ബിഹാറിലെ ഗ്രാമങ്ങളിലൂടെ നേപ്പാളിലേക്ക്
text_fieldsചൊവ്വാഴ്ച രാവിലെ ഏഴ് മണി കഴിഞ്ഞു ഉണരുേമ്പാൾ. കഴിഞ്ഞദിവസത്തെ ദീർഘയാത്ര അവസാനിച്ചത് അർധരാത്രി 12 മണിക്കായിരുന്നു. കുറഞ്ഞസമയം മാത്രമാണ് ഉറങ്ങാൻ കഴിഞ്ഞത്. കണ്ണിൽനിന്ന് ക്ഷീണം വിട്ടകന്നിട്ടില്ല. അലാറം അടിച്ചതോടെ ചാടി എഴുന്നേൽക്കുകയായിരുന്നു. ബിഹാറിന്‍റെ തലസ്ഥാനമായ പട്ന എന്ന മഹാനഗരത്തിെൻറ പ്രാന്തപ്രദേശത്താണ് റൂം എടുത്തിരിക്കുന്നത്. ഹോട്ടലിലെ ബാൽക്കണിയിൽനിന്ന് നോക്കിയാൽ നഗരവും കൃഷിയിടങ്ങളുമെല്ലാം ഒരുമിച്ച് കാണാം.
സാധാരണ രാവിലെ എണീറ്റാൽ പുറത്തിറങ്ങി കാലിച്ചായ കുടിക്കാറുണ്ട്. സമയം വൈകിയതിനാൽ അത് ഒഴിവാക്കി. എട്ട് മണിയോടെ ബാഗെല്ലാം എടുത്ത് പുറത്തിറങ്ങി. ടൊയോട്ട ഫോർച്യൂണറിെൻറ എൻജിന് വീണ്ടും ജീവൻവെച്ചു. പശ്ചിമബംഗാളിലെ സിലിഗുരിയാണ് ഇന്നത്തെ ലക്ഷ്യം. റോഡിൽ രാവിെലത്തന്നെ ലോറിക്കാരുടെ ബഹളമാണ്. പിന്നെയുള്ളത് ബസുകളും. ഇവയാണെങ്കിൽ ഒടുക്കെത്ത ഹോണടിയാണ്. റോഡിലൂടെ തോന്നിയ പോലെയാണ് പോകുന്നത്. ഡ്രൈവിങ് സംസ്കാരം വളരെ മോശം.
ചില ബസുകളുടെ മുകളിൽ വരെ ആളുകൾ ഇരിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ പലയിടത്തും ഇതുപോലെ യാത്ര ചെയ്യുന്നവരെ കാണാനിടയായി. ജാതിവിവേചനങ്ങളും ഇത്തരം യാത്രകൾക്ക് കാരണമാകുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. താഴ്ന്ന ജാതിക്കാരെ പലയിടത്തും ഒരുമിച്ച് ഇരിക്കാൻ മേൽജാതിക്കാർ അനുവദിക്കില്ല. ഇവിടത്തെ ഓട്ടോറിക്ഷകളിലെല്ലാം ആളുകളെ കുത്തിനിറച്ചാണ് യാത്ര. അതുപോലെ ശ്രദ്ധയിൽപെട്ട മറ്റൊരു കാര്യം ബൈക്കുകളിൽ നമ്പർ േപ്ലറ്റിന് പകരം ദൈവങ്ങളുടെ പേര് എഴുതിവെച്ചിരിക്കുന്നു. ഇത്തരക്കാരെ പിടികൂടാൻ പൊലീസിനും കഴിയാത്ത അവസ്ഥയാണ്.
