സുലുക് താഴ്വരയിൽ ചൈനയിൽ നിന്നൊരു മൊബൈൽ സന്ദേശം
text_fieldsഅതിരാവിലെ റോങ്ലി കോടമഞ്ഞിൽ കുളിച്ചുനിൽപ്പാണ്. റൂമിലെ ജനൽച്ചില്ലിൽ മഞ്ഞുകണങ്ങൾ പറ്റിപ്പിടിച്ചിട്ടുണ്ട്. അതിനിടയിലൂടെ നോക്കുേമ്പാൾ ദൂരെ മലനിരകൾ തെളിഞ്ഞുകാണാം. മംഗൾദ്വീപ് റിസോർട്ടിലാണ് കഴിഞ്ഞദിവസം അന്തിയുറങ്ങിയത്. ഇതിെൻറ തൊട്ടടുത്തായി ഏതാനും വീടുകളും കൃഷിയിടങ്ങളുമുണ്ട്. വീട്ടുകാർ രാവിലെത്തന്നെ കൃഷിപ്പണിയിൽ മുഴുകിയിരിക്കുന്നു.
ഏഴ് മണിയോടെ ഞങ്ങൾ മൂന്നുപേരും റെഡിയായി. റിസപ്ഷനിൽ പോയി നാഥുല വഴി സിക്കിമിെൻറ തലസ്ഥാനമായ ഗാങ്ടോക്കിലേക്ക് എങ്ങനെ പോകാമെന്ന് അന്വേഷിച്ചു. അവരുടെ അടുത്ത് പെർമിറ്റിന് അപേക്ഷിക്കാനായി ഒരു േഫാം ഉണ്ട്. ഞങ്ങളുടെയും വാഹനത്തിെൻറയും വിവരങ്ങൾ അതിൽ ചേർത്തു. പാസ്പോർട്ട് സൈസ് ഫോേട്ടായും ഒട്ടിച്ചു. ഇത് കൊണ്ടുപോയി റോങ്ലി പൊലീസ് സ്റ്റേഷനിൽ കൊടുത്താൽ മതിയെന്ന് പറഞ്ഞു. ഫോമിന് 200 രൂപയും അവർ ഇൗടാക്കി.
കഴിഞ്ഞദിവസം രാത്രി കാര്യമായിെട്ടാന്നും കഴിച്ചിട്ടില്ല. നല്ല വിശപ്പുണ്ട്. പക്ഷെ, അതിന് മുമ്പ് പെർമിറ്റിെൻറ കാര്യം റെഡിയാക്കാമെന്ന് കരുതി. നേരെ സ്റ്റേഷനിലേക്ക് പോയി. ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന ടാക്സിക്കാർ പെർമിറ്റിനായി അവിടെ കാത്തുനിൽപ്പുണ്ട്. അവർക്ക് പിന്നിലായി ഞങ്ങളും സ്ഥാനം പിടിച്ചു.
ഭൂട്ടാൻ, ചൈന എന്നീ രാജ്യങ്ങേളാട് അതിർത്തിപങ്കിടുന്ന തന്ത്രപ്രധാനമായ ഭാഗത്തുകൂടിയാണ് പോകാനുള്ളത്. അതുകൊണ്ടാണ് സ്വന്തം രാജ്യമാണെങ്കിൽ പോലും പെർമിറ്റ് ആവശ്യമായി വരുന്നത്. ലഡാഖ്, അരുണാചൽ പ്രദേശ് പോലുള്ള സ്ഥലങ്ങളിൽ ലഭിക്കുന്ന ഇന്നർ ലൈൻ പെർമിറ്റ് അല്ല ഇവിടെയുള്ളത്. റിസ്ട്രിക്ട്ടഡ്, പ്രൊട്ടക്ട്ടഡ് ഏരിയ പെർമിറ്റാണ് ലഭിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥൻ ഞങ്ങളുടെ രേഖകളെല്ലാം പരിശോധിച്ചു. വാഹന നമ്പർ കണ്ടിട്ട് അയാൾക്കൊരു സംശയം. തുടർന്ന് വാഹനവും പരിശോധിച്ചു. എന്നിട്ടും സംശയം മാറിയില്ല. പിന്നെ ഏതൊക്കെയോ ഉന്നത ഉദ്യോഗസ്ഥരോട് ഫോണിൽ വിളിച്ചുചോദിക്കുന്നുണ്ട്. അവസാനം അവരുടെ സമ്മതത്തോടെ അയാൾ ഞങ്ങൾക്ക് പെർമിറ്റ് അടിച്ചുതന്നു.
