Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cheengeri mala
cancel
Homechevron_rightTravelchevron_rightAdventurechevron_rightവരുമാനം 2.8 ലക്ഷം;...

വരുമാനം 2.8 ലക്ഷം; മഞ്ഞിൻ കുളിര്​ തേടി ചീങ്ങേരി മലയിലേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്​

text_fields
bookmark_border

വയനാടന്‍ മഞ്ഞിന്‍റെ കുളിരുമായി ചീങ്ങേരി സാഹസിക ടൂറിസം സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകുന്നു. പാറക്കെട്ടുകളെ കീഴടക്കി ആകാശ കാഴ്ചകള്‍ കാണാന്‍ രണ്ട് മാസം കൊണ്ട് നാലായിരത്തിലധികം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.

2.8 ലക്ഷം രൂപയാണ് ഇവിടെനിന്നും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് വരുമാനം. ഏറ്റവും ചുരുങ്ങിയ കാലയളവില്‍ സഞ്ചാരികളുടെ മനംകവര്‍ന്ന സാഹസിക ടൂറിസം എന്ന നിലയിലും ചീങ്ങേരി ശ്രദ്ധയാകര്‍ഷിക്കുകയാണ്. അതിരാവിലെ മുതല്‍ ചീങ്ങേരിയിലേക്ക് സഞ്ചാരികളുടെ പ്രവാഹമുണ്ട്.


ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങില്‍ ചീങ്ങേരി മലയിലെ സാഹസിക സഞ്ചാരത്തിന്‍റെ നിരവധി ചിത്രങ്ങള്‍ പ്രചരിച്ചതോടയാണ് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. കോവിഡ് കാലത്ത് മറ്റെല്ലാ വിനോദ കേന്ദ്രങ്ങള്‍ക്കും താഴുവീണപ്പോഴും ചീങ്ങേരിയിൽ ടൂറിസം സജീവമായിരുന്നു. മാനദണ്ഡങ്ങളെല്ലാം പാലിച്ച് സഞ്ചാരികള്‍ക്ക് ഇവിടെയെത്തി മടങ്ങാൻ സൗകര്യം അധികൃതര്‍ ഒരുക്കി.

പകരമില്ലാത്ത ആകാശക്കാഴ്ചകള്‍

സമുദ്രനിരപ്പില്‍നിന്നും 2600 അടി ഉയരത്തില്‍ വയനാടിന്‍റെ ഭൂതലത്തിലേക്കാണ് ചീങ്ങേരി വാതില്‍ തുറക്കുന്നത്. 360 ഡിഗ്രിയില്‍ വയനാടിന്‍റെ പൂർണകാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന മറ്റൊരിടമില്ല. കൊളഗപ്പാറയുടെയും കാരാപ്പുഴ റിസര്‍വോയറിന്‍റെയും മനോഹരമായ ദൂരക്കാഴ്ചയും അമ്പലവയല്‍, ബത്തേരി, എടക്കല്‍, അമ്പുകുത്തിമല തുടങ്ങിയ സ്ഥലങ്ങളുടെ ദൃശ്യചാരുതയും മലമുകളില്‍നിന്ന്​ ആസ്വദിക്കാനാവും.


അഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് പുറമെ വിദേശ സഞ്ചാരികളെയും കൂടുതലായി ആകര്‍ഷിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. ഇവിടേക്ക് വിരുന്നെത്തുന്ന വിദേശ, ആഭ്യന്തര സഞ്ചാരികളുടെ വർധനവ് കണക്കിലെടുത്ത് വിനോദ കേന്ദ്രങ്ങളും പുതുമോടിയിലാവുകയാണ്​.

പുതിയ സാഹസിക ട്രെക്കിങ് കേന്ദ്രം ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രം സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. 360 ഡിഗ്രിയില്‍ വയനാട് ജില്ലയുടെ നയനമനോഹാരിത ആസ്വദിക്കാന്‍ സാധിക്കുമെന്നത് ഇതിന്‍റെ പ്രത്യേകതയാണ്. സാഹസികതയും ആകാംക്ഷയും ഇഴചേര്‍ന്ന് പ്രകൃതി ഓരോ കാലത്തും ഒരോ ചിത്രങ്ങള്‍ വരക്കുന്ന ദൃശ്യഭംഗിയാണ് ചീങ്ങേരിയെ മറ്റിടങ്ങളില്‍നിന്നും വേര്‍തിരിക്കുന്നത്.


