ഈ കുർസുറ ആളൊരു പെൺപുലിയായിരുന്നു
text_fieldsഞങ്ങളുടെ യാത്ര അവസാനത്തോട് അടുക്കുകയാണ്. ഇനിയും മൂന്ന് ദിവസം ഒാടാനുണ്ട് നാട്ടിലേക്ക്. എന്നാൽ പോലും യാത്ര തീരാൻ പോവുകയാണെന്ന തോന്നൽ മനസ്സിൽ കടന്നുകൂടിയിരിക്കുന്നു. എന്തായാലും ഇൗ യാത്രക്ക് ഒരു അവസാനമുണ്ടാകും. പക്ഷെ, അതുവരെയുള്ള ഒാരോ നിമിഷവും പുതിയ കാഴ്ചകളും അനുഭവങ്ങളും കണ്ടെത്തി മനസ്സിനെ ഉത്തേജിപ്പിക്കേണ്ടതുണ്ട്.
വരുന്ന മൂന്ന് ദിവസവും കാര്യമായ ലക്ഷ്യങ്ങളൊന്നുമില്ല. അന്തിമമായ ലക്ഷ്യം വീട്ടിലെത്തണമെന്നേയുള്ളൂ. അതിനിടയിൽ അവിചാരിതമായ പല കാഴ്ചകളും ഞങ്ങളെ കാത്തിരിപ്പുണ്ടാകുമെന്ന പ്രതീക്ഷേയാടെയാണ് അന്നുണർന്നത്. കഴിഞ്ഞദിവസം കൊൽക്കത്തക്ക് സമീപത്തെ റാണാഘട്ടിലായിരുന്നു താമസം. പുലർച്ച ഒരു മണിക്കാണ് ഇവിടെ എത്തിയതെങ്കിലും പിറ്റേന്ന് അതിരാവിലെ തന്നെ എണീറ്റു. മുന്നിലുള്ള ലക്ഷ്യം അത്രയും ദൂരെയാണ്. ഏഴ് മണിയോടെ തന്നെ വാഹനവുമായി റോഡിലിറങ്ങി.
ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും റോഡിന് കുറുകെ വിലങ്ങ് താഴ്ന്നു. ട്രെയിൻ പോകാനുള്ള കാത്തിരിപ്പാണ്. വലിയ ട്രെയിനാവും വരികയെന്ന് കാത്തിരിക്കുേമ്പാഴാണ് നിറയെ യാത്രക്കാരുമായി കൊച്ചുബോഗികൾ പാഞ്ഞുവന്നത്. കൊൽക്കത്തയിലെ സീൽദാഹിൽനിന്ന് തുടങ്ങി റാണാഘട്ട് വരെ 74 കിലോമീറ്റർ നീളുന്ന സബ്അർബൻ പാതയാണിത്. പാതയുടെ ദൂരത്തിെൻറ ഇരട്ടി പാരമ്പര്യമുണ്ട് ഇവിടത്തെ സർവിസിന്. അതായത് 1862ൽ ബ്രിട്ടീഷുകാരുടെ കാലം മുതൽ ഇൗ പാതയുണ്ട്. പത്ത് ലക്ഷം ആളുകളാണ് ദിവസവും ഇതിലൂടെ കടന്നുപോകാറ്.
മുമ്പിലെ വിലങ്ങുതടി ഉയർന്നതോടെ യാത്ര പുനരാരംഭിച്ചു. ഇടക്കിടക്ക് ചെറിയ പട്ടണങ്ങൾ കടന്നുവരുന്നു. പഴയതും ഒട്ടുംഭംഗിയുമില്ലാത്ത കെട്ടിടങ്ങളാണ് എവിടെയും. അതിനാൽ തന്നെ പട്ടണങ്ങൾക്കും തെളിച്ചം കുറവ്. ഒരു മണിക്കൂർ യാത്രക്കുശേഷം ഭക്ഷണത്തിനായി നിർത്തി. ബംഗാളി ശൈലിയിലുള്ള നാടൻ ഹോട്ടൽ.
പൂരിയും സബ്ജിയും ഒാർഡർ ചെയ്തു. 10 മിനുറ്റിനുള്ളിൽ പ്രത്യേകതരം േപ്ലറ്റിൽ സാധനങ്ങൾ മുന്നിലെത്തി. അതിൽ മധുരമുള്ള ഒരുതരം പുളിയിഞ്ചിയും ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ലഭിച്ച ചായയാണ് ഏറ്റവും കിടുക്കിയത്. പ്രത്യേകതരം മൺഗ്ലാസിലാണ് ചായ.
