Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightചന്ദ്രശിലയിൽ ഒരു...

ചന്ദ്രശിലയിൽ ഒരു ദീപാവലിക്കാലത്ത്

text_fields
bookmark_border
chandrashila
cancel
camera_alt

ചന്ദ്രശിലയുടെ മുകളിൽ

രുദ്രപ്രയാഗിലാണ്. ഇടതുവശത്ത് കെട്ടിടങ്ങൾക്കു പിറകിൽ താഴ്ഭാഗത്തൂടെ അളകാനന്ദ, മന്ദാകിനി നദികൾ തമ്മിൽ ചേർന്ന് ഭഗീരതിയെ തേടി മുന്നോട്ടൊഴുകുകയാണ്. മേലെ ചന്ദ്ര-നക്ഷത്രങ്ങൾ അവധിയെടുത്ത ആകാശത്ത് ദീപാവലിയാഘോഷങ്ങളുടെ ദൃശ്യമേള. പലവശങ്ങളിൽ നിന്നായി തൊടുത്തു വിടുന്ന വെടിക്കെട്ടുകൾ ശബ്​ദത്തിൻെറ അകമ്പടിയോടെ പല പല വർണങ്ങളിൽ അന്തരീക്ഷമാകെ അലങ്കാരമൊരുക്കുന്നു.

അകലങ്ങളിലെ മലഞ്ചെരിവുകളിൽ പ്രകാശം വിരിയിച്ച് കൊണ്ട് കൊച്ചുവീടുകൾ. താഴ്വാരത്ത് നിന്നുള്ള ഇളംകാറ്റ് തെർമലിൻെറ അവസാന ലെയറും കടന്ന് ശരീരത്തെ ഉദാസീനമായ കുളിരണിയിച്ചുകൊണ്ടിരുന്നു. രാപ്പാർക്കാൻ വിലപേശിയെടുത്ത ലോഡ്​ജ്​ മുറിയിൽ ബാക്ക്പാക്കുകൾ സൂക്ഷിച്ച് റോഡിലേക്കിറങ്ങി. മിനി ബസിലും ടാറ്റാ സുമോയിലുമായി മുഴുപകൽ നീണ്ട ദീർഘ യാത്രയുടെ ക്ഷീണം മാറ്റാൻ കാര്യമായി വല്ലതും കഴിക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യം. ദീപാവലി രാത്രിയായിട്ടും കടകളൊക്കെ നേരത്തെ തന്നെ അടച്ചു തുടങ്ങിയിരുന്നു. ആഘോഷ സമയങ്ങൾ പ്രിയപ്പെട്ടവർക്കൊപ്പമായിരിക്കുക എന്ന നിർബന്ധബുദ്ധി കൊണ്ടാവണം, ടൂറിസ്​റ്റുകളുടെ ആധിക്യമുള്ള സീസണിലും ഇവരെ അതിന് പ്രേരിപ്പിക്കുന്നത്​.

ഉത്തരേന്ത്യയിലെ എൻെറ ആദ്യ ദീപാവലിക്കാലമാണ്. പലചരക്കുകടയുള്ള ഇക്കാക്ക (അമ്മാവൻ) കൊണ്ടുവരാറുള്ള 'ദീപാവലിക്കോള്' മാത്രമാണ് നാട്ടിലെ ദീപവലിയോർമ. മൈസൂർ പാക്കും പേരറിയാത്ത മറ്റു ചില മധുരപലഹാരങ്ങളുമടങ്ങിയ ആ പൊതികൾ, മൊത്തവിതരണക്കാർ കച്ചവടക്കണക്കുകൾ തീർക്കുന്നതിൻെറ കൂടി സന്തോഷത്തിൽ എത്തിച്ചുനൽകുന്നതായിരുന്നു. ഡൽഹിയിൽ എത്തിയതിൽ പിന്നെയാണ് ദീപാവലിയെ അതിൻെറ പൂർണ്ണാർത്ഥത്തിൽ അനുഭവിക്കാൻ തുടങ്ങിയത്. നോമ്പുകാലത്ത്​ മലബാറിലെ ബേക്കറികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന റമദാൻ സ്പെഷൽ സ്റ്റാളുകളെ ഓർമിപ്പിക്കും വിധം കടകൾക്ക് മുന്നിൽ മധുരപലഹാര സ്​റ്റാളുകൾ തയാറാവും. അഗർവാൾ സ്വീറ്റ്സ് കടകൾക്ക് മുന്നിൽ പതിവിലധികം ആളുകൾ കൂട്ടംചേരും (ഉത്തരേന്ത്യയിലെ പ്രസിദ്ധമായ മധുരപലഹാര കച്ചവട ശൃംഘലയാണ് അഗർവാൾ സ്വീറ്റ്സ്).

