പെർമിറ്റ് ചതിച്ചു, ഇൗ മടക്കം അപ്രതീക്ഷിതം
text_fieldsയാത്രയുടെ പത്താമത്തെ ദിവസമായിരിക്കുന്നു. തിംഫു നഗരത്തിലെ 'യാർ ഡ്രോലിങ്' എന്ന ഹോട്ടലിലാണ് കഴിഞ്ഞ മൂന്ന് രാത്രി തങ്ങിയത്. ഭൂട്ടാനിെൻറ തലസ്ഥാന നഗരിയോട് വിടപറയാൻ സമയമായി. ഇവിടെനിന്ന് പടിഞ്ഞാറ് ഭാഗത്തായുള്ള ഫോബ്ജിക വാലിയിലെത്താനാണ് ഇന്ന് തീരുമാനിച്ചിട്ടുള്ളത്.
ബാഗിൽ സാധനങ്ങളെല്ലാം നിറച്ച് വണ്ടിയിലെടുത്തുവെച്ചു. അവിടെയുള്ള റെസ്റ്റോറൻറിൽനിന്ന് ഭക്ഷണവും കഴിച്ചു. മൂന്ന് ദിവസം ഞങ്ങൾക്ക് ആതിഥേയത്വം നൽകിയ ഹോട്ടലിലെ ജീവനക്കാരോട് നന്ദി പറഞ്ഞിറങ്ങി.
തിംഫു പിന്നിട്ടതോടെ കുന്നും മലകളും താണ്ടാൻ തുടങ്ങി. പക്ഷെ, കഴിഞ്ഞദിവസം പാറോയിലേക്ക് പോയതിൽനിന്ന് വ്യത്യസ്തമായി ജനവാസമുള്ള ഭാഗത്തുകൂടിയാണ് യാത്ര. തിംഫു-പുനാഖ ഹൈവേയാണിത്. അതിമനോഹരമായ കാഴ്ചകളാണ് വരുന്നത്. ഹരിതമലകൾക്ക് മീതെ നീലാകാശവും അതിന് താഴെ മേഘങ്ങളും കൂടുകൂട്ടുന്നു. ഏതോ മായികലോകത്തേക്കാണ് ആ പാത നയിക്കുന്നതെന്ന് മനസ്സ് മന്ത്രിച്ചു.
ഏകദേശം 20 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ ഹോങ്ഷോയിലെ ഇമിഗ്രേഷൻ പോയിൻറിലെത്തി. ഇവിടെനിന്ന് മുന്നോട്ടുപോകണമെങ്കിൽ ഞങ്ങളുടെ പെർമിറ്റെല്ലാം കാണിച്ചുകൊടുക്കണം. പെർമിറ്റുമായി ഒാഫിസറുടെ അടുത്തെത്തി. അയാൾ പെർമിറ്റ് പരിശോധിച്ചിട്ട് പറഞ്ഞു, ഇത് ഉപയോഗിച്ച് ഇനി മുന്നോട്ടുപോകാൻ പറ്റില്ല എന്ന്. ഞങ്ങൾ ആകെ സ്തംഭിച്ചുപോയി. എന്താണ് പ്രശ്നമെന്ന് ആദ്യം മനസ്സിലായില്ല. അയാൾ പെർമിറ്റ് ഒന്നുകൂടി വായിച്ചുനോക്കാൻ പറഞ്ഞു.
രണ്ട് പെർമിറ്റാണ് ഞങ്ങളുടെ കൈയിലുള്ളത്. ഒന്ന് ഇന്ത്യയിൽനിന്ന് കയറിയപ്പോൾ ഫുൻഷോലിങ്ങിൽനിന്ന് ലഭിച്ചത്. ഫെബ്രുവരി 12 മുതൽ 18 വരെ ഭൂട്ടാനിൽ തങ്ങാനുള്ള പെർമിറ്റാണത്. അതുപയോഗിച്ച് തിംഫു, പാറോ എന്നീ ജില്ലകളിൽ മാത്രമാണ് സന്ദർശിക്കാൻ കഴിയുക. തിംഫുവിൽ എത്തിയശേഷം പുനാഖ, വാങ്ഡു, ഫോബ്ജിക, ഹാ, ചേലേല എന്നിവിടങ്ങളിലേക്കുള്ള പെർമിറ്റ് ഏജൻറ് എടുത്തുതന്നിരുന്നു.