ഇൗ യാത്രയിൽ ഇതുവരെ കഴിച്ചതിലെ ഏറ്റവും മികച്ച ചായ അതായിരുന്നുവെന്ന് നിസ്സംശയം പറയാം. ബംഗാളിലും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തരത്തിലെ ഗ്ലാസിലാണ് ചായ ലഭിക്കുക. ഒരു തവണ മാത്രമേ അവ ഉപയോഗിക്കൂ. ചായ കുടിച്ച് പുറത്തിറങ്ങിയപ്പോൾ സമീപത്തെ വയലിൽ ഇത്തരം ധാരാളം മൺഗ്ലാസുകൾ ഉപേക്ഷിച്ചതായി കണ്ടു.
തലസ്ഥാനമായ കൊൽക്കത്തയിലേക്ക് ഇനി വലിയ ദൂരമൊന്നുമില്ല. അതിെൻറ ലക്ഷണമെന്നോണം റോഡിൽ തിരക്ക് കൂടിവരുന്നു. മുമ്പ് കൊൽക്കത്തയിൽ വന്നതിനാൽ ഇത്തവണ ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം തൽക്കാലം ഞങ്ങളുടെ ബക്കറ്റ് ലിസ്റ്റിലില്ല.
എന്നാലും ഹൂഗ്ലി നദി മുറിച്ചുകടക്കണമെന്നുള്ളതിനാൽ നഗരത്തിെൻറ ചില ഭാഗങ്ങളിലൂടെ പോവുക നിർബന്ധമാണ്. തിരക്ക് കുറഞ്ഞ വഴികളിലൂടെയാണ് ഗൂഗ്ൾ മാപ്പ് ഞങ്ങളെ കൊണ്ടുപോകുന്നത്.
പലപ്പോഴും ഗല്ലികളിലൂടെയാണ് യാത്ര. ഒരു വണ്ടിക്ക് കഷ്ടിച്ച് പോകാൻ കഴിയുന്ന വഴികൾ. മാത്രമല്ല, നമ്മൾ കണ്ടറിഞ്ഞ നഗരത്തിെൻറ പ്രൗഢിയൊട്ടുമില്ല ഇൗ പ്രദേശങ്ങൾക്ക്. വഴികളിലുടനീളം മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രങ്ങളും ഫ്ലക്സുകളും നിറഞ്ഞിരിക്കുന്നു. 35 വർഷം ഞങ്ങൾ ഇവിടെ ഭരിച്ചിരുന്നു എന്ന് ഒാർമിപ്പിക്കുന്ന ചെെങ്കാടികളും ധാരാളം കാണാം.
നോർത്ത് ഡംഡം വഴി ഗൂഗ്ൾ ഞങ്ങളെ കൊണ്ടെത്തിച്ചത് ഒരു പാലത്തിലേക്കാണ്, നിവേദിത സേതു. കൊൽക്കത്തയുടെ ജീവനാഡിയായ ഹൂഗ്ലി നദിക്ക് കുറുകെ 2007ലാണ് ഇൗ പാലം തുറക്കുന്നത്. ഇതിനോട് ചേർന്ന് തന്നെയാണ് വിവേകാനന്ദ സേതു എന്ന പാലവും.
1930ൽ മുതൽ ഗതഗാതം ഒരുക്കുന്ന ഇൗ പാലത്തിന് ബലക്ഷയം വന്നതോടെയാണ് നിവേദിത സേതു നിർമിക്കുന്നത്. സ്വാമി വിവേകാനന്ദെൻറ അനുയായിയായിരുന്നു സിസ്റ്റർ നിവേദിത. ഇവരുടെ നാമമാണ് പുതിയ പാലത്തിന് നൽകിയത്.
പച്ചപ്പ് വീണ്ടും വിരുന്നെത്തുേമ്പാൾ
പാലം കടന്നെത്തുന്നത് ഹൗറയിലേക്കാണ്. അതിനോടൊപ്പം കാഴ്ചകൾക്ക് മാറ്റം വരാൻ തുടങ്ങി. എട്ടുവരി പാത മുന്നിലങ്ങ് നീണ്ടുനിവർന്ന് കിടക്കുന്നു. രണ്ട് ദിവസങ്ങളിലായി 300 കിലോമീറ്ററിനടുത്ത് രണ്ട് വരി പാതയിലൂടെയായിരുന്നു സഞ്ചാരം. അതിൽനിന്ന് വലിയ ഒരു മോചനം ലഭിക്കുകയാണ് ഇപ്പോൾ.
