മൂന്നാറിൽ മാത്രമല്ല, ചാലക്കുടി - പറമ്പിക്കുളം വനപാതയിലൂടെയും ട്രെയിനുകൾ ഒാടിയിരുന്നു
text_fieldsഒരു നൂറ്റാണ്ടിനുശേഷം മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വീണ്ടും ട്രെയിനുകളുടെ ചൂളംവിളി ഉയരാൻ പോകുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് സഞ്ചാരപ്രിയർ ഏറ്റെടുത്തത്. മൺമറഞ്ഞുപോയ ട്രാംവേ പുനരുജ്ജീവിപ്പിക്കാനുള്ള പ്രയത്നത്തിലാണ് അധികൃതർ. അത് യാഥാർഥ്യമായാൽ മൂന്നാറിെൻറ മുഖഛായ തന്നെയാണ് മാറുക. കൂടാതെ, ടൂറിസം രംഗത്ത് വൻ കുതിപ്പുമേകും.
മൂന്നാറിലേത് പോലെ വിസ്മൃതിയിലാണ്ടുപോയ ട്രാംവേയാണ് ചാലക്കുടിയിൽനിന്ന് പറമ്പിക്കുളത്തേക്കുള്ള പാത. വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാരുടെ കാലത്ത് മരങ്ങൾ മുറിച്ചുകടത്താനാണ് ഇവിടെയും ട്രാംവേ നിർമിച്ചത്. പിന്നീട് മരങ്ങൾ കടത്താൻ മറ്റു മാർഗങ്ങൾ വന്നതോടെ ഇതിെൻറ പ്രസക്തി നഷ്ടപ്പെടുകയും ട്രെയിനിെൻറ ചൂളംവിളികൾ ഒാർമകളിലേക്ക് മറയുകയുമായിരുന്നു.
വേണം, പറമ്പിക്കുളത്തേക്കൊരു പാത
കേരളത്തിെൻറ ഭാഗമാണെങ്കിലും ഏറെ വിചിത്രമായ വഴിയാണ് നിലവിൽ പറമ്പിക്കുളത്തേക്ക്. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണ് ഈ പ്രദേശം. പഞ്ചായത്ത് ആസ്ഥാനത്തുനിന്ന് റോഡുമാർഗം പൊള്ളാച്ചി വഴി 60ലേറെ കിലോമീറ്റർ തമിഴ്നാട്ടിലൂടെ ചുറ്റിവേണം കാടിെൻറ മടിത്തട്ടിൽ ഒളിച്ചിരിക്കുന്നു ഇൗ മനോഹരമായ പ്രദേശത്ത് എത്താൻ.
2010ൽ ഇവിടം കടുവ സങ്കേതമായി പ്രഖ്യാപിച്ചു. കടുവ, പുലി, ആന, കാട്ടുപോത്ത്, വരയാട്, മുതല തുടങ്ങിയ വന്യജീവികള്‍ പറമ്പിക്കുളത്തെ സമ്പന്നമാക്കുന്നു. വിവിധ ആദിവാസി ഗോത്രവിഭാഗങ്ങളുടെ വാസസ്ഥലം കൂടിയാണ് പറമ്പിക്കുളം. കേരളത്തിലൂടെ വഴിയില്ലാത്തതിനാൽ ഇവിടത്തെ ആദിവാസികൾ ഇന്ന് സമരപാതയിലാണ്. കാട്ടിലൂടെ വഴിെവട്ടിയാണ് ഇവർ അധികൃതർക്കുനേരെ സമരത്തിെൻറ പോർമുഖം തുറന്നിരിക്കുന്നത്. െചമ്മണാമ്പതി-തേക്കടി വഴി റോഡ് വേണമെന്നാണ് ഇവരുടെ ആവശ്യം. ഇത് യാഥാർഥ്യമായാൽ സഞ്ചാരികൾക്ക് കൂടി ഏറെ പ്രയോജനപ്പെടും.
ട്രക്കിങ്, ജംഗിള്‍ സഫാരി, നാച്വറല്‍ ക്യാമ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. കൂടാതെ മരമുകളിലെയും കുടിലുകളിലെയും പുഴയോരത്തെയും താമസം നവ്യാനുഭവമാകും. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള തേക്കുകളിലൊന്നായ കന്നിമാരയും പറമ്പിക്കുളത്തിെൻറ അഭിമാനമായി ഉയർന്നുനിൽക്കുന്നു. ഏഴ് മീറ്റർ വണ്ണവും 40 മീറ്റർ ഉയരവുമുണ്ട് ഇതിന്. 450ലധികം വർഷങ്ങൾക്ക് മുകളിലാണ് ഇതിെൻറ പ്രായം.
ആധുനികതയുടെ തിരക്കുകളും ബഹളങ്ങളും അന്യമായ പറമ്പിക്കുളം ഏതൊരു സഞ്ചാരിയുടെയും മനം കീഴടക്കും. ഇവിടെ എത്തുന്ന പ്രകൃതിസ്നേഹികൾക്ക് കാടിെൻറ പാലഭാഗങ്ങളിലും ഒരു ഒാർമക്കുറിപ്പായി പഴയ ട്രാംവേയുടെ ശേഷിപ്പുകൾ കാണാം.