പക്ഷെ, അവിടെ ഒരു അബദ്ധം സംഭവിച്ചു. ഫെബ്രുവരി 13 മുതൽ 14 വരെ മാത്രമായിരുന്നു ആ പെർമിറ്റിെൻറ കാലാവധി. അതിലെ തീയതി ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. 18 വരെ ഭൂട്ടാനിൽ കഴിയാനുള്ള പെർമിറ്റ് ഉണ്ടല്ലോ എന്ന് കരുതിയാണ് ഫെബ്രുവരി 15ന് ഞങ്ങൾ ഫോബ്ജികയിലേക്ക് പോകുന്നത്. അതാണെങ്കിൽ ഒരു ശനിയാഴ്ചയും. തിംഫുവിലെ ഒാഫിസ് അവധിയായതിനാൽ ഇനി തിങ്കളാഴ്ച മാത്രമാണ് പുതിയ പെർമിറ്റിന് അപേക്ഷിക്കാൻ കഴിയുകയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞങ്ങൾ തകർന്നുപോയ നിമിഷമായിരുന്നു അത്.
പ്രശസ്തമായ ഡോചുല പാസ് വഴി ഫോബ്ജിക വാലിയിലെത്തി, അതിമനോഹരമായ ഗ്രാമത്തിലെ കാഴ്ചകളും അവിടെയുള്ള ഹോം സ്റ്റേയിൽ താമസവും സ്വപ്നം കണ്ടാണ് രാവിലെ വണ്ടിയുമെടുത്ത് ഇറങ്ങിയത്. അടുത്തദിവസം ഭൂട്ടാനിെൻറ പഴയ തലസ്ഥാനമായ പുനാഖയും കറങ്ങണം. എന്നാൽ, ആ സ്വപ്നങ്ങൾക്ക് മുന്നിൽ പെർമിറ്റ് വിലങ്ങുതടിയായി നിൽക്കുന്നു. കാലം കാത്തുവെച്ച കാഴ്ചകൾ തീർന്നില്ലല്ലോ എന്ന മനസ്സുമായി അവിടെനിന്ന് മടങ്ങി. അടുത്തത് എന്താണ് എന്ന് ഒരു പിടിത്തവുമില്ല. മൂന്ന് ദിവസം കൂടി ഭൂട്ടാനിൽ തങ്ങണമെന്ന് ആഗ്രഹിച്ചതായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം തങ്ങിയ തിംഫുവിൽ വീണ്ടും പോയി നിൽക്കാൻ താൽപ്പര്യവുമില്ല.
ഇന്ത്യയിൽ എത്തിയാൽ ആദ്യം പോകാൻ കരുതിയിരുന്നത് സിക്കിമിലെ നാഥുല പാസിലേക്കാണ്. തിങ്കളും ചൊവ്വയും നാഥുല റോഡ് തുറക്കില്ല. ഇപ്പോൾ പുറപ്പെട്ടാൽ രാത്രിയാകുേമ്പാഴേക്കും സിക്കിമിലെത്താം. നാളെ ഞായറാഴ്ചയാണ്. അങ്ങോട്ടുള്ള പെർമിറ്റും എടുത്ത് നാഥുല പോകാൻ ചിലപ്പോൾ കഴിഞ്ഞേക്കും. ആ പ്രതീക്ഷയുമായി വണ്ടി വിട്ടു. അൽപദൂരം പിന്നിട്ടപ്പോൾ പാതയോരത്ത് പഴക്കട കണ്ടു. അവിടെ ഭൂട്ടാനിലെ തനതായ ചില പഴങ്ങളെല്ലാം ഉണ്ട്. പിന്നെ മാലപോലെ വെള്ളക്കട്ടകൾ തൂങ്ങിക്കിടക്കുന്നു. യാക്കിെൻറ പാലിൽനിന്ന് ലഭിക്കുന്ന വെണ്ണകൊണ്ട് തയാറാക്കിയ വിഭവമാണത്. ചുർപ്പി എന്നാണിതിെൻറ പേര്. നല്ല കാഠിന്യമുണ്ടതിന്. പല്ല് കൊണ്ടൊന്നും കടിച്ചാൽ പൊട്ടില്ല. എലിയെപ്പോലെ കാർന്നുവേണം തിന്നാൻ. ചുർപ്പിയും പഴങ്ങളുെമല്ലാം വാങ്ങി യാത്ര തുടർന്നു.
