ്ടതെന്ന്. സംഭവം സത്യമാണോ എന്നറിയില്ല, എന്തായാലും അതുപോലെയൊരു കിടു സ്ഥലമാണെന്നതിൽ യാതൊരു സംശയവുമില്ല.
കുർണൂലിന് സമീപം തുംഗഭദ്ര നദിക്ക് കുറുകെയുള്ള പാലം കഴിഞ്ഞതോടെ തെലങ്കാന സംസ്ഥാനത്തേക്ക് പ്രവേശിച്ചു. സൂര്യൻ ചെഞ്ചായം പരത്തി അസ്തമിക്കാനുള്ള തയാറെടുപ്പിലാണ്. ദേശീയ പാതയിലൂടെ തുടർച്ചയായുള്ള ഒാട്ടം കാരണം മൂന്നുപേരും ക്ഷീണിച്ചിട്ടുണ്ട്. പാതയോരത്ത് കണ്ട ധാബയിൽ കയറി ചായകുടിച്ച് വീണ്ടും ട്രാവൽ മോഡ് ഒാണാക്കി. രാത്രി എട്ട് മണിയോടെ ഹൈദരാബാദിന് അടുത്തെത്തി. നഗരത്തിൽ പ്രവേശിക്കാതെ നെഹ്റുീ ഒൗട്ടർ റിംഗ് റോഡിൽ കയറി.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റോഡുകളിലൊന്ന്. ഹൈദരാബാദിന് ചുറ്റുമായി 158 കിലോമീറ്റർ നീളത്തിൽ എട്ട് വരിയിലാണ് ഇൗ പാത. ബൈക്ക്, ഒാേട്ടാറിക്ഷ എന്നിവക്കൊന്നും ഇൗ റോഡിലേക്ക് പ്രവേശനമില്ല. കാൽനട യാത്രക്കാർക്കും വിലക്കുണ്ട്. ഞങ്ങൾക്ക് പോകേണ്ടത് നാഗ്പുർ റോഡിലേക്കാണ്. 60 കിേലാമീറ്റർ റിംഗ് റോഡിലൂടെ സഞ്ചരിച്ചുകാണും. അതിനുശേഷം എക്സിറ്റ് അടിച്ചു. അപ്പോഴേക്കും 100 രൂപയോളം ടോൾ ഫാസ്റ്റാഗിൽനിന്ന് പിടിച്ചിട്ടുണ്ടായിരുന്നു.
വഴിയോരത്ത് കണ്ട ഹോട്ടലിൽ കയറി ആലൂപറാത്തയും കഴിച്ച് താമസസ്ഥലം തപ്പിയിറങ്ങി. ഗൂഗിൾ മാപ്പിെൻറ സഹായത്തോടെയാണ് റൂം തപ്പുന്നത്. 15 മിനുറ്റ് മുന്നോട്ടുപോയതോടെ റൂം കിട്ടി. സമയം പത്ത് മണിയായിട്ടുണ്ട്. 520 കിലോമീറ്റററിനടുത്താണ് സഞ്ചരിച്ചത്. ഒപ്പം ഗണ്ടികോട്ടയിലെ വെയിലെല്ലാം കൊണ്ടതുമാണ്. അതിനാൽ തന്നെ കിടക്ക കണ്ടതും ഉറങ്ങിയതുമെല്ലാം ഒരുമിച്ചായിരുന്നു.
(തുടരും)
vkshameem@gmail.com
Itinerary
Day 1
Malappuram To Puttaparthi (Andra Pradesh) - 530 KM
Route: Gudalur, Gundlupete, Mysore, Nelamangala, Nandi Hills, Bagepalli.
Journey Time: 6.00 AM - 9.00 PM (15 hrs)Day 2
Puttaparthi To Hyderabad (Telengana) - 520 KM
Route: Mudiguba, Gandikota, Nandyala, Kurnool, Shadnagar.
Journey Time: 7.00 AM - 10.00 PM (15 hrs)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.