റോങ്ലിയിൽനിന്നുള്ള ആർ.എൻ റോഡ്, നാഥുല വഴിയുള്ള ജെ.എൻ റോഡ് എന്നിവിടങ്ങളിലൂടെ പോകാനുള്ള അനുമതിയായി. 50 രൂപയാണ് ആകെ ചെവല് വന്നത്. രണ്ട് ദിവസമാണ് പെർമിറ്റിെൻറ കാലാവധി. യാത്രയിൽ പാലിക്കേണ്ട നിബന്ധനകളൊക്കെ അതിൽ പറയുന്നുണ്ട്. കൂടാതെ ഇതിെൻറ ആറ് കോപ്പി ഫോേട്ടാസ്റ്റാറ്റ് എടുക്കാനും ആ ഉദ്യോഗസ്ഥൻ ഉപദേശിച്ചു. പോകുന്ന വഴിയിൽ പൊലീസ് ചെക്ക്പോസ്റ്റുകളുണ്ട്. അവിടെ പെർമിറ്റിെൻറ കോപ്പി നൽകണം.
പെർമിറ്റ് കിട്ടിയ സന്തോഷത്തിൽ നേരെ അടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. പൂരിയും ദാൽ, കോളി ഫ്ലവർ കറിയുമാണ് അവിടെയുള്ളത്. കൂടെ നുറുക്ക് പോലുള്ള സാധനവും ലഭിച്ചു. സമീപത്തെ കടയിൽ പോയി പെർമിറ്റിെൻറ കോപ്പിയെല്ലാം എടുത്ത് യാത്ര തുടങ്ങി. റോങ്ലി കഴിഞ്ഞതോടെ റോഡിെൻറ അവസ്ഥ പരിതാപകരമായി.
ടാറെല്ലാം അപൂർവമായിട്ട് കാണാം. റോഡിെൻറ അരികെല്ലാം വീതികൂട്ടാൻ ഇടിച്ചിട്ടിട്ടുണ്ട്. പലയിടത്തും പണികൾ നടക്കുന്നു. വാഹനങ്ങളും കുറവാണ്. ടാക്സികളാണ് വല്ലപ്പോഴും വരുന്നത്. സിക്കിമിൽ വരുന്ന അധിക സഞ്ചാരികളും ഗാങ്േടാക്ക്, നാഥുല, നോർത്ത് സിക്കിം ഭാഗങ്ങളാണ് കൂടുതലും സന്ദർശിക്കാറ്. കുറഞ്ഞശതമാനം ആളുകൾ മാത്രമാണ് കിഴക്കൻ സിക്കിമിൽ വരുന്നത്.
ഗാങ്ടോക്കിൽനിന്നാണ് സിക്കിമിെൻറ വിവിധ സംരക്ഷിത മേഖലയിലേക്ക് പെർമിറ്റ് ലഭിക്കുക. ഏതെങ്കിലും ട്രാവൽ ഏജൻസി മുഖേനെയാണ് ഇതിന് അപേക്ഷിക്കേണ്ടത്. പക്ഷെ, ടാക്സിക്കാർക്ക് സർവിസ് കുറയുന്നുവെന്ന പരാതി കാരണം അവിടെനിന്ന് സ്വകാര്യ വാഹനങ്ങൾക്ക് അനുമതി പലപ്പോഴും നൽകാറില്ല. ഭൂട്ടാനിൽനിന്നാണ് ഞങ്ങൾ സിക്കിമിലെത്തുന്നത്. അവിടെ പെർമിറ്റ് ഉണ്ടെങ്കിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വന്തമായി വണ്ടിയോടിച്ച് പോകാം. എന്നിട്ടാണ് നമ്മുടെ സ്വന്തം രാജ്യത്ത് പെർമിറ്റ് തരാതിരിക്കുന്നത്.
ഇൗ പ്രശ്നം മുൻകൂട്ടി കണ്ടിട്ടാണ് ഞങ്ങൾ റോങ്ലി വഴി നാഥുലയിലേക്ക് പെർമിറ്റ് സമ്പാദിച്ച് പോകാമെന്ന് കരുതിയത്. പക്ഷെ, ഇവിടെ ഒരു പ്രശ്നമുള്ളത് നാഥുലയിലെ ചൈന അതിർത്തി കാണാൻ പെർമിറ്റ് ലഭിക്കില്ല എന്നുള്ളതാണ്. പൊതുവെ ശൈത്യകാലത്ത് ഗാങ്ടോക്കിൽനിന്ന് പോകുന്നവർക്കും അതിർത്തിയിലേക്ക് അനുമതി ലഭിക്കാറില്ല. അതുകൊണ്ടാണ് അതൊരു വിഷയമായി എടുക്കാതെ ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്.