രുദ്രപ്രയാഗിൽ

മെട്രോകളിലും ബസുകളിലും വർണ്ണപ്പൊതികളിൽ മധുരപലഹാരങ്ങളുമായി പ്രായഭേദമന്യേ പെണ്ണുങ്ങളും ആണുങ്ങളും നിറഞ്ഞുകവിയും. ഫീൽഡ് വർക്ക് ചെയ്യുന്ന ഓഫിസിൽ തലേദിവസം വിഭസമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കുകയും സ്​കൂളിലെ കുട്ടികൾക്കെല്ലാവർക്കും പലഹാരപ്പൊതികൾ നൽകുകയും ചെയ്യും.

മധുരപലഹാരങ്ങളെന്ന പോലെ ദീപങ്ങളും പടക്കങ്ങളും ദീപാവലി ആഘോഷത്തിൻെറ ഭാഗമാണ്. ഉയർന്ന വായുമലിനീകരണം കാരണം ഡൽഹി സർക്കാറും കോടതിയും പടക്കങ്ങൾക്ക് വിലക്കേർപ്പെടുത്താറുണ്ടെങ്കിലും നിരോധനങ്ങളെ കാറ്റിൽപറത്തി ആളുകൾ ഒറ്റക്കും കൂട്ടമായും പടക്കങ്ങൾ പൊട്ടിക്കും. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിൽ വൈക്കോലുകൾ കൂട്ടമായി കത്തിക്കുന്ന സമയം കൂടിയാണിത്. വൈക്കോൽ കത്തിക്കുന്നതും പടക്കം പൊട്ടിക്കുന്നതും കാരണമായി ഡൽഹി മഹാനഗരത്തിലെ അന്തരീക്ഷം ഇരുണ്ട മൂടൽമഞ്ഞിനാൽ ആവരണം ചെയ്യപ്പെടും. കൊറോണക്ക്​ മുമ്പുള്ള കാലമായിട്ട് പോലും ഇക്കാലയളവിൽ ഡൽഹി നിവാസികൾ മാസ്​കുകൾ ധരിച്ച് പോന്നു. പണക്കാരായ ആളുകൾക്ക് ശുദ്ധ ഓക്​സിജൻ ശ്വസിക്കാനായി നഗരത്തിൽ ഓക്​സിജൻ പാർലറുകളും പ്രവർത്തിക്കാറുണ്ടായിരുന്നു.

വായുമലിനീകരണം തീവ്രാപകട സൂചികയിലെത്തി നിൽക്കുന്ന ദീപാവലിക്കാലത്ത് ഡൽഹി വിട്ട് ഹിമാലയത്തിൽ 'ധ്യാന'ത്തിന് പോവുന്ന കീഴ്വഴക്കം ജാമിഅ മില്ലിയ്യ സർവകലാശാലയിലെ പൂർവീകരായ ചില വിദ്യാർത്ഥികൾ തുടങ്ങി​െവച്ചതാണത്രെ. ഒരുമിച്ച് ലഭിച്ച അവധി ദിനങ്ങളെ എഴുതിത്തീർക്കാനുള്ള റിപ്പോർട്ടുകൾ കൊതിയോടെ നോക്കിയിരുന്നെങ്കിലും, എ.ക്യു.ഐ ഇൻഡക്സിൽ ചുവപ്പുനിറവും കടന്ന് മേലോട്ട് കുതിക്കുന്ന വായുമലിനീകരണ സൂചിക ഈ യാത്രക്ക് ഞങ്ങൾ നാൽവർ സംഘത്തെ പറഞ്ഞുവിടുകയായിരുന്നു.

അംബാല, ഹരിദ്വാർ, ദേവപ്രയാഗ് വഴി രുദ്രപ്രയാഗിലേക്ക്

അംബാല ക​േൻറാൺമൻറ്​ റെയിൽവേ സ്റ്റേഷനിലെ ഇൻഫർമേഷൻ ഡെസ്​കിൽ പാതിരാത്രി പിന്നിട്ടിട്ടും സാമാന്യം നല്ല തിരക്കുണ്ട്. ഐ.ആർ.സി.ടി.സി സൈറ്റിൽ ഹരിദ്വാറിലേക്ക് നേരം പുലരുന്നതിന്​ മുമ്പ് ട്രെയിനുകളൊന്നുമില്ലെന്ന് കണ്ടെങ്കിലും ഡെസ്​കിൽ ഒരു വട്ടം ചോദിച്ച് കളയാമെന്ന് തന്നെ കരുതി. ഹരിദ്വാറിലേക്ക് ട്രെയിൻ ഇല്ലെന്ന മറുപടി ആവർത്തിച്ചെങ്കിലും അടുത്ത നഗരമായ സഹാറംപൂരിലേക്ക് ട്രെയിൻ പിടിച്ചാൽ ഹരിദ്വാറിലേക്ക്​ ബസ് സർവിസുണ്ടാവുമെന്നറിഞ്ഞു. ഡൽഹിയിൽനിന്ന് ഹരിദ്വാറിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്​ത ഞങ്ങൾ അശ്രദ്ധയാൽ ട്രെയിൻ മാറി കയറിയെത്തിയതാണ് അംബാലയിൽ.

ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന അംബാല ഇന്ത്യൻ സൈന്യത്തിൻെറ പ്രധാന ക​േൻറൺമെൻറുകളിലൊന്നാണ്. ഇവിടെനിന്ന് ഉത്തർപ്രദേശിലെ സഹാറംപൂർ വഴിയാണ് ഇനി ഈ യാത്രയിലെ ആദ്യ പോയിൻറായ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തേണ്ടത്. ഉത്തരേന്ത്യയിലെ പ്രസിദ്ധമായ ഇസ്​ലാം മതപഠന കേന്ദ്രമായ ദുയൂബന്ദ് സ്ഥിതി ചെയ്യുന്ന സഹാറൻപുർ ജില്ലയും പിന്നിട്ട് ഹൈന്ദവ വിശ്വാസികൾ ദേവഭൂമിയെന്ന് കരുതുന്ന ഉത്തരാഖണ്ഡിലെത്തുമ്പോൾ സൂര്യോദയവും കഴിഞ്ഞ് നേരമേറെയായിരുന്നു.

ബസ് സ്റ്റേഷന്​ സമീപത്ത് തന്നെയുള്ളൊരു മാംസ്യേതര ഭക്ഷണശാലയിൽ നിന്ന് ബ്രഞ്ച് കഴിച്ച്, നേരം കളയാതെ ഋഷികേഷിലേക്കുള്ള ബസ്​ പിടിച്ചു. അവിടെനിന്നുവേണം രുദ്രപ്രയാഗിലേക്കുള്ള ബസ് ലഭിക്കാൻ. മലയിടിച്ചിലിൻെറയും വെള്ളപ്പൊക്കത്തിൻെറയും രൂപത്തിൽ പ്രകൃതി ദുരന്തങ്ങൾ പതിവായ ഈ പാതയിൽ പലയിടങ്ങളിലും റോഡ് അതിശോചനീയമായിരുന്നു.

ഇളം നീലപ്പച്ച നിറത്തിൽ ഒഴുകുന്ന ഗംഗാനദി

മലയിടുക്കുകളിലൂടെ ദുർഘടമായ ഈ പാതയിൽ ആദ്യാനുഭവത്തിൻെറ കൗതുകം മാറിയാൽ പിന്നെ ഉണങ്ങിയ കുന്നുകളുടെ കാഴ്​ച ആവർത്തന വിരസത കൊണ്ടുവന്നേക്കാം. എന്നാൽ, താഴ്വാരത്ത് ഇളം നീലപ്പച്ച നിറപ്പകർച്ചയിൽ സ്വച്ഛമായൊഴുകുന്ന ഗംഗാനദി അതിൻെറ ഭാവ പ്രകടനത്താൽ മനസ്സിനെയും ശരീരത്തേയും ഉത്തേജിപ്പിക്കും. ചിലയിടങ്ങളിൽ ശാന്തഭാവം കൈവരിച്ച് നമ്മളിൽനിന്ന് വാത്സല്യം കൈപ്പറ്റുകയും മറ്റിടങ്ങളിൽ രൗദ്രഭാവത്താൽ നമ്മളെ ഭയാക്രാന്തരാക്കുകയും ചെയ്യും. ശിവാലിക് മലനിരകൾ വിട്ട് ഉത്തരേന്ത്യൻ സമതലപ്രദേശത്തേക്ക് പ്രവേശിക്കുന്ന ഋഷികേഷിൽ, ഗംഗ സാഹസികപ്രിയരായ സഞ്ചാരികളുടെ ഇഷ്​ട ഇടമാണ്. മലമുകളിലെ മഞ്ഞുരുകി കൂടുതൽ ശക്തിയോടെ ഹിമാലയൻ നദികളൊഴുകുന്ന വേനൽ കാലങ്ങളിൽ, പ്രത്യേകിച്ചും റാഫ്റ്റിംഗ് നടത്താൻ പാരിലെമ്പാടുനിന്നും സഞ്ചാരികൾ ഗംഗയിലോട്ടൊഴുകും.

