ഇവിടെയിപ്പോഴും ടാക്സി 1950ലെ ലാൻഡ് റോവറുകൾ; കീഴടക്കുന്നത് മഞ്ഞുമലകൾ
text_fieldsഗാങ്ടോക്ക്. ആ പേര് കേൾക്കാൻ തന്നെ ഇമ്പമുണ്ട്. ഒരു ഇന്ത്യൻ നഗരത്തിന് ഇങ്ങനെയൊരു പേരോ എന്ന് സംശയം വരും. നമ്മൾ കേട്ടുപരിചരിച്ച രീതിയിലല്ല ആ പേര്. തനി യൂറോപ്യൻ ശൈലി. രാവിലെ എണീറ്റ് ബാൽക്കണിയിൽനിന്ന് നോക്കുേമ്പാൾ പേരുപോലെ തന്നെ ഗാങ്ടോക്ക് നഗരം കാണാനും വല്ലാത്തൊരു ചേല്.
മുകളിൽ മരങ്ങൾ തിങ്ങിനിറഞ്ഞ വനം. താഴെ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഇടതൂർന്നുനിൽക്കുന്നു. എട്ട് മണിയോടെ റൂം വെക്കേറ്റ് ചെയ്ത് യാത്ര തുടങ്ങി. 150 കിലോമീറ്റർ അകലെ വെസ്റ്റ്ബംഗാളിൽ നേപ്പാൾ അതിർത്തിയോട് ചേർന്നുകിടക്കുന്ന മനെ ബൻജാങ് എന്ന ഗ്രാമവും സന്താക്ഫു ഹിൽസ്റ്റേഷനുമാണ് ലക്ഷ്യം.
നഗരത്തിരക്ക് പിന്നിട്ടശേഷം ഭക്ഷണം കഴിക്കാമെന്നാണ് പ്ലാൻ. ഗാങ്ടോക്കിലെ റോഡുകൾ വളരെ ഇടുങ്ങിയപോലെ. ഒരിഞ്ച് സ്ഥലം പോലും ഒഴിച്ചിടാതെ കെട്ടിടങ്ങൾ. കഴിഞ്ഞ ദിവസം സന്ദർശിച്ച എം.ജി മാർഗ് കഴിഞ്ഞതോടെ വാഹനത്തിരക്ക് തുടങ്ങി. റോഡിൽ ഒരു ആക്സിഡൻറ് ഉണ്ടായിട്ടുണ്ട്. അതുകാരണം വാഹനങ്ങളുടെ നീണ്ടനിരയാണ്.
ഏകദേശം മൂന്ന് കിലോമീറ്റർ നീളത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ടാക്സി വാഹനങ്ങളാണ് അധികവും. ഭൂട്ടാനിൽനിന്ന് വന്ന ചില വാഹനങ്ങളും ഇവിടെ കണ്ടു. ബുദ്ധമതവുമായി ബന്ധപ്പെട്ട ഒരുപാട് സ്ഥാപനങ്ങളും ക്ഷേത്രങ്ങളുമെല്ലാം ഗാങ്ടോക്കിലുണ്ട്. അവിടേക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നാണ് വിശ്വാസികൾ വരാറ്.
സിക്കിമിലെ റോഡുകൾ പലപ്പോഴും ഭൂട്ടാനെ ഒാർമിപ്പിക്കുന്നു. വാഹനങ്ങളുടെ മര്യാദയാണ് അതിനൊരു കാരണം. നീണ്ടനിരയായിട്ടും ആരും മുന്നിലേക്ക് എതിർദിശയിലൂടെ ധൃതിപിടിച്ച് പോകാൻ ശ്രമിക്കുന്നില്ല. ഹോണടിച്ച് വെറുപ്പിക്കുന്ന പരിപാടിയും ഇവിടെയില്ല. സിക്കിമിൽ ഫുട്ബാൾ കമ്പം ഒരൽപ്പം കൂടുതലാണ്.
ഒാരോ വാഹനത്തിലും ഇഷ്ട ടീമുകളുടെ കൊടികൾ ഇടംപിടിച്ചിട്ടുണ്ട്. ട്രാഫിക്ക് കുരുക്കിനിടെ ഞങ്ങൾക്ക് തിരിയേണ്ട റോഡ് മാറിപ്പോയി. റാണി ഖോല നദിക്ക് കുറുകെയുള്ള പാലം കടന്ന് റാണിപൂൾ വഴിയാണ് ഞങ്ങൾക്ക് പോകാനുള്ളത്. തിരിച്ച് ആ റോഡിലെത്തുക എന്ന കാര്യവും വളരെ ശ്രമകരമായി. കാരണം അത്രക്കായിരുന്നു വാഹനങ്ങളുടെ നീണ്ടനിര.