കേരളത്തിൽനിന്ന് ഭൂട്ടാനിലേക്ക് കാറിൽ നടത്തിയ അവിസ്മരണീയ യാത്ര - റോഡ് ടു ഭൂട്ടാൻ: ഭാഗം മൂന്ന്
ഏതാനും കിേലാമീറ്റർ സഞ്ചരിച്ചപ്പോഴേക്കും വലിയ ഒരു പാലത്തിലേക്ക് പ്രവേശിച്ചു. മഹാത്മ ഗാന്ധി സേതു എന്നാണ് പാലത്തിെൻറ പേര്. താഴെ ഒഴുകുന്നത് സാക്ഷാൽ ഗംഗ നദിയാണ്. പട്ന നഗരത്തിെൻറ ജീവനാഡിയാണ് ഗംഗ. 5.75 കിലോമീറ്റർ നീളമുണ്ട് ഇൗ പാലത്തിന്. പാലത്തിെൻറ ഒരുഭാഗം പ്രവൃത്തി കാരണം അടച്ചിട്ടിരിക്കുകയാണ്.
അതുകൊണ്ട് തന്നെ ചിലഭാഗങ്ങളിൽ നല്ല തിരക്കുണ്ട്. വളരെ പതുക്കെയാണ് വാഹനങ്ങൾ പോകുന്നത്. 1982ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് പാലം ഉദ്ഘാടനം ചെയ്തത്. വാഹനത്തിരക്ക് കൂടിയതോടെ മറ്റൊരു പാലം കൂടി ഇവിടെ നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഗംഗയുടെ തീരത്ത് വണ്ടി നിർത്തി ഫോേട്ടായെടുക്കണമെന്ന് ആഗ്രഹിച്ചെങ്കിലും പുഴ കടന്ന് ഒരു കിലോമീറ്റർ കഴിഞ്ഞാണ് പാലം അവസാനിച്ചത്.
മുന്നോട്ടുനീങ്ങും തോറും നഗരത്തിെൻറ വലിപ്പമെല്ലാം കുറഞ്ഞു. പിന്നീടങ്ങോട്ട് കാർഷിക ഗ്രാമങ്ങൾ മാത്രമേ കാണാനുള്ളൂ. ഭഗവാൻപുരിന് സമീപം പാതയോരത്ത് കണ്ട ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി. പതിവുപോലെ ആലൂപറാത്തയാണ് കഴിക്കാനുള്ളത്. ഇതുകൂടാതെ കചോരി എന്ന വിഭവം കൂടി ഇവിടെയുണ്ട്. ഭക്ഷണം തയാറാക്കുന്ന സമയത്തിനിടയിൽ ഹോട്ടലിൽനിന്ന് പുറത്തിറങ്ങി. പിന്നിലെല്ലാം വിശാലമായ പാടമാണ്. കടുകാണ് തൊട്ട് മുന്നിലുള്ള കൃഷി. അതിന് പുറകിലായി നെൽകൃഷിയുണ്ട്. റോഡിെൻറ മറുവശം പുകയില ഉൾപ്പെടെ കൃഷികളും സമൃദ്ധമായി വളരുന്നു.
കൃഷിയെല്ലാം കണ്ട് വന്നപ്പോഴേക്കും ഭക്ഷണം റെഡിയായിരുന്നു. വയറും മനസ്സും നിറച്ചുണ്ട് വീണ്ടും വണ്ടിയിൽ കയറി. ദേശീയപാതയാണെങ്കിലും രണ്ടുവരി റോഡാണ്. കാര്യമായ തിരക്കൊന്നുമില്ല. പാതയോരങ്ങളിൽ ധാരാളം വീടുകൾ കാണാം. മണ്ണും പുല്ലുമെല്ലാമാണ് അവയുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽനിന്ന് കൊണ്ടുവന്ന വൈക്കോൽ കൂനകൾ ഇവക്ക് മുന്നിൽ കൂട്ടിയിട്ടിരിക്കുന്നു.
റോഡിന് നടുവിലെ പച്ചക്കറിചന്തകൾ
ഏകദേശം 20 കിലോമീറ്റർ ഇടവിട്ട് ചെറുനഗരങ്ങൾ കടന്നുവരുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ആളുകളെല്ലാം റോഡിൽ തന്നെയുണ്ടാകും. കച്ചവടവും റോഡിൽവെച്ച് തന്നെയാണ്. ബിഹാർ എന്ന് കേൾക്കുേമ്പാൾ ആദ്യം മനസ്സിലെത്തുക മുൻ മുഖ്യമന്ത്രിയും റെയിൽവേ മന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ പേരാണ്.