മനസ്സിൽ അപ്പോഴും ഫോബ്ജിക വാലിയിലെ ഗ്രാമങ്ങളായിരുന്നു. ആ സങ്കടം എത്രയായിട്ടും േപാകുന്നില്ല. കിട്ടാത്തിനെക്കുറിച്ച് സങ്കടപ്പെടുന്നതിനേക്കാൾ ഇതുവരെ യാത്രയിൽ ലഭിച്ച അനുഭവങ്ങളും സന്തോഷങ്ങളുമെല്ലാം ഒാർക്കാൻ ഫൈസലാണ് ഉപദേശിച്ചത്. അവെൻറ വാക്കുകൾ വല്ലാത്ത ആശ്വാസം തന്നെയായിരുന്നു.
അല്ലെങ്കിലും റോഡ് ട്രിപ്പുകൾ ഇങ്ങനെയാണ്. നമ്മൾ പ്ലാൻ ചെയ്ത എല്ലാം നടന്നുകൊള്ളണമെന്നില്ല. പിന്നെ പോകുന്ന സ്ഥലങ്ങളിലെ അധിക ചരിത്ര സ്മാരകങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പലകാരണങ്ങളാൽ കാണാൻ സാധിച്ചു എന്നും വരില്ല. എന്തൊക്കെയായാലും റോഡ് ട്രിപ്പുകൾ തരുന്ന ത്രില്ല് വേറെത്തന്നെയാണ്. നമുക്ക് ഇഷ്ടമുള്ള നാടുകളിലൂടെ, ഇഷ്ടമുള്ള വഴികളിലൂടെ വണ്ടിയോടിച്ച് പോവുക എന്ന് പറയുന്നത് തന്നെ ഒരു ഹരമാണ്. പിന്നെ ഇൗ യാത്രയിൽ രണ്ട് രാജ്യങ്ങളുടെ അതിർത്തികളാണ് താണ്ടിയത്. അത് തന്നെ മതി എന്നും മനസ്സിൽ സൂക്ഷിക്കാൻ.
സ്വപ്നം പോലെയൊരു ഗ്രാമം
വീണ്ടും തിംഫു നഗരത്തിനടുത്തെത്തി. അങ്ങകലെ മലമുകളിൽ കഴിഞ്ഞദിവസം സന്ദർശിച്ച ബുദ്ധപ്രതിമ ഉയർന്നുനിൽക്കുന്നത് കാണാം. ആ നാടിനെയാകെ ബുദ്ധ ഭഗവാൻ അനുഗ്രഹം ചൊരിയുന്നത് പോലെ.
നഗരവീഥികൾ പിന്നിട്ട് ഇന്ത്യൻ അതിർത്തിയിലെ ഫുൻഷോലിങ് ലക്ഷ്യമാക്കി നീങ്ങുകയാണ്. വഴിയിൽ അതിമനോഹരമായ താഴ്വാരം കണ്ടു. ഭൂട്ടാനിലെ ഗ്രാമീണ കാഴ്ചകൾ എക്സ്േപ്ലാർ ചെയ്യുന്നത് ഫോബ്ജികയിൽ എത്തിയിട്ടാകാമെന്ന് കരുതി മാറ്റിവെച്ചതായിരുന്നു.