ഇതിെൻറ പിന്നിൽനിന്നാൽ മണിക്കൂറുകൾ പിടിക്കും. പിന്നെ നമ്മുടെ നാട്ടിലെ സ്വഭാവം വെച്ച് ഇടക്ക് കുത്തിക്കയറ്റാനും പറ്റില്ല. ഒന്ന് ഇവിടത്തെ ട്രാഫിക് മര്യാദ അതിന് മനസ്സ് നൽകില്ല. എല്ലാവരും വളരെയധികം സംയമനം പാലിച്ച് കാത്തുനിൽക്കുന്നു. മറ്റൊരു പ്രശ്നം, ഒരുഭാഗത്ത് വാഹനങ്ങളുള്ളതിനാൽ വണ്ടി വളച്ചെടുക്കാനും സാധ്യമല്ല. അത്രക്കും വീതികുറവാണ് റോഡിന്.
ഒടുവിൽ അന്വേഷിച്ചപ്പോൾ കുറച്ച് ചുറ്റിയാണെങ്കിലും ഞങ്ങൾ പോകുന്ന വഴിയും റാങ്പോയിലെത്തുമെന്ന് അറിയാൻ കഴിഞ്ഞു. പക്ഷെ, ഞങ്ങളെ കാത്തിരുന്നത് പ്രയാസകരമായ സാഹചര്യങ്ങളായിരുന്നു. സിക്കിമിലെ ഏകെ എയർപോർട്ടായ പാക്യോങ്ങിലേക്കുള്ള റോഡാണിത്. എല്ലായിടത്തും റോഡ് പണി നടക്കുന്നു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. കൂടാതെ നല്ല പൊടിയുമുണ്ട്. ക്ഷമയുടെ നെല്ലിപ്പലക കാണാൻ തുടങ്ങി. ഭക്ഷണവും കഴിച്ചിട്ടില്ല. നല്ല വിശപ്പുണ്ട്.
മുന്നോട്ടുപോകുന്നതിനിടെ എയർപോർട്ടിെൻറ സംരക്ഷണഭിത്തി ഉയരത്തിൽ കണ്ടു. കുറഞ്ഞ സർവിസുകൾ മാത്രമാണ് ഇവിടെയുള്ളത്. അത് തെന്ന മോശം കാലാവസ്ഥ കാരണം പലപ്പോഴും മുടങ്ങാറുണ്ട്. ചോദിച്ച് ചോദിച്ചാണ് മുന്നോട്ടുപോകുന്നത്. പല റോഡുകളും ഗൂഗിൾ മാപ്പിൽ പോലുമില്ല. എങ്ങോട്ടാണ് പോകുന്നത് എന്നുപോലും നിശ്ചയമില്ലാത്ത വഴികൾ.
പല വഴികളും കേരളത്തിലെ വനപാതകളെ ഒാർമിപ്പിക്കുന്നു. മലഞ്ചെരുവിൽ പുതിയ റോഡ് വെട്ടിത്തെളിക്കുകയാണ്. ചിലപ്പോൾ ആ റോഡിലൂടെയുള്ള ആദ്യ യാത്രക്കാർ ഞങ്ങളാണെന്ന് തോന്നിപ്പോയി. പലയിടത്തും വളവിനപ്പുറം വഴി കാണാത്തതിനാൽ പുറത്തിറങ്ങി നടന്നുനോക്കണം. വണ്ടിക്ക് പോകാൻ കഴിയും എന്ന് മനസ്സിലാകുേമ്പാൾ മുന്നോട്ടുവരാൻ പറയും.
ഒരുപാട് കഷ്ടപ്പെട്ടാണ് യാത്ര. വിശപ്പാണെങ്കിൽ മൂർധന്യാവസ്ഥയിലും. വാഹനത്തിലുണ്ടായിരുന്ന ബ്രഡ്ഡും ജാം കഴിച്ചാണ് തൽക്കാലം പിടിച്ചുനിന്നത്. ഒടുവിൽ നാല് മണിക്കുർ നേരത്തെ ദുർഘടമായ യാത്രക്കൊടുവിൽ പ്രതീക്ഷയുടെ തീരമണിഞ്ഞു. റാങ്പോ എത്തുേമ്പാൾ സമയം 12 മണി. നഗരത്തിൽ ധാരാളം ഹോട്ടലുകൾ ഉണ്ടെങ്കിലും പാർക്കിങ് ഇല്ലാത്തതിനാൽ വീണ്ടും മുന്നോട്ടുപോകാൻ നിർബന്ധിതരായി.
സിക്കിമിൽനിന്ന് ബംഗാളിലേക്ക്
റാങ്പോ നദിക്ക് കുറുകെയുള്ള പാലം കടന്ന് വീണ്ടും വെസ്റ്റ് ബംഗാളിെൻറ മണ്ണിൽ തന്നെയെത്തി. ഏതാനും കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും ടീസ്റ്റ നദിയും റോഡിന് സമാന്തരമായി ഒഴുകുന്നത് കാണാം. പ്രത്യേകതരം പച്ചനിറത്തിലാണ് ഇതിലെ വെള്ളം. വടക്കെ സിക്കിമിൽ ചൈന അതിർത്തിക്ക് സമീപത്തുനിന്ന് ഉദ്ഭവിക്കുന്ന ഇൗ നദി 300ലേറെ കിലോമീറ്റർ പിന്നിട്ട് ബംഗ്ലാദേശിലെത്തി ബംഗാൾ ഉൾക്കടലിൽ ചെന്നുചേരുകയാണ്.