ഒരു വ്യാവസായിക നഗരത്തിെൻറ എല്ലാ ലക്ഷണങ്ങളും ഹൗറയിൽ കാണാം. കൂറ്റൻ ഫാക്ടറികൾ റോഡിെൻറ ഇരുവശത്തും ഉയർന്നുനിൽപ്പുണ്ട്. കൊൽക്കത്തയിൽനിന്ന് ചെന്നൈ വരെ നീളുന്ന പാതയിലൂടെയാണ് പ്രയാണം.
പശ്ചിമ ബംഗാളിെൻറ തെക്ക് ഭാഗത്തേക്ക് നമ്മൾ അതിവേഗം കുതിക്കുകയാണ്. ഇൗ ഭാഗങ്ങളിൽ കുറച്ചുകൂടി പച്ചപ്പുണ്ട്. കഴിഞ്ഞദിവസം വടക്ക് ഭാഗത്തെ കാഴ്ചകൾക്ക് മൊത്തം പൊടിപിടിച്ച അവസ്ഥയായിരുന്നു. എന്നാൽ, ഇവിടെ പ്രകൃതി നിറവൈവിധ്യങ്ങൾ ഒരുക്കി സഞ്ചാരികളെ സൽക്കരിക്കുന്നു.
ദീർഘയാത്ര കഴിഞ്ഞുവരുേമ്പാൾ വീട്ടിലേക്കും സുഹൃത്തുക്കൾക്കുമായി എന്തെങ്കിലും മധുരം വാങ്ങേണ്ടതുണ്ട്. ബംഗാൾ വിഭവങ്ങൾ വാങ്ങാനായി ബംഗാൻ എന്ന സ്ഥലത്ത് വാഹനം നിർത്തി. ഒറ്റ ഷട്ടർ മാത്രമുള്ള കട കാണാനിടയായി. കട ചെറുതാണെങ്കിലും അകത്ത് മധുരവിഭവങ്ങളുടെ ആറാട്ടായിരുന്നു.
പേരറിയാത്ത ഒരുപാട് വിഭവങ്ങൾ അവിടെ നിരത്തിവെച്ചിരിക്കുന്നു. ഒാരോന്നായിട്ട് അവർ പക്കറ്റുകളിലാക്കി നൽകി. ഇതോടെ നോൺസ്റ്റോപ്പ് യാത്ര പുനരാരംഭിച്ചു. ഗ്രാമങ്ങളും കൃഷിയും തന്നെയാണ് എവിടെയും. വാഹനത്തിെൻറ വേഗത കൂടുന്നതിനനുസരിച്ച് ബംഗാളിെൻറ കാഴ്ചകളും പിന്നിലേക്ക് ഒാടിമറയുന്നു.
ഉച്ചയോടെ ബംഗാൾ തീരാനായി. അതിർത്തിയിലുള്ള ഒരു ഹോട്ടലിൽനിന്നായിരുന്നു ഉച്ചഭക്ഷണം. 'റോഡ് ടു ഭൂട്ടാൻ' എന്ന പേരിട്ട ഇൗ യാത്രയിൽ ഞങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് വെസ്റ്റ് ബംഗാളിലാണ്.
ഒരാഴ്ച തങ്ങണമെന്ന് കരുതിയ ഭൂട്ടാനിൽ ആകെ നാല് ദിവസം മാത്രമാണ് ചെലവഴിക്കാനായത്. എന്നാൽ, പലസമയങ്ങളിലായി ഏഴ് ദിവസം ബംഗാളിെൻറ വിശാലമായ മണ്ണിലൂടെ യാത്ര നടത്തി. ആ ബംഗാളിനോട് വിടപറഞ്ഞ് ഒഡിഷയിലേക്ക് പ്രവേശിക്കുയാണ്.
സംസ്ഥാനം മാറിയെങ്കിലും കാഴ്ചകൾക്ക് വലിയ വ്യത്യസമൊന്നുമില്ല. വൈകുന്നേരത്തോടെ മഹാനദിക്ക് കുറുകെയുള്ള പാലം മുറിച്ചുകടന്ന് കട്ടക്കിലും പിന്നെ തലസ്ഥാന നഗരിയായ ഭുവനേശ്വറിലുമെത്തി. ഇതോടെ യാത്രയുടെ വേഗതയൊന്ന് കുറഞ്ഞു. നിയോൺ ലൈറ്റിൽ നഗരം മുങ്ങിക്കുളിച്ചുനിൽക്കുന്നു. ലോറിക്കാരും ജോലി കഴിഞ്ഞ് പോകുന്നവരുടെ വാഹനവുമെല്ലാമായി നല്ല തിരക്ക്. ഒരു മണിക്കൂർ പിടിച്ചു നഗരം പിന്നിടാൻ.
