യാത്രകളും വിനോദങ്ങളും വിലക്കി ബാലി, വിമാനത്താവളം അടച്ചിടും
text_fieldsഇന്തോനേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ബാലി പുതുവർഷം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി മാർച്ച് 29ന് എല്ലാ യാത്രകൾക്കും വിനോദങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. ബാലനീസ് നിശബ്ദ ദിനം എന്നറിയപ്പെടുന്ന നെയ്പൈ ബാലിയിലെ ഹിന്ദുക്കൾക്ക് പവിത്രമായ ദിവസമാണ്. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 29ന് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ് ബാലി.
നെയ്പൈ അധവാ നിശബ്ദതയുടെ ഹൈന്ദവ ദിവസം ആചരിക്കുകയാണ് ബാലിക്കാർ ആ ദിവസം. നെയ്പൈയ്ക്കു മുമ്പുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് വളരെ കൂടുതലാകാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും യാത്രക്കാരും അവരുടെ യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ബാലി ട്രാൻസ്പോർട്ടേഷൻ ഏജൻസി മേധാവി ഐ.ജി.ഡബ്ല്യു സാംസീ ഗുണാർഥ പറഞ്ഞു.
നിശബ്ദതയും ധ്യാനവും ഉപവാസവുമാണ് ഈ ദിവസത്തെ പ്രത്യേകത. ഹിന്ദു പുരാണം അനുസരിച്ച് ഭഗവാൻ കൃഷ്ണൻ നരകാസുരനുമേൽ വിജയം നേടിയ ദിവസമാണ് നെയ്പൈയായി ആചരിക്കുന്നത്. നെയ്പൈ ദിവസം 24 മണിക്കൂറും ദ്വീപ് മുഴുവൻ അടച്ചിടും. ബാലിയുടെ സംസ്കാരത്തെ പറ്റിയും ആചാരങ്ങളെക്കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നവർക്ക് ബാലി സഞ്ചരിക്കാൻ പറ്റിയ സമയമാണ് നെയ്പൈ ദിവസം.
ഈ വർഷം നെയ്പൈയും ഈദുൽ ഫിത്വറും ഒരേ വാരാന്ത്യത്തിലാണ് വരുന്നത്. ലക്ഷക്കണക്കിനു വിനോദ സഞ്ചാരികൾ രാജ്യത്തുടനീളം സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ തിരക്ക് നിയന്ത്രിക്കാനാണ് ഇത്തരം നിബന്ധനകൾ മുന്നോട്ടു വെച്ചത്. ലെബറാൻ എന്നാണ് ഇന്തോനേഷ്യയിൽ ഈദുൽ ഫിത്തർ അവധി അറിയപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.