പോകുന്നവഴിയിൽ പലയിടത്തും റിവർ റാഫ്റ്റിങ്ങിനുള്ള സൗകര്യമെല്ലാമുണ്ട്. നദിയുടെ സമീപത്തെ ചെറിയ ഹോട്ടലിൽ കയറി ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. ചോറും പരിപ്പുകറിയും ആണ് അവിടെയുണ്ടായിരുന്നത്. കൂടെ ഒാംലെറ്റും കൂടി വന്നതോടെ രാവിലെ ഭക്ഷണം കഴിക്കാത്തതിെൻറ കടം അങ്ങ് വീട്ടി.
വീണ്ടും യാത്ര തുടർന്നു. കോടമഞ്ഞ് മൂടിക്കെട്ടിയിരിക്കുന്നു. അന്തരീക്ഷത്തിനാകെ ഒരു ചാരനിറം. ചിത്ര എന്ന സ്ഥലമെത്തിയപ്പോൾ വലിയ ഒരുപാലത്തിലൂടെ ടീസ്റ്റ മുറിച്ചുകടന്നു. എന്നിട്ട് നേരെ പോകുന്നതിന് പകരം ഡാർജിലീങ് ലക്ഷ്യമാക്കി ഇടത്തോട്ട് വണ്ടി തിരിച്ചു. നേരെ പോയാൽ കഴിഞ്ഞദിവസം നമ്മൾ വന്ന സിലിഗുരിയിലെത്തും.
ടീസ്റ്റ ബസാർ എന്ന സ്ഥലത്തിലേക്കാണ് ഞങ്ങളെത്തിയത്. ചെറിയ കവലയും ഇരുമ്പുപാലവും കഴിഞ്ഞതോടെ റോഡിെൻറ സ്വഭാവം മാറി. വളവുകൾ നിറഞ്ഞ കുത്തനെയുള്ള കയറ്റമായിരുന്നു പിന്നീടങ്ങോട്ട്. ഇരുവശത്തും തേക്കുമരങ്ങൾ നിറഞ്ഞുനിൽപ്പുണ്ട്. റോഡിൽ വാഹനങ്ങൾക്ക് കൂടുതൽ ഗ്രിപ്പ് കിട്ടാൻ ടാറിൽ കോറിവെച്ചിട്ടുണ്ട്. കഷ്ടിച്ച് ഒരു വാഹനത്തിന് പോകാനുള്ള വീതിയേ ഉള്ളൂ.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളായ ഡാർജിലിങ്ങിനും ഗാങ്ടോക്കിനും ഇടയിലുള്ള ഒരു റോഡാണിതെന്ന് തോന്നുകയേയില്ല. വലപ്പോഴുമാണ് വീടുകൾ കാണാനാവുന്നത്. ഡാർജിലീങിലെ പ്രശസ്തമായ തേയിലത്തോട്ടങ്ങൾ ഇടക്ക് വിരുന്നൂട്ടുന്നുണ്ട്. ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ സിലിഗുരി-ഡാർജിലീങ് റോഡിലെത്തി.
ഇതോടെ ജനത്തിരക്കും വാഹനങ്ങളും വർധിച്ചു. പോരാത്തതിന് ഡാർജിലീങിെൻറ മുഖമുദ്രയായ ടോയ് ട്രെയിൻ പാളവും റോഡിെൻറ ഒരുവശത്ത് കാണാം. നിർഭാഗ്യവശാൽ ഞങ്ങൾ കടന്നുപോയ സമയം ട്രെയിനൊന്നും വന്നില്ല. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗൂം റെയിൽവേസ്റ്റഷെൻറ സമീപത്തുനിന്ന് ഗൂഗിൾ മാപ്പിെൻറ നിർദേശാനുസരണം വണ്ടി ഇടത്തോട്ട് തിരിച്ചു.
നേരെ അഞ്ച് കിലോമീറ്റർ പോയാൽ ഡാർജിലീങിെൻറ ആസ്ഥാനത്തെത്തും. പക്ഷെ, തൽക്കാലം ഞങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ അവിടെയുള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഏതാനും കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും റോഡ് വിജനമായി. നഗരം തേയിലത്തോട്ടങ്ങൾക്ക് മുന്നിൽ വഴിമാറി. സമയം മൂന്ന് മണി കഴിഞ്ഞു.