റോഡ് മോശമല്ലാത്തിനാൽ വീണ്ടും യാത്ര ചെയ്യാമെന്ന് തീരുമാനിച്ചു. വിജനമായ വഴികൾ പലപ്പോഴും ആശങ്ക ഉയർത്തുന്നു. 10 മണിയായിട്ടും റൂമുകളൊന്നും കാണുന്നില്ല. ഗൂഗ്ളിൽ ഒരിക്കൽ കൂടി പരതിയപ്പോൾ തീരമേഖലയായ ഗോപാൽപുരിൽ നിരവധി റിസോർട്ടുകൾ കാണാനായി. അവിടെ എത്തുേമ്പാഴേക്കും സമയം 11 മണി കഴിഞ്ഞിരുന്നു. 16 മണിക്കൂർ കൊണ്ട് ഇന്ന് താണ്ടിയത് 670 കിലോമീറ്ററും രണ്ട് തലസ്ഥാന നഗരങ്ങളുമാണ്.
സുനാമിയുടെ ബാക്കിപത്രങ്ങൾ
തിരമാലകളുടെ ശബ്ദം കേട്ടാണ് അടുത്തദിവസം പുലരുന്നത്. ബീച്ചിനോട് ചേർന്ന റിസോർട്ടിലായിരുന്നു താമസം. ഇത്രയും ദിവസത്തെ യാത്രക്കിടെ ആദ്യമായാണ് കടൽ കാണുന്നത്. അതിരാവിലെ തന്നെ ബാംഗാൾ ഉൾക്കടലിെൻറ തീരത്തേക്ക് ഇറങ്ങിച്ചെന്നു. ഒരു മുക്കുവ ഗ്രാമം കൂടിയാണ് ഗോപാൽപുർ. ആദ്യം കാണുക തകർന്നടിഞ്ഞ കുറെ കെട്ടിടങ്ങളാണ്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, 2004ൽ ആഞ്ഞുവീശിയ സുനാമിയുടെ ബാക്കിപത്രങ്ങളാണ് അവയെന്ന്.
ആഴക്കടലിൽ മീൻ തേടിപ്പോയ വള്ളങ്ങൾ കരക്കടുപ്പിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. ധാരാളം മീനുമായാണ് ഒാരോ വള്ളങ്ങളും തിരിച്ചെത്തുന്നത്. തിരമാല വരുന്നതിനനുസരിച്ച് വള്ളങ്ങളെ അവർ മണലിലേക്ക് ആഞ്ഞുവലിച്ച് കയറ്റുന്നു.
അതിരാവിലെ തന്നെ മീൻ വാങ്ങാനും നാട്ടുകാരും കടലിെൻറ ഭംഗി ആസ്വദിക്കാൻ സമീപ കോളജിലെ കമിതാക്കളും അവിടെ എത്തിയിട്ടുണ്ട്. ബോട്ടുകൾ കരക്കടിഞ്ഞതോടെ അവരെല്ലാവരും അതിെൻറ ചുറ്റും കൂടി.
എട്ട് മണിയോട് കൂടി ഗോപാൽപുരിനോട് ഞങ്ങൾ വിടപറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ ഒഡിഷയോടും. ആഡ്രാപ്രദേശിലേക്ക് എത്തിയിരിക്കുന്നു യാത്ര. ഇതിനിടയിൽ ചെറിയ കട കണ്ടേതാടെ അവിടെയൊന്ന് ഇറങ്ങി. ദോശയും ചമ്മന്തിയുമെല്ലാമുള്ള കട. രണ്ടാഴ്ചകൾക്കുശേഷമാണ് ഇവ കഴിക്കുന്നത്.
പല സ്ഥലത്തും സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ കണ്ടിരുന്നുവെങ്കിലും അവ ഒഴിവാക്കുകയായിരുന്നു പതിവ്. അതാത് നാട്ടിലെ തനത് വിഭവങ്ങൾ പരമാവധി രുചിച്ച് നോക്കാൻ ശ്രമിച്ചിരുന്നു. അങ്ങനെയാണ് ചൗമിനും യാക്ക് ഇറച്ചിയും ബീഫ് മോമോയുമെല്ലാം ഞങ്ങളുടെ തീൻമേശയിൽ നിറഞ്ഞത്.