അഴിമതിക്കേസിൽ ജയിലിലാണെങ്കിലും അദ്ദേഹത്തിെൻറ പ്രതാപത്തിന് ഒട്ടും മങ്ങലേൽപ്പിച്ചിട്ടില്ല എന്ന് തോന്നും വഴിയോരങ്ങളിലെ ആർ.ജെ.ഡിയുടെ േപാസ്റ്ററുകൾ കാണുേമ്പാൾ. എന്തൊക്കെയായാലും വികസനത്തിെൻറ കാര്യത്തിൽ ഏറെ പിറകിലാണ് ബിഹാറെന്ന് ഒാരോ കിലോമീറ്റർ സഞ്ചരിക്കുേമ്പാഴും മനസ്സിലാകും.ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും നിറവേറ്റിക്കൊടുക്കാൻ സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല.പലകുടുംബങ്ങളും നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. വികസനം തൊട്ടുതീണ്ടാത്ത ഗ്രാമങ്ങളാണ് മിക്കവയും.
പലയിടത്തും ശാഹീൻബാഗ് സമരത്തിന് െഎക്യദാർഢ്യവുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ കാണാൻ സാധിച്ചു. ഞങ്ങൾ േപാകുന്ന സമയത്താണ് ബിഹാറിലെ ഒരു സമരത്തിനുനേരെ സംഘ്പരിവാർ ആക്രമണം ഉണ്ടാകുന്നത്. കാഴ്ചകൾ കണ്ട് പോകുന്നതിനിടെ സമയം പോയതറിഞ്ഞില്ല. ഉച്ചയായിട്ടുണ്ട്. പക്ഷെ, മൂടിക്കെട്ടിയ ആകാശമായതിനാൽ തെളിച്ചമില്ലാത്ത പോലെയാണ്. ചൂടിന് പകരം ചെറിയ തണുപ്പുമുണ്ട്.
ഇൗ യാത്രയിൽ ഹൈദരാബാദ് മുതൽ ഇതേ അവസ്ഥയായിരുന്നു അന്തരീക്ഷത്തിന്. 10 മണിക്കാണ് വയറുനിറച്ച് ഭക്ഷണം കഴിച്ചത്. അതുകൊണ്ട് തന്നെ കാര്യമായ വിശപ്പൊന്നുമില്ല. വഴിയോരത്തുനിന്ന് കുറച്ച് ഒാറഞ്ച് വാങ്ങി വണ്ടിയിൽ വെച്ചു. കാഴ്ചകൾക്ക് കാര്യമായ വ്യത്യാസമൊന്നുമില്ല. കൃഷി തന്നെയാണ് എവിടെയും.
കൃഷിയില്ലാത്ത ഭാഗങ്ങളിൽ ഇഷ്ടിക ഫാക്ടറികളും ഉയർന്നുനിൽപ്പുണ്ട്. സമയം നാല് മണിയായിട്ടുണ്ട്. പട്നയിൽനിന്ന് തുടങ്ങിയിട്ട് 400 കിലോമീറ്റർ പിന്നിട്ടു. കാര്യമായിട്ട് എവിടെയും ഇറങ്ങിയിട്ടില്ല. ചെറിയ ഒരു കവല കണ്ടപ്പോൾ വണ്ടിനിർത്തി. നൂരി ചൗക്ക് എന്നാണ് സ്ഥലത്തിെൻറ പേര്. തനത് കാർഷിക ഗ്രാമം.
