സംഘമായുള്ള ട്രക്കിങ്ങിന് മാത്രം അനുമതി; കുറഞ്ഞത് അഞ്ചുപേരെങ്കിലും വേണം
text_fieldsതിരുവനന്തപുരം: വനം വകുപ്പിന്‍റെ നിയന്ത്രണമേഖലകളിൽ സംഘമായുള്ള ട്രക്കിങ്ങിന് മാത്രമാകും അനുമതി. കുറഞ്ഞത് അഞ്ചുപേരെങ്കിലും സംഘത്തിലില്ലെങ്കിൽ അനുമതി നൽകില്ല. ട്രക്കിങ് സംഘത്തിന് വഴികാട്ടാന്‍ പരിശീലനം സിദ്ധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരായ ഗൈഡും ഉണ്ടാകും.
മലമ്പുഴ സ്വദേശിയായ ബാബു ട്രക്കിങ്ങിനിടെ കൂർമ്പാച്ചി മലയില്‍ കുടുങ്ങിയ സാഹചര്യം കണക്കിലെടുത്താണ് പുതിയ മാര്‍ഗനിര്‍ദേശം. ഇതുസംബന്ധിച്ച പ്രാരംഭഘട്ട ചർച്ചകൾ ആരംഭിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ട്രക്കിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും നിർദേശങ്ങളും പുതിയ മാർഗനിർദേശത്തിൽ പരിഗണിക്കും. നിലവില്‍ വനംവകുപ്പിന് ട്രക്കിങ് ഗൈഡ് ലൈനില്ല.
എന്നാല്‍, ടൂറിസം വകുപ്പും വനം വകുപ്പും ചേർന്ന് കേരള അഡ്വഞ്ചർ ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഗൈഡ്ലൈൻ പുറത്തിറക്കിയിട്ടുണ്ടെന്നും അതുതന്നെ ധാരാളമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്. പക്ഷേ, ഇത് സാഹസിക ടൂറിസവുമായി ബന്ധപ്പെട്ടതാണെന്നും വനംവകുപ്പിന്‍റെ അധീനമേഖലകളിലെ ട്രക്കിങ് മാർഗനിർദേശമല്ലെന്നുമാണ് വനംവകുപ്പിന്‍റെ വാദം.
പുതിയ മാര്‍ഗനിര്‍ദേശം പ്രാവര്‍ത്തികമാകുന്നതോടെ ട്രക്കിങ് കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇനങ്ങളില്‍ അടക്കം വ്യക്തത വരുത്തും. ഫസ്റ്റ് എയ്ഡ് സംവിധാനങ്ങള്‍, ഭക്ഷണം, വെള്ളം എന്നിവ കിറ്റിലുണ്ടാകണം. ഇതുകൂടാതെ എന്തൊക്കെ ഉള്‍പ്പെടുത്തണം, എത്ര ദിവസത്തേക്കുള്ള സാധനങ്ങള്‍ കരുതണം, ഏതൊക്കെ സ്ഥലങ്ങളില്‍ ട്രക്കിങ് ആകാം, എത്ര അടി ഉയരം വരെ മലകയറാന്‍ അനുമതി നല്‍കാം തുടങ്ങിയവയും മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തും.
ട്രക്കിങ്ങിന് എത്തുന്നവരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടാതെ വ്യക്തിവിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്‍കിയാകണം അപേക്ഷിക്കേണ്ടത്. വന്യജീവികള്‍ ഇറങ്ങുന്ന പുതുതായി കണ്ടെത്തിയ പ്രദേശങ്ങളില്‍ അടക്കം മലകയറ്റത്തിന് അനുമതി നല്‍കില്ല. രജിസ്‌ട്രേഷന്‍ ഇല്ലാതെ ട്രക്കിങ് നടത്താനും അനുമതിയുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.