കോടമഞ്ഞ് മൂടി ഒന്നും കാണാനാവത്ത അവസ്ഥ. മുന്നിൽ പോകുന്ന വാഹനത്തിെൻറ ഇൻഡിക്കേറ്ററും നോക്കി പതുക്കെയാണ് യാത്ര. സിമാന എന്ന നേപ്പാളിെൻറ അതിർത്തിയിൽനിന്നാണ് സന്താക്ഫുവിലേക്കുള്ള റോഡ്. അവിടെനിന്ന് അങ്ങോട്ട് മൊത്തം ഒാഫ്റോഡാണ്. കുലുങ്ങികുലുങ്ങിയാണ് യാത്ര. ഏഴ് കിലോമീറ്റർ അകലെയുള്ള മനെ ബൻജാങ് എന്ന ഗ്രാമത്തിലെത്താൻ അരമണിക്കൂറിലേറെ പിടിച്ചു.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ 'കുളംകര'
ഒരു ചായക്കടക്ക് മുന്നിൽ വണ്ടിനിർത്തി സന്താക്ഫുവിലേക്ക് പോകുന്നത് സംബന്ധിച്ച് അന്വേഷിക്കാമെന്ന് കരുതി. വണ്ടി നിർത്തിയതിെൻറ എതിർഭാഗത്തായി ഒരു ബോർഡ് കണ്ടു. അതുവായിച്ച് ശരിക്കും കണ്ണ് തള്ളിപ്പോയി. വെൽക്കം ടു നേപ്പാൾ എന്നായിരുന്നു ആ ബോർഡിലുണ്ടായിരുന്നത്.
ഒരു ചെറിയ അഴുക്കുചാലാണ് ഇന്ത്യയെയും നേപ്പാളിനെയും ഇവിടെ വേർതിരിക്കുന്നത്. യാത്രയുടെ ആറാമത്തെ ദിവസം നേപ്പാളിൽ പോയിരുന്നു. അന്ന് സുരക്ഷജീവനക്കാരുടെ പരിശോധനയെല്ലാം കഴിഞ്ഞാണ് അതിർത്തി കടന്നത്. എന്നാൽ ഇവിടെ അത്തരമൊരു സംഭവമേയില്ല. വെറുതെയങ്ങ് കയറി നേപ്പാളിെൻറ മണ്ണിൽ കാലുകുത്താം എന്നതാണ് അവസ്ഥ.
കടയിൽ കയറി ചായകുടിക്കുന്നതിനിടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സമയം വൈകിയതിനാൽ ഇനി സന്താക്ഫുവിൽ പോകാൻ പറ്റില്ല എന്നവർ പറഞ്ഞു. പ്രത്യേക പെർമിറ്റ് എടുത്തുവേണം അങ്ങോട്ട് പോകാൻ. പിന്നെ പക്ക ഒാഫ്റോഡ് ആയതിനാൽ സ്വന്തം വണ്ടി ഇവിടെവെച്ച് ഫോർവീലുള്ള ടാക്സി വിളിച്ചുപോകാനും അവർ പറഞ്ഞു.
മനെ ബൻജാങിന് മറ്റൊരു പ്രത്യേകതയുണ്ട്. ഇവിടെനിന്ന് സന്താക്ഫുവിലേക്ക് പോകാൻ 1950 മോഡൽ ലാൻഡ്റോവർ ടാക്സികൾ കിട്ടും. അങ്ങനെയൊരു സംഗതിയുണ്ടെങ്കിൽ പിന്നെ നമ്മുടെ വണ്ടി ഇവിടെ നിർത്താം എന്ന് ഉറപ്പിച്ചു. ചായകുടിച്ച് കഴിഞ്ഞ് അവർ തന്നെ ഒരു റൂം കാണിച്ചുതന്നു. ചെറിയ ഹോംസ്റ്റേ ആണ്. ആ വീടുള്ളത് നേപ്പാളിൽ. അത് പൊളിക്കും. ഭൂട്ടാനിന് പുറമെ നേപ്പാളിെൻറ മണ്ണിലും അന്തിയുറങ്ങാനുള്ള അവസരം.
മരം കൊണ്ട് നിർമിച്ച വീടാണ്. മുകളിൽ വീട്ടുകാരാണ് താമസം. താഴെ ഞങ്ങൾക്കുള്ള മുറി. സൗകര്യങ്ങൾ പരിമിതമാണെങ്കിലും ഞങ്ങൾക്കത് ധാരാളം. നേപ്പാളിലെ ജനവാതിലിലൂടെ നോക്കിയാൽ ഇന്ത്യയിലെ താഴ്വാരങ്ങൾ കാണാം. സ്വിറ്റ്സർലൻഡിനും ഫ്രാൻസിനുമിടയിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ താമസിക്കാൻ പോയ യു.എൻ സുരക്ഷ കൗൺസിൽ ഉേദ്യാഗസ്ഥൻ മുരളി തുമ്മാരുകുടിയുടെ യാത്രാവിവരണമാണ് എനിക്ക് ഒാർമവന്നത്.
സാധങ്ങൾ റൂമിൽ വെച്ച് പരിസരമൊന്ന് ചുറ്റിക്കറങ്ങി. ഒരു കാൽ ഇന്ത്യയിലും മറുകാൽ നേപ്പാളിലും വെച്ച് ഫോേട്ടായെടുത്തു. അതിനുശേഷം ഇന്ത്യയിൽനിന്ന് നേപ്പാളിലേക്കും തിരിച്ചും 'കുളംകര' കളിച്ചു. കുട്ടികളെപ്പോലെ കളിക്കുന്നത് കണ്ട് ഇരുരാജ്യത്തെയും ആളുകൾ കൗതുകപൂർവം നോക്കുന്നു.
