ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് കശ്മീരിലേക്ക് യുവാക്കളുടെ കാൽനടയാത്ര
text_fieldsഅഴീക്കോട് (തൃശൂർ): വസീമും ഗഫാറും നടക്കുകയാണ് കശ്മീരിലേക്ക്. തുടർച്ചയായ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും കാൽനട യാത്ര. അഴീക്കോട് കോലോത്തുംപറമ്പിൽ യഹ്യയുടെ മകൻ വസീം (29), പറവൂർ മന്നം പ്ലാവുംപറമ്പിൽ ബാബുവിെൻറ മകൻ അബ്ദുൽ ഗഫാർ (23) എന്നിവരാണ് യാത്ര നടത്തുന്നത്. ബന്ധുക്കളായ ഇരുവരും കഴിഞ്ഞദിവസം വാടാനപ്പള്ളിയിൽനിന്നാണ് യാത്ര ആരംഭിച്ചത്.
പകൽ മുഴുവൻ നടക്കും. അന്തിയുറങ്ങാൻ ചെലവില്ലാതെ ഏതെങ്കിലും സുരക്ഷിത താവളം കണ്ടെത്തും. ഉദ്ദേശ്യം വ്യക്തമാക്കിയതിനാൽ യാത്രക്കിടെ ഭക്ഷണം വാങ്ങി നൽകാൻ സുമനസ്സുകളുമുണ്ട്. വസ്ത്രങ്ങളും അത്യാവശ്യം മരുന്നുകളും മാത്രമാണ് കരുതൽ. കർണാടക, ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ പിന്നിട്ട് കശ്മീരിലേക്കുള്ള യാത്ര മൂന്നരമാസം കൊണ്ട് പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.
ആരോഗ്യസംരക്ഷണത്തിന് നടത്തം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും യാത്രക്കുണ്ട്. അത്യാവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ യാത്ര പ്രചോദനമാകട്ടെ എന്ന സന്ദേശവും ഇരുവരും പങ്കുവെക്കുന്നു. വസീം കൊച്ചി ലുലു ഹോളിഡേയ്സിൽ എക്സിക്യൂട്ടിവാണ്.
അബ്ദുൽ ഗഫാർ പെട്രോ കെമിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. യാത്ര വിജയകരമായി പൂർത്തിയാക്കി ബസിലോ ട്രെയിൻ മാർഗമോ നാട്ടിലേക്ക് തിരിക്കാനാണ് തീരുമാനം. സഞ്ചാരപ്രിയനായ വസീം 2019ൽ ഹിച്ച് ഹൈക്കിങ്ങിലൂടെ (ചെലവ് കൂടാതെ മറ്റുള്ളവരുടെ വാഹനങ്ങളിൽ യാത്ര തരപ്പെടുത്തുന്ന രീതി) നേപ്പാൾ അതിർത്തി വരെ യാത്ര ചെയ്തിരുന്നു. അന്ന് 295 രൂപ മാത്രമാണ് ചെലവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.