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ ഈ ഗിരിപർവതത്തിലേക്ക് ട്രെക്കിങ്ങ് നടത്താനും കഴിയും. വന കേന്ദ്രീകൃത ടൂറിസം മുതല്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വരെയും വയനാട്ടിലുണ്ടെങ്കിലും സാഹസിക വിനോദ കേന്ദ്രം എന്ന നിലയില്‍ ചീങ്ങേരിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

രണ്ട് കിലോമീറ്റർ മലകയറ്റം

ചീങ്ങേരിമലയിലെ ടൂറിസം സാധ്യതകളെ മുന്നില്‍ കണ്ട് പത്ത് വര്‍ഷം മുമ്പാണ്​ ചര്‍ച്ചകള്‍ സജീവമാകുന്നത്. ഇതിനെ തുടര്‍ന്ന് 2010ൽ എട്ട് ഏക്കർ ഭൂമി ടൂറിസം നടത്തിപ്പിനായി റവന്യു വകുപ്പ് ഡി.ടി.പി.സിക്ക് കൈമാറി. അതിനുശേഷം ഇതുസംബന്ധിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തു. 2017ല്‍ പ്രാംരംഭ ഘട്ടത്തിന് അനുമതി ലഭിച്ചു. 2020 ഒക്‌ടോബറിലാണ് ചീങ്ങേരി റോക്ക് ടൂറിസം ഉദ്ഘാടനം ചെയ്തത്.


ടൂറിസം വകുപ്പ് 1.04 കോടി രൂപ വകയിരുത്തിയാണ് സാഹസിക വിനോദ സഞ്ചാരം ഒരുക്കിയത്. ടിക്കറ്റ് കൗണ്ടര്‍, ക്ലോക്ക്റൂം, സെക്യൂരിറ്റി ക്യാബിന്‍, ടോയ്‌ലറ്റ്, പാന്‍ട്രി ബ്ലോക്ക്, എന്‍ട്രി പവലിയന്‍, ഡൈനിങ് ഹാള്‍, മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് എന്നിവയാണ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്കായി നിര്‍മിച്ചിട്ടുള്ളത്. ബേസ്​ ക്യാമ്പിലെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിച്ചശേഷം ട്രെക്കിങ്ങിന് പോകാം. രണ്ട് കിലോമീറ്ററോളം നടന്നാല്‍ മലമുകളില്‍ എത്താം.

ഗ്രൂപ്പുകളായിട്ടാണ് സഞ്ചാരികളെ മലയിലേക്ക് കൊണ്ടുപോവുക. കൂടെ ഗൈഡും ഉണ്ടാകും. ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തില്‍ സംസ്ഥാന നിര്‍മിതി കേന്ദ്രയാണ് മലയടിവാരത്തെ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയത്. ട്രെക്കിങ്​ രാവിലെ ആറ്​ മുതല്‍ ഉച്ചക്ക്​ 12 വരെയാണ്. മുതിര്‍ന്നവര്‍ക്ക്​ 80 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. അല്ലാതെയുള്ള സഞ്ചാരികള്‍ക്ക് വൈകീട്ട് നാല്​ വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.


ടെന്‍റ്​​ ക്യാമ്പിന് അനുമതി നേടും

ചീങ്ങേരി മലയുടെ നെറുകയില്‍ രാത്രികാല കാഴ്ചകള്‍ കാണാനും താമസിക്കാനും ടെന്‍റ്​ ക്യാമ്പിന് അനുമതി നേടുകയാണ് ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. സര്‍ക്കാറില്‍നിന്ന്​ അനുമതി ലഭിക്കുന്ന മുറക്ക്​ ഫെബ്രുവരി മുതല്‍ ടെന്‍റ്​ സൗകര്യം ഇവിടെ ഏര്‍പ്പെടുത്തും. ഇതുകൂടിയാകുമ്പോള്‍ ചീങ്ങേരി ടൂറിസം സഞ്ചാരികൾക്ക്​ ഹൃദ്യമായ അനുഭവമാകും.

പുതിയ ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇവിടെ ലക്ഷ്യത്തിലെത്തുന്നത്. പാറക്കെട്ടുകളെയും പരിസരങ്ങളെയും അതുപോലെ തന്നെ സംരക്ഷിച്ച്​ കൊണ്ടുള്ള പ്രകൃതി സൗഹൃദ ടൂറിസം കൂടിയാണ് അധികൃതർ വിഭാവനം ചെയ്തത്. ഇത്തരത്തിലെ മറ്റിടങ്ങളെയും വയനാട് ജില്ലയുടെ ടൂറിസം ഭൂപടത്തിലേക്ക് ഉള്‍പ്പെടുത്താനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad tourismCheengeri mala
News Summary - Revenue 2.8 lakhs; Tourists flock to Cheengeri mala
Next Story