കേരള രജിസ്ട്രേഷൻ വാഹനം കണ്ട് രണ്ടുപേർ ഞങ്ങളുടെ അടുത്തേക്ക് വന്നു. മലയാളി ജവാൻമാരാണ്. അതിർത്തിയിലെ പോസ്റ്റിലാണ് അവർക്ക് ഡ്യൂട്ടി. ഒരാൾ കണ്ണൂർ സ്വദേശി, മറ്റൊരാൾ തിരുവനന്തപുരം. അപൂർവമായിട്ട് മാത്രമാണ് ഇവിടെ മലയാളികൾ എത്താറുള്ളതെന്ന് അവർ പറഞ്ഞു. ഇവിടെ എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളെ അറിയിച്ചാൽ മതിയെന്ന് പറഞ്ഞ് അവർ ധൈര്യം തന്നു.
കവലയിലെ കടകൾ അടക്കാൻ തുടങ്ങിയതോടെ റോഡിൽ നിർത്തിയിട്ട വണ്ടി ഹോംസ്റ്റേക്ക് മുന്നിലേക്ക് മാറ്റാൻ ഉടമസ്ഥൻ ആവശ്യപ്പെട്ടു. ചാലിന് കുറുകെയുള്ള ചെറിയ നടപ്പാലത്തിലൂടെ വണ്ടി ഏറെ ശ്രമകരമായി നേപ്പാളിലെ ഹോംസ്റ്റേയുടെ മുന്നിൽനിർത്തി. ഏഴ് മണിയായപ്പോഴേക്കും ഇരുട്ടായി. കൂടാതെ നല്ല തണുപ്പും.
ഞങ്ങൾ റൂമിലേക്ക് മടങ്ങി. അവിടെ അവർ ഭക്ഷണെമല്ലാം ഒരുക്കിവെച്ചിരുന്നു. ചപ്പാത്തിയും ചിക്കൻ കറിയും. അതിെൻറ കൂടെ മധുരമുള്ള ഒരുതരം അച്ചാറുമുണ്ട്. പ്രാദേശികമായി ലഭിക്കുന്ന ഏതോ ഒരു പഴം കൊണ്ടാണ് അത് തയാറാക്കുന്നത്. ഞങ്ങൾക്കത് വല്ലാതെ ഇഷ്ടപ്പെട്ടു. അത് നാട്ടിലേക്ക് വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അവരത് കുപ്പിയിലാക്കി നൽകുകയും ചെയ്തു.
ലാൻഡ് ഒാഫ് ലാൻഡ് റോവേഴ്സ്
പിറ്റേന്ന് അതിരാവിലെ പുറത്തിറങ്ങുേമ്പാൾ ആ ചെറിയ കവല തണുപ്പിൽ മുങ്ങിനിൽക്കുകയാണ്. ലാൻഡ് റോവറുകൾ പലയിടത്തായി നിർത്തിയിട്ടിരിക്കുന്നത് കാണാം. എട്ട് മണി മുതലാണ് അവ സർവിസ് തുടങ്ങുക. പാതയോരത്ത് പ്രായമായ രണ്ട് സ്ത്രീകൾ തീ കായുന്നു. വളരെ ഉയരം കുറഞ്ഞ സ്ത്രീകൾ. ഇവിടത്തെ ജനങ്ങൾക്ക് പൊതുവെ ഉയരം കുറവാണ്. മനെ ബൻജാങിെൻറ ഉൾവഴികളിലൂടെ കുറച്ചുനേരം കറങ്ങി തിരിച്ച് റൂമിലെത്തി.
അപ്പോഴേക്കും ഭക്ഷണം ഒരുക്കിവെച്ചിട്ടുണ്ട്. ചാപ്പാത്തിയും സബ്ജിയും. അടുത്ത പരിപാടി കുളിയാണ്. നോക്കുേമ്പാൾ വെള്ളത്തിന് ഒടുക്കത്തെ തണുപ്പ്. ചെറിയ ഹോംസ്റ്റേ ആയതിനാൽ ചൂടുവെള്ളം കിട്ടാനുമില്ല. തൽക്കാലം അന്ന് കുളിക്കണ്ട എന്ന് തീരുമാനിച്ചു. അല്ലെങ്കിലും യാത്രകൾ അങ്ങനെയാണ്. പലപ്പോഴും നമ്മുടെ പതിവുശീലങ്ങൾ തെറ്റിക്കേണ്ടി വരും. പക്ഷെ, യാത്രയുടെ വൈബിൽ ഇഴുകിച്ചേരുേമ്പാൾ അതൊരു പ്രശ്നമേ ആകില്ല.
അങ്ങനെ സന്താക്ഫുവിൽ പോകാനുള്ള ടാക്സിക്കായി ബുക്കിങ് ഒാഫിസിലെത്തി. പഴയ ലാൻഡ് റോവറും മഹീന്ദ്രയുടെ ബൊലേറയുമാണ് അവിടേക്ക് സർവിസ് നടത്തുന്നത്. ഞങ്ങൾക്ക് ലാൻഡ് റോവർ മതിയെന്ന് പറഞ്ഞു. പരമാവധി ഏഴുപേർക്ക് സഞ്ചരിക്കാം. സന്താക്ഫുവിൽ പോയി വരാൻ 4500 രൂപയാണ് ഈടാക്കുന്നത്.
