ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാത കീഴടക്കി മലയാളികളായ മൂവർസംഘം
text_fieldsമരട്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ പാതയായ ലഡാക്കിലെ ഉംലിംഗ ചുരത്തിൽ മലയാളികളായ മൂവര്‍സംഘം. മരട് കുണ്ടന്നൂര്‍ കീത്തറയില്‍ വീട്ടില്‍ അശോകന്‍റെയും സരളയുടെയും ഇരട്ട മക്കളായ അര്‍ജുന്‍ (26), അഖില്‍(26), എളമക്കര കണ്ണോത്ത് വീട്ടില്‍ ജിഫിന്‍ ഫ്രാന്‍സിസ് എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് തിങ്കളാഴ്ച വൈകീട്ടോടെ ഉംലിംഗ ചുരത്തിൽ എത്തിയത്.
സമുദ്രനിരപ്പില്‍ നിന്നും 19,300 അടി ഉയരത്തിലാണ് ഉംലിംഗ ചുരം. സെപ്റ്റംബര്‍ ഒന്നിനാണ് കോവിഡ് കാല ഇന്ത്യയെ കണ്ടറിയാന്‍ മരടിലെ കുണ്ടന്നൂരില്‍ നിന്നും ബൈക്കില്‍ ഭാരത സന്ദര്‍ശനത്തിന് പുറപ്പെട്ടത്. കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയില്‍ കൂടി കടന്നാണ് യാത്ര ലഡാക്കില്‍ എത്തിയത്. ഇവിടെ നിന്നാണ് ഇവര്‍ ഏറ്റവും ഉയരത്തിലുള്ള റോഡ് കടന്നത്.
താമസിക്കുന്നതിനായി ടെന്‍റുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായുള്ള ഇവരുടെ യാത്ര ചിലയിടങ്ങളില്‍ ദുര്‍ഘടം നിറഞ്ഞതായിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ചൈന അതിര്‍ത്തികളിലൂടെ ഷിംല, ഉത്തരാഖണ്ഡ്, ബിഹാര്‍, അസം, നാഗാലാന്‍റ് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കും. ഡിസംബറോടെയായിരിക്കും മടക്കം.
സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്‍റ് ജോലി രാജി വെച്ചാണ് ഇവര്‍ യാത്ര ആരംഭിച്ചത്. ഹില്‍പാലസ് പൈതൃക പഠന കേന്ദ്രത്തിലെ ആര്‍ക്കിയോളജി പൂര്‍വ്വ വിദ്യാര്‍ഥിയാണ് അര്‍ജ്ജുന്‍ അശോക്. സൈക്കിള്‍ സവാരിക്കാരായ ഇവര്‍ ഷിംല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുന്‍പ് സൈക്കിളില്‍ യാത്ര ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.