ടാറിടാത്ത റോഡിലൂടെ കുലുങ്ങികുലുങ്ങിയാണ് യാത്ര. ഇടക്ക് ഗ്രാമങ്ങളെല്ലാം കടന്നുവരുന്നുണ്ട്. റോഡിന് സംരക്ഷണമേകി ബുദ്ധിസ്റ്റ് പതാകകൾ കാറ്റിൽ പാറിക്കളിക്കുന്നു. ഏതാനും സഞ്ചാരികൾ ഒരു വെള്ളച്ചാട്ടത്തിെൻറ അടുത്തുനിന്ന് ഫോേട്ടായെടുക്കുന്നുണ്ട്. കേരളത്തിൽ ജലപാതങ്ങൾ കണ്ടുമടുത്ത ഞങ്ങൾക്കത് സംഭവമായി തോന്നിയില്ല.
കുറച്ചുദൂരം മുന്നോട്ടുപോയപ്പോൾ പൊലീസ് ചെക്ക്പോസ്റ്റ് കണ്ടു. അവിടെ പെർമിറ്റ് കാണിച്ചതോടെ വിലങ്ങുതടി റോഡിൽനിന്ന് നീങ്ങി. കൂടുതൽ മുകളിലേക്ക് കയറുംതോറും കാഴ്ചകൾക്ക് മാറ്റം വരികയാണ്.
വഴിയരികിൽ കൂർത്ത ആകൃതിയിലുള്ള ആൽപൈൻ മരങ്ങൾ ഇടംപിടിച്ചിരിക്കുന്നു. അത് കൂടാതെ ഇന്ത്യൻ സൈന്യത്തിെൻറ ക്യാമ്പുകൾ ഇടക്ക് കടന്നുവരുന്നുണ്ട്. ഭൂട്ടാനോട് വളരെയധികം ചേർന്നാണ് ഇപ്പോൾ പോകുന്നതെന്ന് ഗൂഗിൾ മാപ്പ് പറയുന്നു.
മഞ്ഞിൽ പുതഞ്ഞ ഗ്രാമങ്ങൾ
യാത്ര പുരോഗമിക്കുന്നതിനിടെ റോഡരികിൽ വലിയൊരു െഎസ് കട്ട കണ്ടു. ഇൗ യാത്രയിൽ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം. െഎസ് കണ്ടതും ഞങ്ങൾ ചാടിയിറങ്ങി. കുറച്ച് ഫോേട്ടാകൾ എടുത്ത് വീണ്ടും വണ്ടിയിൽ കയറി. ആ െഎസ് ഒരു സൂചന മാത്രമായിരുന്നു. വരാനിരിക്കുന്നത് വലിയ െഎസ് മലകളായിരുന്നു. ഇത്രയൊന്നും ഞങ്ങൾ പ്രതീക്ഷിച്ചതായിരുന്നില്ല.
സുലുക് എന്ന അതിമനോഹരമായ ഗ്രാമവും പിന്നിട്ട് മുന്നോട്ടുപോകും തോറും കാഴ്ചകൾക്ക് ഭംഗി കൂടുന്നു. റോഡിെൻറ ഇരുവശവും മഞ്ഞ് പൊതിഞ്ഞുനിൽക്കുന്നു. അഞ്ച് ഡിഗ്രിയാണ് പുറത്ത് തണുപ്പ്. ഏകദേശം പത്ത് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും െഎസ് മാത്രമായി എങ്ങും. വീണ്ടും ഞങ്ങൾ ചാടിയിറങ്ങി. കുറച്ചുനേരം കൊച്ചുകുട്ടികളായി മാറി.
കിടന്നും ഇരുന്നും പരസ്പരം െഎസ് കട്ടകൊണ്ട് എറിഞ്ഞും ഒാടിയുമെല്ലാം അവിടെ സമയം ചെലവഴിച്ചു. തെർമൽ േക്ലാത്ത്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ എടുത്തതിനാൽ ശരീരത്തിന് കാര്യമായ പ്രശ്നമൊന്നും ഉണ്ടായില്ല. ഞങ്ങളുടെ ഇൗ യാത്രയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നുവത്.
ചെറിയ ഇരുമ്പ് പാലം കടന്ന് മറ്റൊരു മലയിലേക്ക് പ്രവേശിച്ചു. അവിടെ കുറച്ച് യാക്കുകൾ ഞങ്ങളെ സ്വാഗതം ചെയ്യാനെന്ന പോലെ കാത്തുനിൽപ്പുണ്ടായിരുന്നു. വളഞ്ഞും തിരിഞ്ഞും പോകുന്ന പാത അവസാനം ഒരു വ്യൂപോയിൻറിലെത്തി. 11,200 അടി ഉയരത്തിലാണുള്ളത്. തമ്പി വ്യൂപോയിൻറ് എന്ന പ്രശസ്തമായ സ്ഥലം. ഇങ്ങോട്ട് വരുന്നതിന് മുെമ്പ ഇൗ സ്ഥലത്തെക്കുറിച്ച് മനസ്സിലാക്കി വെച്ചിരുന്നു.