ഞങ്ങൾ മൂന്നുപേരെയുള്ളൂ. ഒരാൾക്ക് 1500 രൂപ വേണം. ആ സമയത്താണ് രണ്ട് ഹൈദരാബാദ് സ്വദേശികൾ വന്നത്. അവരും ഞങ്ങളെേപ്പാലെ അവിടെപ്പോയി അന്ന് തന്നെ മടങ്ങാൻ തീരുമാനിച്ചവരാണ്. അവരെയും കുടെകൂട്ടി. അതോടെ ഒരാൾക്ക് 900 രൂപയിൽ ഒതുങ്ങി. പലരും സന്താക്ഫുവിൽ തങ്ങാറുണ്ട്. ഇതിന് കൂടുതൽ നിരക്കാണ് ടാക്സി ഡ്രൈവർമാർ ഇൗടാക്കുക.
ഏകദേശം നാൽപതിനടുത്ത് ലാൻഡ് റോവർ ടാക്സികളാണ് ഇവിടെയുള്ളത്. ഒട്ടും ആഡംബരങ്ങളില്ലാത്ത ഈ വാഹനത്തിൽ കയറിയിരിക്കുേമ്പാൾ കാലം അറിയാതെ പിറകിലേക്ക് പോകും. 70 വർഷം പിന്നിട്ടെങ്കിലും അതിെൻറ പ്രൗഢിയോടെ ഇവർ ഇന്നും പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നു.
അതേസമയം, സ്പെയർ പാർട്സുകൾ കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം പല വണ്ടികൾക്കും ഇപ്പോൾ കരുത്തേകുന്നത് മഹീന്ദ്രയുടെ എൻജിനാണ് എന്നത് പരസ്യമായ രഹസ്യം. ഗിയർ ബോക്സ് അടക്കമുള്ള മറ്റു ഭാഗങ്ങളെല്ലാം അസ്സൽ ബ്രിട്ടൻ തന്നെ. ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന ജീപ്പുകളാണിവ. വർഷങ്ങൾക്കപ്പുറം ആശുപത്രികൾ ഇവ ഒഴിവാക്കിയതോടെ ഇന്നാട്ടുകാർ സ്വന്തമാക്കുകയായിരുന്നു.
മഞ്ഞണിഞ്ഞ വഴികൾ
ടെൻസിങ് ഭൂട്ടിയയയാണ് ഞങ്ങളുടെ ഡ്രൈവർ. നേരത്തെ പറഞ്ഞപോലെ ഉയരം കുറവുള്ള യുവാവ്. 70 പിന്നിട്ട ആ ലാൻഡ് റോവർ മുത്തച്ഛൻ യാത്ര തുടങ്ങി. മനെ ബൻജാങിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കഴിഞ്ഞതോടെ വണ്ടിയുടെ യഥാർഥ ശൗര്യം പുറത്തുചാടി. കുത്തനെയുള്ള കയറ്റമാണ് പിന്നീടങ്ങോട്ട്. ഒപ്പം പേടിപ്പിക്കുന്ന വളവുകളും.
സിൻഗാലില ദേശീയ ഉദ്യാനത്തിന് നടുവിലൂടെയുള്ള റോഡ് കുളംകര കളിക്കുന്നത് പോലെ നേപ്പാളിലും ഇന്ത്യയിലുമായാണ് കടന്നുപോവുന്നത്. വഴിയിൽ ഓരോ വളവുകൾ തിരിയുേമ്പാഴും പ്രവചിക്കാനാവാത്ത ഭംഗിയാണ് പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നത്.ചിലപ്പോൾ മൊട്ടക്കുന്നുകൾ. അല്ലെങ്കിൽ ഇടതൂർന്ന മരങ്ങൾ നിറഞ്ഞ കാട്. അതുമല്ലെങ്കിൽ മഞ്ഞ് പൊതിഞ്ഞ മലഞ്ചെരിവുകൾ. ഇടക്ക് മനോഹരമായ ബുദ്ധക്ഷേത്രവും കാണാനായി.
യാത്ര ഏകദേശം 20 കിലോമീറ്റർ പിന്നിട്ടു. ഖരിബാസ് എന്ന സ്ഥലത്ത് വണ്ടി നിർത്തി. ചായകുടിക്കാനാണ് പരിപാടി. അവിടെ താമസസൗകര്യവുമുണ്ട്. യാത്രക്കിടയിൽ ചിലയിടങ്ങളിലെല്ലാം ഇതുപോലെ കൊച്ചുലോഡ്ജുകളും ഭക്ഷണശാലകളും കാണാം.
കാഴ്ചകളുടെ പെരുന്നാൾ
ഖരിബാസ് കഴിഞ്ഞതോടെ റോഡിലെ കോൺഗ്രീറ്റ് മാഞ്ഞു. പിന്നെ കല്ലും ചളിയും മഞ്ഞുമെല്ലാം നിറഞ്ഞ സാഹസിക വഴികൾ. ഇവിടെയും ലാൻഡ് റോവർ മുത്തച്ഛന് കുലുക്കമില്ല. ഫോർവീലിലേക്ക് മാറ്റിയാൽ പിന്നെ ആൾ കുതിര പോലെ ചാടിക്കയറും. ഇതിനിടയിൽ കാലാപൊഖ്രി എന്ന കൊച്ചുതടാകമെത്തി.