പക്ഷെ, പെർമിറ്റ് ചതിച്ചതോടെ ആ മോഹം പൂവണിഞ്ഞില്ല. അതുകൊണ്ട് തന്നെ താഴെ കാണുന്ന ഗ്രാമം കൂടി സന്ദർശിച്ചിട്ടാകാം മടക്കം. ടാറിട്ട റോഡിൽ നിന്ന് മൺപാതയിലേക്ക് വണ്ടി പ്രവേശിച്ചു. വഴി ഇറങ്ങിച്ചെന്നത് ഇരുമ്പ് പാലത്തിന് അടുത്തേക്കാണ്. താഴെ തിംഫു നദി ഒഴുകുന്നു. പാലവും കടന്ന് വീടുകൾക്ക് മുന്നിലെത്തി.
കാർഷിക കുടുംബങ്ങളാണ് അവിടെയുള്ളത്. സമീപത്തെ വയലുകളിലെല്ലാം വെള്ളം നിറച്ച് ഞാറുകൾ നട്ടിട്ടുണ്ട്. രാജ്യത്തെ പകുതി ജനങ്ങളും കൃഷിയാണ് ആശ്രയിക്കുന്നതെന്ന് ഇൗ ദൃശ്യം അരക്കിട്ടുറപ്പിക്കുന്നു.
ഒരു സ്ത്രീ കുട്ടിയെ മുതുകിൽ പ്രത്യേക രീതിയിൽ ചേർത്തുവെച്ച് കൃഷി സ്ഥലത്തേക്ക് പോകുന്നുണ്ട്. പൊതുവെ കഠിനാധ്വാനികളാണ് ഇവിടത്തെ സ്ത്രീകളും. കടകളിലെല്ലാം സ്ത്രീകളെയാണ് കച്ചവടക്കാരായി കൂടുതലും കാണാൻ കഴിഞ്ഞത്. മരവും കല്ലുംകൊണ്ട് നിർമിച്ച രണ്ട് നില വീടുകളാണ് ആ ഗ്രാമത്തിൽ. വീടിന് മുകളിൽ ബഹുവർണ പതാകകൾ പാറുന്നു. ചെറിയ മരങ്ങളിലെ ഇലകളെല്ലാം പൊഴിഞ്ഞിട്ടുണ്ട്. പിന്നെ വൈക്കോലുകൾ കൂട്ടിവെച്ചിരിക്കുന്നതും കാണാം.
ഞങ്ങളെ കണ്ട് ഒരു വയോധികൻ അടുത്തേക്ക് വന്നു. അദ്ദേഹം ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി. പക്ഷെ, ഒന്നും മനസ്സിലായില്ല എന്നതാണ് സത്യം. 20 കിലോമീറ്റർ അകലെയുള്ള നഗരത്തിലെ ജനങ്ങൾക്ക് ഇംഗ്ലീഷ് അറിയാം. എന്നാൽ ഇതെന്ത് ഭാഷയാണെന്ന് ഒരുപിടിയും കിട്ടുന്നില്ല. അയാൾ ഒരുപാട് നേരം അവിടത്തെ കാര്യങ്ങൾ വിശദീകരിച്ചുതന്നു. എന്തായിരിക്കും അദ്ദേഹം പറഞ്ഞതെന്ന് ഞാനും ഫൈസലും പരസ്പരം ചോദിച്ചു.
ചളിപുരണ്ട അയാളുടെ കൈപിടിച്ച് കുലുക്കി യാത്ര പറഞ്ഞ് ഞങ്ങൾ തിംഫു നദിയുടെ തീരത്തേക്ക് പോയി. ഒട്ടും മാലിന്യമില്ലാതെ ശുദ്ധമായ വെള്ളം. ഹിമാലയത്തിലെ മഞ്ഞുമലകളിൽനിന്ന് വരുന്നതിനാൽ െഎസ് കട്ടക്ക് സമാനമാണ് തണുപ്പ്. പുഴയിലെ പാറക്കല്ലുകളെയെല്ലാം വകഞ്ഞുമാറ്റി താഴോട്ട് ഒഴുകുകയാണ്.
