Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightധര്‍മരാജ്യം

ധര്‍മരാജ്യം

text_fields
bookmark_border
ധര്‍മരാജ്യം
cancel

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നിന്ന് ഏതാണ്ട് 700 കിലോമീറ്റര്‍ അകലെ ജോര്‍ദാനിലേക്കും ഇറാഖിലേക്കുമുള്ള പാതയിലെ പ്രധാന പ്രവിശ്യയാണ് ഹാഇല്‍.  സമ്പന്ന പൈതൃകവും ശാലീനമായ പ്രകൃതിയും സാംസ്കാരിക ഒൗന്നത്യവും ഹാഇല്‍ പ്രവിശ്യയെ വേറിട്ടതാക്കുന്നു. അറേബ്യന്‍ ഉപദ്വീപിന്‍െറ മധ്യത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ പൗരാണിക കാലത്ത് അറേബ്യയുടെ നാലു ദിക്കുകളിലേക്കും സഞ്ചരിക്കുന്നവര്‍ ഇതുവഴിയാണ് കടന്നു പോയിരുന്നത്. അതിനാല്‍ മരുഭൂമിയുടെ താക്കോല്‍ എന്ന അപരനാമത്തിലും ഹാഇല്‍ അറിയപ്പെടുന്നു.

അല്‍ഫല്‍ഫ കൃഷിയിടങ്ങളിലെ ജല സേചനം


ഉദാരതയും ധര്‍മനിഷ്ഠയുമാണ് ഹാഇലിന്‍െറ കൈമുതലും മുഖമുദ്രയും. ഈ രണ്ടു മാനുഷിക ഗുണങ്ങളിലും ആകമാന അറബികളും പേരുകേട്ടവരാണെങ്കിലും ഹാഇലിന്‍െറ ഖ്യാതി ഒരു പണത്തൂക്കം മുന്നില്‍ തന്നെ നില്‍ക്കും. അതിന്‍െറ ചരിത്രം ചികയണമെങ്കില്‍ കാലം കുറേ പിന്നിലേക്ക് പോകേണ്ടിവരും. പിന്നിലേക്ക് എന്നാല്‍, അങ്ങ് പ്രവാചക യുഗം വരെ. അക്കാലത്ത് അറേബ്യന്‍ ചരക്കുപാതയുടെ ഒരു ഇടത്താവളമായിരുന്നു ഹാഇല്‍. ദമാസ്കസ് പാതയുടെ അത്ര പകിട്ടും തിരക്കുമില്ളെങ്കിലും മെസപ്പൊട്ടേമിയന്‍ മേഖലയില്‍ നിന്നുള്ള ചെറുകിട സംഘങ്ങള്‍ ഇതുവഴി യാത്ര ചെയ്തിരുന്നു. അങ്ങനെ ശാന്തവും സുഖകരവുമായി ജീവിച്ചുപോന്ന ഹാഇല്‍ ഗ്രാമത്തിലെ പൗര പ്രമുഖനായിരുന്നു ഹാതിം അല്‍ താഈ. പൗരാണിക അറേബ്യന്‍ ഗോത്രമായ താഈയിലെ പിന്‍മുറക്കാരാനായിരുന്നു ഹാതിം. കവിയും പ്രവാചക അനുയായി അദിയ്യ് ഇബ്നു ഹാതിമിന്‍െറ പിതാവുമായ ഹാതിം തന്‍െറ ഉദാരതയും ദാനശീലവും കൊണ്ട് അറേബ്യന്‍ നാടോടി ചരിത്രത്തിലെ അനശ്വര കഥാപാത്രമായി മാറുകയായിരുന്നു. ‘ഹാതിമിനേക്കാളും വലിയ ദാനശീലന്‍’ എന്ന പ്രയോഗം തന്നെ അറേബ്യന്‍ പൊതുജീവിതത്തിന്‍െറ ഭാഗമാണ്. ചില ഹദീസുകളിലും (പ്രവാചക മൊഴികള്‍) അറേബ്യന്‍ ഇതിഹാസമായ ‘ആയിരത്തൊന്നു രാവു’കളിലും പരാമര്‍ശ വിധേയനായ ഹാതിം ആണ് ഹാഇലിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍. മരുഭൂമിയിലെ ഈ മഹാബലിക്ക് മേലാണ് ഹാതിമിന്‍െറ പ്രതിഛായ നിര്‍മിക്കപ്പെട്ടിരിക്കുന്നത്.
താഈ ഗോത്രത്തിന്‍െറ ആസ്ഥാനമായിരുന്നു ഹാഇല്‍. ദക്ഷിണ അറേബ്യയിലെ യെമനില്‍ നിന്ന് കുടിയേറിയവരാണ് താഈകള്‍ എന്നാണ് ചരിത്രം. ആധുനിക അറബ് ഗോത്രങ്ങളില്‍ പ്രമുഖമായ ‘ശമ്മര്‍’ താഈകളുടെ പിന്‍മുറക്കാരാണ്. ഇറാഖിലും സൗദിയിലും ജോര്‍ദാനിലും സിറിയയിലും ശക്തമായ സ്വാധീനമുണ്ട് ശമ്മറിന്. സൗദിയിലെ ശമ്മര്‍ ഗോത്രത്തിന്‍െറ ആസ്ഥാനം തന്നെ ഹാഇലാണ്. ഹാഇലിനെ അതിരിടുന്ന പര്‍വത നിരകളുടെ പേരാണ് ശമ്മര്‍. അതില്‍ നിന്നാണ് ഗോത്രത്തിനും നാമം ലഭിച്ചത്.