10,000 അടി ഉയരത്തിലാണ് ഇൗ തടാകം. ചുറ്റും കോട മൂടിയിട്ടുണ്ട്. തടാകം കഴിഞ്ഞാൽ പിന്നെ നേപ്പാളിലെ ഇലാം ജില്ലയിലേക്ക് പ്രവേശനമേകിയുള്ള ബോർഡെത്തി. എന്നാൽ, ഇനിയുമങ്ങോട്ടും ഇന്ത്യയുടെ ഭാഗങ്ങൾ ഒരുപാടുണ്ട്. അതിന് തെളിവാണ് ബി.എസ്.എഫിെൻറ ക്യാമ്പുകൾ.
കൂടുതൽ ഉയരത്തിലേക്ക് പോകുംതോറും തണുപ്പിെൻറ കാഠിന്യം കൂടുന്നു. നട്ടുച്ചക്ക് പോലും താപനില മൈനസിൽ. ഒരു മണിയോടെ സന്താക്ഫുവിലെത്തി. 30 കിലോമീറ്റർ ദൂരം താണ്ടാൻ ഏകദേശം മൂന്ന് മണിക്കൂറെടുത്തു.വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് മലമുകളിലുള്ളത്. ഒരു പട്ടാളക്യാമ്പാണ് ആദ്യം കാണുക.
വണ്ടിയിൽനിന്ന് ഇറങ്ങി ഞങ്ങൾ മുന്നോട്ടുനടന്നു.വഴിയോരത്തെ വീട് മഞ്ഞിൽ മൂടിയിട്ടുണ്ട്. വീടിെൻറ മുറ്റത്ത് ഒരു ലാൻഡ് റോവർ തുരുമ്പ് പിടിച്ച് മഞ്ഞുമൂടി കിടപ്പുണ്ട്. ഏതൊരു വണ്ടിഭ്രാന്തെൻറയും ചങ്ക് തകർക്കുന്ന രംഗം.
ഒരു ഹോട്ടലിന് മുന്നിലാണ് നടത്തം അവസാനിപ്പിച്ചത്. അവിടെ കയറി ന്യൂഡിൽസും ബ്രഡ്ഡ് ഒാംലെറ്റുമെല്ലാം ഒാർഡർ ചെയ്തു. കൂടെ നല്ല ചൂടുള്ള ചായയും. വെസ്റ്റ്ബംഗാളിെൻറ ഏറ്റവും ഉയരത്തിലിരുന്ന് ഭക്ഷണം കഴിക്കുേമ്പാൾ കിടിലൻ സ്വാദായിരുന്നു. ട്രെക്കിങ് ചെയ്ത് വന്ന ഒരുപാട് പേർ അവിടെയുണ്ട്.എല്ലാവിധ സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലമാണ് സന്താക്ഫു. ഞങ്ങൾ വരുന്നതിന് രണ്ട് മാസം മുമ്പ് ഇവിടെ തമിഴ് താരജോഡികളായ സൂര്യയും ജ്യോതികയും ട്രെക്കിങ്ങിന് വന്നിരുന്നുവെന്ന് ഡ്രൈവറാണ് പറഞ്ഞുതന്നത്.
12,000 അടി ഉയരമുണ്ട് സന്താക്ഫുവിന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റും മൂന്നാം സ്ഥാനക്കാരനായ കാഞ്ചൻജംഗയും മറ്റനേകം പർവതങ്ങളും ഇവിടെനിന്നാൽ കാണാം. ഭക്ഷണം കഴിച്ച് ഞങ്ങൾ കൊടുമുടികൾ കാണാനിറങ്ങി. മഞ്ഞിെൻറ മെത്തയണിഞ്ഞ മലഞ്ചെരിവുകൾ.
ഹിമാർദ്രമായ അന്തരീക്ഷം. മുന്നോട്ടുള്ള റോഡ് നീളുന്നത് 20 കിലോമീറ്റർ അകലെയുള്ള ഫാലൂട്ട് വരെയാണ്. നടന്ന് ഒരു മലഞ്ചെരുവിലെത്തി. കൂടെയുള്ള ഹൈദരാബാദുകാർ പർവത ആരോഹണങ്ങളിൽ താൽപര്യമുള്ളവരാണ്. ഒരു ബൈനോക്കുലറും പിടിച്ചാണ് അവർ വന്നിട്ടുള്ളത്. ചുറ്റും കോടമൂടിയതിനാൽ ദൂരേക്ക് ഒന്നും കാണാനാവാത്ത അവസ്ഥ. എവറസ്റ്റ് കാണുമെന്ന യാതൊരു പ്രതീക്ഷയും വേണ്ടെന്ന് അവർ പറഞ്ഞു.