നേപ്പാൾ അതിർത്തിയിലേക്ക് വലിയ ദൂരമൊന്നുമില്ല ഇവിടെനിന്ന്. ചെറിയ ചായക്കടയിൽ കയറി. പക്കവടയും ബ്രഡ്ഡുമെല്ലാം കൂട്ടി ചായകുടിച്ചു. ഷീറ്റ് കൊണ്ട് മേഞ്ഞ ചെറിയ കടകളാണ് പലതും. ഇവക്ക് മുന്നിൽ വിൽപ്പനക്കായി നെല്ലെല്ലാം കൂട്ടിവെച്ചിട്ടുണ്ട്. അതുപോലെ പാതയോരത്ത് കർഷകർ ക്വാളിഫ്ലവർ പോലുള്ള പച്ചക്കറികളും കൊണ്ടുവന്ന് തൂക്കിവിൽക്കുന്നു. വിചാരിച്ച തുക ലഭിക്കാത്തതിലെ നിരാശ പല കർഷകരുടെയും മുഖത്ത് തെളിയുന്നുണ്ട്.
ഗ്രാമത്തിെൻറ ഉള്ളിലേക്ക് നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഒറ്റനില വീടുകളാണ് എങ്ങും. പലതും ഒാലകൊണ്ട് മേഞ്ഞവ. ചില വീടുകൾ ഇഷ്ടിക കൊണ്ടാണ് നിർമിച്ചിട്ടുള്ളതെങ്കിലും ചുമരൊന്നും തേച്ചിട്ടില്ല.
കുട്ടികൾ വഴിയോരങ്ങളിൽ ഒാടിക്കളിക്കുന്നുണ്ട്. ചക്രമെല്ലാം ഉരുട്ടിനടക്കുകയാണ് അവർ. കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കാഴ്ചകൾ. പശുക്കളും ആടുകളുമെല്ലാം ഗ്രാമത്തിെൻറ അഭിവാജ്യഘടകമായി കാണാം.
കാർഷികവൃത്തിയാണ് പലരുടെയും വരുമാന മാർഗം. കുറച്ചുപേർ പ്രതീക്ഷയുടെ പുൽനാമ്പുകൾ തേടി പ്രവാസ ലോകത്താണ്. അവരുടെ വീട്ടിൽ അൽപ്പം 'ആർഭാടവും' കാണാം. ഏതാനുംനേരം ഗ്രാമത്തിൽ ചെലവഴിച്ച് തിരിച്ചുനടക്കാൻ തുടങ്ങി. പോകുന്ന വഴിയിൽ തട്ടുകടയിൽ എന്തോ സാധനം തയാറാക്കുന്നുണ്ട്.
ന്യൂഡിൽസും മകറോണിയും കൂടിയുള്ള വിഭവമാണ്. കാണാൻ നല്ല രസമുണ്ട്. തയാറാക്കുന്ന രീതി അതിലേറെ മനോഹരം. പിന്നെ അത് വാങ്ങാതിരിക്കാൻ മനസ്സ് അനുവദിച്ചില്ല. തരക്കേടില്ലാത്ത രുചിയുമുണ്ട്. നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്ന വിഭവമാണ്. പേരറിയാത്ത ആ വിഭവവും കഴിച്ച് വണ്ടിയിൽ കയറി. 20 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും വെസ്റ്റ് ബംഗാളിലെ ഡാർജിലീങ് ജില്ലയിലേക്ക് പ്രവേശിച്ചു.
നേപ്പാളിൽനിന്നൊരു ചായ
പത്ത് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ പാനിടങ്കിയിൽ നേപ്പാൾ ബോർഡറുണ്ടെന്ന് മനസ്സിലാക്കി. എന്തായാലും ഇത്രയും ദൂരം വണ്ടിയോടിച്ച് വന്നതാണ്. അയൽരാജ്യമൊന്ന് സന്ദർശിച്ചില്ലെങ്കിൽ മോശമല്ലേ എന്ന് കരുതി വണ്ടി ഇടത്തോട്ട് തിരിച്ചു. അതിർത്തിയിൽ ഇന്ത്യൻ സുരക്ഷ ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു. കെ.എൽ നമ്പർ േപ്ലറ്റ് കണ്ടിട്ട് അവർക്ക് പെെട്ടന്ന് മനസ്സിലായില്ല.