ഇവിടെനിന്ന് സിഗ്സാഗ് രൂപത്തിലുള്ള റോഡും സുലുക് വാലിയുടെയുമെല്ലാം കാഴ്ച മനംമയക്കുന്നതാണ്. ഇൗയൊരു കാഴ്ചകൂടി കാണാനാണ് ഇതുവഴി വരാൻ തീരുമാനിച്ചത്. പക്ഷെ, ഞങ്ങൾക്ക് മറ്റൊരു വിധിയായിരുന്നു പ്രകൃതി കാത്തുവെച്ചിരുന്നത്. പ്രദേശമാകെ കോടമൂടിയതിനാൽ താഴെ ഒന്നും കാണാനാവാത്ത അവസ്ഥ. കോടമഞ്ഞ് താഴ്വരകളെ വെള്ള പുതച്ചിരിക്കുന്നു. ചെറുതായി നിരാശ തോന്നിയെങ്കിലും രാവിലെ മുതൽ ലഭിച്ച അനുഭവങ്ങൾ അതെല്ലാം അസ്ഥാനത്താക്കി.
കുറച്ചുകൂടി മുേന്നാട്ടുപോയപ്പോൾ ഒരുപാട് സഞ്ചാരികൾ മഞ്ഞ് ആസ്വദിക്കുന്നത് കണ്ടു. ഞങ്ങളും വണ്ടിനിർത്തി അവരുടെ കൂടെക്കൂടി. കൂട്ടത്തിലുള്ള ഡൽഹിക്കാരൻ ഞങ്ങളെ കണ്ടതോടെ അടുത്തുവന്ന് പരിചയപ്പെട്ടു. വണ്ടിയിലെ സ്റ്റിക്കറുകളെല്ലാം കണ്ട് അദ്ദേഹം അന്തംവിട്ട് നിൽക്കുകയാണ്.
രണ്ട് മാസം മുമ്പ് അയാൾ തിരുവനന്തപുരം വന്നിരുന്നുവത്രെ. പിന്നെ കേരളത്തെക്കുറിച്ച് നൂറുനാവായിരുന്നു അദ്ദേഹത്തിന്. ഒാരോ ഗ്രാമവും അതിമനോഹരം എന്നാണ് വിശേഷിപ്പിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ പോകാൻ തുടങ്ങിയതോടെ ഞങ്ങളും യാത്ര തുടർന്നു.
സ്വർഗത്തിലേക്ക് നീളും പാതകൾ
മുകളിലേക്ക് പോകുംതോറും തണുപ്പിെൻറ കാഠിന്യം കൂടുന്നു. മൈനസ് ഒന്ന് വരെയെത്തി താപനില. നാല് വർഷം മുമ്പ് ലഡാഖിലേക്ക് കാറിൽ പോയപ്പോൾ ഉയരക്കൂടുതൽ കാരണം ഹൈആൾട്ടിറ്റ്യൂഡ് സിക്ക്നസ് അനുഭവപ്പെട്ടിരുന്നു. ഒാക്സിജെൻറ കുറവായിരുന്നു അവിടത്തെ വില്ലൻ. എന്നാൽ, ഇവിടെ മൈനസ് വരെ താപനില എത്തിയിട്ടും ശരീരത്തിന് കാര്യമായ പ്രശ്നമൊന്നുമില്ല. ലഡാഖിെൻറ അത്ര ഉയരമില്ല എന്നതാണ് കാരണം. സുലുക് കഴിഞ്ഞതോടെ പിന്നെ തീർത്തും വിജനമാണ്. െഎസിൽ തട്ടി ഇടക്ക് വണ്ടി തെന്നുണ്ട്. റോഡ് മൊത്തം മഞ്ഞുമൂടുന്ന സമയം ടയറിൽ പ്രത്യേക ചങ്ങലയിട്ടാണ് വാഹനങ്ങൾ പോകാറ്. കൂടുതൽ ഗ്രിപ്പ് കിട്ടാൻ വേണ്ടിയാണിത്.
പോകുന്ന വഴിയിൽ ചില പട്ടാള ട്രക്കുകൾ ഇത്തരത്തിൽ കണ്ടിരുന്നു. ഞങ്ങളുടെ വണ്ടി ഒാേട്ടാമാറ്റിക് ആണ്. കൂടുതൽ ഗ്രിപ്പ് കിട്ടുന്ന മോഡായ 'എൽ2'വിലേക്ക് പലപ്പോഴും ഗിയർ മാറ്റേണ്ടി വന്നു. അതേസമയം, നല്ലൊരു ഹാച്ച് ബാക്ക് ഉണ്ടെങ്കിലും ഇതിലൂടെ ധൈര്യമായി ഒാടിച്ചുപോവാം എന്നതിെൻറ തെളിവാണ് ഇവിടത്തെ ടാക്സി കാറുകൾ.
