ഇടുക്കി കാണാൻ തിരക്ക്; മൂന്നാറിലേക്കും വാഗമണിലേക്കും സന്ദർശക പ്രവാഹം
text_fieldsതൊടുപുഴ: ഇടുക്കി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധന. സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി സഞ്ചാരികളാണ് ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലേക്കെത്തുന്നത്. ഞായറാഴ്ച മാത്രം ജില്ലയിൽ ഡി.ടി.പി.സിയുടെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയത് 15,000 പേരാണ്.
ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ചത് വാഗമണ്ണാണ്. മാട്ടുപ്പെട്ടി- 440, രാമക്കൽമേട്- 1035, അരുവിക്കുഴി- 201, എസ്.എൻ പുരം- 1973, പാഞ്ചാലിമേട്- 1268, ഇടുക്കി ഹിൽവ്യൂ പാർക്ക്-380, മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ-1724 എന്നിങ്ങനെയാണ് സന്ദർശകർ.
മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ സഞ്ചാരികളുടെ എണ്ണം കണക്കാക്കിയാൽ ടൂറിസം മേഖലക്ക് ഉണർവാണ്. ഓണത്തോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ ടൂറിസം സെന്ററുകളുടെ നവീകരണം പുരോഗമിക്കുകയാണെന്ന് ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് പറഞ്ഞു.
ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 31 വരെ സന്ദർശിക്കാം
തൊടുപുഴ: ഓണം പ്രമാണിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ആഗസ്റ്റ് 31 വരെ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദര്‍ശനസമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചെറുതോണി അണക്കെട്ടില്‍നിന്ന് തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കാണാൻ അവസരം ഉണ്ട്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് 600 രൂപയാണ് ചാർജ്.
മൂന്നാറിലേക്ക് സന്ദർശക പ്രവാഹം
മൂന്നാർ: ഓണം സീസൺ തുടങ്ങിയതോടെ മൂന്നാറിലേക്ക് സന്ദർശക പ്രവാഹം. രണ്ടാംശനിയും ഞായറുമായിരുന്നതിനാൽ കഴിഞ്ഞദിവസങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
മാട്ടുപ്പെട്ടിയിലും രാജമലയിലും ഈ തിരക്ക് ദൃശ്യമായിരുന്നു. മാട്ടുപ്പെട്ടിയിലെത്തിയ പല സഞ്ചാരികൾക്കും തിരക്കുമൂലം ബോട്ടിങ്ങിന് അവസരം ലഭിച്ചില്ല. രാജമലയിലും പരമാവധി സഞ്ചാരികളെത്തി. 2880പേർക്കാണ് രാജമലയിൽ ഒരുദിവസം പ്രവേശനം നൽകുന്നത്.
മാട്ടുപ്പെട്ടിയിൽ 3500പേർക്കുവരെ ബോട്ടിങ് ആസ്വദിക്കാനാവും. ഹൈഡൽ ടൂറിസത്തിനും ഡി.ടി.പി.സിക്കും ഒപ്പം 70പേർക്ക് കയറാവുന്ന സ്വകാര്യ ബോട്ടും ഇവിടെയുണ്ട്. ഇടക്ക് കട്ടപ്പുറത്തായിരുന്ന ബോട്ടുകളെല്ലാം നീറ്റിലിറക്കിക്കഴിഞ്ഞു.ജലനിരപ്പ് ഏകദേശം 60 ശതമാനമാണിപ്പോൾ. തുലാവർഷ മഴയിലാണ് മാട്ടുപ്പെട്ടി ജലാശയം നിറയുന്നത്. മഴ ഒഴിഞ്ഞുനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.