വീണ്ടും വരുമോ കൊച്ചിൻ ട്രാംവേ?
അരനൂറ്റാണ്ട് മുമ്പ് നിർത്തലാക്കിയ ചാലക്കുടിയിലെ കൊച്ചിൻ ട്രാംവേ പുനരുജ്ജീവിപ്പിക്കാനാവുമോയെന്ന ആശയം ഈയിടെ ശക്തമായി ഉയർന്നുവരുന്നുണ്ട്. ട്രാംവേ പുനർനിർമിച്ചാൽ ചാലക്കുടിയിൽനിന്ന് പറമ്പിക്കുളം വരെ പശ്ചിമഘട്ടത്തിെൻറ നിറവാർന്ന കാഴ്ചകൾ ആസ്വദിച്ച് പോകാൻ കഴിയുമെന്നത് ഇക്കോ ടൂറിസത്തിെൻറ പുതിയ സാധ്യതയാണ്. അതിരപ്പിള്ളി അന്താരാഷ്ട്ര പ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രമായി വളർന്ന സാഹചര്യത്തിൽ ട്രാംവേയിലൂടെ ഇടതൂർന്ന വനത്തിലേക്കുള്ള യാത്ര ധാരാളം സഞ്ചാരികളെ ആകർഷിക്കും.
വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം പറമ്പിക്കുളത്തേക്കുള്ള വഴികൾ ഏറെ ചുറ്റി വളയലാണ്. എന്നാൽ, പഴയ ട്രാംവേ പുനരുജ്ജീവിപ്പിച്ചാൽ ചാലക്കുടിയിൽനിന്ന് നിത്യഹരിത വനത്തിലൂടെ ദീർഘയാത്ര ചെയ്യാതെ നേരെ പറമ്പിക്കുളത്തെത്താം. പറമ്പിക്കുളത്തെ വന്യമൃഗങ്ങളും തേക്ക് തോട്ടവും വഴിയിലെ കാഴ്ചകളുമെല്ലാമായി അവിസ്മരണീയ സഞ്ചാരാനുഭവമാകും.
ട്രാംവേക്ക് ടൂറിസത്തിന് അപ്പുറത്ത് പൈതൃകസംരക്ഷണത്തിെൻറ മുഖം കൂടിയുണ്ട്. വനത്തിൽനിന്നും തടികൾ കൊണ്ടുപോകാൻ 1894ൽ കൊച്ചിൻ ഫോറസ്റ്റ് കൺസർവേഷൻ മേധാവിയായ ജെ.സി. കോളോഫ് ആണ് ട്രാംവേയുടെ ആശയം മുന്നോട്ടുവച്ചത്. ആർവി ഹാറ്റ്ഫീൽഡ് എന്ന വിദഗ്ധൻ ഇതിെൻറ നിർമാണം ഏറ്റെടുത്തു.
1901ൽ പണിയാരംഭിച്ച ട്രാംവേ ഏകദേശം ഏഴ് വർഷം കൊണ്ട് പൂർത്തിയാക്കി. 1907ൽ ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് മേധാവിയായിരുന്ന ലോർഡ് ആപ്റ്റിനായിരുന്നു ഉദ്ഘാടനം. ചാലക്കുടി മുതൽ പറമ്പിക്കുളം വരെ ഏകദേശം 80 കിലോ മീറ്റർ ദൂരമാണ് പാതക്ക് ഉണ്ടായിരുന്നത്. ഇതിൽ 30 കിലോ മീറ്ററോളം മാത്രമേ ആവി എഞ്ചിൻ പോകുമായിരുന്നുള്ളൂ. ബാക്കി ദൂരം വാഗണുകൾ മലമുകളിലേക്ക് കെട്ടി വലിക്കുകയായിരുന്നു.
പ്രത്യേകിച്ച് ഇന്ധനമൊന്നുമില്ലാതെ ഭൂഗരുത്വ തത്വം ഉപയോഗിച്ച് വാഗണുകൾ പ്രവർത്തിച്ചുവെന്നതാണ് ഇതിെൻറ സാങ്കേതിക വൈദഗ്ധ്യം. ഒരു കപ്പിയിലെന്നപോലെ വലിയ ഇരുമ്പുവടങ്ങളിൽ ബന്ധിപ്പിച്ച് താഴേക്ക് ഇറങ്ങുന്ന തടികയറ്റിയ വാഗണുകളുടെ ഭാരം കൊണ്ട് ഒഴിഞ്ഞ വാഗണുകൾ മുകളിലേക്ക് കയറ്റി.
വനം വകുപ്പിന് കീഴിലുണ്ടായിരുന്ന ഇത് പിന്നീട് കൊച്ചി രാജാവിെൻറ ദിവാന് കീഴിൽ പ്രവർത്തിക്കുന്ന എൻജിനീയറുടെ മേൽനോട്ടത്തിലാക്കി. പറമ്പിക്കുളത്തുനിന്ന് കയറ്റി വരുന്ന തടികൾ ചാലക്കുടി െറയിൽവേ സ്റ്റേഷനിൽകൂടി കൊച്ചിയിലെത്തുകയും അവിടെനിന്ന് കപ്പൽ മാർഗം ബ്രിട്ടനിലേക്ക് എത്തിക്കുകയുമായിരുന്നു. ഏകദേശം 60 വർഷത്തോളം ഇത് പ്രവർത്തിച്ചു.