സാധാരണ നേപ്പാളിലേക്ക് മലയാളികൾ പോകുന്നത് ഉത്തർപ്രദേശിലെ ഖൊരഖ്പുർ വഴി സോനോലിയിലൂടെയാണ്. അവിടെനിന്ന് ഭൂട്ടാനും നോർത്ത് ഇൗസ്റ്റുമെല്ലാം കാണാൻ താൽപ്പര്യമുള്ളവർ പാനിടങ്കിയിലൂടെ ഇന്ത്യയിലേക്കെത്തും. വണ്ടിയുടെ പേപ്പറുകളെല്ലാം പരിശോധിച്ച് ഞങ്ങളെ കടത്തിവിട്ടു.
മേച്ചി നദിക്ക് കുറുകെയുള്ള പാലം കടന്ന് ഫോർച്യൂണറും ഞങ്ങളും നേപ്പാളിെൻറ മണ്ണിലെത്തി. ഇൗ യാത്രയിലെ ഞങ്ങളുടെ മറ്റൊരു നാഴികക്കല്ലായിരുന്നു അത്. പാലം കടന്ന് മേച്ചിനഗർ എന്ന നഗരത്തിലേക്കാണ് എത്തിയത്. ഇവിടെനിന്ന് ഏകദേശം 450 കിലോമീറ്റർ ദൂരമുണ്ട് നേപ്പാളിെൻറ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക്.
എമിഗ്രേഷൻ ഒാഫിസിെൻറ മുന്നിൽ വണ്ടിനിർത്തി. അതിനപ്പുറത്തേക്ക് വണ്ടിയുമായി പോകണമെങ്കിൽ ഒാഫിസിൽ പോയി രേഖകളെല്ലാം നൽകി പെർമിറ്റ് എടുക്കണം. പാസ്പോർട്ട് ഇല്ലാതെ തന്നെ ഇന്ത്യക്കാർക്ക് നേപ്പാളിലൂടെ സഞ്ചരിക്കാൻ കഴിയും. തിരിച്ചറിയൽ കാർഡിെൻറ ആവശ്യമേയുള്ളൂ. പിന്നെ വാഹനം കൊണ്ടുപോകണമെന്നുണ്ടെങ്കിൽ അതിെൻറ അസ്സൽ രേഖകളും വേണം. നേപ്പാളിലൂടെ ദീർഘമായൊരു യാത്ര നടത്താനുള്ള ഉദ്ദേശം ഞങ്ങൾക്കില്ലായിരുന്നു. കുറച്ചുനേരം അവിടെ ചെലവഴിക്കണമെന്ന് മാത്രമേ കരുതിയിട്ടുള്ളൂ.
വെൽക്കം ടു നേപ്പാൾ എന്നെഴുതിയ വലിയ കാമാനത്തിന് നടുവിലൂടെ നടന്നു. പൊലീസെല്ലാം ഉണ്ടെങ്കിലും പരിശോധനയൊന്നുമില്ല. സമയം ഏഴ് മണിയായിട്ടുണ്ട്. എന്തെങ്കിലും ഭക്ഷണം കിട്ടുേമാ എന്ന് നോക്കി. ഒരു കിലോമീറ്റർ നടന്നിട്ടുണ്ടാകും. ചെറിയ ഹോട്ടൽ കണ്ടു. പ്രായമായ സ്ത്രീയാണ് കട നടത്തുന്നത്.
കാര്യമായിട്ട് കഴിക്കാൻ ഒന്നുമില്ല. ചായയും ബിസ്ക്കറ്റുമാണുള്ളത്. നേപ്പാളിൽ പോയിട്ട് ഒന്നും കഴിച്ചില്ല എന്ന് വേണ്ട എന്ന് കരുതി അവ തരാൻ പറഞ്ഞു. ഇന്ത്യൻ പൈസയാണ് കൊടുത്തത്. ഒരു ഇന്ത്യൻ രൂപ എന്നത് 1.60 നേപ്പാളീസ് രൂപയാണ്. 100 രൂപയായിരുന്നു നൽകിയത്. തിരിച്ച് ഞങ്ങൾ നേപ്പാളി പൈസ മതി എന്ന് പറഞ്ഞു. ഒാർമക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ എന്തെങ്കിലും വേണമല്ലോ.