ഋഷികേശ്​ മുതലങ്ങോട്ടുള്ള യാത്രയിലുടനീളം ഗംഗയോ അതിൻെറ പോഷകനദികളോ കൂടെയുണ്ടാവും. ഹൈന്ദവ ആചാര വിചാരത്തിൽ പവിത്രമെന്ന് കരുതപ്പെടുന്ന പഞ്ച പ്രയാഗങ്ങളിൽ പ്രധാനപ്പെട്ട നാലു പ്രയാഗുകളും ഈ യാത്രാ വഴിയിലാണ്. ഗംഗാ നദിയുടെ പ്രധാന പോഷകനദിയായ അളകാനന്ദയിൽ മറ്റു പോഷകനദികൾ സംഗമിക്കുന്ന ഈ പ്രയാഗുകൾ ഉത്തരാഖണ്ഡിലെത്തുന്ന ഹൈന്ദവ വിശ്വാസികളായ തീർത്ഥാടകർ സന്ദർശിക്കുകയും സ്​നാനം ചെയ്യുകയും ചെയ്യുന്ന ഇടങ്ങളാണ്. പ്രയാഗുകളിൽ മുങ്ങിക്കുളിക്കുന്നത് ആത്മാവിൻെറയും ഹൃദയത്തിൻെറയും മനസ്സിൻെറയും സംസ്​കരണത്തിനുള്ള മാർഗമായി ഇവർ വിശ്വസിക്കുന്നു.

ദേവപ്രയാഗിലേക്കുള്ള യാത്രക്കിടെ ഉച്ചഭക്ഷണത്തിനായി ബസ്‌ ധാബക്ക്​ മുന്നിൽ നിർത്തിയപ്പോൾ

പാഞ്ച് പ്രയാഗുകളിൽ ഏറ്റവും പുണ്യമായി ഹൈന്ദവർ കണക്കാക്കപ്പെടുന്നത് ദേവപ്രയാഗാണ്. അളകാനന്ദ, ഭഗീരഥി നദികൾ സംഗമിച്ച് ഗംഗയായി മാറുന്ന ദേവപ്രയാഗ് 'സംഘം' എന്ന പേരിലും അറിയപ്പെടുന്നു. അളകാനന്ദ മന്ദാകിനിയുമായി ചേരുന്ന രുദ്രപ്രയാഗും പിന്ദാർ നദിയുമായി ചേരുന്ന കർണ്ണപ്രയാഗും നന്ദാകിനിയുമായി സംഗമിക്കുന്ന നന്ദപ്രയാകുമാണ് വഴിയിലെ മറ്റു പ്രയാഗുകൾ.

രുദ്രപ്രയാഗിലെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഇനിയങ്ങോട്ടുള്ള യാത്രക്ക് നാളെ പുലർച്ചെയാവണം. ടൗണിൽ തന്നെയുള്ളൊരു ലോഡ്​ജിൽ മുറിയെടുത്ത് അത്തായം കഴിക്കാൻ പുറത്തിറങ്ങി. ദീപവലിയാഘോഷങ്ങളാൽ ആഹ്ലാദപൂർണമായ അന്തരീക്ഷം. യാത്രാക്ഷീണത്തിന്​ പുറമെ കഠിനമായ തണുപ്പും കൂടിയായതോടെ മാംസ്യാഹാരം തന്നെ വേണമെന്നായി സഹയാത്രികർ. മാംസ്യേതരാഹാര പ്രിയനായിട്ടുപോലും തണുപ്പിൻെറ കാഠിന്യം കാരണം അവരുടെ അഭിപ്രായത്തിന് വോട്ട് നൽകി മാസംഹാരം ലഭിക്കുന്ന ഭക്ഷണശാലയും തേടിയിറങ്ങി.

ഉഖീമഠ് വഴി ചോപ്​തയിലേക്ക്

തലേന്ന് രാത്രി ഹോട്ടലിലെ ചേട്ടൻ നിർദേശിച്ചത് പ്രകാരം പിറ്റേന്ന് അതിരാവിലെ, പ്രഭാത പ്രാർത്ഥനക്ക് ശേഷം റൂം ചെക്ക് ഔട്ട് ചെയ്​ത്​ ടൗണിലേക്കിറങ്ങി. ഉഖീമഠ് വരെ ഷെയർ ടാക്​സിയിലും തുടർന്ന് ചോപ്​തയിലേക്ക് പ്രൈവറ്റ് ടാക്​സിയിലും പോവണം. ചോപ്​തയിലേക്ക് ഒരൊറ്റ ബസ് ഉണ്ടെന്നറിഞ്ഞെങ്കിലും സമയത്തെ കുറിച്ച് വ്യക്തത ഇല്ലാത്തതിനാൽ ടാക്​സിയിൽ തന്നെ പോവാൻ തീരുമാനിക്കുകയായിരുന്നു. ഉഖീമഠിലേക്കുള്ള ഷെയർ ടാക്​സിയിൽ കൂടുതലും തദ്ദേശീയരായ ഗഡ്വാലികളാണ്. മലമ്പാതയിലെ ഒറ്റപ്പെട്ടയിടങ്ങളിൽനിന്ന് വാഹനത്തിൽ കയറി ടൗണിലിറങ്ങുന്ന ഇവർ ജോലി സ്ഥലങ്ങളിലേക്കുള്ള യാത്രയിലാവും.

