ചാലിയാറിൽ സഞ്ചരിക്കാൻ മിനി ഹൗസ് ബോട്ട് നിർമിച്ച് അലുഫ് ഷാഹിം
text_fieldsഅരീക്കോട്: ചാലിയാറിനെ അടുത്തറിയാൻ സ്വന്തമായി മിനി ഹൗസ് ബോട്ട് നിർമിച്ചിരിക്കുകയാണ് ഊർങ്ങാട്ടിരി മൈത്ര സ്വദേശിയായ യുവ എൻജിനീയർ അലുഫ് ഷാഹിം. സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാണുന്ന ഹൗസ് ബോട്ടുകളുടെ രീതിയിലാണ് ചാലിയാറിലെ ഈ ബോട്ടും നിർമിച്ചത്.അഞ്ചര മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലും പൂർണമായി ജി.എ ഷീറ്റും മൾട്ടിവുഡ് മരവും മാത്രം ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്.
അകത്ത് വിശാലമായ രീതിയിൽ ചാലിയാറിന്റെ കാഴ്ചകൾ കാണുന്ന വിധത്തിൽ ബെഡ് റൂം സജ്ജീകരിച്ചിട്ടുണ്ട്.അറ്റാച്ച്ഡ് ബാത്റൂമും അടുക്കള ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടര ലക്ഷത്തോളം രൂപ ചെലവിട്ടാണ് രണ്ടാഴ്ച കൊണ്ട് നിർമാണം പൂർത്തിയാക്കിയത്. അഞ്ചു പേർക്ക് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് അലുഫ് ഷാഹിം അവകാശപ്പെടുന്നത്.
പെട്രോൾ യമഹ എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആഴമേറിയ ഭാഗങ്ങളിലൂടെ സഞ്ചരിക്കാനാകും. ആർക്കിടെക്ചർ ബിസിനസുകാരനായ ഷാഹിം അരീക്കോട്ട് ഡിസൈനിങ് സ്ഥാപനം നടത്തിവരികയാണ്. ഇതിനിടയിലാണ് ഹൗസ് ബോട്ട് നിർമിച്ച് നാട്ടിലെ താരമായി മാറിയത്. അബ്ദുൽ മുഹ്സിൻ - ഷമീ കീലത്ത് ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.