മുന്നോട്ടുള്ള യാത്രയിൽ പ്രകൃതിയുടെ ഭാവങ്ങൾ മാറിമറയാൻ തുടങ്ങി. കൃഷിയിടങ്ങൾക്ക് നടുവിൽ പൂർവഘട്ടത്തിെൻറ ഭാഗമായ മലനിരകൾ ഉയർന്നുനിൽക്കുന്നു. മാത്രമല്ല, ഇപ്പോഴാണ് ആകാശത്തിെൻറ നീലനിറം പുറത്തുകാണുന്നത്. യാത്രയുടെ മൂന്നാമത്തെ ദിവസം ഹൈദരാബാദ് മുതൽ മിക്കഭാഗങ്ങളിലും അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയായിരുന്നു. അതിെൻറ കൂടെ നല്ല തണുപ്പുമുണ്ടായിരുന്നു. എന്നാൽ, ആകാശം തെളിഞ്ഞപ്പോൾ ചൂടും വർധിച്ചു.
നമ്മുടെ പശ്ചിമഘട്ടത്തിെൻറ അത്രയൊന്നും ചന്തമില്ല പൂർവ ഘട്ടത്തിന്. ഇടക്കിടക്ക് ഒാരോ മലകൾ ഉയർന്നുനിൽക്കുന്നു. കാര്യമായ പച്ചപ്പും എടുത്തുപറയാനില്ല. വലിയ പാറക്കൂട്ടങ്ങളാണ് അധികവും. അതേസമയം, ആന്ധ്രയിലെ അരാക്കുവാലി പോലുള്ള മനോഹരമായ സ്ഥലങ്ങളും ഇൗ പൂർവഘട്ടത്തിെൻറ ഭാഗാമണ്.
അന്തർവാഹിനിക്കുള്ളിൽ
ഉച്ചേയാടെ വിശാഖപട്ടണത്തിലെത്തി. ഇൗ യാത്രയിൽ ഞങ്ങൾ കണ്ട ഇന്ത്യയിെല ഏറ്റവും മനോഹരമായ നഗരം ഏതാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് വിശാഖപട്ടണം. പച്ചവിരിച്ച മരങ്ങൾ നിറഞ്ഞ മലയാണ് ആദ്യം തന്നെ സ്വാഗതം ചെയ്തത്.
റോഡുകളും തെരുവുകളുമെല്ലാം ഏറെ വൃത്തിയുള്ളതാണ്. ഒപ്പം പൂക്കളും ചെടികളുമെല്ലാം വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. ഒരു ഭാഗത്ത് ഡോൾഫിൻ മലയും മറുഭാഗത്ത് ബംഗാൾ ഉൾക്കടലുമാണ് നഗരത്തെ അതിരിടുന്നത്.
ഹൈദരാബാദി ബിരിയാണിയും കഴിച്ച് രാമകൃഷ്ണ ബീച്ചിലേക്കാണ് ഞങ്ങൾ എത്തിയത്. ഇവിടെയാണ് കുർസുറ സബ്മറൈൻ മ്യൂസിയം. വാഹനം റോഡിനോട് ചേർന്ന് ഒതുക്കി മ്യൂസിയത്തിനകത്തേക്ക് കയറി. ടിക്കറ്റെടുത്ത് വരിയിൽ കാത്തുനിൽക്കണം. ധാരാളം സഞ്ചാരികൾ അവിടെയുണ്ട്. വിവിധ ഭാഷകൾക്ക് അനുസരിച്ചാണ് ആളുകളെ അകത്തേക്ക് കയറ്റിവിടുന്നത്. ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെയാണ് വിഭാഗങ്ങൾ. ഞങ്ങൾ 'ഇംഗ്ലീഷു'കാർക്ക് പിറകെ കൂടി.
ഇന്ത്യൻ നാവികപ്പടയുടെ മുൻ യുദ്ധ-മുങ്ങിക്കപ്പലാണ് ഐ.എൻ.എസ് കുർസുറ. ഇപ്പോഴത് മ്യൂസിയമായി മാറ്റിയിരിക്കുകയാണ്. ഏഷ്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയവും ഇത് തന്നെ. വലിയ ഒരു ലോകം തന്നെയാണ് അതിനുള്ളിൽ. അകത്തെ ഒാരോ റൂമുകളെ കുറിച്ചും യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവ സംബന്ധിച്ചുമെല്ലാം ഗൈഡ് വിശദീകരിക്കുന്നു. കൂടാതെ കപ്പലിെൻറ പ്രത്യേകതകളും അദ്ദേഹം പറഞ്ഞുതരുന്നുണ്ട്.