ചോപ്​തയിലേക്കുള്ള റോഡ്‌

ഉത്തരാഖണ്ഡിലെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഴു ജില്ലകൾ കൂടിച്ചേരുന്നതാണ് ഗഡ്വാൽ പ്രദേശം. ഇടുങ്ങിയ താഴ്വരകളാൽ വേർതിരിക്കപ്പെടുന്ന പരുക്കൻ പർവതനിരകൾക്കിടയിൽ ജീവിക്കുന്ന ഗഡ്വാലികൽക്ക് അവരുടേതായ ഭാഷയും സംസ്​കാരവുമുണ്ട്. വടക്കേന്ത്യയിലെ മറ്റു പല പ്രാദേശിക ഭാഷകളെയും പോലെ ഗഡ്വാലി ഭാഷയും 'ഹിന്ദി ദേശീയതയുടെ' അധിനിവേശ ഭീഷണി നേരിടുന്നുണ്ടത്രെ. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ഗഡ്വാൽ മേഖലയിലാണ്.

കമ്പിളി കൊണ്ട് നെയ്​തുണ്ടാക്കിയ വസ്ത്രങ്ങൾ ധരിച്ച പ്രായമായൊരു ഗഡ്വാലി സ്ത്രീയാണ് എനിക്ക് അഭിമുഖമായി വാഹനത്തിലിരിക്കുന്നത്. തണുപ്പൻ പ്രഭാതത്തിൻെറ ആലസ്യം വാഹനത്തിലുള്ളവരിലാകെ പടർന്ന പോലെ തോന്നി. ഞങ്ങൾക്കിറങ്ങേണ്ട ഉഖീമഠ് ആണ് ഈ ഷെയർ ടാക്​സിയുടെ അവസാന സ്റ്റോപ്പും. ഉഖീമഠിലിറങ്ങി മറ്റൊരു പ്രൈവറ്റ് വാഹനത്തിലാണ് ട്രെക്കിങ്​ തുടങ്ങുന്ന ചോപ്​തയിലെത്തേണ്ടത്. ഉഖീമഠിൽനിന്ന് ചോപ്​തയിലേക്കുള്ള വഴികളിൽ വിസ്​മയിപ്പിക്കുന്ന കാഴ്ച്ച വിരുന്നാണ്. കുത്തനെയുള്ള മലകയറ്റം കാഴ്ച്ചകൾ ഒപ്പിയെടുക്കാൻ യാത്രികർക്ക് കൂടുതൽ സാവകാശം നൽകും.

പൈൻ-ദേവതാരു മരങ്ങൾക്കിടയിലൂടെ ട്രെക്കിങ്​ പാത

പിന്നിട്ട വഴികളിൽ നിന്ന് വ്യത്യസ്​തമായി ഈ പാതയിൽ പൈൻ, ദേവതാരു മരങ്ങൾ ധാരാളമുള്ളതായി കാണാം. ഇടുങ്ങിയതെങ്കിലും പിന്നിട്ട റോഡുകൾ പോലെ ദുർഘടമായിരുന്നില്ല ഈ മലമ്പാതകൾ. ഏറെ വൈകാതെ ചോപ്​തയിലെത്തിയ ഞങ്ങൾ നേരെ ചെന്നുകയറിയത് ആദ്യം കണ്ട ഭക്ഷണശാലയിലേക്കായിരുന്നു.