ഫാഇദ് മ്യൂസയം ഉദ്യോഗസ്ഥന്‍ തുര്‍ക്കി ശമ്മരി ചരിത്രം വിശദീകരിക്കുന്നു
 

ചരിത്രത്തിന്‍െറ എടുത്താല്‍ പൊങ്ങാത്ത ഭാരമോ മേല്‍പറഞ്ഞ കഥകള്‍ക്കപ്പുറത്ത് സംഭവ ബഹുലമായ സാംസ്കാരിക പശ്ചാത്തലമോ ഹാഇലിനില്ല. ഗംഭീരങ്ങളായ എടുപ്പുകളോ അംബരചുംബികളോ ഹാഇല്‍ പട്ടണത്തില്‍ കാണാനുമാകില്ല. പക്ഷേ, നന്മയുടെയും സൗഹാര്‍ദത്തിന്‍െറയും സൗരഭ്യം ഹാഇലില്‍ നമുക്ക് അനുഭവവേദ്യമാകും. തിരക്കുകളില്ല, സംഘര്‍ഷങ്ങളില്ല, കുറ്റകൃത്യങ്ങള്‍ തീരെ കുറവ്. വൃത്തിയുടെയും നഗരശുചിത്വത്തിന്‍െറയും കാര്യം പ്രത്യേകം പറയേണ്ടതുതന്നെ. ഒരു കാര്‍ഷിക ഗ്രാമം വികസിച്ച് പട്ടണമായതിന്‍െറ ഗുണങ്ങള്‍. കച്ചവട മേഖലയിലും തോട്ടം തൊഴിലിലും മലയാളികളുടെ സാന്നിധ്യം മറ്റേതൊരു സൗദി പട്ടണത്തേയും പോലെ ഹാഇലിലും ദൃശ്യമാണ്.
പട്ടണത്തിന് ചുറ്റും ചെറുഗ്രാമങ്ങള്‍. പലതും സാമാന്യം ദൂരെ തന്നെ. ഗ്രാമങ്ങള്‍ പോലും സൗദി സര്‍ക്കാര്‍ നന്നായി ശ്രദ്ധിക്കുന്നുവെന്നതിന്‍െറ ലക്ഷണങ്ങള്‍ അവിടങ്ങളിലെ നിരത്തുകളില്‍ നിന്നും വായിച്ചെടുക്കാം. ഭംഗിയായി സംവിധാനിച്ച റൗണ്ട് എബൗട്ടുകള്‍, ഒലിവും ഈന്തപ്പനയും പുഷ്പ സസ്യങ്ങളും നട്ടുമനോഹരമാക്കിയ ഡിവൈഡറുകളും പാതയോരങ്ങളും, ഗ്രാമങ്ങളുടെ മുക്കുമൂലകളില്‍ വരെ എത്തുന്ന തെരുവു വിളക്കുകളും.