1963ലാണ് ട്രാംവെ നിർത്തിയത്. നാട്ടിൽ ഇതിെൻറ ഭാഗമായിരുന്ന െറയിലുകൾ അക്കാലത്ത് തന്നെ പൊളിച്ചുമാറ്റി. പാത റോഡായി മാറി. ഇതിെൻറ ഭാഗമായ സ്ഥലങ്ങൾ പലതും കൈയേറി അന്യാധീനപ്പെട്ട അവസ്ഥയിലാണ്. ഇപ്പോൾ ഇതിെൻറ അടയാളമായി ചാലക്കുടിയിൽ അവശേഷിക്കുന്നത് െറയിൽവേ സ്റ്റേഷനിൽ തടികൾ കയറ്റാൻ ഉപയോഗിച്ച ക്രെയിനും ട്രാംവേ വർക്ക് ഷോപ്പും അതിെൻറ ഒാഫിസായ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുമാണ്. എന്നാൽ, കാട്ടിൽ പലയിടത്തും പറമ്പിക്കുളം വരെ ട്രാംവേയുടെ തുരുമ്പിച്ച െറയിൽപാളങ്ങളും പാലങ്ങളും അതേപടി കിടപ്പുണ്ട്.
പുനരുജ്ജീവനം അസാധ്യമല്ല
ട്രാംവേയുടെ പുനരുജ്ജീവനം അത്ര പ്രായോഗികമാണെന്ന് പറയാനാവില്ല. സാങ്കേതിക പ്രശ്‌നം മാത്രമല്ല, പാരിസ്ഥിതികവും സാമൂഹികവുമായ വശങ്ങൾ കൂടിയുണ്ടതിന്. ട്രാംവേ പുനരുജ്ജീവിപ്പിക്കണമെന്ന് പറഞ്ഞാൽ ചാലക്കുടി, കോടശേരി, വെള്ളിക്കുളങ്ങര ഭാഗങ്ങളിൽ വലിയ പ്രക്ഷോഭമുണ്ടാകും. ഇതിെൻറ വകയായ സ്ഥലങ്ങൾ പലരുടെയും കൈവശമാണ്. അത് വിട്ടുകൊടുക്കാൻ ആരും തയാറാവുകയില്ല. മാത്രമല്ല റോഡുകൾ വീണ്ടും െറയിൽ പാളമാക്കുന്നത് പ്രതിസന്ധികൾ സൃഷ്ടിക്കും. പാതയുടെ പേരിൽ വനം നശിപ്പിക്കപ്പെടുമോയെന്നതും ചോദ്യമാണ്.
എന്നാൽ, സാങ്കേതിക വിദ്യ ഏറെ പിന്നിലായിരുന്ന നൂറ്റാണ്ട് മുമ്പ് ട്രാംവേ എന്ന ആശയം ആദ്യം അവതരിപ്പിച്ചപ്പോൾ അന്ന് ഒരുപക്ഷേ ആരും അത് കേരളത്തിൽ നടപ്പാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരിക്കില്ല. അത്രയൊന്നും സാങ്കേതിക വിദ്യ വികസിക്കാത്ത അക്കാലത്ത് അത് പ്രയോഗത്തിൽ വരുത്താൻ കഴിഞ്ഞെങ്കിൽ ഇന്ന് പുനരുജ്ജീവനം അസാധ്യമല്ലെന്നാണ് കണക്കുകൂട്ടൽ.
കാര്യമായ പ്രക്ഷോഭമോ പ്രശ്നങ്ങളോ കൂടാതെ ട്രാംവേയെ ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിയുമെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. ജനവാസ പ്രദേശങ്ങളിൽ കുറച്ചുദൂരം ട്രാംവേ ഒാവർ ബ്രിഡ്ജ് വഴി കൊണ്ടുപോകാമെന്നാണ് ഇവരുടെ നിർദേശം. കൊച്ചി മെട്രോ െറയിലെല്ലാം വന്ന ഇൗ കാലത്ത് ഇത് വെറും ദിവാസ്വപ്നമല്ല. വനമേഖലയിൽ പഴയ പാത നവീകരിച്ചാൽ മാത്രം മതി.
അത് യാഥാർഥ്യമാക്കിയാൽ പൈതൃകസംരക്ഷണത്തോടൊപ്പം വിദേശനാണ്യം നേടിത്തരുന്ന ടൂറിസം വികസനവുമാകും. മൂന്നാറിൽ ട്രെയിനുകൾ പായുന്നതിന് പിന്നാലെ ചാലക്കുടിയിൽനിന്ന് പറമ്പിക്കുളത്തേക്കും ട്രെയിനുകൾ ഒാടുന്ന കാലം നമുക്ക് സ്വപ്നം കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.