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം

ഇനി മലകയറ്റമാണ്. ഹിമാലയത്തിൽ ആദ്യമല്ലെങ്കിലും ഹിമാലയൻ ട്രെക്കിങ്​ ഞങ്ങൾക്കെല്ലാവർക്കും ഇതാദ്യമാണ്. നാട്ടിൽ കരിങ്ങാട് മലയിലേക്ക് ഇടക്കിടെ നടത്താറുള്ള മലകയറ്റവും വയനാട്ടിലെ ചുരുക്കം ചില ചെറുമലകൾ കയറിയതും ഒഴിച്ച് നിർത്തിയാൽ കാര്യമായ ട്രെക്കിങ്​ പരിചയം ഒന്നുമില്ല. പ്രാതൽ കഴിച്ച ഭക്ഷണശാലയിൽ നിന്ന് ആവശ്യമുള്ള വെള്ളവും ശേഖരിച്ച് ബിസ്​മി ചൊല്ലി ട്രെക്കിങ്ങിന് പ്രാരംഭം കുറിച്ചു.

ട്രെക്കിങ്ങിനിടെ വിശ്രമിക്കുന്ന സഞ്ചാരികൾ

പ്രവേശന കവാടത്തിലെ ഭീമൻ മണിയണിച്ചാണ് യാത്രികരിൽ ഭൂരിഭാഗവും ട്രെക്കിങ്​ ആരംഭിക്കുന്നത്. കരിങ്കൽ പാകിയ നടപ്പാതയിൽ, മരങ്ങളാൽ ചുറ്റപ്പെട്ട വഴിയാണാദ്യം. സമീപത്തെ കടകളിൽ പത്ത് രൂപ കൊടുത്ത് ലഭിക്കുന്ന വടികൾ പലരുടെയും കൈയിൽ കാണാം.

ദുർഘടമായ കയറ്റിറക്കങ്ങളിൽ അനായാസമായി ട്രെക്കിങ്​ നടത്താൻ ഇത്തരം വടികൾ സഹായിക്കും. താരതമ്യേനെ എളുപ്പത്തിൽ ചെയ്യാവുന്ന ഹിമാലയൻ ട്രെക്കിങ്ങാണ് തുംഗ്നാഥ്-ചന്ദ്രശില ട്രെക്കിങ്​. ക്ഷേത്രം വരെയുള്ള പാതയിൽ കരിങ്കൽ കല്ലുകൾ പാകിയതിനാൽ ബുദ്ധിമുട്ടില്ലാതെ നടന്നുകയറാം.

മഞ്ഞുപാളികളാൽ ചുറ്റപ്പെട്ട ട്രെക്കിങ് പാത

കുറച്ച് ദൂരം പിന്നിടുമ്പോയത്തേക്കും നടപ്പാതയിൽ മഞ്ഞുപാളികൾ കണ്ടു തുടങ്ങിയിരുന്നു. സുരക്ഷക്കായി പലയിടത്തും വശങ്ങളിൽ ഇരുമ്പുവേലികൾ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് തന്നെയുള്ള യുവാക്കളുടെ യാത്രാസംഘമാണ് ആദ്യം കൂടെയുണ്ടായിരുന്നത്. കൂടുതൽ സമയം വിശ്രമിച്ചും അതിലേറെ സമയം ഫോട്ടോ പിടിച്ചും സമയം വൈകുന്നത് കണ്ടതോടെ അവരോട് സലാം പറഞ്ഞു മുന്നോട്ട് നീങ്ങി.

ലേഖകൻ സഹയാത്രികർക്കൊപ്പം

സഞ്ചാരികൾ നടന്നുപോവുന്ന കരിങ്കൽപാത ഒഴികെ മറ്റെല്ലായിടങ്ങളിലും മഞ്ഞ് പുതച്ചു കിടക്കുകയാണിപ്പോൾ. വഴിയിൽ അൽപ്പം കൂടി മുന്നോട്ട് ലഘുഭക്ഷണങ്ങൾ ലഭ്യമായ കടകളുണ്ടായിരുന്നു. ചൂടുപാറുന്ന മാഗ്ഗിയുടെ പ്രലോഭനത്തിൽ വീഴാതെ മുന്നോട്ട് തന്നെ നീങ്ങി. ഏറെ വൈകാതെ ആദ്യ പോയിൻറായ തുംഗ്നാഥ് ക്ഷേത്രത്തിലെത്തി.

ഹിമാലയത്തിലെ അഞ്ച് പർവതങ്ങളിൽ സ്ഥിതി ചെയ്യുന്ന പഞ്ചകേദാരങ്ങളിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പാണ്ഡവർ നിർമിച്ചതാണെന്നാണ് ഹൈന്ദവ വിശ്വാസം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രവും ഇത്​ തന്നെ.