ലക്ഷ്മൺ ഛൗക്ക് എന്ന സ്ഥലമെത്തുേമ്പാൾ ഉച്ചയായിട്ടുണ്ട്. 13,000 അടി ഉയരത്തിലാണുള്ളത്. അവിടെ ഒരു കട കണ്ടപ്പോൾ വണ്ടിനിർത്തി. ചെറിയ ഹോട്ടലാണ്. ബ്രഡ് ഒാംലെറ്റാണ് ഒാർഡർ ചെയ്തത്. പിന്നെ കോഫിയും. കൊടും തണുപ്പിൽ ചൂടുള്ള കോഫിക്കും ബ്രഡ്ഒാംലെറ്റിനും അപാര രുചിയായിരുന്നു. അടുത്തുള്ള പട്ടാള ക്യാമ്പിലെ ഏതാനും ജവാൻമാരും അവിടെ ഭക്ഷണം കഴിക്കാൻ വന്നിട്ടുണ്ട്. കടയുടെ മുന്നിൽ ഒരു യാക്കിനെ കെട്ടിയിട്ടിരിക്കുന്നു.
അതിൻമേൽ കയറി െഎസിലൂടെ സവാരി നടത്താം. ഹോട്ടലിന് മുന്നിൽ കാണുന്നത് ഭൂട്ടാനാണെന്ന് യാക്കിെൻറ ഉടമസ്ഥൻ പറഞ്ഞു. പക്ഷെ, ആ ഭാഗം കോടമൂടിയതിനാൽ ഒന്നും കാണാനാകുന്നില്ല. ഇതിനിടക്ക് സഹീറും ഫൈസലും മുണ്ടുടുത്ത് വന്നിരിക്കുന്നു. െഎസിൽനിന്ന് ഫോേട്ടായെടുക്കാനാണ് അവരുടെ ഉദ്ദേശ്യം. അവരുടെ ആ ആഗ്രഹം കൂടി സഫലീകരിച്ച് മുന്നോട്ടുനീങ്ങി.
മേഘങ്ങൾക്കിടയിൽനിന്ന് മെല്ലെ സൂര്യൻ തല പുറത്തേക്കിടാൻ തുടങ്ങിയിട്ടുണ്ട്. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. സൂര്യപ്രകാശം വന്നതോടെ കാഴ്ചകൾക്ക് കൂടുതൽ ചന്തംവെച്ചു. രണ്ട് ഭാഗത്തെയും മലനിരകളെല്ലാം വ്യക്തമായി കാണാൻ തുടങ്ങി. പലയിടത്തും കുതിരകൾ തീറ്റതേടി നടപ്പുണ്ട്.
മലഞ്ചെരുവിൽ പാൽക്കടൽ പോലെ മഞ്ഞ് നിറഞ്ഞിരിക്കുന്നു. അതിന് നടുവിലൂടെ യാത്ര എത്ര ചേതോഹരം. പുരാതന കാലത്ത് ചൈന മുതൽ യൂറോപ്പ് വരെ നീണ്ടുനിന്ന ഒാൾഡ് സിൽക്ക് റൂട്ടിെൻറ ഭാഗമായ റോഡിലൂടെയാണ് യാത്ര. ൈസന്യത്തിന് കീഴിലെ ബോർഡർ റോഡ് ഒാർഗനൈസേഷനാണ് ഇൗ പാതകൾ സംരക്ഷിക്കുന്നത്.
ബാബ ഹർഭജൻ സിങ്ങിെൻറ സന്നിധിയിൽ
30 മിനിറ്റ് സഞ്ചരിച്ചപ്പോഴേക്കും നഥാങ് വാലി എന്ന ഗ്രാമത്തിലെത്തി. ഇവിടെ ഏതാനും കടകളും താമസ സൗകര്യവുമെല്ലാമുണ്ട്. മുന്നോട്ടുപോകും തോറും കാഴ്ചകൾക്ക് കാര്യമായ മാറ്റമൊന്നുമില്ല. െഎസ് മലകൾക്ക് താഴെ പട്ടാളക്യാമ്പുകൾ ധാരാളമുണ്ട്. സ്വന്തം ജീവൻ ത്യജിച്ച് ഇത്ര ദുർഘടമായ സ്ഥലങ്ങളിൽ രാജ്യത്തിെൻറ അതിർത്തി കാക്കുന്ന ജവാൻമാരെ എത്ര സല്യൂട്ട് ചെയ്താലും മതിയാവില്ല. പരിമിതമായ സൗകര്യങ്ങൾക്ക് നടുവിലാണ് അവരുടെ താമസവും ജോലിയും.