പുഴയുടെ തീരത്തെ വയലുകളും തട്ടുതട്ടായുള്ള വീടുകളുമെല്ലാം കണ്ടിട്ട് അവിടെനിന്ന് മടങ്ങാൻ തോന്നുന്നില്ല. കുറച്ചുനേരം ഫോേട്ടായെടുത്തും വയലുകളിലൂടെ നടന്നും ചെലവഴിച്ചു. കതിരണിഞ്ഞ നെല്ലുകൾ, വീടുകൾക്ക് മുന്നിൽ പൂവും ഇലകളും നിറഞ്ഞ മരങ്ങൾ, പച്ചപ്പിെൻറ മായാജാലം തീർക്കുന്ന മലനിരകൾ... വസന്തം വിരുന്നെത്തുേമ്പാൾ ഇൗ താഴ്വരയുടെ ഭംഗി ആ വയലിന് നടുവിലിരുന്ന് ഉൗഹിച്ചെടുത്തു.
രണ്ട് വിഭാഗം ജനങ്ങളാണ് ഭൂട്ടാനിലുള്ളത്. ഒന്ന് 'ങാലോപ്സ്, മറ്റൊന്ന് 'ഷാർചോപ്സ്'. ആദ്യത്തെ വിഭാഗക്കാർ കൂടുതലായും രാജ്യത്തിെൻറ പടിഞ്ഞാറ് ഭാഗത്തുള്ളവരും മറ്റുള്ളവർ കിഴക്ക് ഭാഗത്തുള്ളവരുമാണ്. ഷാർചോപ്സ് ആണ് രാജ്യത്ത് കുടുതലുള്ളത്. പക്ഷെ, ങാലോപ്സ് ആണ് രാഷ്ട്രീയമായി സ്വാധീനമുള്ളവർ.
രാജകുടുംബമെല്ലാം ഇൗ വിഭാഗക്കാരാണ്. ങാലോപ്സ് തിബറ്റൻ ബുദ്ധിസമാണ് വിശ്വസിക്കുന്നത്. എന്നാൽ, ഷാർചോപ്സ് പുരാതന തിബറ്റൻ ശാഖയായ 'യിങ്മാപ'യാണ് പിന്തുടരുന്നത്. ഇവരുടെ കൊടികളുടെ നിറത്തിലും രൂപത്തിലുമെല്ലാം ചെറിയ വ്യത്യാസമുണ്ട്. അത്തരം കൊടികളാണ് ഇൗ ഗ്രാമത്തിലും കണ്ടത്. സമാനമായ കൊടികൾ കഴിഞ്ഞദിവസം ബിഹാറിലെ ബോധ്ഗയ സന്ദർശിച്ചപ്പോഴും കാണാൻ സാധിച്ചിരുന്നു.
പേടിപ്പിക്കും മലനിരകൾ
ആ താഴ്വാരത്തുനിന്ന് വണ്ടിയെടുത്ത് ഹൈവേയിലേക്ക് കയറി. എവിടെയും കുന്നും മലകളും. താഴെ അഗാധമായ കൊക്കകൾ. ഇടക്ക് വല്ലപ്പോഴും ഗ്രാമങ്ങൾ കണ്ടാലായി. ദൂരങ്ങളിലേക്ക് തുറന്നിരിക്കുന്ന പ്രകൃതിയുടെ മായാമനോഹര ദൃശ്യം. വലിയ പാറകൾ വെട്ടിയാണ് േറാഡുകൾ തയാറാക്കിയിട്ടുള്ളത്. പലയിടത്തും മണ്ണിടിഞ്ഞിട്ടുണ്ട്. അവിടെ റോഡ് പണിയും തകൃതിയായി നടക്കുന്നു. ചിലയിടങ്ങളിൽ വലിയ പാറക്കല്ലുകൾ തലയിലേക്ക് ഇപ്പോൾ വീഴും എന്നനിലക്കാണ് നിൽക്കുന്നത്.