ഹാഇല്‍-ബഖാ റോഡിലെ ഓറഞ്ചുതോട്ടം


പുല്‍മേടുകള്‍, ഒലിവിന്‍ താഴ്വരകള്‍
ഒലിവും മുന്തിരിയും ഓറഞ്ചും വിളയുന്ന മസറ (തോട്ടം)കളാണ് ഹാഇല്‍ ഗ്രാമങ്ങളിലെ പ്രധാന കാഴ്ച. പുലര്‍കാലങ്ങളില്‍ തീറ്റപ്പുല്‍കൃഷിയിടങ്ങളെ നനച്ചുകൊണ്ട് തിരിയുന്ന കൂറ്റന്‍ സ്പ്രിങ്ക്ളറുകളും അതിന്‍െറ താളബദ്ധമായ ചലനങ്ങളും കൗതുകകരമാണ്. ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്കുള്ള സൗദി അറേബ്യയുടെ ദീര്‍ഘകാല പദ്ധതികളില്‍ നിര്‍ണായക സ്ഥാനമാണ് ഹാഇലിനുള്ളത്. വര്‍ഷം മുഴുവന്‍ നീളുന്ന സമ ശീതോഷ്ണ കാലാവസ്ഥയും സാമാന്യം നീണ്ട ശൈത്യകാലവും ഹാഇലിനെ സൗദി അറേബ്യയുടെ മറ്റുമേഖലകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ തളിര്‍ക്കുന്ന ഒലിവും ഓറഞ്ചും മുന്തിരിയുമൊക്കെ ഹാഇലിന്‍െറ പ്രാന്തങ്ങളിലെ ആയിരക്കണക്കിന് ഏക്കര്‍ തോട്ടങ്ങളില്‍ ആര്‍ത്തുവളരുന്നു. സൗദി അറേബ്യയുടെ ഗോതമ്പുല്‍പാദനത്തിന്‍െറ തലസ്ഥാനവും ഹാഇല്‍ തന്നെ.
അല്‍ഫല്‍ഫ എന്ന തീറ്റപ്പുല്ലാണ് പ്രധാന കൃഷികളിലൊന്ന്. കൃത്യമായ അളവില്‍ വെട്ടിയൊരുക്കി, വളമിട്ട കൃഷിയിടങ്ങളില്‍ പുല്‍വിത്തുകള്‍ മുളപ്പിച്ചെടുക്കുന്നു. ബാക്കിയെല്ലാം യന്ത്രങ്ങള്‍ ചെയ്തുകൊള്ളും. അര്‍ധവൃത്താകൃതിയിലാകും മിക്ക പുല്‍ത്തോട്ടങ്ങളും. പറമ്പിന് മധ്യത്തില്‍ ഉറപ്പിച്ച് തോട്ടത്തിന് മുകളില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ സജ്ജീകരിച്ച ജലധാര യന്ത്രം രാവിലെയും വൈകിട്ടും കൃത്യമായി പുല്‍മേടിന് മുകളിലൂടെ സഞ്ചരിച്ച് എല്ലായിടത്തും വെള്ളമിറ്റിക്കും. കൃത്യമായ വളപ്രയോഗം കൂടിയാകുന്നതോടെ തളിര്‍ക്കാതിരിക്കാന്‍ പുല്ലിന് വേറെ ന്യായങ്ങളൊന്നുമില്ല. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ കൊയ്ത്തുയന്ത്രങ്ങള്‍ രംഗത്തത്തെും. കൃത്യമായ അളവില്‍ മുറിച്ചെടുത്ത് കെട്ടി സൂക്ഷിക്കും. പിന്നെ വലിയ ട്രക്കുകളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകും. ഉണക്കി വൈക്കോലായാണ് പ്രധാനമായും അല്‍ഫല്‍ഫ ഉപയോഗിക്കുന്നത്. ഒട്ടകത്തിനും പശുക്കള്‍ക്കും ഏറെ പ്രിയമാണ് ഈ പുല്ല്.