പലരും ഏകാന്തമായ സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. ഇതുപോലെയുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിക്കുേമ്പാഴാണ് അവർ ചെയ്യുന്ന ജോലിയുടെ മഹത്വം മനസ്സിലാവുക. ഇവരുടെ ക്യാമ്പുകളിൽ ഉയരത്തിൽ പാറുന്ന ത്രിവർണ പതാക ഏതൊരു ഭാരതീയെൻറയും മനസ്സിൽ അഭിമാനം നൽകുന്ന കാഴ്ചയാണ്.
ഇതുപോലെയൊരു പതാകയുടെ ചുവട്ടിലാണ് ബാബ ഹർഭജൻ സിങ്ങിെൻറ ക്ഷേത്രം കാണുന്നത്. നാഥുല എത്തുന്നതിെൻറ 10 കിലോമീറ്റർ മുമ്പാണ് ക്ഷേത്രം. പട്ടാളക്കാരനായിരുന്ന ഹർഭജൻ സിങ് 1968ലാണ് ജോലിക്കിടെ മരിക്കുന്നത്. ഇവിടെവെച്ച് വീരമൃത്യു വരിക്കുേമ്പാൾ 22 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മരണശേഷം സഹപ്രവര്‍ത്തകെൻറ സ്വപ്നത്തില്‍ ബാബ പ്രത്യക്ഷപ്പെട്ടുവത്രെ. തെൻറ പേരില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇൗ ക്ഷേത്രമുയരുന്നത്.
പട്ടാളക്കാരും പ്രദേശവാസികളും വളരെ ആദരപൂര്‍വമാണ് ക്ഷേത്രത്തെ കാണുന്നത്. ഇതുവഴി വരുന്ന സഞ്ചാരികളെടെയും പ്രധാന സന്ദർശക കേന്ദ്രമാണിത്. ഒരു കുപ്പി വെള്ളം ഇവിടെവെച്ച് പോയശേഷം മടക്കയാത്രയില്‍ അത് തിരികെയെടുത്താല്‍ ആഗ്രഹങ്ങൾ പൂര്‍ത്തീകരിക്കുമെന്ന വിശ്വാസം കൂടിയുണ്ട്. ക്ഷേത്രത്തില്‍ ദിവസവും രാത്രി ബാബ സന്ദര്‍ശിക്കാറുണ്ടെന്നും അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ ജീവന്‍ കാക്കാന്‍ ബാബാ സേവന സജ്ജനാണെന്നും ഇവിടെയുള്ളവർ വിശ്വസിക്കുന്നു.
മറ്റൊരു ആചാരം കൂടിയുണ്ട് ഇവിടെ. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 11ന് ബാബ വാര്‍ഷിക അവധിക്ക് പഞ്ചാബിലെ കപൂര്‍ത്തലയിലെ വീട്ടില്‍ പോകുന്നതായി സങ്കൽപ്പിച്ച് അന്നേദിവസം അദ്ദേഹത്തിെൻറ യൂനിഫോമടക്കം സാധനങ്ങളുമായി മിലിട്ടറി ജീപ്പില്‍ രണ്ട് ജവാന്‍മാര്‍ കൊണ്ടുപോകും. സിലിഗുരിക്ക് സമീപത്തെ ന്യൂ ജയ്പാല്‍ഗുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ കയറുക. ഒരു ബെര്‍ത്ത് ബാബക്കായി ഒഴിച്ചിടും. ഗാങ്ടോക്കിൽനിന്ന് പെർമിറ്റ് എടുത്ത് ടാക്സിയിൽ വരുന്ന സഞ്ചാരികൾ ഇൗ ക്ഷേത്രം വരെയെത്തി മടങ്ങാറാണ് പതിവ്.
ബാബയുടെ ഒാർമകൾക്ക് മുന്നിൽ ശിരസ്സ് കുനിച്ച് ഞങ്ങൾ യാത്ര തുടർന്നു. വെയിലേറ്റ് പലയിടത്തും െഎസ് ഉരുകിത്തീർന്നിട്ടുണ്ട്. ഇതിനിടയിലും ഒരു തടാകം തണുത്തുറഞ്ഞ് നിൽക്കുന്നു. അൽപ്പസമയത്തിനകം നാഥുലയിലെ ചൈന അതിർത്തിയിലേക്ക് പോകുന്ന റോഡിന് മുന്നിലെത്തി.
അവിടെയൊരു ചെക്ക്പോസ്റ്റുണ്ട്. അതിർത്തിയിേലക്ക് കടത്തിവിടുമോ എന്ന് അന്വേഷിച്ചപ്പോൾ നിരാശയായിരുന്നു ഫലം. ശൈത്യകാലമായതിനാൽ അങ്ങോട്ട് ആളുകളെ കടത്തിവിടാറില്ലെന്ന് അവർ പറഞ്ഞു. ഇവിടെനിന്ന് നാല് കിലോമീറ്റർ മാത്രമേയുള്ളൂ അതിർത്തിയിലേക്ക്. ഇപ്പോൾ ചൈനയുടെ ഭാഗമായ ടിബറ്റാണ് അതിർത്തിക്കപ്പുറം. 500 കിലോമീറ്റർ പോയാൽ ടിബറ്റിെൻറ തലസ്ഥാനമായ ലാസയെത്തും.