പോകുന്ന വഴിയിൽ ഇന്ത്യൻ പട്ടാളത്തിെൻറ വലിയ ട്രക്കുകൾ കാണാനിടയായി. റോയൽ ഭൂട്ടാൻ ആർമി എന്നാണ് ഇവിടെ സൈന്യത്തിെൻറ യഥാർഥ നാമം. രാജാവിെൻറയും മറ്റു രാഷ്ട്രീയ നേതാക്കളുടെയും അംഗരക്ഷകരും ഭൂട്ടാൻ പൊലീസുമെല്ലാം ഇതിന് കീഴിലാണ് വരുന്നത്. ഇന്ത്യൻ ആർമിയാണ് ഇവർക്ക് ആവശ്യമായ പരിശീലനം നൽകുന്നത്. അതുകൊണ്ട് തന്നെ ഭൂട്ടാനിലെ പലയിടത്തും ഇന്ത്യൻ പട്ടാളക്കാരെ കാണാൻ കഴിയും.
ഇടക്ക് ഒരു ഇമിഗ്രേഷൻ ഒാഫിസിൽ പാസ്പോർട്ടിലെ പെർമിറ്റ് കാണിച്ചുകൊടുത്തു. ജില്ല അതിർത്തികളിലാണ് ഇത്തരം ഒാഫിസുകൾ ഉണ്ടാവുക. ഇവിടെനിന്ന് തിംഫു ജില്ലയോട് വിടപറഞ്ഞ് ഇന്ത്യയോട് അതിർത്തി പങ്കിടുന്നു ചുക്കയിലേക്ക് പ്രവേശിച്ചു. നട്ടുച്ചയാണെങ്കിലും കോടമഞ്ഞ് മൂടിയതിനാൽ നല്ല തണുപ്പുണ്ട്. ഫോർച്യൂണറിെൻറ ഗ്ലാസ് താഴ്ത്തിയപ്പോൾ ഹിമാലയനിരകളെ തഴുകിവരുന്ന കുളിർകാറ്റ് അകത്തേക്ക് പ്രവേശിച്ചു.
ഗേദു എന്ന സ്ഥലമെത്തിയേപ്പാൾ ഭക്ഷണത്തിനായി നിർത്തി. ബഫെറ്റ് രീതിയിലാണ് ഭക്ഷണം വിളമ്പുന്നത്. പ്രായമായ സ്ത്രീകൾ ബിയറും കുടിച്ച് അവിടെ തീ കാഞ്ഞ് ഇരിപ്പുന്നുണ്ട്. ഭൂട്ടാനിലെ ഒട്ടുമിക്ക റെസ്റ്റോറൻറുകളിലും മദ്യം ലഭിക്കും. ഞങ്ങൾ ചോറും യാക്ക് ഇറച്ചികൊണ്ട് തയാറാക്കിയ കറിയും എടുത്തുകഴിച്ചു.
വീണ്ടും മാതൃരാജ്യത്തിെൻറ മണ്ണിൽ
ഗേദുവിൽനിന്ന് രണ്ട് മണിക്കൂർ സഞ്ചരിച്ചപ്പോഴേക്കും അതിർത്തിനഗരമായ ഫുൻഷോലിങ് എത്തി. ഇന്ത്യയിലേക്കാൾ എണ്ണ പൈസ കുറവായതിനാൽ ഫുൾടാങ്ക് ഡീസലടിച്ചു. ഇത്ര മനോഹരമായ രാജ്യത്തിൽനിന്ന് പെെട്ടന്ന് മടങ്ങാൻ തോന്നുന്നില്ല. അതിർത്തിയിലെ കമാനത്തിന് അടുത്തെത്തിയപ്പോൾ വണ്ടി വലത്തോട്ട് തന്നെ തിരിച്ചു. എന്നിട്ട് ഫുൻഷോലിങ് നഗരത്തിലൂടെ ഒന്നുകൂടിനടന്നു.