ഹാഇല്‍-ബഖാ റോഡില്‍ ഉടനീളം ഒലീവ്, ഓറഞ്ച്, മുന്തിരി തോട്ടങ്ങള്‍ കാണാം. കിലോമീറ്ററുകളോളം ദൂരത്തില്‍ നിരത്തിന് അതിരിട്ട് ഒലിവ് വൃക്ഷങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ലെബനാനിലെയോ ഫലസ്തീനിലെയോ കാര്‍ഷിക കാഴ്ചകളെ അനുസ്മരിപ്പിക്കുന്ന മേഖല. അഞ്ച് കിലോമീറ്ററിലേറെ നീളത്തില്‍ ബഖയില്‍ സ്ഥിതി ചെയ്യുന്ന ‘സൈത്തൂന്‍ മസ്റ’യാണ് ഇതില്‍ കേമം. വിവിധ പ്രായത്തിലുള്ള ലക്ഷക്കണക്കിന് വൃക്ഷങ്ങളാണ് ഇവിടെ വളരുന്നത്. ഒലിവ് പഴവും എണ്ണയും രാജ്യത്തിന് സംഭാവന ചെയ്യുന്ന ചെറുതും വലുതുമായ അനവധി മസ്റകള്‍ പ്രദേശത്തുണ്ട്. ഒലിവ് എണ്ണയാട്ടുന്ന അത്യാധുനിക യന്ത്രങ്ങള്‍ അടുത്തിടെയായി അല്‍ ജൗഫിലും പരിസരത്തും വന്നത് ഹാഇലിലെ കര്‍ഷകര്‍ക്ക് സൗകര്യമായിട്ടുണ്ട്.
‘മരുഭൂമിയിലും ഓറഞ്ചോ’ എന്ന സാമാന്യ സംശയത്തിന്‍െറ വേരറുക്കുന്നതാണ് ബഖാ റോഡിലെ തോട്ടങ്ങള്‍. തുടുത്ത ഓറഞ്ചുകള്‍ തൂങ്ങി നില്‍ക്കുന്ന തോട്ടങ്ങള്‍ മനോഹരമായ കാഴ്ചയാണ്. കൃത്യമായി അകലം പാലിച്ച് നട്ടുവളര്‍ത്തുന്ന ഓറഞ്ച് മരങ്ങള്‍ കര്‍ഷകര്‍ക്ക് ഉദാരമായി വിള നല്‍കുന്നു. നല്ല മധുരവും വലിപ്പവുമുള്ള ഹാഇല്‍ ഓറഞ്ചുകള്‍ പ്രശസ്തമാണ്. മരങ്ങളില്‍ നിന്ന് അപ്പോള്‍ പറിച്ച് തോട്ടത്തിന്‍െറ വാതില്‍ക്കല്‍ വില്‍പനക്ക് വെച്ച ഓറഞ്ച് കൂനകള്‍ ഈ പാതയിലെങ്ങും കാണാം. വിലയല്‍പ്പം കൂടുമെങ്കിലും മരത്തില്‍ നിന്ന് കൈയോടെ പറിച്ചത് കഴിക്കുന്നതിലെ മനുഷ്യന്‍െറ സഹജമായ കൗതുകം കൊണ്ട് ധാരാളം കച്ചവടം നടക്കുന്നുണ്ട്. ഓറഞ്ചുമരക്കാടുകള്‍ക്കിടയില്‍ തേനീച്ചക്കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. സീസണുകളില്‍ ശുദ്ധമായ തേനും ഈ പ്രദേശത്ത് നിന്ന് ലഭിക്കും.