യു.എസ്.എസ്.ആർ നിർമിച്ച ഇൗ അന്തർവാഹിനി 1969ലാണ് കടലിലിറക്കുന്നത്. 2001 വരെ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായിരുന്നു കുർസുറ. 1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിെൻറ മുന്നണിയിലും ഇവളുണ്ടായിരുന്നു. കപ്പലുകളെല്ലാം പൊതുവെ വനിതകളായിട്ടാണ് അറിയപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ പല സമുദ്രങ്ങളിലൂടെയും നിരവധി ദൗത്യവുമായി കുർസുറ ഒഴുകിനീങ്ങി.
അരമണിക്കൂർ അതിനകത്തുകൂടി ചുറ്റിയശേഷം ഞങ്ങൾ പുറത്തിറങ്ങി. കപ്പലിനോട് ചേർന്ന് തന്നെ ഇതിൽ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. റോഡിൽ തിരിച്ചെത്തിയാൽ എതിർവശത്ത് കാണുക എയർക്രാഫ്റ്റ് മ്യൂസിയമാണ്. ഇന്ത്യൻ എയർഫോഴ്സിെൻറ വിശേഷങ്ങളുമായി ഒരുപാട് കാഴ്ചകൾ ഇവിടെയുമുണ്ട്. പക്ഷെ, സമയക്കുറവ് കാരണം അത് തൽക്കാലം ഒഴിവാക്കി.
പൂർവഘട്ട മലനരികൾക്കും കൃഷിയിടങ്ങൾക്കും ഇടയിലെ റോഡുകളിലൂടെ അതിവേഗതയിൽ ഫോർച്യൂണർ ഞങ്ങളെയും കൊണ്ട് കുതിച്ചു. ഗോദാവരിയുടെ തീരത്തെ രാജമുൻഡ്രി നഗരവും പിന്നിട്ട് വിജയവാഡയിൽ എത്തുേമ്പാൾ സമയം ഒമ്പത് മണി. അത്യാവശ്യം നല്ല വിശപ്പുണ്ട്. അപ്പോഴാണ് ഒരു ൈഫ്ലഒാവറിന് താഴെ ജനങ്ങൾ തിങ്ങിനിൽക്കുന്നത് കാണുന്നത്. തട്ടുകടകളുടെ നിരതന്നെയാണ് അവിടെ. ലോകത്തിലെ എല്ലാവിധ ഭക്ഷണവും അവിടെ ഉണ്ടെന്ന് പറഞ്ഞാൽ തെറ്റില്ല.
ചൈനീസ് മുതൽ അറേബ്യൻ വിഭവങ്ങൾ വരെ അവിടത്തെ അടുപ്പുകളിൽ ഒരുങ്ങുന്നു. അൽപ്പനേരത്തെ കാത്തിരിപ്പിന് ശേഷം റുമാലി റൊട്ടിയും മട്ടൻ കബാബും ഞങ്ങളുടെ േപ്ലറ്റിലെത്തി. അതിെൻറ ഉൗർജത്തിൽ വീണ്ടും ഡ്രൈവ് ചെയ്യാൻ തീരുമാനിച്ചു. 12 മണിയായിട്ടുണ്ട് ഗുണ്ടൂരിൽ അന്ന് യാത്ര അവസാനിപ്പിക്കുേമ്പാൾ. അപ്പോഴേക്കും പിന്നിട്ടത് 650 കിലോമീറ്റർ.
ഗൂഗ്ൾ മാപ്പിലെ ഹോട്ടലുകൾ
ഇൗ യാത്രയിലെ അവസാനത്തെ റൂമായിരുന്നു ഗുണ്ടൂരിലേത്. താമസത്തിെൻറ കാര്യത്തിൽ കംഫർട്ടിനൊപ്പം പരമാവധി ചെലവ് ചുരുക്കാനും ഞങ്ങൾ ശ്രമിച്ചിരുന്നു. ആദ്യദിവസം പുട്ടപർത്തിയിൽ മാത്രമാണ് മുൻകൂട്ടി റൂം ബുക്ക് ചെയ്തത്. 950 രൂപയായിരുന്നു ചെലവ്. പക്ഷെ, അതൊരു ശരാശരിക്ക് താഴെയായിരുന്നു റൂം. അതുകൊണ്ട് തന്നെ അടുത്തദിവസം മുതൽ റൂം തിരഞ്ഞെടുക്കുന്ന രീതി മാറ്റി. എത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിെൻറ ഏകദേശം 100 കിലോമീറ്റർ മുമ്പ് ഗൂഗ്ൾ മാപ്പിൽ റൂം തിരയും. എന്നിട്ട് നമ്മുടെ ബഡ്ജറ്റിെൻറ ഉള്ളിൽ വരുന്ന മികച്ച റൂം സെലക്ട് ചെയ്യും. തുടർന്ന് അങ്ങോട്ട് ലൊക്കേഷൻ നൽകും. അവിടെ ചെന്ന് കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം റൂമെടുക്കും.