തുംഗ്നാഥ് ക്ഷേത്രം

മഞ്ഞ് വിരിച്ച മലകളുടെ പശ്ചാത്തലത്തിലാണ് ക്ഷേത്രം. ക്ഷേത്ര പരിസരത്ത് അൽപനേരം വിശ്രമിച്ച ശേഷം അടുത്ത ലക്ഷ്യമായ ചന്ദ്രശിലയിലേക്കുള്ള മലകയറ്റം ആരംഭിക്കാനാണ് തീരുമാനം. അസ്ഥിതുളക്കുന്ന ശീതക്കാറ്റിൽ നിന്ന് രക്ഷനേടാൻ ക്ഷേത്ര പരിസരത്ത് കല്ലുകളാൽ നിർമിച്ച കൊച്ചുകെട്ടിടം അനുഗ്രഹമായി തോന്നി.

ചന്ദ്രശിലയിലേക്ക്

ദുർഘടമാണ് ഇനിയുള്ള ട്രെക്കിങ്​ പാത. ഓരങ്ങളിലെ അഗാധമായ ഗർത്തവും കുത്തനെയുള്ള കയറ്റവും കാരണം അപകട സാധ്യത കൂടുതലാണ്. ഉയരം കൂടിയ പ്രദേശങ്ങളിൽ സഞ്ചാരികൾ അഭിമുഖീകരിക്കാറുള്ള അക്യൂട്ട് മൗണ്ടയിൻ സിക്ക്​നെസ്സ് ബാധിക്കുമോ എന്ന ആശങ്ക വേറെ. കൂടെ മലകയറിവരിൽ ഭൂരിപക്ഷവും തുംഗ്നാഥ് ക്ഷേത്രം സന്ദർശിച്ച് തിരിച്ചിറങ്ങുകയാണെന്ന് പറഞ്ഞിരുന്നു. മഞ്ഞുപാളികളാൽ മൂടിയത് കാരണം മുകളിലേക്കുള്ള വഴി വ്യക്തമായിരുന്നില്ല.

പാതയിലെ വിശ്രമകേന്ദ്രം

കോടമഞ്ഞു കാരണം ദൂരക്കാഴ്​ചക്കും പരിമിതിയുണ്ട്​. ഊർജവും ധൈര്യവും സംഭരിച്ച് കൊടുമുടിയിൽ എത്താൻ തന്നെയായിരുന്നു തീരുമാനം. ചോപ്​തയിൽനിന്ന് കൈയിൽ കരുതിയ മുളവടി ഏറ്റവും ഉപകാരപ്പെട്ടത് മഞ്ഞുപാളികളിലൂടെയുള്ള മലകയറ്റത്തിലായിരുന്നു. തുംഗ്നാഥ് മുതൽ ഞങ്ങൾക്ക് സംരക്ഷണത്തിനെന്നോണം തവിട്ടുനിറത്തിൽ നിറയെ രോമങ്ങളുള്ളൊരു ഹിമാലയൻ നായ കൂടെ കൂടിയിരുന്നു.

ഹിമാലയൻ പർവത നിരകളുടെ ദൂരക്കാഴ്​ച്ച

ഓക്​സിജൻ ലെവൽ കുറവായതിനാൽ ആവശ്യത്തിന്ന് വിശ്രമിച്ച് വേണം മുന്നേറാൻ. പാതകളിൽ മഞ്ഞുപാളികളായതിനാൽ പതുക്കെ നടക്കാനെ നിർവാഹമുണ്ടായിരുന്നുള്ളൂ. കോടമഞ്ഞ് മാറി അന്തരീക്ഷം തെളിഞ്ഞ് വന്നതോടെ കാഴ്​ചയിൽ ചന്ദ്രശില വിദൂരമല്ലെന്ന് മനസ്സിലായി. കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച കൊച്ചു ക്ഷേത്രവും സമീപത്ത് മണി കെട്ടിത്തൂക്കിയ കമാനവും കാണാനാവുന്നുണ്ട്.

സ്വർണ്ണപ്രഭയിൽ തിളങ്ങുന്ന പാതകൾ

ലക്ഷ്യം അടുത്തെത്തിയ ആവേശത്തിൽ മലകയറ്റം കുറച്ചൂടെ വേഗത്തിലായി. പർവതശൃംഗം കീഴടക്കിയ സന്തോഷം കമാനത്തിലെ മണിയടിച്ചാണ് പലരും പ്രഖ്യാപിക്കുന്നത്. മണിയടിച്ച് സമയം കളായാനുള്ള ക്ഷമ പക്ഷെ ഞങ്ങൾക്കില്ലായിരുന്നു. തലയുയർത്തി നിൽക്കുന്ന ചന്ദ്രശില കൊടുമുടിക്കും മുകളിൽ ആനന്ദത്തിൻെറ കൊടുമുടിയിലായിരുന്നു ഞങ്ങൾ.