കുറച്ച് സാധനങ്ങളൊക്കെ വാങ്ങി. തിംഫു, പാറോ എന്നിവിടങ്ങളേക്കാൾ ഇവിടെ സാധനങ്ങൾക്ക് വിലക്കുറവാണ്. പാതയേരാത്ത് ഒരു സ്ത്രീ ലോട്ടറി വിൽക്കാൻ വെച്ചിട്ടുണ്ട്. രണ്ട് രീതിയിലെ ഭൂട്ടാൻ ലോട്ടറി ഉണ്ട് അവരുടെ കൈയിൽ. ഒന്ന് സ്ക്രാച്ച് ചെയ്യുന്ന രീതിയാണ്. അപ്പോൾ തന്നെ ഫലമറിയും. 20 'ങൾട്രം' കൊടുത്ത് അതൊന്ന് പരീക്ഷിച്ചു. നിരാശയായിരുന്നു ഫലം. ശരിക്കുള്ള ലോട്ടറിക്ക് 500 ങൾട്രമാണ് വില. അടിച്ചാൽ കിട്ടുക അഞ്ച് കോടിയും. തൽക്കാലം ഭാഗ്യപരീക്ഷണത്തിന് ഞങ്ങൾ നിന്നില്ല.
അര മണിക്കൂർ കൂടി ചെലവഴിച്ച് വണ്ടിയിൽ കയറി. നാല് ദിവസത്തെ മനോഹരമായ ഒാർമകൾ സമ്മാനിച്ച ഭൂട്ടാനോട് വിടപറയാൻ സമയമായിരിക്കുന്നു. കണ്ടതിനേക്കാൾ ഒരുപാട് കാണാനും അറിയാനുമുണ്ട്. വീണ്ടും ഒരു വസന്തകാലത്ത് ഇൗ സ്വർഗം തേടിവരുമെന്ന ഉറപ്പിൽ വലിയൊരു കമാനത്തിലൂടെ മാതൃരാജ്യേത്തക്ക്് പ്രവേശിച്ചു.
രണ്ട് രാജ്യങ്ങൾ തമ്മിലെ അതിർത്തിയാണെങ്കിലും യാതൊരുവിധ സുരക്ഷ പരിശോധനയുമില്ല. കഴിഞ്ഞദിവസം നേപ്പാളിൽനിന്ന് തിരിച്ചുകയറിയപ്പോൾ പരിശോധനക്കായി ഒരുപാട് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പൊതുവെ സമാധാനപ്രിയരായ ഭൂട്ടാനിൽനിന്ന് വരുന്നവരും പ്രശ്നക്കാരായിരിക്കില്ല എന്ന ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും പരിശോധനയൊന്നും ആവശ്യമില്ലാത്തത്. ഇന്ത്യയിലെത്തിയപ്പോൾ ഒാേട്ടാറിക്ഷകളാണ് ആദ്യം കണ്ണിലുടക്കിയത്. അതിർത്തിക്കപ്പുറത്ത് ഒാേട്ടാകളില്ലാത്ത നാടാണ്. പിന്നെ റോഡിലെ ബഹളങ്ങളും ഹോണടിയുമെല്ലാം തിരിച്ചുവന്നു.
ജയ്ഗാഒാൻ നഗരം പിന്നിട്ടതോടെ തേയിലത്തോട്ടങ്ങളെല്ലാം കണ്ണിന് വിരുന്നൂട്ടാൻ തുടങ്ങി. റോഡിൽ അത്യാവശ്യം നല്ല തിരക്കുണ്ട്. ഹാസിമാറ എത്തിയപ്പോൾ വലിയ ജങ്ഷൻ കണ്ടു. ഇടത്തോട്ട് ഗുവാഹത്തി എന്ന ബോർഡ് കാണാം. ഒരുനിമിഷം മനസ്സിെന പിടിച്ചുനിർത്തിയ കാഴ്ചയായിരുന്നു അത്. അവിടെനിന്ന് 80 കൂടി പോയാൽ നോർത്ത് ഇൗസ്റ്റിലെ അസമിലെത്താം.