ഇനിയുള്ളത് കാഞ്ചൻജംഗയാണ്. വെയിലടിച്ച് കോട മാറിയാൽ അത് കാണാം. മഞ്ഞിൽ ഉതിർന്നും െഎസ്കട്ടകൾ വാരിയെറിഞ്ഞും ഫോേട്ടായെടുത്തുമെല്ലാം ഒരു മണിക്കൂർ അവിടെ ചെലവഴിച്ചു. അപ്പോഴേക്കും സൂര്യൻ മെല്ലെ പുറത്തുവരാൻ തുടങ്ങി.
കോടമഞ്ഞ് നീങ്ങുന്നു. ദൂരെ കാഞ്ചൻജംഗയുടെ കൂർത്ത ശൃംഗം മെല്ലെ പുറത്തുവന്നു. കുറച്ചുനേരം മാത്രമേ ആ കാഴ്ചക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും വീണ്ടും കോട മൂടി. ഇതോടെ ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് മടങ്ങി.
വിടപറയും ഹിമാലയം
ഞങ്ങൾ എത്തുേമ്പാൾ ഡ്രൈവർ കൂട്ടുകാർക്കൊപ്പം ശീട്ട് കളിക്കുകയായിരുന്നു. കളി മതിയാക്കി വണ്ടിയിൽ കയറി. അയാളെ മദ്യം മണക്കുന്നുണ്ട്. ഞങ്ങളുടെ മനസ്സൊന്ന് കാളി. കഷ്ടിച്ച് ഒരു വണ്ടിക്ക് പോകാൻ കഴിയുന്ന റോഡിലൂടെയാണ് യാത്ര. ഒന്ന് പാളിയാൽ തവിടുപൊടിയാകും. രണ്ടും കൽപ്പിച്ച് വണ്ടിയിലിരുന്നു. എന്നാൽ, ഡ്രൈവർക്ക് യാതൊരു കൂസലുമില്ല. നമ്മളിതൊക്കെ എത്ര കണ്ടിട്ടുണ്ടെന്ന മട്ടിലാണ് പുള്ളി വണ്ടിയോടിക്കുന്നത്.
ഇടക്ക് ജീപ്പുകൾ എതിർദിശയിൽ വരുന്നുണ്ട്. അവക്ക് പോകാൻ റോഡിനോട് ചേർന്ന് ഒതുക്കിനിർത്തണം. പലപ്പോഴും സ്ഥലമില്ലാത്തതിനാൽ റിവേഴ്സ് എടുക്കേണ്ടി വരും. പതിയെയുള്ള ആ യാത്ര കഴിഞ്ഞ് മനെ ബൻജാങിലെത്തുേമ്പാൾ ആറ് മണി. അവിടെനിന്ന് സാധനങ്ങളെല്ലാം എടുത്ത് വീണ്ടും ഫോർച്യൂണറിൽ കയറി. രാത്രിയാകുേമ്പാഴേക്കും സിലിഗുരിയിലെത്താനാണ് പ്ലാൻ.
ഡാർജിലീങിലെ ഗൂം എത്തിയതോടെ ടോയ് ട്രെയിനിെൻറ ട്രാക്കും കൂടെക്കൂടി. പലസമയത്തും ഇൗ ട്രാക്ക് റോഡ് മുറിച്ചുകടക്കുന്നുണ്ട്. മുന്നോട്ടുപോകുന്നതിനിടെ പെെട്ടന്നാണ് ഒരു ട്രെയിൻ വന്നത്. പ്രതീക്ഷിക്കാത്ത നിമിഷം. മര്യാദക്ക് ചിത്രം പോലും എടുക്കാൻ കഴിഞ്ഞില്ല. സെക്കൻഡുകൾക്കുള്ളിൽ ആ ട്രെയിൻ ഞങ്ങളെയും കടന്നുപോയി.
എട്ട് മണിയായപ്പോഴേക്കും തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ചുരം ഇറങ്ങാൻ തുടങ്ങി. ദിവസങ്ങളോളം കാഴ്ചകളുടെ വിരുന്നൂട്ടിയ ഹിമാലയത്തിനോട് സിലിഗുരിക്ക് സമീപം ഞങ്ങൾ വിടപറഞ്ഞു.
നാളെ ബംഗാളിലെ ഗ്രാമങ്ങളും ബംഗ്ലാദേശ് അതിർത്തിയുമെല്ലാമാണ് എക്സ്േപ്ലാർ ചെയ്യാനുള്ളത്. ഒമ്പത് മണിയോടെ സിലുഗിരി നഗരത്തിൽ യാത്ര അവസാനിപ്പിച്ചു.
(തുടരും)
vkshameem@gmail.com
Itinerary
Day 12:
Gangtok to Mane Bhanjang (West Bengal) 120 KM
Route: Pakyong, Rangpo, Tista Bazar, Darjeeling, Simana
Journey Time: 8.00 AM - 4.00 AM (8 hrs) Day 13:
Mane Bhanjang To Siliguri (West Bengal) 75 KM
Route: Simana, Darjeeling, Kurseong, Matigara
Visited: Sandakphu
Journey Time: 6.00 PM - 9.00 PM (3 hrs)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.