1500 രൂപയുടെ അടുത്താണ് ശരാശരി അധിക റൂമിനും ചെലവ് വന്നത്. ഹൈദരാബാദ് മുതൽ നല്ല തണുപ്പായതിനാൽ എ.സിയുടെ ആവശ്യം ഇല്ലായിരുന്നു. പട്നയിലെ ഹോട്ടലിൽ മൂന്നുപേരെ ഒരുമിച്ച് കിടത്താത്തതിനാൽ രണ്ട് റൂം എടുക്കേണ്ടി വന്നു. എന്നിട്ടും 1500 രൂപയാണ് ആകെ വന്നത്. ഏറ്റവും മികച്ച റൂം ഭൂട്ടാെൻറ തലസ്ഥാനമായ തിംഫുവിലേതായിരുന്നു. സിക്കിമിലെ റോങ്ലിയിൽ മാത്രമാണ് 2000 രൂപ ചെലവ് വന്നത്. സുലുക് താഴ്വരയിലൂടെ നാഥുല വഴി ഗാങ്ടോക്കിലേക്ക് വാഹനത്തിന് പെർമിറ്റ് എടുത്ത് തരാമെന്ന് അറിയിച്ചതിനാലാണ് അവിടെ റൂം എടുത്തത്.
ബംഗാളിലെ റാണഘട്ടിൽ 1800 രൂപ നൽകി താമസിച്ച റൂമായിരുന്നു ഏറ്റവും മോശം. ബാക്കി എല്ലായിടത്തും നൽകുന്ന പൈസക്കുള്ള സൗകര്യങ്ങളുണ്ടായിരുന്നു. തണുപ്പ് കുറഞ്ഞതോടെ അവസാന രണ്ട് ദിവസങ്ങളിൽ എ.സി റൂമുകളാണ് എടുത്തത്. നേരത്തെ ബുക്ക് ചെയ്ത് പോകാത്തതിനാൽ പലയിടത്തും വിലപേശാനും സാധിച്ചു.
ഒരു യാത്ര പര്യവസാനിക്കുേമ്പാൾ
യാത്രയുടെ അവസാന ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഒരേസമയം ആകാംക്ഷയും നിരാശയുമാണ് മനസ്സിൽ. വീട്ടിലേക്ക് തിരിച്ചെത്തുന്നു എന്നതിെൻറ സന്തോഷം, മറുവശത്ത് യാത്ര തീരാൻ പോവുകയാണല്ലോ എന്നതിെൻറ സങ്കടവും. എട്ട് മണിയോടെ ഗുണ്ടൂരിനോട് വിടപറഞ്ഞു. ഇന്ന് ഇനി എവിടെയും നിർത്താനില്ല. നേരെ നാട് മാത്രമാണ് ലക്ഷ്യം.
എട്ട് വരിയിൽ നേർരേഖ പോലെ നീണ്ടുനിവർന്ന റോഡുകൾ യാത്രയുടെ വേഗത കൂട്ടി. ഉച്ചക്ക് തിരുപ്പതി നഗരത്തിലെത്തിയപ്പോഴാണ് പിറ്റ് സ്റ്റോപ്പിട്ടത്. ഡോമിനോസിൽ കയറി ഇറ്റാലിയൻ പിസ കഴിക്കാനായിരുന്നു ആ താൽക്കാലിക സ്റ്റോപ്പ്. ഹോട്ടലിൽനിന്ന് നോക്കിയാൽ പ്രശസ്തമായ വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകൾ പച്ചയണിഞ്ഞ് നിൽക്കുന്നത് കാണാം.