ചന്ദ്രശിലയിൽ നിന്നുള്ള കാഴ്ച്ച

വീശിയടിച്ച കാറ്റിൽ കോടമഞ്ഞ് പൂർണമായും മാറിയതോടെ കാഴ്​ചകൾ വ്യക്തമായി. ചുറ്റിലും നോക്കെത്താദൂരത്തോളം പ്രശാന്തമായ ഹിമശൃംഗങ്ങളുടെ ആകാശ കാഴ്​ചയാണ്. നന്ദാദേവി, ത്രിശൂൽ, ചൗകംബ തുടങ്ങി ഹിമാലയൻ പർവതനിരകളിലെ നിരവധി കൊടുമുടികൾ ഇവിടുന്ന് ദർശിക്കാനാവും. പർവതങ്ങളൊക്കെയും മഞ്ഞുപുതച്ചിരിക്കുകയാണ്. ഇടക്കിടെ ഉഗ്രവേഗതയിൽ കാറ്റ് വീശുമ്പോൾ കമാനത്തിൽ നിന്ന് മണിയണി ശബ്​ദം കേൾക്കുന്നുണ്ട്.

അസ്തമയ സൂര്യൻെറ പശ്ചാത്തലത്തിൽ ട്രെക്കിങ്​ പാത

ആളുകൾ അധികമില്ലാത്ത പ്രശാന്തമായൊരിടത്ത് പോയി അൽപ സമയം കണ്ണടച്ചിരുന്നു. 12,000 അടി ഉയരത്തിൽ, അത്ഭുതാവഹമായ കാഴ്​ചകൾക്ക് സാക്ഷിയായിട്ടങ്ങനെയിരിക്കുമ്പോൾ സർവ്വേശ്വരൻെറ സ്​മരണയാൽ മനസ്സും ശരീരവും ഭക്തി സാന്ദ്രമാവും. മലമുകളിലെ മഞ്ഞുപാളികളാൽ അംഗശുദ്ധി വരുത്തി സായാഹ്ന പ്രാർത്ഥനകൾക്കായി സൃഷ്ടാവിൻെറ മുന്നിൽ സാഷ്​ടാംഗം പതിച്ചു. പശ്ചിമദിക്കിൽ മലനിരകൾക്കിടയിലേക്ക് താഴ്ന്നിറങ്ങാൻ തയാറായി നിൽക്കുകയാണ് സൂര്യൻ.

മലയിറങ്ങുന്ന സഞ്ചാരികൾ

മലമുകളിലിപ്പോൾ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേയുള്ളൂ. ഇരുട്ട് വീഴും മുന്നേ മലയിറങ്ങേണ്ടതിനാൽ അധികം വൈകിക്കാതെ ചന്ദ്രശിലയോട് യാത്ര പറഞ്ഞിറങ്ങി. മുന്നിൽ വഴികാട്ടിയായി നേരത്തെ താഴെനിന്ന് കൂടെ വന്ന നായയുണ്ട്.

മഞ്ഞുവിരിച്ച മലമ്പാതയുടെ പശ്ചാത്തലം, അസ്​തമയ സൂര്യൻെറ നിറപ്പകർച്ചയിൽ അഭൗമമായ ചാരുത കൈവരിച്ചിരിക്കുന്നു. പിറകിൽ സ്വർണപ്രഭയിൽ തലയുയർത്തി നിൽക്കുന്ന ചന്ദ്രശില ആ പകലിലെ തൻെറ അവസാന സന്ദർശകനെയും യാത്രയയച്ച് ചെറുമയക്കത്തിലേക്ക് പ്രവേശിക്കാൻ തയാറാവുകയായിരുന്നു.

മലനിരകളിലേക്ക്‌ താഴ്‌ന്നിറങ്ങാൻ തയാറായി നിൽക്കുന്ന സൂര്യൻ


Travel Info:

ഉത്തരാഖണ്ഡിൽ ഹിമാലയ പർവതനിരകളിൽ 12,110 അടി ഉയരത്തിലാണ്​ ചന്ദ്രശില സ്​ഥിതി ചെയ്യുന്നത്​. ചോപ്​തയിൽനിന്ന്​ അഞ്ച്​ കിലോമീറ്റർ നടന്നുവേണം ഇതിന്​ മുകളിലെത്താൻ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ്​ ട്രെക്കിങ്ങിന്​ ഏറെ അന​ുയോജ്യം. ഡൽഹിയിൽനിന്ന്​ ചോപ്​തയിലേക്ക്​ 451 കിലോമീറ്ററാണ്​ ദൂരം. ഉത്തരാഖണ്ഡിൻെറ തലസ്​ഥാനമായ ഡെറാഡൂണിൽനിന്ന്​ 246 കിലോമീറ്ററും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandrashila
News Summary - trek to chandrashila
Next Story