അവിടെനിന്ന് ഇറങ്ങി തിരിച്ചുനടന്നു. അടുത്ത് തന്നെ ഒരു ക്ഷേത്രമുണ്ട്. അവിടെ ചെറിയ ഉത്സവം നടക്കുകയാണ്. കുറച്ചുനേരം അതിന്‍റെയും ഭാഗമായി. ഏകദേശം ഒരു മണിക്കൂർ നേപ്പാളിൽ ചെലവഴിച്ചു. വണ്ടിയെടുത്ത് അയൽരാജ്യത്തോട് വിടപറഞ്ഞ് വീണ്ടും ഇന്ത്യയിലേക്ക്. അതിർത്തി സുരക്ഷസേനയുടെ വക ചെറിയ ചോദ്യംചെയ്യലെല്ലാം കഴിഞ്ഞ് മാതൃരാജ്യത്തിെൻറ റോഡിലൂടെ കുതിക്കാൻ തുടങ്ങി.
1967ൽ ഇന്ത്യയിൽ നക്സൽ പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ട നക്സൽബാരി എന്ന പോരാട്ടഭൂമിക പിന്നിട്ട് സിലിഗുരിയിലെത്തി. രാത്രിയായതിനാൽ നഗരത്തിൽ വലിയ തിരക്കൊന്നുമില്ല. വെസ്റ്റ് ബംഗാളിലെ പ്രധാന നഗരങ്ങളിലൊന്നാണ് സിലിഗുരി. ഒരുപാട് നാടുകളിലേക്കുള്ള ഇടനാഴിയാണ് ഇൗ നഗരം.
ബംഗ്ലാദേശിനോടും നേപ്പാളിനോടും ചൈനയോടും ഭൂട്ടാനിനോടും അതിർത്തി പങ്കിടുന്ന നാട്. നോർത്ത് ഇൗസ്റ്റ് എന്ന ലോകത്തേക്കുള്ള വാതിൽ. ഹിമാലയത്തിെൻറ കവാടം. അങ്ങനെ എണ്ണിയാലൊതുങ്ങാത്ത പ്രത്യേകതകളുണ്ട് സിലിഗുരിക്ക്.
ബീഹാറിലെ ഗ്രാമീണ കാഴ്ചകളും നേപ്പാളെന്ന അതിർത്തി രാജ്യവും കണ്ടതിെൻറ ത്രില്ലിലാണെന്ന് തോന്നുന്നു, കാര്യമായ ക്ഷീണമൊന്നുമില്ല മൂന്നുപേർക്കും. കുറച്ചുനേരം കൂടി ഡ്രൈവ് ചെയ്യാൻ തീരുമാനിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് ടീസ്റ്റ നദിക്ക് കുറുകെ നിർമിച്ച കോറണേഷൻ പാലവും കടന്ന് യാത്ര തുടർന്നു. നാഗാർകാട്ട എന്ന സ്ഥലമെത്തുേമ്പാൾ സമയം 10 മണിയായിട്ടുണ്ട്. യാത്ര അതോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചു.
ഗ്രാമത്തിനകത്തുള്ള റിസോർട്ടിലാണ് റൂമെടുത്തത്. പുറത്ത് നല്ല തണുപ്പാണ്. സമയം വൈകിയിട്ടുണ്ടെങ്കിലും ഭക്ഷണം അവർ തന്നെ ഒരുക്കിത്തന്നു. ഇനി ഏകദേശം 80 കിലോമീറ്റർ മാത്രമേയുള്ളൂ ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ ഭൂട്ടാെൻറ അതിർത്തിയിലേക്ക്. സന്തോഷങ്ങളുടെ നാട്ടിലേക്ക് നാളെ പ്രവേശിക്കുന്നതും സ്വപ്നം കണ്ട് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി.
(തുടരും)
vkshameem@gmail.com
Itinerary
Day 6:
Patna to Nagarkata (West Bengal) - 530 KM
Route: Darbhanga, Araria, Mechi Nagar (Nepal), Siliguri.
Journey Time: 8.00 AM - 10.00 PM (14 hrs)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.