തേക്കടിയിൽ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത: സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsകുമളി: തേക്കടി തടാകത്തിൽ സർവിസ് നടത്തുന്ന ബോട്ടുകളുടെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് സംബന്ധിച്ച് സ്പെഷൻ ബ്രാഞ്ച് അന്വേഷണം തുടങ്ങി. തേക്കടിയിലെ കെ.ടി.ഡി.സി, വനം വകുപ്പുകളുടെ ബോട്ട് സവാരിക്കുള്ള ടിക്കറ്റുകൾ വൻതോതിൽ കരിഞ്ചന്തയിൽ വിൽക്കുന്നതിനെക്കുറിച്ച് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അന്വേഷണം.
ഇരു വകുപ്പിലെയും ഉന്നതരുടെ ഒത്താശയോടെ നടക്കുന്ന കരിഞ്ചന്ത സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ചിന് പ്രാഥമിക വിവരങ്ങൾ ലഭിച്ചതായാണ് അറിവ്. വിനോദസഞ്ചാരികളുടെ തിരക്കേറുന്ന ഘട്ടത്തിലാണ് കരിഞ്ചന്ത മാഫിയ സഞ്ചാരികളെ കൊള്ളയടിക്കുന്നത്. കൗണ്ടറിൽ നേരിട്ടെത്തി 255 രൂപ നിരക്കിൽ ടിക്കറ്റുകൾ പല പേരിൽ വാങ്ങിയാണ് മറിച്ചുവിൽപന. 255 രൂപയുടെ ടിക്കറ്റിന് 600 മുതൽ 1500 രൂപ വരെയാണ് ഈടാക്കുന്നത്.
കെ.ടി.ഡി.സിയുടെ ബോട്ട് തേക്കടി തടാകത്തിൽ മറിഞ്ഞ് 45 പേർ മരിക്കാനിടയായതിനെ തുടർന്നാണ് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം യാത്രക്കാരുടെ പേര് വിവരം ടിക്കറ്റിൽ രേഖപ്പെടുത്തി നൽകുന്ന രീതി തുടങ്ങിയത്. ഇതിനെ അട്ടിമറിച്ചാണ് ടിക്കറ്റ് കരിഞ്ചന്ത മാഫിയ-ഉദ്യോഗസ്ഥ കൂട്ടായ്മ തേക്കടിയിൽ കാര്യങ്ങൾ ചെയ്യുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പലപ്പോഴും കരിഞ്ചന്ത മാഫിയ നൽകുന്ന ടിക്കറ്റിലെ പേരുകാരനാവില്ല ബോട്ടിൽ യാത്ര ചെയ്യുന്നത്. ഇത് കണ്ടെത്താൻ ബോട്ടിൽ സംവിധാനവുമില്ല. ടിക്കറ്റ് കരിഞ്ചന്തവഴി വൻ തുക വരുമാനമായി ലഭിക്കുന്നതിനാൽ കൗണ്ടറിലേക്ക് ഇരുവകുപ്പിലെയും ജീവനക്കാരുടെ കൂട്ടയിടിയാണ്.
വാഹനത്തിന്‍റെ കാറ്റഴിച്ചുവിട്ടു
കുമളി: തേക്കടിയിലെ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത സംബന്ധിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനത്തിന്‍റെ കാറ്റഴിച്ചുവിട്ട് കരിഞ്ചന്ത മാഫിയ. തേക്കടി ബോട്ട് ലാൻഡിങ്ങിലെ ടിക്കറ്റ് കൗണ്ടറിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥർ വന്ന ബൈക്കിന്‍റെ കാറ്റഴിച്ചുവിട്ടത്.
വിവരങ്ങൾ ശേഖരിച്ച ശേഷം മടങ്ങാൻ ബൈക്കിനടുത്ത് എത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ വിവരം അറിഞ്ഞത്. തുടർന്ന്, വനം വകുപ്പ് സഞ്ചാരികൾക്കായി സർവിസ് നടത്തുന്ന ബസിലാണ് അന്വേഷണ ഉദ്യോഗസ്ഥർ തേക്കടിയിൽനിന്ന് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.