വഴിയിലെവിടെ നിന്നെങ്കിലും ദൂരെകണ്ട ഗിരിശൃംഗങ്ങൾ അതിർത്തി രാജ്യത്തിേൻറതാകാൻ സാധ്യതയുണ്ട്. കാരണം പലയിടത്തും നമ്മൾ കടന്നുവന്ന റോഡ് ചൈനയോട് അത്രയും അടുത്താണ്. ഇൗ ഭാഗത്ത് പലപ്പോഴും ഇരു രാജ്യങ്ങളും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. യാത്ര തുടരുന്നതിനിടെ മൊബൈലിൽ എപ്പോഴോ ഒരു സന്ദേശം വന്നിട്ടുണ്ട്.
എടുത്തുനോക്കിയപ്പോൾ അന്തംവിട്ടു. ചൈനയിൽനിന്ന് മൊബൈൽ നെറ്റ്വർക്ക് ലഭിച്ചാതായുള്ള സന്ദേശമാണത്. അതിർത്തി വരെ പോകാൻ പറ്റിയില്ലെങ്കിലും ആ സന്ദേശം നൽകിയ സന്തോഷം അതിരില്ലാത്തതായിരുന്നു.
ഗാങ്ടോക്കിൽ
നാഥുലയിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള ചങ്കു തടാകത്തിന് സമീപം എത്തുേമ്പാൾ മൂന്ന് മണിയായിട്ടുണ്ട്. മഞ്ഞുമലകൾക്ക് ഇടയിലൂടെ ദൂരരെനിന്ന് തന്നെ അതിവിശാലമായ തടാകം കാണാം. പൂർണമായും തണുത്തുറഞ്ഞ് നിൽക്കുന്ന ഇൗ തടാകം 12,300 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഞങ്ങൾ എത്തുേമ്പാൾ പ്രവേശനസമയം അവസാനിച്ചിട്ടുണ്ട്.
തന്ത്രപ്രധാന മേഖലയായതിനാലാണ് ഇൗ ഭാഗത്തെ യാത്രാസമയം പെെട്ടന്ന് അവസാനിപ്പിക്കുന്നത്. ഇവിടെയുള്ള കേബിൾകാർ സർവിസ് വഴി മലയുടെ മുകളിലെത്താൻ കഴിയും. അവിടെനിന്ന് നോക്കിയാൽ ലോകത്തിലെ മൂന്നാമത്തെ വലിയ പർവതമായ കഞ്ചൻജംഗയും ചൈനയുമെല്ലാം കാണാമെന്ന് പറയുന്നു.
പക്ഷെ, പ്രകൃതി അനുകൂലമാകണമെന്ന് മാത്രം. ഒരുവ ർഷം മുമ്പും സുഹൃത്തുക്കൾക്കൊപ്പം ഇവിടെ വന്നിരുന്നു. അന്നും കോടമഞ്ഞ് മൂടിയ അവസ്ഥയായിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയരത്തിലെ കേബിൾ കാറെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. 'സ്മോഗോ' എന്ന പേരിലും ഇൗ തടാകം അറിയപ്പെടുന്നു.
ചങ്കു തടാകത്തിന് സമീപം അൽപ്പനേരം ചെലവഴിച്ച് യാത്ര തുടർന്നു. മുന്നോട്ടുപോകും തോറും കാഴ്ചകൾ മാറുകയാണ്. മലകളിൽ മരങ്ങളെല്ലാം കാണാൻ തുടങ്ങി. ആൽപൈൻ മരങ്ങൾ നിറഞ്ഞ കാടുകളാണത്. ഇതിനിടയിൽ മഞ്ഞുനിറഞ്ഞുനിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗി തന്നെ.
മലയിറങ്ങാൻ തുടങ്ങിയതോടെ മഞ്ഞും അപ്രത്യക്ഷമായി. ഏകദേശം 100 കിലോമീറ്റർ ദൂരം മഞ്ഞിന് നടുവിലൂടെയായിരുന്നു ഇന്നത്തെ യാത്ര. ശരിക്കും സ്വർഗീയ സുന്ദരമായ വഴികൾ. 11ാം ദിവസത്തിലേക്ക് കടന്ന ഞങ്ങളുടെ 'റോഡ് ടു ഭൂട്ടാൻ' ട്രിപ്പിലെ ഏറെ കൊതിപ്പിച്ച സ്ഥലങ്ങളാണ് ഇന്ന് പിന്നിട്ടത്. ഗാങ്ടോക്ക് എത്തുന്നതിന് മുമ്പുള്ള മിലിട്ടറി ചെക്ക്പോസ്റ്റിൽ കൈയിലുള്ള അവസാന പെർമിറ്റിെൻറ കോപ്പിയും കൊടുത്തു. ഇേതാടെ തന്ത്രപ്രധാന മേഖലയിൽനിന്ന് പുറത്തുകടന്നു എന്ന് മനസ്സിലായി.