ഫാഇദില്‍ നിന്ന് ഉദ്ഖനനം ചെയ്തെടുത്ത മണ്‍പാത്രം

ആരിഫ് കുന്നിലെ കാവല്‍പുര
നാലുനൂറ്റാണ്ടുകാലമായി ഹാഇലിന്‍െറ കാവല്‍പുരയായി നിലകൊള്ളുകയാണ് ആരിഫ് കോട്ട. 17ാം നൂറ്റാണ്ടില്‍ കൊള്ളക്കാരില്‍ നിന്നും ശത്രുക്കളില്‍ നിന്നും മേഖലയെ സംരക്ഷിക്കാന്‍ നിര്‍മിച്ചതാണ് ആരിഫ് മലയില്‍ അതേ പേരില്‍ അറിയപ്പെടുന്ന കോട്ട. ഉത്തര ഹാഇല്‍ പട്ടണത്തിന്‍െറ ലാന്‍ഡ്മാര്‍ക്കായി അത് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. വിശാലമായ ഹാഇല്‍ താഴ്വരയും മലമ്പാതകളും ചുരങ്ങളുമൊക്കെ ഇവിടെ നിന്നാല്‍ വ്യക്തമായി കാണാമായിരുന്നുവത്രെ. അതുകൊണ്ട് തന്നെ സൈനികപരമായി ഏറെ തന്ത്രപ്രധാനമായിരുന്നു ആരിഫ് കുന്ന്.
17ാം നൂറ്റാണ്ടില്‍ (ഹിജ്റാബ്ദം 11ാം നൂറ്റാണ്ട്) അന്നത്തെ ഭരണകര്‍ത്താക്കളായിരുന്ന അല്‍ അലി കുടുംബമാണ് ആരിഫ് കുന്നിന്‍െറ പ്രാധാന്യം തിരിച്ചറിഞ്ഞത്. നിരീക്ഷണത്തിനും പ്രതിരോധത്തിനുമായി അവര്‍ ചെറിയൊരു കോട്ട അവിടെ പണിതു. അല്‍ റഷീദ് കുടുംബം പിന്നീട് അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ബലപ്പെടുത്തുകയായിരുന്നു. പില്‍ക്കാലത്ത് സൈനിക ആവശ്യങ്ങള്‍ ഇല്ലാതായതോടെ റമദാന്‍ മാസപ്പിറവി കാണാനും ഇഫ്താര്‍ അറിയിക്കാന്‍ വെടിമുഴക്കാനും ഈ കോട്ട ഉപയോഗിച്ചു വന്നു. ഹാഇലിന്‍െറ ഏതുഭാഗത്ത് നിന്ന് നോക്കിയാലും കാണുന്ന തരത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഹാഇലിലത്തെുന്ന വിദേശ പ്രതിനിധികളുടെയും മറ്റും പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ആരിഫ് കോട്ട. നല്ല നിലയില്‍ പരിപാലിക്കപ്പെടുന്ന കോട്ട, ഇന്നും ആധുനികമായി തന്നെ നിലനില്‍ക്കുന്നു.

 ആരിഫ് കുന്നിലെ കോട്ട


നഗരമധ്യത്തില്‍ നിലകൊള്ളുന്ന ഖിശ്ല കൊട്ടാരം ഹാഇലിലെ പ്രധാന നിര്‍മിതികളിലൊന്നാണ്. ഹാഇല്‍ പ്രവിശ്യ അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ മുസഅദ് അല്‍ സഊദിന്‍െറ ഭരണത്തിന് കീഴിലായിരുന്ന 1940 കളിലാണ് ഖിശ്ല കൊട്ടാരം നിര്‍മിച്ചത്. രണ്ടു നിലകളുള്ള കളിമണ്‍ നിര്‍മിത കെട്ടിടമാണിത്. ഹാഇലില്‍ എത്തുന്ന സൈന്യത്തിന്‍െറ കേന്ദ്രമായാണ് ഈ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. ബിന്‍ മുസഅദിന്‍െറ വാഴ്ചയുടെ അവസാനം വരെ തടവറയായും ഉപയോഗിച്ചിരുന്നു. പിന്നീട് ചരിത്ര മന്ദിരമായി സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് മാറ്റി. കോട്ട, സൈനിക പാളയം എന്നൊക്കെ അര്‍ഥം വരുന്ന ടര്‍ക്കിഷ് പദമാണ് ഖിശ്ല.

ഹാഇല്‍ യാത്ര തുടരുന്നു... അടുത്തലക്കം സുബൈദ പാതയുടെ ശേഷിപ്പ്

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story