തിരുപ്പതി കഴിഞ്ഞതോടെ റോഡിെൻറ വീതിയൊന്നു കുറഞ്ഞു. പലപ്പോഴും റോഡുപണി നടക്കുന്നതിനാൽ ഗ്രാമീണ വഴികൾ താണ്ടേണ്ടി വന്നു. തമിഴ്നാട്ടിലെ വെല്ലൂരിലെത്തിയതോടെ റോഡിെൻറ വീതിയും നിലവാരവും വർധിച്ചു. മഞ്ഞനിറത്തിലെ തെരുവ് വിളക്കുകൾ ചന്തംചാർത്തി റോഡിെൻറ ഇരുവശത്തും പ്രകാശമേകുന്നു. സേലവും ഇൗറോഡും പിന്നിട്ട് 12 മണിയോടെ തിരുപ്പൂരെത്തി.
ഒാടി ഒാടി തളർന്നിട്ടുണ്ട്. വഴിേയാരത്ത് നിരവധി തട്ടുകടകളുണ്ട്. ലോറിക്കാരും മറ്റു യാത്രക്കാരുമാണ് അവരുടെ പ്രധാന ഉപഭോക്താക്കൾ. ഞങ്ങളും അവിടെ നിർത്തി. പൊറോട്ടയും ബീഫും ചൂടുള്ള കട്ടൻ ചായയും അടിച്ച് ഉൗർജം വെപ്പിച്ചു. രണ്ട് മണിയോട് കൂടി വാളയാർ വഴി കേരളത്തിെൻറ മണ്ണിൽ കാലുകുത്തി.
പാലക്കാെട്ടത്തുേമ്പാൾ ഒരിക്കൽ കൂടി ക്ഷീണമകറ്റാനായിറങ്ങി. ജ്യൂസ് കുടിച്ചും െഎസ്ക്രീമുകൾ നുകർന്നും ഇൗ യാത്രയുടെ പര്യവസാനം ആഘോഷമാക്കി. പുലർച്ചെ മൂന്നിന് െഎസ്ക്രീം കഴിക്കുന്ന ഞങ്ങളെ, ഇവർക്ക് കിറുക്കാണോ എന്ന ഭാവത്തോടെ പലരും നോക്കുന്നത് കാണാമായിരുന്നു.
ഭ്രാന്തമായ സ്വപ്നങ്ങൾക്ക് പിറകെ ഒാടിപ്പോയി അത് നേടിയെടുത്തതിെൻറ സന്തോഷം മൂന്നുപേരുടെയും മുഖത്തുനിന്ന് ആർക്കും വായിച്ചെടുക്കാവുന്നതേയുള്ളൂ. 12 സംസ്ഥാനങ്ങൾ, രണ്ട് രാജ്യങ്ങൾ, രണ്ട് രാജ്യാതിർത്തികൾ എന്നിവിടങ്ങളിലൂടെ ചെന്നെത്തിയ ആ യാത്ര ഒരു പകൽസ്വപ്നത്തിെൻറ പിറകെയുള്ള ഒാട്ടം തന്നെയായിരുന്നു.
20 മണിക്കൂർ കൊണ്ട് 980 കിലോമീറ്ററുകൾ പിന്നിട്ട് വീട്ടിലെത്തുേമ്പാൾ സമയം നാല് മണി കഴിഞ്ഞിരിക്കുന്നു. വ്യത്യസ്ത അനുഭവങ്ങളും പുത്തൻ അറിവുകളും നിറവാർന്ന കാഴ്ചകളുമാണ് 17 പകലിരവുകൾ നിറഞ്ഞ ഇൗ യാത്രയുടെ ശുഭാന്ത്യത്തിൽ ബാക്കിയാവുന്നത്.
(അവസാനിച്ചു)
vkshameem@gmail.com
Itinerary
Day 16:
Day 15:
Ranaghat to Gopalpur (Odisha) - 670 KM
Route: Kolkata, Balasore, Bubaneshwar, Brahmapore
Journey Time: 7.00 AM - 11.00 PM (16 hrs)
Gopalpur to Guntur (Andhra pradesh ) - 650 KM
Route: Visakhapatnam, Rajahmundry, Eluru, Vijayawada
Journey Time: 8.00 AM - 12.00 AM (16 hrs)
Day 17:
Guntur to Malappuram (Kerala) - 980 KM
Route: Tirupati, Vellore, Salem, Coimbatore
Journey Time: 8.00 AM - 04.00 AM (20 hrs)
Overall Travel Details
Days: 17
Kilometers: 7300
Diesel Expense: 50,000
Total Toll: 5500
Total Expense: 1.20 Lakh
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.