പിന്നീടങ്ങോട്ട് ജനവാസ കേന്ദ്രങ്ങൾ വരവായി. അഞ്ച് മണിയായിട്ടുണ്ട് സിക്കിമിെൻറ തലസ്ഥാന നഗരിയിലെത്തുേമ്പാൾ. കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള വീതി കുറഞ്ഞ റോഡാണ് നഗരത്തിൽ. നല്ല വാഹനത്തിരക്കുമുണ്ട്. അതുകൊണ്ട് തന്നെ ആദ്യം കണ്ട ഹോട്ടലിൽ റൂമെടുത്ത് വണ്ടി പാർക്ക് ചെയ്തു.
അൽപനേരം വിശ്രമിച്ചിട്ട് പുറത്തിറങ്ങി. ഫോർച്യൂണറിനും തൽക്കാലം വിശ്രമം നൽകാമെന്ന് കരുതി. ടാക്സി വിളിച്ച് ഗാങ്ടോക്കിലെ ഏറ്റവും ജനത്തിരക്കേറിയ എം.ജി മാർഗിലേക്ക് പോയി. അവിടെ എത്തുേമ്പാൾ നേരം ഇരുട്ടിയിട്ടുണ്ട്. എന്നാലും ആളുകൾക്ക് യാതൊരു കുറവുമില്ല. യൂറോപ്യൻ തെരുവുകളെ അനുസ്മരിക്കുന്നു എം.ജി മാർഗ്.
വാഹനഗതാഗതമില്ലാത്തതിനാൽ ജനങ്ങൾക്ക് സ്വൈര്യമായി നടക്കാം. പലരും തെരുവുകളിൽ ഷട്ടിൽ കളിക്കുന്നു. ഇവിടത്തെ പ്രധാന ഷോപ്പിങ് ഏരിയ കൂടിയാണിത്. നടന്നുനടന്ന് ഒടുവിൽ ഒരു ബിരിയാണി കടയുടെ അടുത്തെത്തി. ഇതോടെ ഞങ്ങളുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. നല്ലൊരു ബിരിയാണി കഴിച്ചിട്ട് ദിവസങ്ങളായി. ബംഗാൾ രീതിയിലുള്ള ബിരിയാണിയാണ് വിളമ്പിയത്. തരക്കേടില്ലാത്ത രുചിയുണ്ടായിരുന്നു.
വീണ്ടും ആ തെരുവിലൂടെ നടന്നു. ഇടക്ക് ചില കടകളിൽ ഷോപ്പിങ്ങിനായി കയറി. ബുദ്ധിസ്റ്റ് വിശ്വാസ പ്രകാരമുള്ള സാധനങ്ങളാണ് അധികവും വിൽക്കാൻ വെച്ചിരിക്കുന്നത്. സിക്കിമിലെ ഭൂരിഭാഗം ജനങ്ങളും ബുദ്ധമത വിശ്വാസികളാണ്. വർഷങ്ങൾക്ക് മുമ്പ് തിബറ്റ് ചൈന കീഴടക്കിയപ്പോൾ അവിടെനിന്ന് പലായനം ചെയ്തവർ.
സിക്കിമിൽ വന്നതിെൻറ ഒാർമക്കായി ഏതാനും സാധനങ്ങൾ വാങ്ങി വീണ്ടുമൊരു ടാക്സി വിളിച്ച് റൂമിലേക്ക് മടങ്ങി. നാളെ രാവിലെ സിക്കിമിനോട് വിടപറയും. ഇനി പോകാനുള്ളത് നേപ്പാൾ അതിർത്തിയിലെ ലാൻഡ് ഓഫ് ലാൻഡ് റോവേഴ്സ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മനെ ബൻജാങ് ഗ്രാമത്തിലേക്കാണ്. പതിവുപോലെ അതിരാവിലെ തന്നെ പുറപ്പെടേണ്ടി വരും. അതിനാൽ റൂമിലെത്തിയതും ഉറങ്ങാൻ കിടന്നതും ഒരുമിച്ചായിരുന്നു.
(തുടരും)
vkshameem@gmail.com
Itinerary
Day 11
Rongli To Gangtok (Sikkim) 120 KM
Route: Zuluk, Nathang Valley, Nathula
Journey Time: 9.00 AM - 5.00 PM (8 hrs)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.