എന്നാൽ, ഇന്ത്യയുടെ വടക്ക് കിഴക്കിലെ ആറ് സുന്ദര സംസ്ഥാനങ്ങൾ കാണാൻ പിന്നീടൊരിക്കൽ വണ്ടിേയാടിച്ച് വരാമെന്ന് മനസ്സിലുറപ്പിച്ച് സിക്കിം ലക്ഷ്യമാക്കി യാത്ര തുടർന്നു. സിലിഗുരിക്ക് സമീപം ടീസ്റ്റ നദിക്ക് മുകളിലെ േകാറണേഷൻ പാലം കടക്കുേമ്പാൾ സമയം ആറ് മണി കഴിഞ്ഞു. അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞുവേണം സിക്കിമിലെത്താൻ.
ഭൂട്ടാനിൽനിന്ന് വിടപറഞ്ഞ ഹിമാലയം വീണ്ടും കൺമുന്നിലെത്തി. ടീസ്റ്റ നദിയുടെ ഒാരം ചേർന്ന് ചുരം കയറുകയാണ്. രണ്ട് മണിക്കൂർ കൊണ്ട് വെസ്റ്റ് ബംഗാൾ പിന്നിട്ട് സിക്കിമിലെ റാങ്പോ എത്തി. ഇടത്തോട്ട് പോയാലാണ് തലസ്ഥാനമായ ഗാങ്ടോക്കിലെത്തുക. പക്ഷെ, അവിടെനിന്ന് സ്വന്തം വാഹനത്തിൽ ചൈന അതിർത്തിയോട് ചേർന്ന്കിടക്കുന്ന നാഥുല പോകാൻ പെർമിറ്റ് കിട്ടില്ല. ടാക്സിക്കാർ പ്രശ്നമുണ്ടാക്കുന്നതിനാലാണ് അധികൃതർ പലപ്പോഴും പെർമിറ്റ് തരാത്തത്.
ഇൗ പ്രശ്നം വരാതിരിക്കാൻ വലത്തോട്ട് തിരിഞ്ഞ് പടിഞ്ഞാറൻ സിക്കിമിലെ റോങ്ലിയിലേക്കാണ് ഞങ്ങൾ പോയത്. വളരെ മോശം റോഡിലൂടെയാണ് യാത്ര. എങ്ങും നിശ്ശബ്ദതയും ഇരുട്ടും മാത്രം. പോരാത്തതിന് കോടമഞ്ഞും മൂടിയിരിക്കുന്നു. ഇടക്ക് മഴയും അകമ്പടിയേകി വന്നു.
വാഹനങ്ങളൊന്നും കാണുന്നില്ല. തണുപ്പ് കാലമയാതിനാൽ ജനങ്ങൾ നേരത്തെ വീടിനുള്ളിൽ കയറും. മനസ്സിൽ ചെറിയ പേടി തോന്നിത്തുടങ്ങി. ഗൂഗിൾ മാപ്പിനെ വിശ്വസിച്ചാണ് യാത്ര. ഒടുവിൽ ഏകദേശം 25 കിലോമീറ്റർ പിന്നിട്ട് ലക്ഷ്യസ്ഥാനമെത്തി. നഗരത്തിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് റൂം ലഭിച്ചത്.
സമീപത്തെ കടകളും ഹോട്ടലുകളുമെല്ലാം അടച്ച് നാട് ഉറക്കത്തിലാഴ്ന്നിട്ടുണ്ട്. അന്നത്തെ രാത്രിഭക്ഷണം രാവിലെ ഭൂട്ടാനിൽനിന്ന് വാങ്ങിയ പഴങ്ങളിൽ ഒതുക്കി. അടുത്തദിവസം ചൈന അതിർത്തിയോട് ചേർന്ന മഞ്ഞുമലകളിലൂടെ യാത്ര സാധ്യമാവുന്ന പ്രതീക്ഷയോടെ ഉറങ്ങാൻ കിടന്നു.
(തുടരും)
vkshameem@gmail.com
Itinerary
Day 10: Thimphu to Rongli (Sikkim) - 350 KM
Route: Jaigaon, Hasimara, Mal Bazar, Rangpo.
Journey Time: 11.00 AM - 9.00 PM (10 hrs)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.